FOURTH SPECIAL

താജിന്റെ പേരും ചങ്ങമ്പുഴയെന്നാണ്

34 വയസ്സുവരെ മാത്രം ജീവിച്ച താജ് പത്തോ പതിനഞ്ചോ വര്‍ഷംകൊണ്ട് മലയാളനാടക വേദിയില്‍ സൃഷ്ടിച്ച പരിവര്‍ത്തനം അദ്ഭുതകരമെന്നേ വിശേഷിപ്പിക്കാനാവൂ.... പി എം താജിനെ ഓർക്കുന്നു 'വ്യക്തിരേഖകൾ, സാമൂഹ്യരേഖകൾ' എന്ന പംക്തിയിൽ ലേഖകൻ

കെ ബാലകൃഷ്ണൻ

പി എം താജിനെ എപ്പോഴാണ് ആദ്യം കണ്ടത്? സ്വകാര്യമായ ഒരു പൊതുസ്ഥലത്തായിരുന്നു അതെന്ന് ഓര്‍മയുണ്ട്. എണ്‍പത്തേഴ് ഡിസംബറിലെ ഒരു രാത്രി. കോഴിക്കോട്. പരിചിതരായ ആരുമുണ്ടാകില്ലെന്നായിരുന്നു കരുതിയത്. പക്ഷേ തടിച്ചുദീര്‍ഘകായനായ മേലുദ്യോഗസ്ഥന്‍ സുകുമാരേട്ടന്‍, പിന്നെ മെലിഞ്ഞ് കഴുത്തുനീണ്ട ഒരാള്‍. അപരിചിതനെങ്കിലും അത് താജാണെന്ന് അറിയാമായിരുന്നു. പി എം താജ്... വല്ലാത്തൊരു കണ്ടുമുട്ടല്‍. ജോലിക്കുചേര്‍ന്നദിവസംതന്നെ അസ്ഥാനത്ത് കണ്ടുമുട്ടിയെങ്കിലും സുകുമാരേട്ടന്‍ ഒന്നും പറഞ്ഞില്ല, അഭിവാദ്യംചെയ്തു. താജിനെ പരിചയപ്പെടുത്തി.

താജിനെപ്പറ്റി മുൻപേ അറിയാം, അദ്ദേഹം വലിയ നാടക്കാരനാണെന്നറിയാം, താജിന്റെ നാടകങ്ങള്‍ വായിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഡി വൈ എഫ് ഐ മുഖപത്രമായ ആഹ്വാനത്തിന്റെ അതോ യുവധാരയുടെയോ (ഡി വൈ എഫ് ഐയുടെ പൂര്‍വരൂപമായ കെ എസ് വൈ എഫിന്റെ മുഖപത്രമായിരുന്നോ ആഹ്വാനം എന്നും കൃത്യമായി ഓര്‍ക്കുന്നില്ല.) എഡിറ്റോറിയല്‍ ചുമതല വഹിച്ചത് താജാണെന്നറിയാം. ദേശാഭിമാനിയില്‍ ചേരുന്നതിനുമുമ്പുതന്നെ ദേശാഭിമാനിയില്‍വെച്ച് ഒരിക്കല്‍ അദ്ദേഹത്തെ കണ്ടിട്ടുമുണ്ട്. മഹാനായ കെ ടി മുഹമ്മദിന്റെ സഹോദരീപുത്രനാണ്, രക്തസാക്ഷി കുഞ്ഞാലിയുടെ അടുത്ത ബന്ധുവാണ് എന്നെല്ലാം അറിയാം. സാധാരണ ആളുകളോട് മുട്ടുന്നതുപോലെ മുട്ടിയാല്‍ മുറിയുമെന്നുമറിയാം. പലതവണ താജുമായി കൂടിക്കാണുയും സംസാരിക്കുകയും ചെയ്തിരുന്നുവെങ്കിലും അടുക്കാനും ഇടയാനും ഇടായയത് പയ്യന്നൂരില്‍വെച്ചാണ്.

