വേദനയും നിരാശയും ആത്മനിന്ദയുമെല്ലാം നിഴലിക്കുന്ന മഹാനടന്റെ പരുക്കന്‍ മുഖത്തിന്റെ ക്‌ളോസപ്പ് ഷോട്ടില്‍ നിന്ന് മെല്ലി ഇറാനിയുടെ ക്യാമറ നേരെ പ്രകൃതിയിലേക്കും പിന്നെ പഴയ കൊച്ചിയുടെ നഗരക്കാഴ്ചകളിലേക്കും യാത്രയാകുന്നു. ജൂബയുടെ കൈ തെറുത്തുവച്ച് നെഞ്ചുവിരിച്ച് റോഡരികിലൂടെ നടന്നുവരുകയാണ് സത്യന്‍. പശ്ചാത്തലത്തില്‍ യേശുദാസിന്റെ ഭാവോജ്ജ്വലമായ ശബ്ദം: 'പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചക'ളിലെ ഇന്നും കണ്ടു മതിവരാത്ത ഹൃദയസ്പര്‍ശിയായ ഗാനരംഗം.
വയലാറിന്റെ വരികളിലൂടെ, ദേവരാജന്റെ ഈണത്തിലൂടെ ഒഴുകുകയാണ് യേശുദാസ്: 'ഇവിടെയുയര്‍ത്തിയ വിശ്വാസഗോപുരങ്ങള്‍ ഇടിഞ്ഞുവീഴുന്നു, കാറ്റില്‍ ഇടിഞ്ഞുവീഴുന്നു; ഈ വഴിത്താരയില്‍ ആലംബമില്ലാതെ ഈശ്വരന്‍ നില്‍ക്കുന്നു, ധര്‍മനീതികള്‍ താടി വളര്‍ത്തി തപസ്സിരിക്കുന്നു...'' എത്ര പ്രവചനാത്മകമായിരുന്നു വയലാറിന്റെ വരികള്‍ എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതപ്പെട്ടുപോകുന്നു നാം. 'ഭാവിചരിത്രം തിരുത്തിയെഴുതും ഭാരതയുദ്ധഭൂവില്‍, ഇടയന്‍ തെളിച്ചൊരു ചൈതന്യ ചക്രരഥം ഉടഞ്ഞുവീഴുന്നു; ഈ കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ അര്‍ജ്ജുനന്‍ നില്‍ക്കുന്നു; തത്വശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍ കത്തിയെരിയുന്നു...'' ശരിയല്ലേ? എല്ലാ തത്വശാസ്ത്രങ്ങളും വിശ്വാസ പ്രണാമങ്ങളും അപ്രസക്തമാകുന്നു നിലനില്‍പ്പിനായുള്ള മനുഷ്യന്റെ പോരാട്ടത്തില്‍.
ഗാനത്തിന്റെ ശില്‍പ്പികളിലൊരാളായ ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പമിരുന്ന് ആ രംഗം ടെലിവിഷനില്‍ കാണാനുള്ള അപൂര്‍വ ഭാഗ്യമുണ്ടായിട്ടുണ്ട് ഒരിക്കല്‍. കൊല്ലം ഗസ്റ്റ് ഹൗസിലെ മുറിയില്‍ നിശബ്ദനായി ഗാനചിത്രീകരണം കണ്ടുകിടക്കേ ആത്മഗതം പോലെ മാസ്റ്റര്‍ പറഞ്ഞു: 'എന്തൊരു നടനായിരുന്നു സത്യന്‍. 'പിന്നെ സ്‌ക്രീനിലേക്ക് വിരല്‍ ചൂണ്ടി ഇത്രകൂടി: 'എന്റെ പാട്ടുകളില്‍ ഏറ്റവും നന്നായി ചിത്രീകരിച്ചിട്ടുള്ള ഒരു പാട്ട്. സേതുമാധവന്റെയും മെല്ലി ഇറാനിയുടെയും കഴിവാണത്. രണ്ടുപേരും സംഗീതത്തോട് സ്‌നേഹമുള്ളവര്‍. വയലാറിനും വലിയ ഇഷ്ടമായിരുന്നു ഇതിന്റെ ചിത്രീകരണം..''
