കോഴിക്കോട് തൊണ്ടയാട് പട്ടികജാതിയില്‍പ്പെട്ട വയോധികയുടെ ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയ. ബൈപ്പാസിനോട് ചേര്‍ന്ന് ലക്ഷങ്ങള്‍ വിലയുള്ള അഞ്ച് സെന്റിലേക്കുള്ള വഴി തടസപ്പെടുത്തി ഭൂമി കൈക്കലാക്കാനാണ് ശ്രമം . നെല്ലിക്കോട് കുന്നത്ത് താഴത്ത് തോട്ടപാട്ടില്‍ സുമതിയുടെ അഞ്ച് സെന്റിലേക്കുള്ള നാല് അടി വരുന്ന വഴിയാണ് ജെസിബി ഉപയോഗിച്ച് 15 അടിയോളം താഴ്ത്തി ഇല്ലാതാക്കിയത്. പരമ്പരാഗതമായി നടന്നുവന്ന വഴിയാണ് പൊടുന്നനെ മണ്ണുമാന്തി ഉപയോഗിച്ച് ഇല്ലാതാക്കിയത്. പോലീസ് സ്റ്റേഷനിലുൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സുമതി പറയുന്നു.
സുമതിയുടെ മാതാപിതാക്കളുടെ പേരില്‍ പന്തീരാങ്കാവ് വില്ലേജില്‍ രജിസ്റ്റർ ചെയ്തിരിക്കുന്ന 15 സെന്റ് ഭൂമിയില്‍ നിന്നും 1926-ാം നമ്പര്‍ ആധാരപ്രകാരം അഞ്ച് സെന്റ് ഭൂമി ഇഷ്ടദാനമായി നല്‍കുമ്പോള്‍ നാല് അടി വഴിയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1965 മുതല്‍ ഉപയോഗിച്ച് വന്നിരുന്ന വഴി രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അയല്‍വാസി ഇല്ലാതാക്കിയതോടെ ഭൂമിയിലേക്ക് കയറാനാകാത്ത സ്ഥിതിയാണ്.
ഇവിടേക്കുള്ള വഴിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുതുതായൊരു ഗേറ്റും സ്ഥാപിച്ച് തടസ്സവും സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് ഭൂമിയുടെ നടുവിലുള്ള വഴി ഇല്ലാതാക്കിയാല്‍ ഒരു പ്ലോട്ടാവുകയും വലിയ സംരംഭം തുടങ്ങാമെന്നുമുള്ള കണക്കുകൂട്ടലിലാണ് അയല്‍വാസി വഴി ഇടിച്ച് കളഞ്ഞതെന്ന് സുമതി പറയുന്നു. ഇതേ പറമ്പിലേക്ക് മുൻപ് നടന്ന് വന്നിരുന്ന മറ്റൊരു വഴിയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ ജെസിബി ഉപയോഗിച്ച് ഇല്ലാതാക്കിയിരുന്നു. ഭൂമാഫിയയും ഉദ്യോഗസ്ഥ ലോബിയും നടത്തുന്ന ആസൂത്രിതമായ നീക്കങ്ങളാണിതിന് പിന്നിലെന്ന് പട്ടികജാതി വര്‍ഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍ പറഞ്ഞു. തന്റെ ഭൂമിയിലേക്കുള്ള വഴി പുനഃസ്ഥാപിക്കാന്‍ നിയമപോരാട്ടം തുടരാനുള്ള തീരുമാനത്തിലാണ് സുമതി.