സഫ്ദർ ഹാഷ്മി

പയ്യന്നൂരില്‍ കേരളസംഗീതനാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരം നടക്കുന്നത് 1989 മാര്‍ച്ച് ഏഴുമുതല്‍ 11 വരെ. കരിവെള്ളൂര്‍ മുരളിയുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി നാടകോത്സവം വലിയൊരു സംഭവമാക്കുകയായിരുന്നു. തിക്കോടിയന്‍ ചെയര്‍മാനും എം എന്‍ കുറുപ്പ് സെക്രട്ടറിയുമായ അക്കാദമിയാണ്. 89 ജനുവരി ഒന്നിനാണ് ഡല്‍ഹിയില്‍ തെരുവില്‍ നാടകമവതരിപ്പിക്കുമ്പോള്‍ സഫ്ദര്‍ ഹാശ്മി കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരനാണ്, വിപ്ലവകാരിയാണ് എന്നതിനാല്‍ പതിവുപോലെ കേരളത്തിലെ വന്‍കിട മുഖ്യധാരാ പത്രങ്ങളില്‍ വലിയ വാര്‍ത്തയൊന്നുമായില്ല. പക്ഷേ പ്രീതിഷ് നന്ദി പത്രാധിപരായ ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഒരു ലക്കം മുഴുവനായി സമര്‍പ്പിക്കുകയായിരുന്നു ഹാശ്മിക്ക്. ദേശാഭിമാനി വാരികയില്‍ സബ് എഡിറ്ററായ ഞാന്‍ ഏറ്റവും ഉണര്‍ന്നുപ്രവര്‍ത്തിച്ചത് ആ ദിവസമാണ്. ആ വീക്കിലി മുഴുവന്‍ വായിച്ചു- എം കെ റെയ്ന അടക്കമുള്ളവരുടെ കുറിപ്പുകള്‍ തര്‍ജമ ചെയ്തു. അതിലെ ലേഖനങ്ങള്‍ വായിച്ച് ഒരുപാട് മാറ്ററുണ്ടാക്കി. എഡിറ്റോറിയല്‍ ചുമതലക്കാരനായ സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടിനോട് പറഞ്ഞ് രേഖാചിത്രകാരനായ അജയനെക്കൊണ്ട് ഹാശ്മിയുടെ കവര്‍ചിത്രം വരപ്പിച്ചു (അജയന്റെ ആ ചിത്രമാണ് ഹാശ്മിയുടേതായി പരക്കെ പ്രചാരത്തിലുള്ളത്). ഇങ്ങനെയൊരു ലക്കം പ്രസിദ്ധീകരിക്കാനുള്ള താല്പര്യം വിജയന്‍മാഷെ അറിയിച്ചു. അന്ന് മാഷ് വാരികയുടെ പത്രാധിപരല്ല, പക്ഷേ കാഴ്ചപ്പാട് എന്ന പംക്തി എഴുതുന്നുണ്ട്. മാഷ് പറഞ്ഞു, ഹാശ്മിയുടെ നാടകങ്ങള്‍ തര്‍ജമചെയ്ത് കൊടുത്താലേ ഫലപ്രദമാകൂ... സ്ഥാപനത്തിന്റെ ഡല്‍ഹി പ്രതിനിധിയില്‍നിന്ന് വേണ്ടത്ര സഹായമുണ്ടായില്ല. വിജയന്‍മാഷ് തന്റെ വിദ്യര്‍ഥിയായ രത്‌നാകരന്‍ മാങ്ങാടിനെ വിളിച്ചു. മാങ്ങാട് അന്ന് ഡല്‍ഹിയിലാണ്. ന്യൂഡല്‍ഹി ഇന്ന് എന്ന പ്രതിവാര പത്രത്തിന്റെ ചുമതലക്കാരനായിരുന്നെന്നാണ് ഓര്‍മ. അതാ അടുത്തദിവസംതന്നെ ഹല്ലാബോല്‍ അടക്കമുള്ള ഹാശ്മിയുടെ നാടകങ്ങളുടെ ഹിന്ദിയിലുള്ള സ്‌ക്രിപ്റ്റ് രത്‌നാകരന്‍ സംഘടിപ്പിച്ച് അയയ്ക്കുന്നു. നാലു നാടകങ്ങള്‍. ഹല്ലാബോലും മറ്റൊരു നാടകവും പ്രൊഫ വി രവീന്ദ്രനെക്കൊണ്ട് വിജയന്‍മാഷ് തന്നെ തര്‍ജമ ചെയ്യിച്ചു. ഇല്ലസ്‌ട്രേറ്റഡ് വീക്കിലിക്ക് കടപ്പാട് വെച്ച് ഉജ്ജ്വലമായ ഒരു ലക്കം പ്രസിദ്ധപ്പെടുത്തി.