വര്‍ഷങ്ങള്‍ക്കിപ്പുറം ആ അനുഭവം ഓര്‍ത്തെടുത്തു വിവരിച്ചപ്പോള്‍ വികാരഭരിതനായി കെ എസ് സേതുമാധവന്‍. 'ആ രംഗങ്ങളൊക്കെ കാണുമ്പോള്‍ ഒരുപാട് ഓര്‍മകള്‍ വന്ന് മനസ്സിനെ മൂടും. വയലാര്‍, ദേവരാജന്‍, സത്യന്‍ -- ഇവരുടെയൊക്കെ ഒളിമങ്ങാത്ത ഓര്‍മകള്‍. മരിച്ചുകൊണ്ടിരിക്കുന്ന സത്യനെയാണ് നിങ്ങള്‍ ആ സീനില്‍ കാണുക. അറുപത് ശതമാനം അദ്ദേഹം മരിച്ചുകഴിഞ്ഞു. ആ സത്യം അദ്ദേഹത്തിന് അറിയാം. പക്ഷേ മറ്റുള്ളവരാരും അതറിയരുതെന്ന് നിര്‍ബന്ധമുണ്ട്. അതുപോലൊരു മഹാനടനെ, മനുഷ്യനെ എങ്ങനെ മറക്കാനാകും നമുക്ക്?''
'അവസാന നാളുകളില്‍ മരണം മുന്നില്‍ കണ്ടുകൊണ്ടുതന്നെ സത്യന്‍ തന്മയത്വത്തോടെ അഭിനയിച്ചുതീര്‍ത്ത പല ഗാനരംഗങ്ങളും ഇന്ന് കാണുമ്പോള്‍ അത്ഭുതം തോന്നും; തെല്ലൊരു വിഷമവും.''-- സേതുമാധവന്റെ വാക്കുകള്‍. 'അനുഭവങ്ങള്‍ പാളിച്ചകളിലെ സത്യന്റെ അഭിനയം കണ്ട് ഐ ഹാവ് സീന്‍ എ മാന്‍ ഓണ്‍ ദി സ്‌ക്രീന്‍' എന്ന് അനുഗൃഹീത നടന്‍ ഉത്പല്‍ ദത്ത് എഴുതിയത് വെറുതെയല്ല. അതായിരുന്നു യഥാര്‍ത്ഥ സത്യന്‍.
''ചലനമറ്റ ആ ശരീരത്തിന് അടുത്തു നില്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ അലയടിച്ചുകൊണ്ടിരുന്ന വേദനയുടെ ആഴം ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ല. എല്ലാം തകര്‍ന്ന അവസ്ഥയിലായിരുന്നു ഞാന്‍. ജീവിതത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോയ പോലെ. എല്ലാം കഴിഞ്ഞില്ലേ, ഇനിയെന്ത് എന്ന് ആരോ മനസ്സിലിരുന്ന് മന്ത്രിക്കുന്നു.'' സേതുമാധവന്റെ വാക്കുകളില്‍ നേര്‍ത്ത ഗദ്ഗദം. പടത്തിന്റെ ക്‌ളൈമാക്‌സ് രംഗത്തിനു വേണ്ടി 'അഗ്‌നിപര്‍വതം പുകഞ്ഞു ഭൂചക്രവാളങ്ങള്‍ ചുവന്നു, മൃത്യുവിന്റെ ഗുഹയില്‍ പുതിയൊരു രക്തപുഷ്പം വിടര്‍ന്നൂ' എന്നെഴുതുമ്പോള്‍ വയലാര്‍ ചിന്തിച്ചുകാണില്ല തന്റെ വാക്കുകള്‍ക്ക് അറം പറ്റുമെന്ന്. ആ രംഗം ചിത്രീകരിക്കുമ്പോഴേക്കും മൃത്യു വന്നു കൂട്ടിക്കൊണ്ടുപോയിരുന്നു സത്യനെ.
