FOURTH SPECIAL

യുദ്ധം നീളുമ്പോഴും ആശങ്കയില്ലാതെ ഇസ്രയേൽ ജനത

പത്തു ദിവസമായി ഇസ്രയേലിൽ നിന്ന് ഹമാസ് - ഇസ്രയേൽ സംഘർഷം ഇന്ത്യൻ വാർത്താ ഏജൻസിയായ ഐഎഎൻഎസിന് വേണ്ടി റിപ്പോർട്ട് ചെയ്യുകയാണ്  മലയാളിയായ മുതിർന്ന മാധ്യമ പ്രവർത്തകൻ അരുൺ ലക്ഷ്മൺ. അദ്ദേഹം കണ്ട കാഴ്ചകൾ

അരുണ്‍ ലക്ഷ്മണ്‍

നിർണായകമായ ഒരു യുദ്ധത്തിന്റെ നടുവിലാണെങ്കിലും ഇസ്രയേൽ ജനതക്ക് ആശങ്കകൾ താരതമ്യേന കുറവാണ്. തങ്ങളുടെ സർക്കാരിലും ആയുധശക്തിയിലുമുള്ള കടുത്ത വിശ്വാസവും ലോക ശക്തികൾ ഇസ്രയേലിന് നൽകുന്ന അകമഴിഞ്ഞ പിന്തുണയും സർവോപരി ഹമാസ് എന്നത് കൊടും ഭീകരരുടെ ഒരു സംഘമെന്ന തോന്നലുമാണ് ഈ യുദ്ധം ഒരു ധർമയുദ്ധമാണെന്നും അന്തിമ വിജയം തങ്ങൾക്കാണെന്നും അവർ വിശ്വസിക്കാൻ കാരണം. 


ടെൽ അവീവിലും വെസ്റ്റ് ബാങ്കിലുമൊക്കെ ഞാൻ കാണുന്ന ഓരോ പൗരനും ദേശീയതാ ബോധത്താൽ തല ഉയർത്തി നിൽക്കുകയാണ്. ഇസ്രയേൽ പൗരന്മാർ മാത്രമല്ല അവിടെ ജോലി ചെയ്യുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരിലും ബഹുഭൂരിപക്ഷം ഇസ്രയേൽ നിലപാടുകളെ അകമഴിഞ്ഞ് പിന്തുണക്കുന്നവരാണ്. 

പോരാട്ടം ഇസ്രയേലികളുടെ രക്തത്തില്‍ അലിഞ്ഞതാണ്. ഈ യുദ്ധം മുമ്പോട്ട് കൊണ്ടുപോകാനാമെന്നാണ് സാധാരണക്കാരായ ഇസ്രയേലികള്‍ പോലും വിചാരിക്കുന്നത്

കഴിഞ്ഞ 10 ദിവസത്തിൽ ഞാൻ പരിചയപ്പെട്ട ഇസ്രയേൽ മലയാളികളില്‍ തൊണ്ണൂറ് ശതമാനം പേരും പൂര്‍ണമായും ഇസ്രയേലിനെ പിന്തുണക്കുന്നവരായിരുന്നു. നാട്ടിൽ വ്യാപകമായ പലസ്‌തീൻ അനുകൂല വികാരത്തിന്റെ ഓർമകളുമായി ഇവിടെയെത്തിയ എനിക്ക് ഈ നിലപാട്  അല്പം കൗതുകമായി തോന്നി.

