ആദിമാതാവ് ഹവ്വയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന ജിദ്ദയിലുള്ള ശ്മശാനത്തിന്റെ സൂക്ഷിപ്പുകാരന്‍ ആദില്‍ മുഹമ്മദിന് ഞാന്‍ പി. ഗോവിന്ദപ്പിള്ളയെ പരിചയപ്പെടുത്തി. മഖ്ബറ ഉമ്മുനുഹവ്വ (ഹവ്വാ ഉമ്മയുടെ ഖബറിടം) എന്നറിയപ്പെടുന്ന ശാന്തവും വിശാലവുമായ ശ്മശാനത്തിന്റെ കവാടം തുറക്കുന്നതും കാത്ത് നിരവധി ഇന്തോനേഷ്യന്‍ തീര്‍ഥാടകര്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. സ്ത്രീകളായിരുന്നു ഏറെയും. ഗേറ്റ് തുറന്നതും അവരത്രയും കൊടുങ്കാറ്റ് പോലെ ശ്മശാനം സന്ദര്‍ശിക്കാന്‍ അകത്തേക്ക് ഇരച്ചുകയറി.
യെമനിലെ തായിസ് സ്വദേശിയായ ആദില്‍ മുഹമ്മദുമായി ഇതിനകം ഗാഢസൗഹൃദത്തിലായിക്കഴിഞ്ഞിരുന്ന പി.ജി ഗേറ്റിനു പുറത്ത് നിന്ന് ശ്മശാനത്തിലേയ്ക്ക് കണ്ണയച്ചു. ശ്മശാനം കാണാനെത്തിയ ഇന്തോനേഷ്യക്കാരുടെ മുഖങ്ങളില്‍ മിന്നിപ്പൊലിഞ്ഞ വികാരഭേദങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു അദ്ദേഹം. മാനവകുലത്തിന്റെ മാതാവിനൊപ്പം അന്തിയുറങ്ങുന്ന എണ്ണമറ്റ മനുഷ്യരുടെ സ്മരണകള്‍ സ്പന്ദിക്കുന്ന അസ്ഥിത്തറകള്‍. നമ്പറിട്ട ഓരോ കല്ലിനു ചുവട്ടിലും ജീവിതയാത്ര അവസാനിച്ചവരുടെ നിതാന്ത നിദ്ര. ആത്മാവുകളുടെ അദൃശ്യമായ ചിറകടി. ജിദ്ദ എന്നാല്‍ മുത്തശ്ശിയെന്നര്‍ഥം. മുത്തശ്ശിയ്ക്കു മുമ്പില്‍ വഴിഞ്ഞൊഴുകുന്ന വാല്‍സല്യത്തിന്റെ കണ്ണീര്‍ധാരകള്‍ക്ക് സാക്ഷ്യം വഹിച്ചാണ് ശ്മശാ നത്തില്‍ നിന്ന് പി. ജി മടങ്ങിയത്.
പിന്നീട് ഞങ്ങള്‍ പി.ജിയെ കൊണ്ടുപോയത് പ്രാചീന ജിദ്ദയുടെ പുരാവൃത്തങ്ങളത്രയും പുനരാവിഷ്‌ക്കരിച്ച മുനിസിപ്പല്‍ മ്യൂസിയമായ നസീഫ് ഹൗസിലേക്ക്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കത്തി, വാള്‍, ആയുധങ്ങള്‍, കരകൗശലവസ്തുക്കള്‍ എന്നിവയും വൈദ്യുതിയെത്താത്ത കാലത്ത് നഗരത്തിലാകെ കഴുതപ്പുറത്ത് കുടിവെള്ളമെത്തിച്ചിരുന്ന ജലസംഭരണിയും കാണ്‍കെ പി.ജിയുടെ ചരിത്രകൗതുകമുണര്‍ന്നു. കാല്‍നടയാത്രയ്ക്കിടെ നഗരവീഥികളിലെ ഓരോ കച്ചവടക്കാരുമായും പി.ജി പരിചയപ്പെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും കാണാമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, വിവിധ ഭാഷകള്‍ സംസാരിക്കുന്ന, സങ്കരസംസ്‌കൃതികളുടെ സംഗമത്തിനു മുമ്പില്‍ പി.ജി. വിസ്മയാധീനനായി നിന്നു.
വിവിധയിനം ഈന്തപ്പഴങ്ങളുടെ കമ്പോളം, അറബ് പുരാതനവേഷവിധാനങ്ങളുടെ വര്‍ണലോകം, മരുഭൂമിയില്‍ വിളഞ്ഞതും ഇറക്കുമതി ചെയ്തതുമായ പഴം, പച്ചക്കറികള്‍ എന്നിവയുടെ ശേഖരം... ഇതെല്ലാം നോക്കി അദ്ദേഹം അല്‍ഭുതം കൂറി. മരുഭൂമിയുടെ മടിയില്‍ പിറന്ന കലര്‍പ്പേശാത്ത അറബികളായ 'ബദു'ക്കളും മറ്റും പല്ല് തേക്കാനുപയോഗിക്കുന്ന ഔഷധപ്രധാനമായ 'മിസ്വാക്ക്' (പഴയകാല ടൂത്ത്ബ്രഷ്) വില്‍ക്കുന്ന തെരുവ് വാണിഭക്കാരനെ പി.ജിക്കു നന്നായി ബോധിച്ചു.
അവിടെ നിന്നു മടങ്ങുംവഴിയാണ് ജുഫാലി പള്ളിയ്ക്കകത്ത് നിന്ന് ഒരു സംഘം ആഫ്രിക്കന്‍ തീര്‍ഥാടകര്‍ പുറത്തേക്കു വരുന്നത് കണ്ടത്. കറുത്ത് ആജാനബാഹുക്കളായ സ്ത്രീപുരുഷന്മാര്‍. അവരില്‍ പ്രായം ചെന്ന, മറൂണ്‍ തൊപ്പിയണിഞ്ഞ ഒരാളെ- കോഫി അന്നാന്റെ മുഖഛായയാണയാള്‍ക്ക്- ഞാന്‍ സലാം ചൊല്ലി പരിചയപ്പെട്ടു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ആ തീര്‍ഥാടകന്‍ സെനഗലിന്റെ തലസ്ഥാനമായ ഡാക്കര്‍ സ്വദേശിയാണ്. ഹജ് നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ, നഗരം കാണാനും അല്‍പ്പം ഷോപ്പിംഗിനുമായാണ് ജിദ്ദയില്‍ തങ്ങിയിട്ടുള്ളത്.
സെനഗല്‍ എന്നു കേട്ടപ്പോള്‍ ഞാന്‍ പി.ജി.യോട് പറഞ്ഞു: സഖാവെ, ഇവര്‍ സേംബെന ഉസ്മാന്റെ നാട്ടുകാരാണ്. പി.ജിയുടെ മുഖം വിടര്‍ന്നു. അല്‍ഭുതത്തോടെ അദ്ദേഹം 'കോഫി അന്നാനെ' ഹസ്തദാനം ചെയ്തു. പ്രസിദ്ധ ആഫ്രിക്കന്‍ എഴുത്തുകാരനും സിനിമാസംവിധായകനും നടനുമൊക്കെയായ സേംബെന ഉസ്മാനെക്കുറിച്ച് പി. ഗോവിന്ദപ്പിള്ള പണ്ട് 'കഥ' മാസികയില്‍ തന്റെ സ്ഥിരം സാഹിത്യവിചാരം കോളത്തിലെഴുതിയത് വായിച്ചതിന്റെ ഓര്‍മയിലാണ് ഞാനങ്ങനെ പറഞ്ഞത്. (പി.ജിയുടെ ഈ കോളങ്ങള്‍ പൂര്‍ണമായും ഞാന്‍ വെട്ടിയെടുത്ത് ഫയല്‍ ചെയ്തിരുന്നുവെന്നറിഞ്ഞപ്പോള്‍ പി.ജി. പറഞ്ഞു: ദയവ് ചെയ്ത് എനിക്കത് വേണം, എന്റെ ആ ലേഖനങ്ങള്‍ പലതും നഷ്ടപ്പെട്ടുപോയി).
സെനഗലീസ് ഹാജിമാരോട് വിട പറയുമ്പോഴും പി.ജി ഏറെ നേരം അവരുടെ ചടുലമാര്‍ന്ന നടത്തവും ചലനങ്ങളും ശ്രദ്ധിക്കുന്നത് കണ്ടു. നൂഡില്‍സ് മുടിയുള്ള കറുത്ത സുന്ദരികളും സുന്ദരന്മാരും.
ഗൂഗിളും വിക്കിപീഡിയയും പ്രചാരത്തിലാകും മുമ്പ് സേംബെന ഉസ്മാനെ അറിയുകയും അദ്ദേഹത്തെ വായിക്കുകയും സെനഗലീസ് സാഹിത്യത്തെക്കുറിച്ച് ആധികാരികമായി എഴുതുകയും ചെയ്ത ആദ്യമലയാളി തീര്‍ച്ചയായും പി.ജി തന്നെ.
സേംബെന ഉസ്മാനെക്കുറിച്ച്
പാവപ്പെട്ടൊരു മുസ്ലിം മല്‍സ്യത്തൊഴിലാളിയുടെ മകനായി സെനഗലിലെ കുഗ്രാമത്തില്‍ ജനിച്ച ഉസ്മാന്‍ മാതൃഭാഷയായ വൊലോഫിനു പുറമെ ഫ്രഞ്ചും ഇംഗ്ലീഷും പഠിച്ചു. പ്രിന്‍സിപ്പലുമായി വഴക്കിട്ട് പഠനം നിര്‍ത്തി. പിന്നീട് ഫ്രഞ്ച് സൈന്യത്തില്‍ ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സൈനികസേവനം മതിയാക്കി ഫ്രാന്‍സില്‍ നിന്നു മടങ്ങി. തുടര്‍ന്ന് എഴുത്തും വായനയും ഒപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും. ഏറെക്കാലം നീണ്ടു നിന്ന സെനഗലീസ് റെയില്‍വെ സമരത്തില്‍ പങ്കെടുത്ത ഉസ്മാന്റെ മനസ്സില്‍ വിപ്ലവത്തിന്റെ സ്ഫുലിംഗം വീണു. പ്രക്ഷോഭാനുഭവങ്ങള്‍ നോവലായി: 'ഗോഡ്സ് ബിറ്റ്സ് ഓഫ് വുഡ്' .
തുടര്‍ന്ന് സെനഗലീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃനിരയിലെത്തി. വിയറ്റ്നാമിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ പേന കൊണ്ട് പൊരുതി. വര്‍ണവിവേചനത്തിന്റെ തിക്താനുഭവങ്ങള്‍ ചിത്രീകരിച്ച ഉസ്മാന്റെ പ്രസിദ്ധ നോവലാണ് 'ദ ബ്ലാക്ക് ഡോക്കര്‍'. വെള്ളക്കാരിയായ ഭാര്യയുമായി നാട്ടിലെത്തുന്ന ആഫ്രിക്കന്‍ തൊഴിലാളിയുടെ കഥ പറയുന്ന ഓ കണ്‍ട്രി, മൈ ബ്യൂട്ടിഫുള്‍ പീപ്പിള്‍ എന്ന നോവല്‍ ഏറെ പ്രശസ്തമായി. നിരവധി പുരസ്‌കാരങ്ങള്‍ ഉസ്മാനെത്തേടിയെത്തി. സോവ്യറ്റ് യൂണിയനും ചൈനയും ക്യൂബയും ഉസ്മാനെ ആദരിച്ചു. മോസ്‌കോയിലെ ഗോര്‍ക്കി തിയേറ്ററില്‍ ഒരു വര്‍ഷത്തെ ചലച്ചിത്ര സംവിധാനകോഴ്സിനു ചേര്‍ന്ന ഉസ്മാന്‍, നിരവധി സിനിമകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉസ്മാന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. സെനഗലിന്റെ നഗരജീവിതത്തിനേറ്റ ധര്‍മഭൃംശത്തെക്കുറിച്ചുള്ള രചന പൂര്‍ത്തിയാക്കിയാണ് 2007 ജൂണ്‍ ഒമ്പതിന് സേംബെന ഉസ്മാന്‍ ഈ ലോകത്തോട് വിട വാങ്ങിയത്.
അസ്തമയരാശിയില്‍ ചെങ്കടലിന്റെ ചാരുവര്‍ണങ്ങള്‍ തിളങ്ങുന്നത് കാല്‍പനികനായ ഒരു കവിയുടെ മനസ്സോടെയാണ് പി.ജി. നോക്കിക്കണ്ടത്. അറേബ്യന്‍ ആകാശത്തിനു ചുവടെ സാഗരത്തിരകളുടെ താളം ആസ്വദിച്ചുനിന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികനോട് ഞാന്‍ ചോദിച്ചു: സഖാവ് സന്ദര്‍ശിക്കാത്ത രണ്ടു രാജ്യങ്ങളാണ് റഷ്യയും ചൈനയുമെന്ന് മനോരമയില്‍ വന്ന ഒരഭിമുഖത്തില്‍ വായിച്ചതോര്‍ക്കുന്നു. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്? സഖാവിന്റെ അടുത്ത ബന്ധുക്കളായ എം.എനും പി.കെ.വിയുമൊക്കെ സി.പി.ഐയിലും താങ്കള്‍ സി.പി.എമ്മിലുമായത് കൊണ്ടാണോ സോവ്യറ്റ് യൂണിയനിലേക്കുള്ള യാത്ര നടക്കാതെ പോയത്?
പി.കെ.വിയെക്കുറിച്ച് പറഞ്ഞപ്പോള്‍ പി.ജിയുടെ കണ്ണുകള്‍ ആര്‍ദ്രമാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു: റഷ്യയും ചൈനയും സന്ദര്‍ശിക്കാതിരുന്നത് ബോധപൂര്‍വമല്ല.
ബോംബെ സെന്റ് സേവ്യേഴ്സ് കോളേജില്‍ പഠിക്കുന്ന കാലം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സില്‍ അച്ഛന്‍ എനിക്ക് പ്രവേശനം തരപ്പെടുത്തി. പക്ഷേ ബോംബെ പഠനകാലത്ത് ഭീകരപ്രവര്‍ത്തകന്‍ എന്ന പേരില്‍ എന്റെ പാസ്പോര്‍ട്ട് കണ്ടു കെട്ടിയിരുന്നു. ലണ്ടനില്‍ പോകാന്‍ പറ്റിയില്ല. പിന്നെ പാസ്പോര്‍ട്ട് എനിക്ക് തിരിച്ചുകിട്ടിയത് മുപ്പത് വര്‍ഷത്തിനു ശേഷം. അതും വാജ്പേയ് താല്‍പര്യമെടുത്തത് കൊണ്ട്. ജനതാഗവണ്‍മെന്റിന്റെ കാലത്ത്.
ഞങ്ങളുടെ വീട്ടില്‍ത്തന്നെ പട്ടിക്കുട്ടിയും പശുവുമൊഴിച്ച് എല്ലാവരും വിദേശ യാത്ര നടത്തിയിട്ടുണ്ടെന്ന് കളി പറയാറുണ്ടായിരുന്നു. പക്ഷേ മുപ്പത് വര്‍ഷം ഇ.എം.എസിന്റേയും രണദിവെയുടെയുമൊക്കെ വിദേശയാത്രകള്‍ നോക്കിയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. 1979 ല്‍ പാസ്പോര്‍ട്ട് എനിക്കു തിരിച്ചുകിട്ടിയപ്പോഴേക്കും സി.പി.എം സോവ്യറ്റ് യൂണിയനുമായി പിണക്കത്തിലായി. പിണക്കം മാറിയപ്പോഴേക്കും സോവ്യറ്റ് യൂണിയന്‍ തന്നെ ഇല്ലാതായി. ചൈനയിലും പോകാന്‍ കഴിഞ്ഞിട്ടില്ല. ടിയാനന്‍മെന്‍ സ്‌ക്വയറിലെ ചൈനീസ് ഭരണാധികാരികളുടെ നിലപാടിനെതിരെ ലേഖനമെഴുതിയതിന് പാര്‍ട്ടിയുടെ അച്ചടക്കനടപടിക്കു പി.ജി. വിധേയനായതും ചരിത്രം.