സൈബർ ബുള്ളിയിങ്ങിനെതിരെ സെക്രട്ടേറിറ്റിലേക്ക് മാർച്ചുമായി ക്വീർ വ്യക്തികൾ. കേരളത്തിന്റെ പുരോഗമന ചരിത്രത്തിൽ ക്വീർ പ്രൈഡിന്റെ സംഭാവന വളരെ വലുതാണെന്നാണ് ഞങ്ങൾ കരുതുന്നത്. നമ്മളെ സാമൂഹിക മാധ്യമങ്ങളിൽ പിന്തുണച്ചു എന്നതിന്റെ പേരിൽ മറ്റുള്ളവരെ തേടിപ്പിടിച്ച് അക്രമിക്കുന്ന രീതിയാണ് ആളുകൾ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ സമരത്തിൽ ആളുകൾ കുറവാണ്- ക്വീർ വ്യക്തികൾ പറയുന്നു. ഇതിൽ പങ്കെടുക്കുന്നവർ മുഴുവൻ സൈബർ ആക്രമണത്തിന്റെ ഇരകളാണ്. എല്ലാവരും ചോദിക്കുന്ന കാര്യമാണ് നിങ്ങൾക്ക് കുറച്ചുകൂടി സാമൂഹിക അംഗീകാരം ലഭിച്ചു തുടങ്ങിയില്ലേ? ഇപ്പോൾ സമൂഹം അംഗീകരിച്ചു തുടങ്ങിയില്ലേ എന്ന്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ ശരിക്കും മുൻപോട്ടു തന്നെയാണോ പോയത് എന്ന് ചോദിക്കേണ്ടിവരും.
ട്രാൻസ് വ്യക്തികൾക്ക് ലഭിക്കുന്ന ദൃശ്യത മറ്റ് പാർശ്വവൽകൃത വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ല. ട്രാൻസ് ജൻഡറിനെ അംഗീകരിക്കാൻ സാധിക്കും. എന്നാൽ ലെസ്ബിയൻ, ഗേ വ്യക്തികളെ അംഗീകരിക്കാൻ നമ്മുടെ സംവിധാനത്തിന് സാധിക്കില്ല. നമ്മുടെ സ്ഥാപനങ്ങൾ ആ അവസ്ഥയിലേക്കെത്തിയിട്ടില്ല. ക്വീർ വ്യക്തികളെ സംരക്ഷിക്കാൻ പുതിയ നിയമങ്ങൾ നിർമ്മിക്കപ്പെടേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഒരു പരിഹാരമുണ്ടാവുകയുള്ളു.
മൈനർ ആയ കുട്ടികളെ ഉപയോഗിച്ചാണ് പലപ്പോഴും ആളുകൾ ക്വീർ വ്യക്തികൾക്കെതിരെ അധിക്ഷേപങ്ങൾ നടത്തുന്നത്. ഇത്തവണ മലപ്പുറത്ത് വച്ച് നടന്ന ക്വീർ പ്രൈഡ് മാർച്ചിന് ശേഷം അത്തരം കേസുകൾ ഉണ്ടായതായും, മൈനറായതുകൊണ്ട് ആളുടെ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കാത്ത അവസ്ഥയുണ്ടെന്നും. ഈ മൈനർ പറഞ്ഞതനുസരിച്ച് അവരെക്കൊണ്ട് മറ്റ് പലരും ഇത് ചെയ്യിക്കുകയാണെന്നാണ് മനസിലാക്കുന്നത്. ഈ പ്രതിഷേധം സർക്കാരിനെതിരല്ല. സർക്കാർ സംവിധാനങ്ങളിലുള്ളവരുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കുക എന്ന ഉദ്ദേശത്തിൽ നടത്തുന്ന സമരമാണെന്നും ക്വീർ വ്യക്തികൾ പറയുന്നു.