FOURTH SPECIAL

പണംമുടക്കി പഠിക്കേണ്ട സീറ്റുകളുടെ എണ്ണം പറഞ്ഞ് പ്രതിസന്ധി മറയ്ക്കുന്ന മന്ത്രി; പ്ലസ് വണ്‍ സീറ്റ് ക്ഷാമവും യാഥാര്‍ഥ്യവും

എല്ലാ വിദ്യാർഥി സംഘടനകളും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് മലബാറിലെ പ്ലസ് വണ്ണിന് അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും സർക്കാർ-എയ്ഡഡ് സീറ്റുകൾ നൽകണമെന്നാണ്

ഇംതിയാസ് കരീം

''പത്താം ക്ലാസ് വരെ പഠിച്ചത് ഗേൾസ് സ്കൂളിലാണ്, പ്ലസ് വണ്ണിന് മിക്സഡ് സ്കൂളിൽ പഠിക്കണമെന്നും ബയോളജി സയൻസിന് ചേരണമെന്നും ആയിരുന്നു ആഗ്രഹം. പക്ഷേ കാര്യങ്ങൾ ഇങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയതല്ല. കൂട്ടുകാരെല്ലാം ഇന്നലെ മുതൽ സ്കൂളിൽ പോയിതുടങ്ങി. മൂന്ന് അലോട്മെന്റ് കഴിഞ്ഞിട്ടും എനിക്ക് എവിടെയും സീറ്റ് കിട്ടിയിട്ടില്ല. ഇപ്പോൾ അടുത്തുള്ള ഏതെങ്കിലുമൊരു സ്കൂളിൽ കിട്ടിയാ മതിയെന്നായി ചിന്ത.'' പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിച്ചിട്ട് ഇതുവരെ സീറ്റ് കിട്ടിയിട്ടില്ലാത്ത മലപ്പുറം വലിയങ്ങാടിയിലെ ദിൽഷ എന്ന വിദ്യാർത്ഥിനി വലിയ സങ്കടത്തോടെയാണ് കാര്യങ്ങൾ ദ ഫോർത്തുമായി പങ്കുവെച്ചത്.

''വലിയ തുക മുടക്കി പഠിപ്പിക്കാനുള്ള സാമ്പത്തികമൊന്നും ഇല്ല. എന്നാലും സർക്കാർ സീറ്റ് തന്നില്ലെങ്കിൽ എങ്ങനെയെങ്കിലും പണം കണ്ടെത്തി മകളെ പഠിപ്പിക്കും,'' അടങ്ങാത്ത സങ്കടത്തോടെ സർക്കാറിനോടുള്ള പ്രതിഷേധം ദിൽഷയുടെ ഉമ്മ ജംഷീനയും പങ്കുവെച്ചു.

ഇത്തരം പ്രതികരണങ്ങള്‍ അടുത്തകാലത്തായി മലബാറില്‍നിന്ന് എല്ലാ അധ്യയന വര്‍ഷത്തിലും പതിവാണ്. ഇത്തവണ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളെല്ലാം മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരമുഖത്താണ്. പ്രതിസന്ധി മനസ്സിലാക്കിയ എസ്.എഫ്.ഐയും ഒടുവിൽ സർക്കാറിന്റെ കൃത്യതയില്ലാത്ത കണക്ക് അവതരണത്തെ അവഗണിച്ച് സമര രംഗത്തേക്കിറങ്ങി. ഇപ്പോൾ എല്ലാ വിദ്യാർത്ഥി സംഘടനകളും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് മലബാറിലെ പ്ലസ് വണ്ണിന് അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും സർക്കാർ-എയ്ഡഡ് സീറ്റുകൾ നൽകണമെന്നാണ്.

എന്നാൽ മാധ്യമങ്ങളും വിദ്യാർത്ഥി സംഘടനകളും പറയുന്ന സീറ്റിന്റെ കണക്കിനെ അവഗണിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അൺ എയ്ഡഡ് സീറ്റുകൾ ഉൾപ്പെടെയുള്ള കണക്കുകൾ പറഞ്ഞും ചില കണക്കുകൾ വിഴുങ്ങിയുമാണ് മലപ്പുറത്തും മലബാറിലെ മറ്റു ജില്ലകളിലും സീറ്റ് പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് പറയുന്നത്. മാത്രവുമല്ല, പ്രശ്നം പരിഹരിക്കുന്നതിനു പകരം സമരം ചെയ്യുന്നവരെ പരിഹസിക്കുകയും ചെയ്യുന്നു.

കണക്കുകൾ ഇങ്ങനെ

മലപ്പുറത്ത് 82,446 വിദ്യാർഥികളാണ് ഇത്തവണ പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിച്ചത്. ഇതിനോടകം മെറിറ്റ്, മോഡൽ റസിഡൻഷ്യൽ സ്കൂൾ, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ടകളിലൂടെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം 50,014 ആണ്. ഇതിൽ മെറിറ്റിൽ മൂന്ന് അലോട്മെന്റുകളിലായി പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം 45,152 ആണ്. മെറിറ്റിൽ ഇനി അവശേഷിക്കുന്നത് 4928 സീറ്റുകൾ മാത്രം.