അത് പുറത്തുവന്നതോടെയാണ് ഹാശ്മി കേരളത്തില്‍ വലിയൊരു വൈകാരിക ബിംബമായത്. പയ്യന്നൂരില്‍ നടക്കുന്ന നാടകമത്സരം ഉദ്ഘാടനംചെയ്യാന്‍ ഹാശ്മിയുടെ പത്‌നിയായ മാലശ്രീ ഹാശ്മിയെയാണ് ക്ഷണിച്ചത്. അവര്‍ തലേന്നുതന്നെ വന്നു. അവര്‍ക്ക് കോഴിക്കോട് മുതലക്കുളം മൈതാനത്ത് ഉജ്ജ്വലമായ സ്വീകരണംനല്‍കി. എം ടി വാസുദേവന്‍നായര്‍ നടത്തിയ ഉദ്ഘാടനപ്രസംഗം (ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങളൊക്കെ വിശദീകരിച്ച് നടത്തിയ അത്യന്തം വൈകാരികമായ പ്രസംഗം) അവിസ്മരണീയമാണ്. പിറ്റേന്ന് ഉച്ചയ്ക്കാണ് ഒരു ടാക്‌സിയില്‍ മാലശ്രീ ഹാശ്മിയും എം കുട്ടികൃഷ്ണനും സംഗീതനാടക അക്കാദമി പ്രസിഡന്റ് തിക്കോടിയനും ഈ ലേഖകനും പയ്യന്നൂരിലേക്ക് പുറപ്പെട്ടത്. കാറില്‍ മുന്നിലത്തെ സീറ്റില്‍ മാലശ്രീ. അവര്‍ നിര്‍ത്താതെ ചാര്‍മിനാര്‍ വലിച്ചുകൊണ്ടിരുന്നു. എന്റെ ലക്ഷ്യം മാലശ്രീയുമായി അഭിമുഖമാണ്. ചാര്‍മാനിര്‍ വലിച്ചൂതുന്നതിനിടയില്‍ അവര്‍ മറുപടി പറയുന്നുണ്ട്. അതെല്ലാം ഞാന്‍ മനസ്സില്‍ കുറിച്ചു. ഇടയ്ക്ക് തിക്കോടിയനും കുട്ടികൃഷ്ണന്‍മാഷും ഇടപെടും. നാലഞ്ചുമണിക്കൂര്‍കൊണ്ട് തുഴഞ്ഞ് പയ്യന്നൂര്‍ പെരുമ്പയിലെത്തുമ്പോഴേക്കും അവിടെ ജനസഹസ്രങ്ങള്‍ മാലശ്രീയെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്നു. വലിയ ആരവങ്ങളോടെ അവരെ ബോയ്‌സ് ഹൈസ്‌കൂളിലെ വേദിയിലേക്കാനയിച്ചു. ദേശാഭിമാനി വാരികയുടെ അടുത്തലക്കം മാലശ്രീയുടെ കവര്‍ചിത്രത്തോടെ പയ്യന്നൂരിലും നേരത്തെ കോഴിക്കോട്ടും അവര്‍ക്ക് ലഭിച്ച വമ്പന്‍ വരവേല്‍പ്പ് സംബന്ധിച്ച ഫീച്ചറും അവരുമായുള്ള അഭിമുഖവുമെല്ലാംചേര്‍ത്തുള്ള കവര്‍ സ്‌റ്റോറി. 35 വര്‍ഷംമുമ്പുനടന്ന ഒരു ചരിത്രസംഭവമായതിനാല്‍ ഇവിടെ ഓര്‍ത്തുവെന്നുമാത്രം...

പി എം താജിൻ്റെ തിരഞ്ഞെടുത്ത നാടകങ്ങളുടെ കവർ

താജുമായുള്ള ബന്ധമാണല്ലോ വിഷയം. പയ്യന്നൂരിലെ നാടകോത്സവം സംഗീതനാടക അക്കാദമിയുടെ നാടകോത്സവചരിത്രത്തില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. ജനകീയ മഹോത്സവമായി അത് മാറി. നാടകപ്പന്തല്‍ ചര്‍ച്ചയെന്ന പേരില്‍ ഒരോ സായാഹ്നത്തിലും തലേദിവസത്തെ അവതരണങ്ങളെക്കുറിച്ച് നിശിതമായ ചര്‍ച്ച നടന്നു. ദേശാഭിമാനി ഇതാദ്യമായി നാടകോത്സവം പൂര്‍ണരൂപത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതായത് ഓരോ നാടകത്തിന്റെയും റിവ്യു. മറ്റൊരു പത്രവും റിവ്യു കൊടുത്തില്ല. മുഴുവന്‍ദിവസവും പയ്യന്നൂരില്‍ താമസിച്ച് പിറ്റേന്ന് കാലത്ത് കണ്ണൂരില്‍പോയി റിവ്യുവും മറ്റും എഴുതി ഫയല്‍ചെയ്ത് വൈകീട്ട് വീണ്ടും പയ്യന്നൂരിലെത്തുകയായിരുന്നു ഞാന്‍. എന്‍. പ്രഭാകരന്റെ മരണക്കിണര്‍ എന്ന നാടകം (കരിവള്ളൂര്‍ ബാലന്‍ നായകനും രജിതാമധു നായികയും), മണിയപ്പന്‍ ആറന്മുളയുടെ നാടകം, പ്രസിദ്ധനായ ജോസ് ചിറമ്മലിന്റെ നാടകം, പിന്നെ പില്‍ക്കാലത്ത് ഏറെ പ്രസിദ്ധമായിത്തീര്‍ന്ന താജിന്റെ പാവത്താന്‍നാട്...

രണ്ടാമത്തെ ദിവസമാണെന്നു തോന്നുന്നു പാവത്താന്‍നാടിന്റെ അവതരണം. അടുത്തദിവസം ദേശഭിമാനിയില്‍ അതിന്റെ റിവ്യു വന്നു, എന്റെ ബൈലൈനില്‍. ബോംബെ ഹോട്ടലിലാണ് ഞാന്‍ താമസിക്കുന്നത്. രാവിലെ പത്തരയോടെ താജ് അവിടേക്ക് കടന്നുവന്നു, ഒപ്പമുള്ളയാള്‍ മലയാളി ദാമു എന്ന് സുഹൃദ് വലയത്തില്‍ വിളിക്കപ്പെടുന്ന എം ദാമോദരന്‍. താജിന്റെ വരവ് ഒരൊന്നൊന്നര വരവാണ്. വന്നയുടനെ കിടക്കയിലിരുന്ന് കലമ്പല്‍ തുടങ്ങി.

''നീ എന്തോന്നാണ് എഴുതിവെച്ചത്. അതൊന്നുമല്ല കെട്ടോ ആ നാടകത്തിന്റെ അര്‍ഥം. ഇതൊന്നുമല്ല ഭാഷയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...'' ഞാന്‍ വിട്ടില്ല, ''കാണുന്ന ഞാന്‍ എന്റെ വീക്ഷണമല്ലേ എഴുതുക...'' വലിയ കലമ്പലായി. കയ്യാങ്കളിയായില്ലെന്നു മാത്രം. അതും പറഞ്ഞ് താജ് കിടക്കയില്‍ കിടന്നു. പിന്നെ കുറേനേരം ഉറക്കം. ഇത്രയുമല്ലാതെ വിഷയത്തിന്റെ ഉള്ളടക്കം ഓര്‍മയിലില്ല ( നാടകമത്സരത്തില്‍ മണിയപ്പന്‍ ആറന്മുളയുടെ നാടകമാണ് ഒന്നാമതായത്. താജിന്റെ പാവത്താന്‍നാട് രണ്ടാമതും).

അടുത്തദിവസങ്ങളിലും താജിനെ കണ്ടു. മറ്റെവിടെയോ താമസിക്കുന്ന താജ് ഞാന്‍ താമസിക്കുന്ന മുറിയില്‍ കയറിവന്നുകൊണ്ടിരുന്നു. സര്‍ഗാത്മകമായ കലഹമല്ലാതെ ദേഷ്യമോ അകല്‍ച്ചയോ ഒന്നുമില്ലായിരുന്നു. കൂടുതല്‍ അടുപ്പമായെന്നാണ് എനിക്ക് തോന്നിയത്.. ആ സംഭവത്തില്‍പ്പിന്നെയാണ് താജിന്റെ സര്‍ഗജീവിതത്തെ പിന്തുടരാന്‍ ഞാന്‍ ശ്രമിച്ചത്. താജ് എവിടെയാണ് താമസിക്കുന്നതെന്നോ സ്വന്തമായി വീടുണ്ടോ- ഒന്നും അറിയില്ലായിരുന്നു.. ഇടയ്ക്ക് എപ്പോഴെങ്കിലും ദേശാഭിമാനി ഓഫീസിനു താഴെവന്ന് കോയാമുഹമ്മദിനെ വിളിക്കും. അതല്ലെങ്കില്‍ അബ്ദുറഹ്മാനെ. ഡി വൈ എഫ് ഐ മുഖപത്രത്തിന്റെ എഡിറ്ററായിരുന്നതിനാല്‍ താഴെ പ്രസ്സിലുള്ളവര്‍ക്ക് താജ് അടുത്ത പരിചയക്കാരനായിരുന്നു.

ജേതാക്കളെ പ്രശംസിക്കാതെ പ്രശംസാസമ്മേളനം- ആളുകള്‍ പക്ഷേ അമ്പരക്കുകയല്ല, പുതിയ കാഴ്ചയിലേക്കുണരുകയായിരുന്നു. പുറത്ത് പരാജയപ്പെട്ട ഒരെഴുത്തുകാരന്‍, അയാളുടെ പേര് താജ് എന്നാണെങ്കിലും അയാള്‍ ഈ കാലഘട്ടത്തിലെ ചങ്ങമ്പുഴയാണ്, കവിവര്‍ഗത്തിന്റെ ഒരടയാളമാണ് താജ്. ചങ്ങമ്പുഴയും താജും രണ്ടല്ല എന്നാണ്. പരാജയപ്രസ്ഥാനത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ച് ഒന്നൊന്നര മണിക്കൂര്‍ കത്തിക്കയറിയശേഷം ഔപചാരികതയുടെ പേരില്‍ ഞാന്‍ ജേതാക്കളെയും അനുമോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് തോറ്റവരുടെ ഭാഗത്തേക്ക് വിജയൻ മാഷ് ഇറങ്ങിപ്പോയത്.