കണ്ട മലയാളികൾ മിക്കവരും പറയുന്നത്  ഇസ്രയേല്‍ നിലനില്‍ക്കേണ്ടത് തങ്ങള്‍ക്ക് അത്യാവശ്യമാണെന്നാണ്. കേരളത്തില്‍ പറയുന്നത് പോലെ ലളിതമല്ല പ്രശ്നങ്ങൾ; ഹമാസ് കാരണം വലിയ ബുദ്ധിമുട്ടുകളുണ്ട്. ഇത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചേരാനുള്ള കാരണംതന്നെ ഹമാസിന്റെ എടുത്തുചാട്ടമാണ് എന്നൊക്കെ അവർ വിശദീകരിക്കും. ടെൽ അവീവിൽ മാത്രം  ആറായിരത്തില്‍പരം മലയാളികള്‍ നിയമപരമായും അനധികൃത കുടിയേറ്റക്കാരെയും ജോലി ചെയ്യുന്നുണ്ട്. എയര്‍പോര്‍ട്ടിന്റെ ശുചീകരണത്തിനായി എത്തിയ മലയാളികളൊന്നും ശരിയായ വിസയില്‍ എത്തിയവരല്ല. യുഎന്‍ അഭയാര്‍ത്ഥികളായിട്ട് അവരെ ക്ലാസ്സിഫൈ ചെയ്യുന്നത്. നല്ല പ്രതിഫലം ലഭിക്കുന്നതിലാണ് ഇവിടെ തന്നെ നില്‍ക്കുന്നത്.

മാധ്യമ പ്രവർത്തകർ സംഘർഷ മേഖലയിൽ 

ഒക്ടോബര്‍ 21 നാണ് ഇസ്രയേൽ - ഹമാസ് സംഘർഷം റിപ്പോർട്ട് ചെയ്യുക എന്ന ഉത്തരവാദിത്തത്തോടെ ഞാൻ ടെല്‍ അവീവില്‍ എത്തിയത്. ഓഫീസില്‍ നിന്നും അഡിസ് അബാബ വഴി ബുക്ക് ചെയ്ത ഫ്‌ളൈറ്റ് പോകേണ്ടതിന്‌റെ തലേ ദിവസം ക്യാന്‍സലായി. യാത്ര മുടങ്ങുമല്ലോയെന്ന് കരുതിയിരിക്കുമ്പോഴാണ് എതിഹാദിന്റെ ഫ്ളൈറ്റുണ്ടന്ന് അറിഞ്ഞത്. ഇവിടെ എയര്‍പോര്‍ട്ടില്‍ എത്തി സെക്യൂരിറ്റി ക്ലിയറന്‍സ് കഴിഞ്ഞപ്പോള്‍ തന്നെ ഷെല്‍ട്ടറിലേക്ക് പോകാന്‍ അവര്‍ നിർദേശിച്ചു. അവിടെ സെക്യൂരിറ്റി ഇഷ്യൂ ഉണ്ടെന്നും അതുകൊണ്ടാണ് അലാം അടിക്കുന്നതെന്നും പറഞ്ഞു തന്നു. അതിനര്‍ത്ഥം, ഏതുനിമിഷവും  മിസൈലുകൾ  വന്നേക്കാമെന്നാണ്. പക്ഷെ പേടിക്കാനൊന്നുമില്ല, ഷെല്‍ട്ടറിലേക്ക് പോയാല്‍ മതിയെന്നും അവര്‍ പറഞ്ഞു. എന്റെ കൂടെ ഫ്ളൈറ്റില്‍ റിപ്പബ്ലിക് ടിവിയുടെ അമിത് സിങും ഉണ്ടായിരുന്നു. ഞങ്ങള്‍ അങ്ങോട്ടേക്ക് പോയി. പക്ഷെ റൂമിലെത്തിയപ്പോള്‍ അവിടെയും അലാം  മുഴങ്ങാന്‍ തുടങ്ങി. ആ ഹോട്ടലിലും ഷെല്‍ട്ടറുണ്ട്. അടുത്ത ദിവസം മുതല്‍ തന്നെ ഞങ്ങള്‍ ജോലി തുടങ്ങി. റിപ്പോർട്ട് ചെയ്യാനായി അവിടെ ജിപിഒ (ഗവണ്‍മെന്റ് പ്രസ് ഓഫീസ് കാര്‍ഡ്) എടുക്കണം. 