'ഗാനരംഗങ്ങളില്‍ ശോഭിച്ചിട്ടുള്ളത് പ്രേംനസീര്‍ തന്നെ.''-- ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു. 'എങ്കിലും കൂടുതല്‍ താളബോധം സത്യനായിരുന്നു. അത്യാവശ്യം പാടുകയും ചെയ്യും.'' ആഴമുള്ള ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട ഗാനങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നു സത്യന്. മഞ്ഞിലാസ് ചിത്രങ്ങളിലാണ് അത്തരം ഗാനങ്ങള്‍ അധികവും നാം കണ്ടതും കേട്ടതും. വയലാറും ദേവരാജനും ചേര്‍ന്ന് സൃഷ്ടിച്ച ഗാനങ്ങള്‍. അങ്ങേയറ്റം ഗൗരവത്തോടെ, ഓരോ ഗാനരംഗവും വ്യത്യസ്തമായ ശൈലിയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിച്ചു സത്യന്‍. പ്രവാചകന്മാരെ എന്ന ഗാനരംഗത്തെ സത്യനെയല്ല 'യക്ഷി'യിലെ സ്വര്‍ണചാമരത്തിന്റെ സീനില്‍ നാം കാണുക.
അടിമകളിലെ താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍ എന്ന പാട്ടു പാടുന്ന കാമുകനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് വാഴ്വേമായത്തിലെ 'സീതാദേവി സ്വയംവരം ചെയ്‌തൊരു'' എന്ന ഗാനം ഷീലയോടൊപ്പം പാടി അഭിനയിക്കുന്ന ഭര്‍ത്താവായ സത്യന്‍. ചെറുപ്പത്തില്‍ താന്‍ മാനഭംഗപ്പെടുത്തിയ സ്ത്രീയുടെ പ്രതികാരവാഞ്ഛയ്ക്ക് മുന്നില്‍ ആകെ തകര്‍ന്നുപോയ മാധവന്‍ തമ്പിയായി 'ഒരു പെണ്ണിന്റെ കഥ'യിലെ സൂര്യഗ്രഹണം എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന സത്യന്‍ എത്ര അനായാസമായാണ് ത്രിവേണിയില്‍ 'കെഴക്കു കെഴക്കൊരാന'' എന്ന പാട്ടുപാടി കുട്ടിയെ താലോലിച്ചുറക്കുന്ന വാത്സല്യനിധിയായ അച്ഛനായി വേഷപ്പകര്‍ച്ച നടത്തുന്നത്.
പാലാട്ടുകോമനിലെ ആനക്കാരാ ആനക്കാരാ (പി സുശീലയ്ക്കൊപ്പം) ആണ് സത്യന്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ആദ്യ ഗന്ധര്‍വ ഗാനം
ആദ്യകാലത്ത് പി ബി ശ്രീനിവാസിന്റെയും എ എം രാജയുടെയുമൊക്കെ ശബ്ദങ്ങളാണ് വെള്ളിത്തിരയില്‍ സത്യന്‍ ഏറെയും കടമെടുത്തതെങ്കിലും, യേശുദാസ് രംഗത്ത് വന്നതോടെ കഥ മാറി. ദാസിന്റെ വിശ്രുത ഗാനങ്ങള്‍ പലതും സിനിമയില്‍ അവതരിപ്പിച്ചത് സത്യനാണ്. 'എനിക്കേറ്റവും അടുപ്പമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു സത്യന്‍ മാഷ്. നല്ല സംഗീതബോധവും താളബോധവുമുള്ള ആള്‍. പാട്ടുപാടി അഭിനയിക്കുന്നതില്‍ പ്രത്യേകിച്ചൊരു ശൈലിയുണ്ടായിരുന്നു അദ്ദേഹത്തിന്. ആര്‍ക്കും അനുകരിക്കാനാവാത്ത ഒന്ന്.''-- യേശുദാസ് പറയുന്നു. പാലാട്ടുകോമനിലെ ആനക്കാരാ ആനക്കാരാ (പി സുശീലയ്ക്കൊപ്പം) ആണ് സത്യന്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ആദ്യ ഗന്ധര്‍വ ഗാനം.