അങ്ങനെയിരിക്കെയാണ് 1989 അവസാനം കോഴിക്കോട് ടൗണ്‍ഹാളില്‍ സാഹിത്യ അക്കാദമിയുടെയോ അതല്ലെങ്കില്‍ അക്കാദമി പുരസ്‌കാരം ലഭിച്ചവർക്കുള്ള സ്വീകരണമോ എന്തോ ആയി ഒരു പരിപാടി നടക്കുന്നത്. ഏതായാലും പുരസ്‌കാരിതരെ അഭിനന്ദിക്കലാണ് വിഷയം. ഉദ്ഘാടനം എം എന്‍ വിജയന്‍മാഷാണ്. അതിനാല്‍ ടൗണ്‍ഹാളും പരിസരവും നിറഞ്ഞുകവിഞ്ഞ സദസ്സുണ്ട്. നേരത്തെ എത്തിയതിനാല്‍ സീറ്റുകിട്ടിയ ഒരാളാണ് ഞാന്‍. താജ് പുറത്ത് ടൗണ്‍ഹാള്‍ മുറ്റത്ത് തനിച്ച് തെക്കുവടക്കുനടക്കുന്നുണ്ട്. താജിന്റെ മുന്നില്‍ പെടാതെ ഹാളില്‍ കയറിയിരുന്നു. വിജയന്‍മാഷ് വരുമ്പോള്‍ അതാ താജ് മുമ്പില്‍വന്നുനിന്ന് എന്തൊക്കയോ പറയുന്നു. മാഷ് ചിരിക്കുകമാത്രം ചെയ്യുന്നു. സദസ്സില്‍ ചെറിയ ആശങ്ക പരന്നു, മാസ്റ്റര്‍ക്ക് മുഷിഞ്ഞുകാണുമോ...

വിജയന്‍മാഷുടെ അന്നത്തെ പ്രസംഗം ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹത്തരമായ വാഗ്‌ധോരണി. ഇവിടെ ജേതാക്കളെ അനുമോദിക്കാനും ആദരിക്കാനുമാണ് നാം കൂടിയിരിക്കുന്നത്. പക്ഷേ പിന്‍ബെഞ്ചിലിരിക്കുന്ന പരാജിതരാണ് ചരിത്രം സൃഷ്ടിക്കുന്നത് എന്ന മട്ടിലാണ് വിജയന്‍മാഷ് ആരംഭിച്ചത്. ജേതാക്കളെ പ്രശംസിക്കാതെ പ്രശംസാസമ്മേളനം- ആളുകള്‍ പക്ഷേ അമ്പരക്കുകയല്ല, പുതിയ കാഴ്ചയിലേക്ക് ഉണരുകയായിരുന്നു. പുറത്ത് പരാജയപ്പെട്ട ഒരെഴുത്തുകാരന്‍, അയാളുടെ പേര് താജ് എന്നാണെങ്കിലും അയാള്‍ ഈ കാലഘട്ടത്തിലെ ചങ്ങമ്പുഴയാണ്, കവിവര്‍ഗത്തിന്റെ ഒരടയാളമാണ് താജ്.. ചങ്ങമ്പുഴയും താജും രണ്ടല്ല എന്നാണ്... പരാജയപ്രസ്ഥാനത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ച് ഒന്നൊന്നര മണിക്കൂര്‍ കത്തിക്കയറിയശേഷം ഔപചാരികതയുടെ പേരില്‍ ഞാന്‍ ജേതാക്കളെയും അനുമോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് തോറ്റവരുടെ ഭാഗത്തേക്ക് മാഷ് ഇറങ്ങിപ്പോയത്.

പിഎം താജ്, ചങ്ങമ്പുഴ

പ്രസംഗം കേട്ട് ലഹരിപിടിച്ചതുപോലെ ടൗണ്‍ഹാളില്‍നിന്നിറങ്ങി റെയില്‍ മുറിച്ചുകടന്ന് മാതൃഭൂമി എം എം പ്രസ്സിന്റെ ഇപ്പുറത്തുള്ള ഊടുവഴിയിലൂടെ നടന്ന് ദേശാഭിമാനിയിലെത്തി. പ്രസംഗം മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കിയിരിക്കുന്നു. ഡെസ്‌കിലുള്ള കോയമുഹമ്മദ് ചോദിച്ചു, എന്താ ഇടവെട്ടേറ്റ പോലെ ഇരിക്കുന്നത്? ഓഫീസിലെ ഏറ്റവും വാചാലനായ എന്റെ മൗനത്തില്‍ എന്തോ പന്തികേടുതോന്നിയിട്ടെന്നോണമാണ് ചോദ്യം. താജിനെക്കുറിച്ച് വിജയന്‍മാഷുടെ പ്രസംഗം കേട്ട് തരിച്ചുപോയതാണെന്ന് മറുപടി. താജിനെക്കുറിച്ചായതിനാല്‍ കോയമുഹമ്മദിന് അതിന്റെ ഉള്ളടക്കം അറിഞ്ഞേ തീരൂ. ചങ്ങമ്പുഴയ്ക്കും താജിനും അഭേദം കല്പിച്ചുള്ള പ്രസംഗം. കോയക്ക ഉടനെ നിര്‍ബന്ധിച്ചു, "ആ പ്രസംഗം എഴുതിത്താ..'' ലേഖകന്മാരാരും കവര്‍ ചെയ്യാന്‍ പോയിരുന്നില്ല. ശ്രോതാവ് മാത്രമായി പോയ ഞാന്‍ ഒന്നും കുറിച്ചെടുത്തിട്ടില്ല... അങ്ങനെയൊരു പതിവുമില്ല. പ്രസംഗം കേട്ടാസ്വദിക്കാനുള്ളതാണ്, എഴുതിയെടുക്കാന്‍ തുടങ്ങിയാല്‍ അതിന്റെ സൗന്ദര്യം മനസ്സിലെത്തില്ലെന്നതാണ് വിശ്വാസം.

കോയക്കയുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രസംഗം എഴുതി... 'താജ് കവിവര്‍ഗത്തിന്റെ അടയാളം: എം.എന്‍.വിജയന്‍' എന്ന തലക്കെട്ടില്‍ നാലുകോളത്തില്‍ ഒരു കോളത്തിലധികം നീണ്ട പ്രസംഗറിപ്പോര്‍ട്ട്. ഓര്‍മയില്‍നിന്ന് ഡികോഡ് ചെയ്‌തെടുക്കുയായിരുന്നു. അതൊരു പരീക്ഷണവിജയമായിരുന്നു. പിന്നീടിങ്ങോട്ട് വിജയന്‍മാഷുടെയും അഴീക്കോടിന്റെയും ഇ എം എസ്സിന്റെയും നായനാരുടെയും എത്രയെത്രയോ പേരുടെ എത്രയെത്രയോ പ്രസംഗങ്ങള്‍ കുറിപ്പെടുക്കാതെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസംഗിക്കുമ്പോള്‍ മുമ്പിലിരുന്ന് കേള്‍ക്കുകയല്ലാതെ എഴുതിയെടുക്കാത്തതില്‍ ചിലര്‍ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ പിറ്റേന്ന് ആ നീരസം ഒഴിഞ്ഞുപോയിട്ടുമുണ്ട്.

കോഴിക്കോട് ടൗണ്‍ഹാളിലെ പരിപാടി കഴിഞ്ഞ് കുറച്ചുനാള്‍ കൂടിയേ താജ് ജീവിച്ചിരുന്നുള്ളൂ. പിന്നീട് ഏതാനും ആഴ്ചകഴിഞ്ഞ് കോഴിക്കോട്ട് താജിന് അനുസ്മരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ വിജയന്‍മാഷ് തന്നെയാണ് അനുസ്മരണപ്രഭാഷണം നടത്തിയത്. താജിനെ ഞാന്‍ രണ്ടുതവണയേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ മരണത്തിന് ഏതാനും ദിവസം മുമ്പാണ് രണ്ടാമതായി കണ്ടത്. അന്ന് താജ് പരുഷമായിത്തന്നെ ചോദിച്ചു, മാഷേ നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ പലതവണ ചങ്ങമ്പുഴയെക്കുറിച്ച് പറയുന്നതുകേട്ടിട്ടുണ്ട്. എന്താണ് ഇത് നിങ്ങള്‍ കൂടെക്കൂടെ പറയുന്നത്... എന്ന ആമുഖത്തോടെയാണ് മാഷ് പ്രസംഗം തുടങ്ങിയത്. (മുകളില്‍ പരാമര്‍ശിച്ച കോഴിക്കോട് ടൗണ്‍ഹാള്‍ പ്രസംഗത്തിന് മുമ്പ് ടൗണ്‍ഹാള്‍ മുറ്റത്തുവെച്ച് നടന്ന സംഭവമാണ് വിജയന്‍ മാഷ്‍ അനുസ്മരണപ്രസംഗത്തില്‍ ആമുഖമായി പറഞ്ഞത്... താജിന്റെ ചോദ്യത്തിന് മറുപടിയായി താന്‍ ചിരിക്കുമാത്രമാണ് ചെയ്തതെന്നും...)

നാടകാചാര്യനായ കെ ടി മുഹമ്മദ് തന്റെ സഹോദരീപുത്രനായ താജിനെക്കുറിച്ച് പറഞ്ഞത്, കെ ടി മുഹമ്മദ് കെയറോഫ് പി എം താജ് എന്നായിരിക്കും ഭാവിയില്‍ എന്നാണ്. തന്റെ നാടകങ്ങളുടെ റിഹേഴ്‌സല്‍ കാണാനെത്തുമായിരുന്ന കുഞ്ഞുതാജിനെ തനിക്കോര്‍മയുണ്ടെന്നും ഭാവിയില്‍ ഈ കുട്ടിയൊരു നാടകകാരനാകുമെന്ന് തനിക്കറിയാമായിരുന്നെന്നുമാണ് കെ ടി കണ്ണീരോടെ പറഞ്ഞത്