ജെറുസലേമിലും വെസ്റ്റ് ബാങ്കിലും ഗാസ സ്ട്രിപ്പിലുമൊക്കെ സുരക്ഷാ സംവിധാനങ്ങളോടെ പോകാനും റിപ്പോർട്ട് ചെയ്യാനും സാധിക്കുന്നുണ്ട്. പക്ഷേ, ഏത് യുദ്ധത്തിലും എന്നപോലെ അവിചാരിതമായ ആക്രമണങ്ങളിൽ പെട്ടുപോകാനുള്ള സാധ്യത ഇവിടെയുമുണ്ട്. യുദ്ധം ആരംഭിച്ചപ്പോൾതന്നെ ഇസ്രയേല്‍ ഐഡിഎഫ് ഔദോഗികമായ അസോസിയേറ്റ് പ്രസിനും റോയിട്ടേഴ്‌സിനും കത്ത് കൊടുത്തിരുന്നു. നിങ്ങള്‍ ഗാസയെ എതിര്‍ത്ത് നിന്നുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ, ഒരു ഏരിയല്‍ അറ്റാക്കോ കരയുദ്ധമോ വന്നുകഴിഞ്ഞാല്‍ നിങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് നിങ്ങളുടെ ജീവന് ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ല. ഇതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. 

മൊസാദിൽ മേജര്‍ ജനറല്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന യായിർ റാവിഡ്   ഉള്‍പ്പെടെ ധാരാളം ഇസ്രയേലികളോട് കഴിഞ്ഞ ദിവസങ്ങളിൽ ഞാന്‍ സംസാരിച്ചു. അബു ദാവീദ് എന്ന പേരിൽ ലോക ഇന്റലിജൻസ് വൃത്തങ്ങളിൽ അറിയപ്പെടുന്ന റാവിഡ് ഇന്റലിജന്‍സിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ്. സത്യത്തിൽ മൊസാദ് അല്ല ഷിൻബെക്, മിലിറ്ററി ഇന്റലിജൻസ് വിഭാഗങ്ങളാണ് രാജ്യത്തിൻറെ അയല്പക്കത്തെ രഹസ്യങ്ങൾ ചോർത്താൻ നിയുക്തമായ ഏജൻസികൾ. മൊസാദ് വിദേശ രാജ്യങ്ങളിലെ ഇന്റലിജൻസ് ആണ് ശ്രദ്ധിക്കുന്നത്. ഇറാനാണ് ഇപ്പോൾ മൊസാദിന്റെ റഡാറിൽ. ആസൂത്രണം ചെയ്ത് ഇത്തരമൊരു ആക്രമണം നടപ്പിലാക്കിയ ഓരോരുത്തരെയും ഇല്ലാതാക്കുന്നതുവരെ തങ്ങൾക്ക് വിശ്രമമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 

മേജർ ജനറൽ (റിട്ട) യായിർ റാവിഡ് 

ഇസ്രയേലികള്‍ കരുതുന്നത് സുരക്ഷാ ഏജൻസികളുടെ പരാജയം ഹമാസിന്റെ ഫണ്ടിംഗ് ചാനൽ തടയാൻ കഴിയാത്തതാണെന്നാണ്. ഗാസയിലേക്ക് ഖത്തര്‍ വഴി പണം പോകുന്നുണ്ടായിരുന്നു. ആ കാര്യം ഇസ്രയേലിന് അറിയാമായിരുന്നുവെങ്കിലും ഈ പണം ഉപയോഗിച്ച് അവര്‍ പുരോഗമിക്കട്ടെ എന്ന നിലപാടായിരുന്നുവത്രേ ഇസ്രയേലിന്. കാരണം ഇതിലൂടെ ഇസ്രയേലിലേക്കുള്ള അവരുടെ കടന്നുകയറ്റം ഇല്ലാതാവുമെന്നാണ് അവര്‍ കരുതിയിരുന്നത്. അപ്പോഴാണ്  കഫർ അസ എന്ന സ്ഥലത്ത് ഭീകരാമായ ഒരു ആക്രമണം നടക്കുന്നത്. അഞ്ഞൂറോളം ആളുകള്‍ താമസിച്ചിരുന്ന അവിടെ നൂറോളം ആളുകള്‍ കൊല്ലപ്പെട്ടു. കൂടാതെ കുറേ പേരെ ഹമാസുകാർ ബന്ദികൾ ആക്കുകയും ചെയ്തു. 