സംഗീതജീവിതത്തില്‍ യേശുദാസിന് വഴിത്തിരിവായി മാറിയ 'നിത്യകന്യക'യിലെ കണ്ണുനീര്‍മുത്തുമായ് എന്ന ഗാനത്തിനൊത്ത് ചുണ്ടനക്കിയതും സത്യന്‍ തന്നെ. തുടര്‍ന്ന് അനവദ്യ സുന്ദരങ്ങളായ അനേകമനേകം പാട്ടുകള്‍: ആദ്യത്തെ കണ്മണി (ഭാഗ്യജാതകം), സ്വര്‍ണചാമരം (യക്ഷി), വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് (കാട്ടുതുളസി), പകല്‍ക്കിനാവിന്‍ സുന്ദരമാകും (പകല്‍ക്കിനാവ്), എന്റെ വീണക്കമ്പിയെല്ലാം, സ്വര്‍ഗ്ഗഗായികേ (മൂലധനം), കാക്കത്തമ്പുരാട്ടി (ഇണപ്രാവുകള്‍), ഇന്നലെ മയങ്ങുമ്പോള്‍ (അന്വേഷിച്ചു കണ്ടെത്തിയില്ല), അഷ്ടമുടിക്കായലിലെ (മണവാട്ടി), കന്നിയില്‍ പിറന്നാലും (തറവാട്ടമ്മ), പൊന്നിന്‍ തരിവള, അകലെയകലെ നീലാകാശം (മിടുമിടുക്കി), പാലാഴിമഥനം കഴിഞ്ഞു (ഉറങ്ങാത്ത സുന്ദരി), മധുരപ്പതിനേഴുകാരി (അമ്മയെ കാണാന്‍), കല്പനയാകും (ഡോക്ടര്‍).... ദാര്‍ശനികമാനങ്ങളുള്ള പശ്ചാത്തല ഗാനങ്ങള്‍ വേറെ: അഗ്‌നിപര്‍വതം പുകഞ്ഞു, സൂര്യഗ്രഹണം, ചലനം ചലനം, ഈ യുഗം കലിയുഗം, കാലം മാറിവരും എന്നിങ്ങനെ.
സത്യന്‍ മാസ്റ്ററുടെ സംഭാഷണ ശകലങ്ങള്‍ കൂടി ഉള്‍പ്പെട്ട അപൂര്‍വസുന്ദരമായ ഒരു യുഗ്മഗാനത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞു എന്നതാണ് ജയചന്ദ്രന്റെ ഭാഗ്യം. 'വാഴ്വേമായ'ത്തിലെ സീതാദേവി സ്വയംവരം ചെയ്‌തൊരു (സുശീലയോടൊപ്പം) എന്ന ആ പാട്ട് സേതുമാധവന്റെ ചിത്രീകരണമികവ് കൊണ്ടും ശ്രദ്ധേയം. ശ്രീനഗരത്തിലെ ചിത്രവനത്തിലെ (നിലയ്ക്കാത്ത ചലനങ്ങള്‍), പൂര്‍ണേന്ദുമുഖിയോടമ്പലത്തില്‍ വെച്ച് (കുരുക്ഷേത്രം), മകരം പോയിട്ടും (വെളുത്ത കത്രീന) എന്നിവയാണ് സത്യന് വേണ്ടി ജയചന്ദ്രന്‍ പാടിയ മറ്റു മികച്ച ഗാനങ്ങള്‍.
സ്വതഃസിദ്ധമായ അഭിനയ ശൈലിയിലൂടെ ആ ഗാനരംഗങ്ങള്‍ ഓരോന്നും വേറിട്ട ദൃശ്യാനുഭവങ്ങളാക്കി സത്യന്‍
'റൊമാന്റിക് നടന്മാരുടെ പതിവ് രൂപഭാവങ്ങള്‍ ഒന്നും ഇല്ലാഞ്ഞിട്ടു പോലും നമ്മളാരും ഉദ്ദേശിക്കാത്ത തലത്തിലേക്ക് പാട്ടിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞു സത്യന്‍ മാസ്റ്റര്‍ക്ക്. ശരിക്കും ഒരു ലെജന്‍ഡ് ആയിരുന്നു അദ്ദേഹം.''-- ജയചന്ദ്രന്റെ വാക്കുകള്‍. മെഹബൂബും (നീലക്കുയിലിലെ മാനെന്നും വിളിക്കില്ല) കെ എസ് ജോര്‍ജ്ജും (കാലം മാറുന്നുവിലെ ആ മലര്‍പ്പൊയ്കയില്‍) പില്‍ക്കാലത്ത് സംഗീത സംവിധായകനായി ഖ്യാതി നേടിയ രവീന്ദ്രനും (വെള്ളിയാഴ്ചയിലെ പാര്‍വണരജനി തന്‍) ഒക്കെ സത്യന് വേണ്ടി പല കാലങ്ങളിലായി പിന്നണി പാടിയവര്‍. സ്വതഃസിദ്ധമായ അഭിനയ ശൈലിയിലൂടെ ആ ഗാനരംഗങ്ങള്‍ ഓരോന്നും വേറിട്ട ദൃശ്യാനുഭവങ്ങളാക്കി സത്യന്‍.
എന്നാല്‍ സിനിമയില്‍ സത്യന് വേണ്ടി ആദ്യം പിന്നണി പാടാന്‍ ഭാഗ്യമുണ്ടായ ഗായകന്‍ ഇവരാരുമല്ല എന്നറിയുക. ടി എ മോത്തി എന്ന മറുഭാഷാ ഗായകനുള്ളതാണ് ആ ബഹുമതി. ആദ്യം അഭിനയിച്ചു പുറത്തിറങ്ങിയ ആത്മസഖി (1952)യിലെ 'ആ നീലവാനിലെന്നാശകള്‍'' ആയിരിക്കണം സത്യന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഗാനരംഗം. മോത്തിയും പി ലീലയും ചേര്‍ന്ന് പാടിയ പാട്ടായിരുന്നു അത്. അടുത്ത വര്‍ഷം പുറത്തിറങ്ങിയ 'ലോകനീതി''യില്‍ സത്യനും എ എം രാജയും ആദ്യമായി ഒന്നിക്കുന്നു -- കണ്ണാ നീയുറങ്ങ് എന്ന മനോഹരഗാനത്തിലൂടെ. സിനിമാ ജീവിതത്തില്‍ സത്യന്റെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ഗാനം എന്ന് വിശേഷിപ്പിക്കാവുന്ന 'സ്‌നേഹസീമ''യിലെ കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ എന്ന പ്രശസ്തമായ താരാട്ടിന് ലീലയോടൊപ്പം ശബ്ദം പകര്‍ന്നതും രാജ തന്നെ.
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍ എന്ന ഒരൊറ്റ പാട്ട് മതി നടനും ഗായകനും തമ്മിലുള്ള ഈ കെമിസ്ട്രി മനസ്സിലാക്കാന്‍
സത്യന് ഏറ്റവും ഇണങ്ങുന്ന ശബ്ദമായി പലരും എടുത്തുപറഞ്ഞിട്ടുണ്ട് രാജയെ. 'അടിമക'ളിലെ താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍ എന്ന ഒരൊറ്റ പാട്ട് മതി നടനും ഗായകനും തമ്മിലുള്ള ഈ കെമിസ്ട്രി മനസ്സിലാക്കാന്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗാനചിത്രീകരണങ്ങളില്‍ ഒന്ന്. സത്യന് വേണ്ടി വേറെയും നല്ല ഗാനങ്ങള്‍ പാടി രാജ: പെരിയാറേ (ഭാര്യ), കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍ (വെളുത്ത കത്രീന), മാനസേശ്വരീ (അടിമകള്‍), കാറ്ററിയില്ല കടലറിയില്ല (ജയില്‍), ആകാശഗംഗയുടെ കരയില്‍ (ഓമനക്കുട്ടന്‍), ചന്ദനപ്പല്ലക്കില്‍ (പാലാട്ടുകോമന്‍).