വിജയന്‍ മാഷ് തുടര്‍ന്നു,'' ചങ്ങമ്പുഴയുടെ പേരും താജ് എന്ന് തന്നെയായിരുന്നു. താജിന്റെ പേരും ചങ്ങമ്പുഴ എന്നുതന്നെയായിരുന്നു. താജ് നമ്മുടെ കവിവര്‍ഗത്തിന്റെ ഒരടയാളമായി നമ്മുടെ ജീവിതമാകുന്ന രോഗത്തിന്റെ ഒരു ലക്ഷണസമുച്ചയമായി ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന എഴുത്തുകാരില്‍ ഒരാളായിരുന്നു. അയാളെ പലപേര് പറഞ്ഞ് വിളിക്കാം. അയാള്‍ നമ്മുടെ ജീവിതത്തിന്റെ വ്യാകരണപ്പിശകുകളെ, നമ്മുടെ വ്യവസ്ഥയുടെ അവ്യവസ്ഥിതത്വത്തെ, നമ്മുടെ മാന്യതകളിലെ അമാന്യതകളെ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്ന, വീണ്ടും വീണ്ടും ജനിക്കുന്ന ഒരു പ്രതിഭാസമാണ്...ഇങ്ങനെ ഉത്ഭവിച്ച് പ്രവഹിച്ച് ഇങ്ങനെ... സത്യത്തിന്റെ ക്രൂരമായ മുഖത്തേക്ക് നോക്കുകയും നോക്കി അമ്പരക്കുകയും ഇങ്ങനെ നോക്കിക്കൊണ്ടിരിക്കാന്‍ ഒരുപക്ഷേ മദ്യം കഴിച്ചവന് മാത്രമേ സാധിക്കൂയെന്ന എങ്ങനെയോ തോന്നിപ്പോവുകയും ചെയ്തതുകൊണ്ടാവാം അദ്ദേഹം മദ്യത്തില്‍ എത്തിച്ചേര്‍ന്നത്. ഇത് നമ്മുടെ പ്രശ്‌നമല്ല. കാരണം നമ്മുടെ നാട്ടില്‍ മദ്യപന്മാര്‍ ഏറെയുണ്ടെങ്കിലും താജ് ഒന്നേയുള്ളൂ. താജ് ഒന്നേയുള്ളൂ എന്ന് നാം താജ്മഹലിനെപ്പറ്റി പറയാറുണ്ടല്ലോ. ഭാഷയിലെ താജ് എന്ന് പറയുന്നത് ആവര്‍ത്തനമാകും. താജ് എന്ന പ്രതിഭാസം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണെന്നും വൈകിയേ മനസ്സിലാവൂ എന്നുള്ളതാണ് അദ്ദേഹത്തിന്റെ കവിത്വത്തിന്റെ ക്രാന്തദര്‍ശിത്വത്തിന്റെ അടയാളം. നമുക്ക് മനസ്സിലാവുന്ന കാര്യങ്ങളേ താജ് പറഞ്ഞിരുന്നുള്ളുവെങ്കില്‍ അദ്ദേഹത്തിന് പറയാന്‍ ഒന്നുമില്ലെന്നതായിരിക്കും അതിന്റെയര്‍ഥം. അപ്പോള്‍ നാം ഉത്തരമില്ലാത്ത ഒരു കെട്ടുപാടില്‍ വന്നുനില്‍ക്കും. താജിനെ കൊല്ലാന്‍ കഴിഞ്ഞു എന്നതുകൊണ്ട് നമുക്കിനി പ്രായശ്ചിത്തമായി ചെയ്യാന്‍ കഴിയുന്നത്, ആ പാപം തിന്നുതീര്‍ക്കുക മാത്രമാണ്....''എന്ന് നിലയ്ക്കുകയായിരുന്നു താജനുസ്മരണഭാഷണം.

