1985 ല്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ കേരളാകോണ്‍ഗ്രസിന്റെ ലയന സമ്മേളനവേദി. കെ എം മാണിക്കും പി ജെ ജോസഫിനും ശേഷം വേദിയിലെത്തിയ ആര്‍ ബാലകൃഷ്ണപിള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ആഞ്ഞടിച്ചു. പഞ്ചാബില്‍ നടക്കുന്നത് പോലെയൊക്കെ ഇവിടെയും നടന്നാലെ വികസനം സാധ്യമാകുള്ളോ എന്നായിരുന്നു പിള്ളയുടെ ചോദ്യം.
അടുത്ത ദിവസം മാതൃഭൂമിയുടെ മുന്‍ പേജില്‍ വാര്‍ത്ത അടിച്ചു വന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജി കാര്‍ത്തികേയന്‍ രാജി ആവശ്യം ഉന്നയിച്ചതോടെ വിവാദം കത്തി പടര്‍ന്നു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു പിള്ളയുടെ വാദം. സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മറ്റൊരു പത്രത്തിലും ഈ വാര്‍ത്ത ഇല്ലല്ലോ എന്നതായിരുന്നു പിള്ളയുടെ പ്രധാന പ്രതിരോധം. തുടര്‍ന്ന് സമ്മേളനത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകരെല്ലാവരും ചേര്‍ന്ന് സംയുക്ത പ്രസ്താവന ഇറക്കി. ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കരുതി അത് സത്യമല്ലാതെ ആകുന്നില്ല. വാര്‍ത്ത സത്യമാണ് എന്നായിരുന്നു പ്രസ്താവന. ഇതോടെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടു. കോടതി പരാമര്‍ശങ്ങള്‍ പിള്ളയ്ക്ക് എതിരായി. പിള്ളയ്ക്ക് രാജിവയ്ക്കേണ്ടി വന്നു.സംഭവം ഓർത്തെടുത്തു സണ്ണിക്കുട്ടി എബ്രഹാം
സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മറ്റൊരു പത്രത്തിലും ഈ വാര്‍ത്ത ഇല്ലല്ലോ എന്നതായിരുന്നു പിള്ളയുടെ പ്രധാന പ്രതിരോധം.
സണ്ണിക്കുട്ടി എബ്രഹാമിന്റെ വാക്കുകൾ
"മൂന്ന് ദിവസത്തിന് ശേഷം വീണ്ടും അദ്ദേഹം എറണാകുളത്ത് വന്നു. ഭാരത് ടൂറിസ്റ്റ് ബംഗ്ലാവിനടുത്ത്. മനോരമയിലെ പി എസ് ജോണ്‍ ഒക്കെയുണ്ട്. ജോണേട്ടനുമായി എടോ പോടോ ബന്ധമായിരുന്നു അദ്ദേഹത്തിന്. ജോണേട്ടന്‍ ബാലകൃഷ്ണപിള്ളയോട് ചോദിച്ചു എടോ തനിക്ക് എന്തുപറ്റി? ഒരു ഇലക്വൻസ് (വാചാലത) വന്നുപോയതാണ്' എന്നായിരുന്നു മറുപടി. അന്ന് കൂടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ജോണേട്ടന്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തി. എന്നെ പരിചയപ്പെടുത്തിയപ്പോള്‍ മുഖഭാവമൊക്കെ മാറി. അന്നാണ് ഞങ്ങള്‍ തമ്മില്‍ ആദ്യം കണ്ടത്. പിന്നീട് അഴിമതി നിരോധന കമ്മീഷന് മുന്നില്‍ ഇത് കേസായി വന്നു. ഞാന്‍ കൊടുത്ത മൊഴിയൊക്കെ അദ്ദേഹം കേട്ടിരുന്നു. അതിന് ശേഷം എന്നോട് വന്ന് പറഞ്ഞു, 'ബ്രില്യന്റ്'
ബാലകൃഷ്ണപിള്ള അന്ന് വൈദ്യുതിമന്ത്രി ആയിരുന്നല്ലോ , വയനാട്ടില്‍ അന്ന് ഒരു ജലവൈദ്യുതി പദ്ധതി ആലോചിക്കുന്നുണ്ടായിരുന്നു, അതുവന്നാല്‍ എം പി വീരേന്ദ്രകുമാറിന്റെ കുറെ സ്ഥലം നഷ്ടമാകും. അതുകൊണ്ട് വീരേന്ദ്രകുമാര്‍ എന്നെക്കൊണ്ട് എഴുതിപ്പിച്ചതാണ് എന്നൊരു വാദം അഴിമതിനിരോധന കമ്മീഷന് മുന്നില്‍ അദ്ദേഹം അന്ന് ഉന്നയിച്ചിരുന്നു.
വ്യക്തിപരമായ വിരോധത്തിലേക്ക് വരെ ആ റിപ്പോർട്ട് എത്തിച്ചെന്ന് സണ്ണിക്കുട്ടി ഓർത്തെടുക്കുന്നു
"ബാലകൃഷ്ണപിള്ള അന്ന് വൈദ്യുതിമന്ത്രി ആയിരുന്നല്ലോ , വയനാട്ടില്‍ അന്ന് ഒരു ജലവൈദ്യുതി പദ്ധതി ആലോചിക്കുന്നുണ്ടായിരുന്നു, അതുവന്നാല്‍ എം പി വീരേന്ദ്രകുമാറിന്റെ കുറെ സ്ഥലം നഷ്ടമാകും. അതുകൊണ്ട് വീരേന്ദ്രകുമാര്‍ എന്നെക്കൊണ്ട് എഴുതിപ്പിച്ചതാണ് എന്നൊരു വാദം അഴിമതിനിരോധന കമ്മീഷന് മുന്നില്‍ അദ്ദേഹം അന്ന് ഉന്നയിച്ചിരുന്നു. പിന്നീട് ആത്മകഥ എഴുതിയപ്പോള്‍ പക്ഷെ കെ കരുണാകരന്‍ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണെന്നാണ് പറഞ്ഞത്. പക്ഷെ എനിക്ക് അന്ന് കരുണാകരനുമായി അങ്ങനെ ബന്ധമൊന്നും ഉണ്ടായിരുന്നില്ല."
പിന്നീട് പലപ്പോഴും അദ്ദേഹം പലയിടത്തും സണ്ണിക്കുട്ടി എബ്രഹാമിനെതിരെ പ്രസംഗിക്കുക വരെ ചെയ്തു. പിന്നീട് കുറെ കാലത്തിന് ശേഷം അദ്ദേഹവുമായി നല്ല ബന്ധമായെന്നും സണ്ണിക്കുട്ടി പറയുന്നു