കമ്മ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ടകളിലുള്ള 8850 സീറ്റുകളിൽ 4862 വിദ്യാർഥികൾ ഇതിനോടകം പ്രവേശനം നേടിയിട്ടുണ്ട്. ഇതിൽ ഇനി ഒഴിവുള്ളത് 3988 സീറ്റുകളാണ്. അതായത് മെറിറ്റ്, കമ്മ്യൂണിറ്റി, മാനേജ്മെൻറ് ക്വാട്ടകളിലായി ഇനി അവശേഷിക്കുന്നത് 8,916 സീറ്റുകൾ മാത്രം. ഈ സീറ്റുകളിലേക്കുള്ള അഡ്മിഷൻ പൂർത്തിയായാലൂം 23516 വിദ്യാർത്ഥികൾസീറ്റ് ലഭിക്കാതെ പുറത്തു നിൽക്കേണ്ടിവരും. പിന്നെയുള്ളത്, പണം മുടക്കി പഠിക്കേണ്ട 11236 അൺ എയ്ഡഡ് സീറ്റുകളാണ്. ഇതിൽ 950 വിദ്യാർത്ഥികൾ ഇതിനോടകം പ്രവേശനം നേടിയിട്ടുണ്ട്. ബാക്കിയുള്ള 10,286 അൺ എയ്ഡഡ് സീറ്റുകളിൽ മെറിറ്റിലും കമ്മ്യൂണിറ്റി ക്വാട്ടയിലും മാനേജ്മെന്റിലും സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ പണം മുടക്കി ചേർന്നുവന്നിരിക്കട്ടെ, എങ്കിൽപോലും 12,236 വിദ്യാർഥികൾക്ക് മലപ്പുറം ജില്ലയിൽ പഠിക്കാൻ സീറ്റില്ല എന്നതാണ് യാഥാർത്ഥ്യം.

വിദ്യാഭ്യാസ മന്ത്രിയുടെ കണക്കിൽ 17,298 വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇനി സീറ്റ് ലഭിക്കാനുള്ളത്

ഹയർ സെക്കൻഡറി വെബ്സൈറ്റിൽ അടക്കം പ്രസിദ്ധീകരിച്ച കണക്ക് ഇങ്ങനെയാണെന്നിരിക്കെ വിദ്യാഭ്യാസ മന്ത്രിയുടെ കണക്കിൽ 17,298 വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇനി സീറ്റ് ലഭിക്കാനുള്ളത്. അലോട്ട്മെൻറ് ലഭിച്ചിട്ടും 11,546 വിദ്യാർത്ഥികൾ അഡ്മിഷൻ എടുത്തില്ലെന്നും മന്ത്രി പറയുന്നുണ്ട്. ഇഷ്ടപ്പെട്ട കോഴ്സോ സ്കൂളോ ലഭിക്കാത്തതു കൊണ്ടാണ് ഇതിൽ ഭൂരിഭാഗം വിദ്യാർത്ഥികളും അടുത്ത ഓപ്ഷനായി കാത്തിരിക്കുന്നത്. 4352 വിദ്യാർഥികൾക്ക് മലപ്പുറം ജില്ലക്ക് പുറത്ത് അഡ്മിഷൻ ലഭിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നുണ്ട്. എന്നാൽ മറ്റു ജില്ലകളിൽനിന്ന് ഒന്നിൽ കൂടുതൽ ജില്ലകൾ തിരഞ്ഞെടുത്ത് മലപ്പുറത്ത് അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ കണക്ക് മന്ത്രിയുടെ കണക്കിലില്ല. ഒന്നെങ്കിൽ കണക്ക് പഠിപ്പിച്ച വിദ്യാഭ്യാസ മന്ത്രിയുടെ മാഷിന് കണക്ക് തെറ്റിയതാവാം. അല്ലെങ്കിൽ പിന്നെ കണക്കിൽ പ്രതിസന്ധി വേണ്ടെന്ന് തീരുമാനിച്ചതാണോ? എന്തായാലും പലതവണ പല കണക്കുകൾ പറഞ്ഞ വിദ്യാഭ്യാസ മന്ത്രി ജില്ലയിൽ കുറഞ്ഞ സീറ്റിന്റെ പ്രതിസന്ധി ഉണ്ടെന്ന് ഇന്നലെ സമ്മതിച്ചിട്ടുണ്ട്.