ഗാസയില്‍ നിന്നു വരുന്ന ആളുകള്‍ക്ക് അവിടെ ജോലി കൊടുക്കുകയും ഫാമില്‍ പണിയെടുക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇസ്രയേലികള്‍ പറയുന്നത്. ഇവരുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇസ്രയേലികള്‍ നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ ഒരുപാട് വിവരങ്ങൾ  അവര്‍ ഹമാസിന്റെ ആളുകള്‍ക്ക് കൊടുക്കുന്നുണ്ടെന്നത് സുരക്ഷ ഏജൻസികൾക്ക് തിരിച്ചറിയാൻ കഴിയാതെ പോയി. 

ഫെന്‍സും അയേണ്‍ ഡോമുമായിരുന്നു ഇസ്രയേലികളുടെ പ്രധാന രക്ഷാ കവചങ്ങൾ. മിസൈലില്‍ നിന്ന് തൊണ്ണൂറ് ശതമാനവും ഇസ്രയേലിനെ സംരക്ഷിക്കുന്ന ഒരു ടെക്നോളജിയാണ് അയേണ്‍ ഡോം. പക്ഷേ തുടര്‍ച്ചയായി മിസൈലുകള്‍ അയേണ്‍ ഡോമിലേക്ക് വന്നാല്‍ അത് സ്ലോ ആകുമായിരുന്നു. അപ്പോള്‍ ഒരു രണ്ടു മൂന്ന് മിസൈലുകള്‍ ഇസ്രയേലില്‍ പതിക്കും. അതാണ് ഇപ്പോള്‍ ഇസ്രയേലില്‍ നടന്നുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായിട്ടുള്ള മിസൈല്‍ ആക്രമണമാണ്. ഇത്തരം സാങ്കേതിക വിദ്യകളൊന്നും ഫലപ്രദമല്ല. ഇസ്രയേലിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജിയെ മൊത്തം ഹമാസ് മറികടന്നിരിക്കുകയാണ്. അങ്ങനെ ആയിരത്തോളം ആളുകളാണ് ഇത്തരത്തില്‍ ഇസ്രയേലില്‍ കടന്നുകയറിയത്.

ഗാസ അതിർത്തിയിലെ കഫ അസയിൽ ഹമാസ് ആക്രമണത്തിൽ തകർന്ന വീടുകൾ 

ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം കുറച്ചു വര്‍ഷങ്ങളായി സങ്കീർണമാണ്. മൂന്ന് നാല് വര്‍ഷങ്ങളായി പല തവണ തിരഞ്ഞെടുപ്പ് നടക്കുകയും മന്ത്രിസഭകള്‍ മാറി മാറി വരുകയും ചെയ്തു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനുയായികള്‍ക്ക് എതിരെ ആരോപണങ്ങൾ ശക്തമാകുകയും സർക്കാർ പ്രതിരോധത്തിലാകുകയും ചെയ്ത സമയത്താണ് ഇങ്ങനെയൊരു ആക്രമണം അവിടെ നടക്കുന്നത്. ഈ പ്രതിസന്ധിയോടെ ഭിന്നിച്ചു നിന്ന ഇസ്രയേലി ജനത നമ്മള്‍ ഒന്നാണെന്ന നിലപാടിലെത്തി. 

ഹമാസ് ബന്ദികൾ ആക്കിയവരെ വിട്ടുകിട്ടുന്നതിന് വേണ്ടതൊക്കെ അധികാരികള്‍ ചെയ്യണമെന്ന ആവശ്യമല്ലാതെ പ്രധാനമന്ത്രിക്കെതിരെയോ പ്രതിരോധ മന്ത്രാലയത്തിനെതിരെയോ അവിടെ പ്രതിഷേധങ്ങളൊന്നുമില്ല. ഇസ്രയേലിലെ പല പാര്‍ട്ടികളും ഗവണ്‍മെന്റില്‍ ചേര്‍ന്നിരിക്കുകയാണ്. ബെഞ്ചമിന്‍ നെതന്യാഹൂ തല്‍ക്കാലം രക്ഷപ്പെട്ട് നില്‍ക്കുകയാണ്. ഇവിടത്തെ ഇടതുപക്ഷ നിലപാടുള്ള ചിലരോടും ഞാന്‍ സംസാരിച്ചിരുന്നു. തങ്ങള്‍ നെതന്യാഹുവിന് എതിരായിരുന്നുവെന്നും എന്നാല്‍ ഇങ്ങനെ ഒരു ആക്രമണം വന്നപ്പോള്‍ ഏറ്റവും പ്രധാനം തങ്ങളുടെ രാജ്യമാണെന്നു മറക്കില്ലെന്നുമാണ് അവർ പറയുന്നത്. 

