ഒരു വർഷം തികഞ്ഞിരിക്കുന്നു. ഹമാസ് നടത്തിയ ആക്രമണത്തെ മറയാക്കി ഇസ്രയേൽ പശ്ചിമേഷ്യയെ, ഇനിയെന്ന് അവസാനിക്കുമെന്നറിയാത്ത കൂട്ട കുരുതിയിലേക്ക് തള്ളിയിട്ടിട്ട്. അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണയോടെ നടത്തുന്ന ഈ അതിക്രമത്തിന് മുന്നിൽ ലോകം കുറ്റകരമായ നിസ്സംഗതയോടെ കാഴ്ചക്കാരാവുകയാണ്.
പരിഷ്‌കൃത ലോകത്തിന്റെ ഒരു നിബന്ധനകളും വകവെയ്ക്കാതെ ഇസ്രയേൽ തുടരുന്ന ക്രൂര ആക്രമണം ഇനി എന്ന് അവസാനിക്കുമെന്ന പ്രവചനം പോലും അസാധ്യമാക്കുന്നു. ഇനിയും എത്ര ലക്ഷങ്ങൾക്ക് ജീവൻ നഷ്ടപ്പെടുമെന്നും അതിലേറെ പേർ അഭയാർത്ഥി ജീവിതത്തിന്റെ നിത്യമായ അനിശ്ചിതതത്തിലേക്ക് തള്ളപെടുമെന്നും ആർക്കും പറയാനാകുന്നില്ല.
ഈ കൊടും ക്രൂരതകളുടെ പരമ്പരകൾക്കിടയിലും അമേരിക്ക ഇപ്പോഴും സയണിസ്റ്റ് രാജ്യത്തിന് നൽകുന്ന പിന്തുണ ശക്തിപെടുത്തി കൊണ്ടേയിരിക്കുന്നു. ഒരു ജനതയ്ക്ക് മേൽ കൊടുംക്രൂരത വിതച്ചുമുന്നേറുന്ന ക്രിമിനൽ കുറ്റത്തോട് ഇത്ര മേൽ ഇതുവരെ ലോകം നിസ്സംഗമായിട്ടുണ്ടാവില്ല, മനസാക്ഷി മരവിച്ച ഒരു പറ്റം തീവ്ര വലതുപക്ഷക്കാരാൽ നിയന്ത്രിക്കപ്പെടുന്ന രാജ്യം എത്രമേൽ അപകടകാരിയാവുമെന്ന് ഇസ്രേയലിന്റെ ചെയ്തികൾ ലോകത്തിന് മുന്നറിയിപ്പ് നൽകുന്നു
ഒക്ടോബർ ഏഴിനാണ് ഹമാസ് എന്ന പലസ്തീൻ വിമോചന സായുധ സംഘം, അധിനിവേശ സയണിസ്റ്റ് ഭരണകൂടത്തിന്റെ നിരന്തര അതിക്രമത്തിനെതിരെ ചെറുത്തുനിൽപ്പ് ആക്രമണം നടത്തിയത്. അത് ആ സയണിസ്റ്റ് രാജ്യത്തെ ഞെട്ടിച്ചു. കൊട്ടിഘോഷിക്കപ്പെട്ടിരുന്ന ഇസ്രയേലിന്റെ സകല സുരക്ഷാ സംവിധാനങ്ങളെയും മറികടന്ന് 2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ ഏകദേശം 1205 പേർ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി.
ഒരു തുറന്ന ജയിൽ ആയി തങ്ങളുടെ നാടിനെ മാറ്റിയ, അതായത് ഗാസയെന്ന 360 ചതുരശ്ര കിലോമീറ്റർ മുനമ്പിലേക്ക് എന്തൊക്കെ ഭക്ഷണം വരണമെന്നുപോലും തീരുമാനിച്ചിരുന്ന ഇസ്രയേലിനോടുള്ള എതിർപ്പായിരുന്നു ആ ആക്രമണം.
ഒക്ടോബർ ഏഴിന് പിന്നാലെ
പശ്ചിമേഷ്യയിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ഹമാസ് ആണെന്ന പ്രചാരണവുമായിട്ടായിരുന്നു അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ഭരണകൂടങ്ങൾ രംഗത്തിറങ്ങിയത്. ഇസ്രയേൽ- പലസ്തീൻ പ്രശ്‌നങ്ങളെല്ലാം 2023 ഒക്ടോബർ ഏഴിനാണ് ആരംഭിച്ചത് എന്ന നിലയ്ക്കായിരുന്നു ജോ ബൈഡൻ അടക്കമുള്ളവരുടെ പ്രസ്താവനകൾ.
തുടർന്നങ്ങോട്ട് ഇസ്രയേലിന്റെ നരനായാട്ടായിരുന്നു ലോകം കണ്ടത്. ആദ്യം വ്യോമാക്രമണവും പിന്നീട് 2023 ഒക്ടോബർ 27ഓടെ കര അധിനിവേശവും. അതിനെ പിന്തുണയ്ക്കാൻ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും. ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശമായിരുന്നു അവർ പറഞ്ഞ ന്യായം. 1948 മുതൽ ഇസ്രയേൽ നടത്തുന്ന അധിനിവേശ പ്രവർത്തനത്തെ പ്രതിരോധിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ പക്ഷെ അവർ മറന്നു. അല്ലെങ്കിൽ വകവച്ചില്ല. ഹമാസ് രൂപികരിക്കപ്പെടുന്നതിന് എത്രയോ മുമ്പെ തുടങ്ങിയതായിരുന്നു ഇസ്രായേലിന്റെ അധിനിവേശം.
നെതന്യാഹുവിന്റെ യുദ്ധക്കൊതിമൂലം ദുരിതമനുഭവിക്കുന്നത് ഗാസയിലെ ലെബനനിലുമുള്ള സാധാരണ മനുഷ്യരാണ്. അവരുടെ ജീവിതമാണ് ഇസ്രയേൽ ഇല്ലാതാക്കുന്നത്. അതിൽ കുട്ടികളെന്നോ സ്ത്രീകളെന്നോ ഇസ്രയേലി സൈന്യത്തിന് വ്യത്യാസമില്ല
ഇസ്രയേലിന്റെ വംശഹത്യ
ഏകദേശം 21 ലക്ഷം ജനസംഖ്യയുള്ള ഗാസയിൽ ഇസ്രയേൽ ആരംഭിച്ച നരനായാട്ടിൽ സംഭവിച്ചത് ഇങ്ങനെയാണ്.
42000-ലധികം മനുഷ്യർ കൊല്ലപ്പെട്ടു
96000-ലധികം പേർക്ക് പരുക്കേറ്റു
10000 ത്തിലധികം പേർ കാണാതായി
കൊല്ലപ്പെട്ടവരിൽ 11000-ലധികം കുട്ടികളും 6000-ത്തിലധികം സ്ത്രീകളും
മുഴുവൻ ജനതയും പട്ടിണിയിലാണ്
കുടിവെള്ളവും ജീവൻ രക്ഷാമരുന്നും ലഭിക്കാതെ കിടക്കാൻ സുരക്ഷിതമായൊരു ഇടമില്ലാതെ ഓരോ നിമിഷവും ഫൈറ്റർ ജെറ്റുകളുടെ കാതടപ്പിക്കുന്ന ഒച്ചയിൽ ഭയന്ന് കഴിയുകയാണ് അവശേഷിക്കുന്ന പലസ്തീൻ ജനത.
ആകെയുണ്ടായിരുന്ന 36 ആശുപത്രികളിൽ 15 എണ്ണം മാത്രമാണ് ഇന്ന് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്
986 ആരോഗ്യപ്രവർത്തകരെയും 128 മാധ്യമപ്രവർത്തകരെയുമാണ് ഇസ്രയേലി സൈന്യം വധിച്ചത്
18.5 ബില്യൺ ഡോളറിന്റെ നാശനഷ്ടം ഗാസയിലുണ്ടായി ആശുപത്രികളും സ്കൂളുകളും കുടിയിറക്കപ്പെട്ടവർക്ക്
അഭയമായിരുന്ന ക്യാമ്പുകളും ഉൾപ്പെടെ ഇസ്രയേൽ മിസൈൽ ആക്രമണത്തിലൂടെ ഇല്ലാതാക്കി
ഗാസ മുനമ്പിലെ 66% റെസിഡൻഷ്യൽ കെട്ടിടങ്ങളും 124 സ്കൂളുകളും ഇസ്രയേൽ തകർത്തിട്ടുണ്ടെന്നാണ് കണക്ക്.
കൂട്ടക്കുരുതികളുടെ നീണ്ട പരമ്പര അരങ്ങേറുമ്പോഴും കേവലം പാഴ്വാക്കുകളല്ലാതെ ആത്മാർഥമായ ഒരു ഇടപെടലിനും അമേരിക്ക ഉൾപ്പെടെ തയാറായിരുന്നില്ല. ലോകം നിസ്സംഗതയോടെ കണ്ടു നിന്ന ഫലത്തിൽ അക്രമിക്കൊപ്പം നിൽക്കുന്ന സ്ഥിതിയായി മാറി.
യുദ്ധക്കൊതിയിൽ ബെഞ്ചമിൻ നെതന്യാഹുവും തീവ്രവലതുപക്ഷക്കാരും വംശഹത്യ തുടരുമ്പോഴും അമേരിക്കയും ജർമനിയും എന്തിനേറെ ഇന്ത്യ ഉൾപ്പെടെയുള്ള അവർക്ക് ആയുധങ്ങൾ നൽകികൊണ്ടേയിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വർഷാവർഷം നൽകുന്ന സഹായത്തിന് പുറമെ 350 കോടി ഡോളറാണ് അമേരിക്ക ഇസ്രയേലിന് നൽകിയത്
നോക്കിനിൽക്കുന്ന ആഗോള സമൂഹം
ഹമാസ് ആക്രമണത്തിന് പിന്നാലെ രംഗത്തുവന്ന ലോകനേതാക്കൾ കുറിച്ച് പറഞ്ഞല്ലോ. അതിൽ ഇന്ത്യയുടേത് ആശ്ചര്യമുണ്ടാക്കുന്നതായിരുന്നു. എല്ലാകാലത്തും പലസ്തീൻ അവകാശങ്ങൾക്കായി നിലകൊണ്ട ഇന്ത്യ അന്നത്തെ ഹമാസ് ആക്രമണത്തെ തീവ്രവാദ പ്രവർത്തനമെന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നാൽ, ഗാസയിലത്രയധികം കൊടുംക്രൂരതകൾ അരങ്ങേറിയിട്ടും ഈ നിമിഷം വരെയും അത്ര തീവ്രമായൊരു പ്രതികരണത്തിന് ഇന്ത്യൻ ഭരണകൂടം തയാറായിട്ടില്ല. ദക്ഷിണാഫ്രിക്ക ലോക നീതിന്യായ കോടതിയിൽ ഇസ്രയേലിനെതിരെ കൊണ്ടുവന്ന വംശഹത്യ കേസിലും ഇന്ത്യ പങ്കാളിയായിരുന്നില്ല.
കുറച്ചുതവണ ഇസ്രയേലിനെതിരെയുള്ള യു എൻ പ്രമേയങ്ങൾ പിന്തുണച്ചിട്ടുണ്ടെങ്കിലും രണ്ടുതവണ ഇന്ത്യ വിട്ടുനിന്നു. ഇസ്രയേലിന് ആയുധങ്ങൾ നൽകുന്ന ഏപ്രിൽ അഞ്ചിലെ പ്രമേയമായിരുന്നു അതിലൊന്ന്. യുഎന്നിന്റെ കാര്യത്തിലേക്ക് വന്നാൽ സൂപ്പർ പവറുകൾ ഇടപെടുന്ന മിക്ക വിഷയങ്ങളിലെയും പോലെ അവരുടെ റോൾ വളരെ പരിമിതിമാണ്. ഏകദേശം 220 യുഎൻ പ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടിട്ടും ഒന്നിനും സാധിക്കാതെ പ്രസ്താവനകൾ മാത്രമിറക്കാൻ വിധിക്കപ്പെട്ട് യുഎൻ നിസഹായരായി നോക്കിനിൽക്കുകയാണ്.
2023 നവംബർ 30ന് അവസാനിച്ച ഏഴുദിവസത്തെ വെടിനിർത്തൽ മാറ്റിനിർത്തിയാൽ ഓരോ മണിക്കൂറിലും ഗാസയിൽ ബോംബുകൾ വീണുകൊണ്ടിയേരിക്കുന്നു. പ്രത്യേകം എടുത്തുപറയേണ്ടത് അമേരിക്കയുടെ കാര്യമാണ്. ഒരു ഭാഗത്ത് വെടിനിർത്തലിന് നേതൃത്വം വഹിക്കുന്നുവെന്ന തോന്നലുണ്ടാക്കുമ്പോഴും ഒരു മുട്ടില്ലാതെ ഇസ്രയേലിന് സഹായങ്ങൾ നല്കിക്കൊണ്ടേയിരിക്കുകയാണ് ബൈഡൻ സർക്കാർ.
2024 ഓഗസ്റ്റിൽ, ബൈഡൻ ഭരണകൂടം ഇസ്രയേലിന് 20 ബില്യൺ ഡോളറിന്റെ ആയുധ പാക്കേജിനുള്ള അംഗീകാരമാണ് നൽകിയത്. കൂടാതെ സൈനിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും മേഖലയിൽ ഗുണപരമായ സൈനിക മുൻതൂക്കം നിലനിർത്തുന്നതിനുമായി അമേരിക്കയിൽ നിന്ന് 870 കോടി ഡോളർ സഹായ പാക്കേജും ഇസ്രയേൽ നേടിയിരുന്നു.
വെടിനിർത്തലിനായി ജോ ബൈഡൻ കൊണ്ടുവന്ന പദ്ധതിയെപോലും ബെഞ്ചമിൻ നെതന്യാഹു വിലവച്ചിരുന്നില്ല. ഹമാസ് അംഗീകരിച്ച പദ്ധതിയെ, സ്വാർത്ഥ താത്പര്യങ്ങൾ മുൻ നിർത്തിയാണ് നെതന്യാഹു ഇല്ലാതാക്കിയത്.
ലെബനനിലേക്ക് ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ച ശേഷവും അമേരിക്ക അപമാനിക്കപ്പെടുകയായിരുന്നു. ഇസ്രയേൽ 21 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്ക പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് പിന്നാലെയായിരുന്നു ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയെ സയണിസ്റ്റ് ഭരണകൂടം വധിക്കുന്നത്. അങ്ങനെ നിരവധി തവണ ആഗോള തലത്തിൽ നാണംകെട്ടിട്ടും ഇസ്രയേലിന് കരുത്തായി അമേരിക്ക നിലകൊള്ളുന്നത് തുടരുകയാണ്. ഇതിനെതിരെ അമേരിക്കൻ ക്യാമ്പസുകളിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെങ്കിലും വേണ്ടത്ര ഫലം കണ്ടിട്ടില്ല.
അമേരിക്ക മാത്രമല്ല, ഇസ്രായേലിന് സഹായമായ നിലപാടെടുത്തത്. പലസ്തീനിനായി എല്ലാകാലവും നിലകൊണ്ടുവെന്ന് അവകാശപ്പെടുന്ന ഖത്തർ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളും കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. 2020ൽ യു എ ഇ യും ബഹ്‌റൈനും ഇസ്രയേലുമായി ഒപ്പിട്ട അബ്രഹാം ഉടമ്പടിയിൽനിന്ന് ഇപ്പോഴും അവർ പിന്മാറിയിട്ടില്ല എന്നത് ഈ ഭരണകൂടങ്ങളുടെ പലസ്തീൻ പിന്തുണയെ കൂടി ചോദ്യമുനയിലാക്കുന്നുണ്ട്. ആകെ സൗദി അറേബ്യ മാത്രമാണ് പലസ്തീന്റെ അവകാശങ്ങൾ ലഭിക്കാതെ ഇസ്രയേലുമായി യാതൊരു ബന്ധത്തിനുമില്ലെന്ന നിലപാടെടുത്തത്.
ഗാസയിൽനിന്ന് ഇറാനിലേക്ക്
ആഗോളസമ്മർദ്ദത്തിനിടയിലും ഗാസയിൽ വെടിനിർത്തൽ അനുവദിക്കാതിരുന്നത് നെതന്യാഹുവിന്റെ അധികാരക്കൊതിയായിരുന്നു. അതിക്രമം അവസാനിപ്പിച്ചാൽ തന്റെ പ്രധാനമന്ത്രി കസേര നഷ്ടപ്പെടുമെന്ന ഭയം. തീവ്രവലതുപക്ഷ സഖ്യങ്ങളുടെ എതിർപ്പ് കൂടിയായപ്പോഴാണ് അമേരിക്ക കൊണ്ടുവന്ന പദ്ധതിയിൽ തന്റേതായ ചില ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തി എല്ലാ ചർച്ചകളെയും അട്ടിമറിച്ചത്.
ഗാസ- ഈജിപ്ത് അതിർത്തിയിലും മുനമ്പിലെ രണ്ടായി കീറിമുറിക്കുന്ന നെറ്റ്‌സാരിം ഇടനാഴിയിലും ഇസ്രയേലി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാകണം എന്നായിരുന്നു നെതന്യാഹുവിന്റെ ആവശ്യം. പക്ഷെ ഹമാസ് ബന്ദികളാക്കിയവരിൽ ആറുപേരുടെ മൃതദേഹം കൂടി ലഭിച്ചതോടെ ഇസ്രയേലിൽ ആഭ്യന്തരമായി പ്രതിഷേധങ്ങൾ ആരംഭിച്ചു. പിന്നാലെയാണ് ഗാസയിൽനിന്ന് ലെബനനിലേക്ക് കൂടി നെതന്യാഹു ആക്രമണം വ്യാപിപ്പിക്കുന്നത്.
ഹിസ്ബുള്ളയെ തകർക്കാണെന്ന പേരിൽ ലബനനിലെ ജനനിബിഢ മേഖലകളിൽ ഇസ്രയേൽ അതിക്രമം ആരംഭിച്ചത്. ഹമാസിനെ ഇല്ലാതാക്കാൻ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ ഉൾപ്പെടെ നടത്തിയ ആക്രമണത്തിന്റെ തനിയാവർത്തനമായിരുന്നു ലെബനനിലും. പേജർ- വാക്കി ടോക്കി സ്‌ഫോടനങ്ങളോടെ ആരംഭിച്ച ആക്രമണം, വ്യോമാക്രമണത്തിലും ഒടുവിൽ കര അധിനിവേശത്തിലേക്കും എത്തിനിൽക്കുകയാണ്. ഏകദേശം 12 ലക്ഷം ലെബനീസ് പൗരന്മാർ ഇതുവരെ പലായനം ചെയ്തതായാണ് കണക്ക്. രണ്ടായിരത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതിനിടയിലാണ് ഇറാൻ സൈനിക കമാൻഡർ മുഹമ്മദ് റെസ സഹേദി, ഹിസ്ബുള്ള കമാൻഡർ ഫുവാദ് ശുക്ർ, ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയ, ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ള എന്നിവരെയും ഇസ്രയേൽ കൊലപ്പെടുത്തിയത്.
2024 ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ എംബസി ആക്രമിച്ചായിരുന്നു റെസ സഹേദിയുടെ കൊലപാതകം. തുടർന്ന് ഏപ്രിൽ 14ന് ഇറാൻ മുൻകൂട്ടി അറിയിപ്പ് നൽകിയ ശേഷം ഇസ്രയേലിനെ ആക്രമിച്ചിരുന്നു. ഇസ്രയേലും ചെറിയതോതിൽ തിരിച്ചടിച്ചു. പക്ഷെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നത്, മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജൂലൈ 30നും 31നും നടന്ന ഫുവാദ് ശുക്‌റിന്റെയും ടെഹ്‌റാനിൽ വച്ചുള്ള ഇസ്മായിൽ ഹനിയയുടെയും കൊലപാതകമായിരുന്നു. ഒരേസമയം, ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാനുമുള്ള തിരിച്ചടിയായിരുന്നു ഈ ആക്രമണങ്ങൾ.
അന്നും പശ്ചിമേഷ്യ സംഘർഷഭീതിയിലേക്ക് പോയെങ്കിലും, ഗാസയിലെ വെടിനിർത്തൽ മുന്നിനിർത്തി ഇറാനുമായി അമേരിക്ക നടത്തി വിലപേശൽ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് സെപ്റ്റംബർ 27ന് ഹസൻ നസ്രള്ളയെയും ജനവാസ മേഖലയിൽ നിരോധിക്കപ്പെട്ട ബങ്കർ ബസ്റ്റർ റോക്കറ്റുകളാൽ ഇസ്രയേൽ വധിച്ചു.
അങ്ങനെയങ്ങനെ, പശ്ചിമേഷ്യയിലെ ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുവായ ഇറാനെ സംഘർഷത്തിലേക്ക് വലിച്ചിടുകയായിരുന്നു ഇസ്രയേൽ. ഒടുവിൽ ഒക്ടോബർ ഒന്നിന് ഇറാൻ തിരിച്ചടിക്കുകയും ചെയ്തു.
ഇസ്രയേൽ എന്ത് നേടി?
ഗാസയിലേക്ക് കടന്നുകയറുമ്പോൾ ബന്ദികളുടെ മോചനവും ഹമാസിന്റെ ഉന്മൂലനമായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ അത് ഇതുവരെയും നേടാൻ അവർക്കായിട്ടില്ല. 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നതെങ്കിൽ ഒരു വർഷം പിന്നിടുമ്പോൾ അവരിൽ 64 പേരും ഹമാസിന്റെ പിടിയിൽ തന്നെയാണ്. 117 പേർ മോചിപ്പിക്കപ്പെട്ടപ്പോൾ 70 പേർ കൊല്ലപ്പെടുകയായിരുന്നു. അതിൽ പലതും ഇസ്രയേൽ നടത്തിയ ആക്രമണത്തിലായിരുന്നുവെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇസ്രയേലിന് പോലും അക്കാര്യം സമ്മതിക്കേണ്ടി വന്നു.
ലെബനനിലേക്ക് കടന്നുകയറുമ്പോൾ ഏതാണ്ട് സമാനമാണ് നെതന്യാഹുവിന്റെ വാദം. ഹിസ്ബുള്ളയെ നശിപ്പിക്കും, ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന തെക്കൻ ലെബനൻ പിടിച്ചെടുക്കുക എന്നീ ഉദ്ദേശ്യങ്ങളാണ് ഇസ്രയേലിന് ഉണ്ടായിരുന്നത്. സംഘടനയുടെ പ്രധാന നേതാക്കളിൽ പലരെയും വധിച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും അവിടെയും ഇതുവരെ സംഭവിച്ചിട്ടില്ല.
നെതന്യാഹുവിന്റെ യുദ്ധക്കൊതിമൂലം ദുരിതമനുഭവിക്കുന്നത് ഗാസയിലെ ലെബനനിലുമുള്ള സാധാരണ മനുഷ്യരാണ്. അവരുടെ ജീവിതമാണ് ഇസ്രയേൽ ഇല്ലാതാക്കുന്നത്. അതിൽ കുട്ടികളെന്നോ സ്ത്രീകളെന്നോ ഇസ്രയേലി സൈന്യത്തിന് വ്യത്യാസമില്ല. പിഞ്ചുകുഞ്ഞുങ്ങളെ പോലും അമേരിക്കയുടെ പിന്തുണയുള്ള ഭരണകൂടം വെറുതെവിട്ടിട്ടില്ല.
അങ്ങനെയൊരു ദൃശ്യമായിരുന്നു 2024 ഫെബ്രുവരി 29ന് കണ്ടത്. യു എന്നിന്റെ സഹായങ്ങൾ വാങ്ങാൻ വരിനിന്ന പലസ്തീനികൾക്ക് നേരെ നടന്ന വെടിവെപ്പിൽ 120 പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്.
ഒക്ടോബർ ഏഴ് ആക്രമണത്തോടെ പലസ്തീനെ മുഴുവനായി ഇല്ലാതാക്കി ഇസ്രയേൽ സുരക്ഷിതമാക്കണമെന്ന് വാദിച്ചിരുന്ന തീവ്ര സയണിസ്റ്റുകൾ ശക്തിപ്രാപിച്ചിരുന്നു. അവരെ സംബന്ധിച്ചിടത്തോളം മൂന്ന് കാര്യങ്ങൾക്കായിരുന്നു അവർ വാദിച്ചിരുന്നത്.
2000ത്തിൽ പരാജയപ്പെട്ട് പിൻവാങ്ങേണ്ടി വന്ന തെക്കൻ ലെബനൻ തിരിച്ചുപിടിക്കുക, വെസ്റ്റ് ബാങ്കിൽ ഇസ്രയേലികളുടെ അധിനിവേശ കോളനികൾ വ്യാപിപ്പിക്കുക, ഗാസയിൽ ഇസ്രയേൽ സാന്നിധ്യമുണ്ടാക്കുക. ഇതൊക്കെ തന്നെയാണ് നെതന്യാഹു നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗാസയിലും ലെബനനിലും ആക്രമണങ്ങൾ നടക്കുന്നതിനാലാണ് വെസ്റ്റ് ബാങ്കിലെ കയ്യേറ്റങ്ങൾ അത്രകണ്ട് വർത്തയാകാത്തത്. പക്ഷെ ഇസ്രയേലി സൈന്യവും അവിടുത്തെ ഇസ്രയേലി സെറ്റ്ലേഴ്സും വംശഹത്യയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന വാസ്തവമാണ് തെളിയുന്നത്.
എഴുന്നൂറിലധികം മനുഷ്യർ വെസ്റ്റ് ബാങ്കിൽ ഒക്ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ടിട്ടുണ്ട്. അങ്ങനെ പലസ്തീനെ വിഴുങ്ങി, അവിടുത്തെ ജനങ്ങളെ വംശഹത്യയിലൂടെയോ കുടിയിറക്കിയോ അടിച്ചമർത്തിയോ ഇസ്രയേൽ മാത്രമാക്കി മാറ്റാനുള്ള ഗൂഢപദ്ധതിയാണ് പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി തങ്ങൾക്ക് ഭീഷണിയായ ഇറാന്റെ തിരിച്ചടിക്കാനുള്ള ശേഷിയെ ഇല്ലാതാക്കാനും നെതന്യാഹു ലക്ഷ്യമിടുന്നുണ്ട്.
ആ ലക്ഷ്യം നടക്കുമോ. ഒരു ജനതയുടെ ചെറുത്തുനിൽപ്പ് വിഫലമാകുമോ. നീതിയ്ക്ക് വേണ്ടിയുള്ള ചെറുത്തുനിൽപ്പുകൾ പൂർണമായി പാഴായി പോകില്ലെന്ന ചരിത്ര അനുഭവങ്ങളുണ്ട്. വംശ മഹിമയിൽ അഭിരമിക്കുന്ന ഏത് തീവ്ര വലതുനേതാവും കാലത്താൽ തോൽപ്പിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ കൊടു അനീതിയും അതിക്രമവും നടക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന ലോകത്തെ ഭാവി ചരിത്രം എങ്ങനെ വിലിയിരുത്തും. ചരിത്രം ആരൊക്കെയാണ് കുറ്റവാളികളെന്ന് വിധിക്കുക.