ഉപരിപഠനത്തിന് അൺ എയ്ഡഡ് സ്കൂളുകളും പോളിടെക്നിക്കും ഐടിഐയും ഒക്കെയുണ്ടല്ലോ എന്നതാണ് പറയുന്ന മറ്റൊരു കാര്യം. ഹയർസെക്കൻഡറി പഠനം ആഗ്രഹിച്ച് പ്ലസ് വണ്ണിന് അപേക്ഷ നൽകിയവർ ആ ആഗ്രഹം ഉപേക്ഷിച്ച് മറ്റു കോഴ്സുകളിൽ ചേരണമെന്നാണോ മന്ത്രി പറയുന്നത്? ഇനി അൺ എയ്ഡഡ് സ്കൂളുകളിൽ പണം മുടക്കി പഠിക്കണമെങ്കിൽ ഇരുപതിനായിരം മുതൽ 30,000 രൂപ വരെയാണ് ഫീസിനത്തിൽ നൽകേണ്ടി വരിക. മാത്രവുമല്ല ഇതിനോടകം മാനേജ്മെൻറ് സീറ്റുകളിൽ അഡ്മിഷൻ എടുത്തവരും ഡൊണേഷനായി വലിയ തുക നൽകിയിട്ടുണ്ട്. പണം മുടക്കി പഠിക്കേണ്ട സീറ്റുകളുടെ കണക്ക് പറഞ്ഞാണ് വിദ്യാഭ്യാസ മന്ത്രി പ്രതിസന്ധിയെ മറച്ചുപിടിക്കുന്നത്. പ്രശ്നം പരിഹരിക്കാനായി താൽക്കാലിക ബാച്ചുകളാണ് സർക്കാർ അനുവദിക്കാൻ പോകുന്നതെങ്കിൽ ഈ വിദ്യാർത്ഥി സംഘടനകൾ എല്ലാം അടുത്തവർഷവും സമരത്തിനിറങ്ങേണ്ടിവരും. കാലങ്ങളായി മലബാറിലെ വിദ്യാർത്ഥികൾ ഈ സീറ്റ് പ്രതിസന്ധി അനുഭവിക്കുന്നുണ്ട്.

50 കുട്ടികൾ പഠിക്കേണ്ട ക്ലാസിൽ 65 കുട്ടികൾ പഠിക്കുന്നത് അധ്യാപകരെ സംബന്ധിച്ചും ബുദ്ധിമുട്ടുള്ള കാര്യമാണ്. അധ്യാപകർക്ക് വിദ്യാർത്ഥികളുടെ പഠനസംബന്ധമായ പ്രശ്നങ്ങളിൽ പോലും ശ്രദ്ധ ചെലുത്താനാവില്ല

കലക്ട്രേറ്റ് മാർച്ചും ആർഡിഡി ഓഫീസ് ഉപരോധവുമെല്ലാം വിദ്യാർത്ഥി സംഘടനകൾക്ക് എല്ലാ വർഷവും ജൂൺ മാസത്തിലെ ശീലവുമാണ്. ഇത്തവണ അലോട്മെന്റിന് മുന്നേ തന്നെ സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും താത്ക്കാലിക അധിക സീറ്റ് നൽകുകയാണ് സർക്കാർ ചെയ്തത്. സമരവീര്യം കുറക്കാനുള്ള തന്ത്രമായിരുന്നെങ്കിൽ ലവലേശം പോലും ഏശിയില്ല. 50 കുട്ടികൾ പഠിക്കേണ്ട ക്ലാസിൽ 65 കുട്ടികൾ പഠിക്കുന്നത് അധ്യാപകരെ സംബന്ധിച്ചും ബുദ്ധിമുട്ടുള്ള കാര്യമാണ്. അധ്യാപകർക്ക് വിദ്യാർത്ഥികളുടെ പഠന സംബന്ധമായ പ്രശ്നങ്ങളിൽ പോലും ശ്രദ്ധ ചെലുത്താനാവില്ല. ഇത് വിദ്യാർത്ഥികളുടെ മികച്ച പഠനാന്തരീക്ഷത്തെയും മോശമായി ബാധിക്കും. സ്ഥിരം ബാച്ചുകൾ മലബാറിലെ സ്കൂളുകളിൽ അനുവദിക്കുക എന്നത് തന്നെയാണ് പരിഹാരം.

മലപ്പുറത്തെ വിദ്യാർഥികൾക്ക് ഉന്നത വിജയങ്ങൾ നേടിയത് തെരുവുകളിലെ ഫ്ലക്സ് ബോർഡുകളിൽ മാത്രം കണ്ടാൽ പോരല്ലോ. ആ വിജയത്തിന് അർഹമായ ഉപരിപഠന സാധ്യതകൾ ഒരുക്കാൽ സർക്കാർ ബാധ്യസ്ഥരാണ്. പ്ലസ് ടുവിനുശേഷം ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്കു പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണുള്ളത്. അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ സ്കൂൾ വിദ്യാഭ്യാസത്തിനുപോലും നമ്മുടെ വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിവരും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി