File Image 
FOURTH SPECIAL

കൊവിഡ് കുറഞ്ഞിട്ടും കൊള്ള തുടർന്ന് റെയിൽവെ; മുതിര്‍ന്ന പൗരന്മാർക്കുള്ള നിരക്കിളവും പുനഃസ്ഥാപിച്ചേക്കില്ല

സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമ്പോള്‍ പാസഞ്ചര്‍ - മെമു സര്‍വീസുകളില്‍ മെയില്‍- എക്‌സപ്രസ്സ് നിരക്ക്

ഗോപീകൃഷ്ണന്‍ ഉണ്ണിത്താന്‍

2020 മാര്‍ച്ച് 22നാണ് കൊവിഡ് അടച്ചിടലിന്റെ ഭാഗമായി റെയില്‍വെ യാത്രാതീവണ്ടികളുടെ സര്‍വീസ് നിര്‍ത്തിയത്. പിന്നീട് 2020 മെയ് മുതലാണ് റെയില്‍ ഗതാഗതം ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കപ്പെട്ടത്. തുടങ്ങിയ സമയത്ത് കൊവിഡ് പ്രത്യേക നിരക്ക് എന്ന പേരില്‍ അധിക നിരക്കാണ് റെയില്‍വെ ഈ സര്‍വീസുകളില്‍ ഈടാക്കിയിരുന്നത്. ഒന്നരവര്‍ഷത്തിന് ശേഷം 2021 നവംമ്പറിലാണ് ഇവ വീണ്ടും സാധാരണ നിരക്കിലാക്കിയത്.

നിലവില്‍ രാജ്യത്താകമാനം 95 ശതമാനം സര്‍വീസുകള്‍ പുനഃസ്ഥാപിച്ചെങ്കിലും സാധാരണ യാത്രക്കാരെ കൊള്ളയടിക്കുന്നത് തുടരുകയാണ്. സാധാരണക്കാരായ ഹ്രസ്വദൂരയാത്രക്കാരുടെ സ്ഥിര ആശ്രയമായിരുന്ന പാസഞ്ചര്‍ ട്രെയിനുകളിലാണ് ഈ കൊള്ള നടക്കുന്നത്.

കൊല്ലത്തു നിന്നും എറണാകുളം വരെ പാസഞ്ചര്‍-മെമു സര്‍വീസുകളില്‍ 35 രൂപയാണ് ടിക്കറ്റ് നിരക്ക്, എന്നാല്‍ മെയില്‍ എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ എന്ന് പേര് മാറ്റിയതിലൂടെ നിരക്ക് 68 രൂപയായി.
File Image

സര്‍വീസുകള്‍ പുനസ്ഥാപിക്കുന്ന ഘട്ടത്തില്‍ മെയില്‍ എക്‌സപ്രസ്സ് ട്രെയിനുകളാണ് ആദ്യമായി സര്‍വീസ് തുടങ്ങിയത്. പിന്നീടും മാസങ്ങള്‍ക്ക് ശേഷമാണ് പല പാസഞ്ചര്‍ സര്‍വീസുകളും പുനഃസ്ഥാപിച്ചത്. എന്നാല്‍ കൊവിഡിന് ശേഷമുള്ള രണ്ടാം വരവില്‍ പാസഞ്ചറുകളെല്ലാം, മെയില്‍ എക്‌സപ്രസ്സ് സ്‌പെഷ്യലായാണ് സര്‍വീസുകള്‍ നടത്തുന്നത്. ഇത് മൂലം യാത്രാക്കൂലിയില്‍ കാര്യമായ വര്‍ധനവാണുണ്ടായിട്ടുള്ളത്. പാസഞ്ചര്‍-മെമു ട്രെയിനുകളിലെ അടിസ്ഥാന നിരക്ക് 10 രൂപയായിരിക്കെ, ഈ സര്‍വീസുകള്‍ മെയില്‍ എക്‌സപ്രസ്സ് സ്‌പെഷ്യലാക്കിയതുവഴി മിനിമം നിരക്ക് നേരെ 30 രൂപയിലെത്തി. മിനിമം നിരക്കിന് പുറമെ യാത്രാനിരക്കിലും കാര്യമായ വര്‍ധനയുണ്ട്.

കൊല്ലത്തു നിന്നും എറണാകുളം വരെ പാസഞ്ചര്‍-മെമു സര്‍വീസുകളില്‍ 35 രൂപയാണ് ടിക്കറ്റ് നിരക്ക്, എന്നാല്‍ മെയില്‍ എക്‌സപ്രസ്സ് സ്‌പെഷ്യല്‍ എന്ന് പേര് മാറ്റിയതിലൂടെ നിരക്ക് 68 രൂപയായി. പേരിലുള്ള മാറ്റം ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുന്ന സാധാരണ പാസഞ്ചര്‍ സര്‍വീസുകള്‍ തന്നെയാണിത്. ഫലത്തില്‍ മെയില്‍ എക്‌സപ്രസ്സ് നിരക്ക് നല്‍കി പാസഞ്ചറില്‍ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

File Image

പാസഞ്ചര്‍ - മെമു ട്രെയിനുകള്‍ അധിക നിരക്ക് ഈടാക്കി സര്‍വീസ് നടത്തുന്നത് പകല്‍ക്കൊള്ളയാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് ആരോപിക്കുന്നു. സാധാരണ യാത്രക്കാരാണ് ഈ കൊള്ളയ്ക്ക് ഇരയാകുന്നത്. ദിവസേനെ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരില്‍ നിന്നും അധിക നിരക്ക് ഈടാക്കുമ്പോള്‍, സീസണ്‍ ടിക്കറ്റ് യാത്രികര്‍ക്ക് ഈ വര്‍ധന ബാധകമായിട്ടില്ല. കൊവിഡ് കാലത്തുണ്ടായി എന്നു പറയുന്ന അധിക ചിലവ് നികത്താനാണ് റെയില്‍വെ ഈ അധിക നിരക്ക് ഈടാക്കുന്നതെന്നും ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് ആരോപിച്ചു.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുണ്ടായിരുന്ന നിരക്കിളവ് പുനഃസ്ഥാപിച്ചേക്കില്ല

ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുണ്ടായിരുന്ന നിരക്കിളവ് കൊവിഡിന് ശേഷം റെയില്‍വെ പുനഃസ്ഥാപിച്ചിരുന്നില്ല. ഇത് ജൂലൈ 1 മുതല്‍ പുനഃസ്ഥാപിക്കുമെന്ന തരത്തില്‍ പ്രചരിച്ചിരുന്ന സന്ദേശം വ്യാജമാണെന്ന് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കിയിട്ടുമുണ്ട്. 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 60 വയസു കഴിഞ്ഞ പുരുഷന്‍മാര്‍ക്കും ടിക്കറ്റ് നിരക്കില്‍ യഥാക്രമം 50 ശതമാനവും 40 ശതമാനവും ഇളവാണ് റെയില്‍വെ നേരത്തെ നല്‍കിയിരുന്നത്. കൊവിഡ് ഒന്നാം തരം​ഗത്തിന്റെ സാഹചര്യത്തില്‍ 2020 മാര്‍ച്ചിലാണ് റെയില്‍വെ ഇളവ് നിര്‍ത്തലാക്കിയത്. കൊവിഡ് സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ യാത്ര നിരുത്സാഹപ്പെടുത്തുക, എന്നതായിരുന്നു റെയില്‍വെ നല്‍കിയിരുന്ന വിശദീകരണം. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിരക്കിളവ് പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ട്രെയിന്‍ സര്‍വീസുകളുടെയും അനുബന്ധ പാസഞ്ചര്‍ ട്രെയിനുകളുടെയും നിരക്ക് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യം റെയില്‍വെയുടെ പരിഗണനയിലാണെന്നാണ് ദക്ഷിണ റെയില്‍വെ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