ഗാസയുടെ ദൃശ്യം ഇസ്രയേൽ അതിർത്തിയിലെ കഫ അസയിൽ നിന്ന് 

കഴിഞ്ഞ ദിവസം ഇസ്രയേല്‍ കമാന്‍ഡിങ് ഓഫീസര്‍ ഡാനിയല്‍ ഹഗാരിയുടെ വാര്‍ത്താസമ്മേളനത്തിന് ഞാന്‍ പോയിട്ടുണ്ടായിരുന്നു. അദ്ദേഹത്തോട് ഒറ്റക്ക് സംസാരിക്കാനുള്ള അവസരവും എനിക്ക് അന്ന് ലഭിച്ചു. മിഡില്‍ ഈസ്റ്റിലെ ഏക ജനാധിപത്യരാജ്യമാണ് ഇസ്രയേലേന്നും ജയിലിലുള്ള കുറ്റവാളികളെ പോലും തങ്ങള്‍ ക്രൂരമായി ഉപദ്രവിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ മുന്നറിയിപ്പ് നൽകാതെ അക്രമിക്കാറില്ലെന്നും ഇപ്പോള്‍ തന്നെ ഗാസയെ ഒഴിപ്പിക്കാന്‍ സമയ പരിധി നല്കിയിട്ടാണ് ആക്രമണം തുടങ്ങിയതെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. 

പോരാട്ടം ഇസ്രയേലികളുടെ രക്തത്തില്‍ അലിഞ്ഞതാണ്. ഈ യുദ്ധം മുമ്പോട്ട് കൊണ്ടുപോകാമെന്നാണ് സാധാരണക്കാരായ ഇസ്രയേലികള്‍ പോലും വിചാരിക്കുന്നത്.  യുക്രയ്ൻ - റഷ്യ യുദ്ധം മാസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണല്ലോ. റഷ്യ പോലൊരു വലിയ ഫോഴ്‌സിനെ ഒന്നും ചെയ്യാന്‍ യുക്രെയിന് ഇതുവരെ സാധിച്ചിട്ടില്ല. അതുതന്നെ ഇവിടെയും സംഭവിക്കുമെന്നാണ് അവരുടെ വിശ്വാസം. 

ഹമാസിന് പിന്തുണ പലഭാഗത്ത് നിന്നും വരുന്നുണ്ട്. പക്ഷേ സിറിയയുടെ ഡമാസ്‌ക്കസ് എയര്‍പോര്‍ട്ടും അലപ്പോവും ഇസ്രയേല്‍ നശിപ്പിച്ചുകഴിഞ്ഞു. ഫോറിന്‍ പോളിസി വിദഗ്ദരൊക്കെ പറയുന്നത് ഹിസ്ബുളിനെയും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ്. ഹിസ്ബുളില്‍ വലിയ മിസൈലുകളൊക്കെ നിരവധി ഏല്‍ക്കുന്നുണ്ട്. അത് വലിയ അപകടമാണ്. ഇറാനില്ലെങ്കില്‍ ഹിസ്ബുൾ ഇല്ല. ഇറാനില്‍ അവര്‍ ആഴത്തിലുണ്ട്. ഇറാനില്‍ ഒരുപാട് ഇസ്രയേലികളുമുണ്ട്.

(മുതിർന്ന മാധ്യമ പ്രവർത്തകനായ ലേഖകൻ വാർത്ത ഏജൻസിയായ ഐ എ എൻ എസിന്റെ  അസോസിയേറ്റ് എഡിറ്ററാണ്)

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