ഈ പ്രസംഗത്തിലൂടെകൂടി കുറേക്കാലം മനസ്സില്‍ നൊമ്പരമായി ജിവിച്ചു.. 34 വയസ്സുവരെ മാത്രം ജീവിച്ച താജ് പത്തോ പതിനഞ്ചോ വര്‍ഷംകൊണ്ട് മലയാളനാടകവേദിയില്‍ സൃഷ്ടിച്ച പരിവര്‍ത്തനം അദ്ഭുതകരമെന്നേ വിശേഷിപ്പിക്കാനാവൂ. നാടകാചാര്യനായ കെ ടി മുഹമ്മദ് തന്റെ സഹോദരീപുത്രനായ താജിനെക്കുറിച്ച് പറഞ്ഞത്, കെ ടി മുഹമ്മദ് കെയറോഫ് പി എം താജ് എന്നായിരിക്കും ഭാവിയില്‍ എന്നാണ്. തന്റെ നാടകങ്ങളുടെ റിഹേഴ്‌സല്‍ കാണാനെത്തുമായിരുന്ന കുഞ്ഞുതാജിനെ തനിക്കോര്‍മയുണ്ടെന്നും ഭാവിയില്‍ ഈ കുട്ടിയൊരു നാടകകാരനാകുമെന്ന് തനിക്കറിയാമായിരുന്നെന്നുമാണ് കെ ടി കണ്ണീരോടെ പറഞ്ഞത്. ഇത് ഭൂമിയാണ്, സൃഷ്ടി തുടങ്ങിയ കെ ടിയുടെ നാടകങ്ങളുടെ റിഹേഴ്‌സല്‍ കണ്ടുപഠിച്ച്, പിന്നീട് അതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് താജ് നാടകത്തിലേക്ക് വന്നത്. പെരുമ്പറയും കനലാട്ടവും പാവത്താന്‍നാടും കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തവുമടക്കമുള്ള നാടകങ്ങള്‍.. അടിയന്തരാവസ്ഥാനന്തരകാലംമുതല്‍ ഒരു ദശകത്തിലേറെ കേരളത്തിലെ രംഗവേദിയില്‍ പരീക്ഷണനാടകങ്ങളിലൂടെ നിറഞ്ഞുനിന്ന താജിനെ അക്കാലത്തെ പ്രമുഖ നിരൂപകര്‍ കണ്ടില്ലെന്നു നടിച്ചു. സി എന്‍ ശ്രീകണ്ഠന്‍നായരില്‍നിന്ന് കാവാലത്തിലേക്ക് ഒരു നൂല്‍പ്പാലം കെട്ടി അതില്‍ തലങ്ങുംവിലങ്ങും സഞ്ചരിച്ചുകൊണ്ടിരുന്നവര്‍ താഴേക്കുനോക്കിയില്ല, താജിനെ കണ്ടില്ല (താജ് ആകാശമല്ല, പാതാളമാണ് കണ്ടതെന്ന് വിജയന്‍മാസ്റ്റര്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്, പ്രഭാഷണത്തില്‍. പാതാളത്തിന്റെ പ്രാധാന്യമെന്തെന്നും) കനലാട്ടം മുതലുള്ള നാടകങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് താജ് മലയാളനാടകരംഗത്ത് പുതിയൊരു പ്രസ്ഥാനം സൃഷ്ടിക്കുകയാണെന്ന് വ്യക്തമാക്കിയത് ഡോ.ടി പി സുകുമാരനാണ്. സാഹിത്യത്തില്‍ പ്രസ്ഥാന സ്രഷ്ടാക്കളാണ് മഹാകവികള്‍ എന്ന കേസരിയുടെ അഭിപ്രായം അടിസ്ഥാനമാക്കുമ്പോള്‍ താജ് മഹാകവിയാണ്. നാടകമഹാകവി. നാടകാന്തം കവിത്വം എന്നാണല്ലോ...

താജിനെ അനുസ്മരിച്ച് സംസ്‌കാരകേരളം മാസികയില്‍( കേരള സാംസ്‌കാരികവകുപ്പിന്റെ പ്രസിദ്ധീകരണമായിരുന്നു) ലേഖനമെഴുതാന്‍ അന്നത്തെ എഡിറ്റര്‍ പ്രഭാകരന്‍ പഴശ്ശി എന്നോടാണ് ആവശ്യപ്പെട്ടത്. പെരുമ്പറ, കനലാട്ടം, തലസ്ഥാനത്തുനിന്ന് ഒരു വാര്‍ത്തയുമില്ല, കുടുക്ക തുടങ്ങിയ നാടകങ്ങള്‍ പരമാര്‍ശിച്ചാണ് അനുസ്മരണലേഖനം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയത്. താജിനെയും ചങ്ങമ്പുഴയെയും ഒന്നായി കല്പിച്ച്, അഥവാ ഒരു പ്രതിഭാസത്തിന്റെ വ്യത്യസ്ത കാലങ്ങളിലെ പ്രതീകമായി എം എന്‍ വിജയന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കവിവര്‍ഗത്തിന്റെ അടയാളം എന്നാണല്ലോ സൂചിപ്പിച്ചത്. താജും കവിയായിരുന്നു. സ്വതന്ത്ര കവിതകള്‍തന്നെ ധാരeളമുണ്ട്. എന്നാല്‍ അതിലെല്ലാം മേലെയായി നാടകത്തിലെ കവിത്വം. കുടുക്കയില്‍ ദൈവം കുഞ്ഞിരാമന് നല്‍കിയ കുടുക്കയെ വാഴ്ത്തുന്നത് ഇങ്ങനെയാണല്ലോ--

മണ്ണിന്‍ കുടുക്കേ

കണ്ണിന്‍ മണിയേ

കാലന്‍ കനിഞ്ഞ

കന്നിക്കുടുക്കേ

താനേ വിരിഞ്ഞേ

പൂതിയടക്കാന്‍

ചെമ്മേ ചൊരിഞ്ഞേ

പൊന്നിന്‍ കിനാക്കള്‍' എന്ന്..

താജിന്റെ നാടകങ്ങളിലെ സംഭാഷണങ്ങള്‍ തനതുനിലയില്‍ ത്തന്നെ കവിതകളാണ് മിക്കപ്പോഴും. നാടകത്തിന്റെ മഹാകവി...

34-ാം വയസ്സില്‍ മരിച്ചെങ്കിലും ശേഷമുള്ള 34 വര്‍ഷവും കൂടുതല്‍ തിളക്കത്തോടെ താജ് ജീവിച്ചു, ജീവിച്ചിടുന്നൂ മൃതിയില്‍... (1990 ജൂലായ് 29-നാണ് താജ് അന്തരിച്ചത്).

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി