രാജ്യദ്രോഹപരമായും സ്ഥാപനവിരുദ്ധമായും പ്രവർത്തിച്ചെന്നാരോപിച്ച് ദളിത് ഗവേഷക വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ രാമദാസ് കെ എസിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് അധികൃതർ. 16 വിദ്യാർഥി സംഘടനകൾ ഡൽഹി ജന്തർ മന്ദറിൽ നടത്തിയ മാർച്ചിൽ പങ്കെടുത്തു, 'റാം കെ നാം' ഡോക്യുമെന്ററി കാണാൻ ആഹ്വാനം ചെയ്തു എന്നിവയാണ് അച്ചടക്കനടപടിക്ക് കാരണമായി സ്ഥാപനം ചൂണ്ടിക്കാട്ടുന്നത്.
വയനാട് സ്വദേശിയും മൂന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ഥിയുമായ രാമദാസിനെ രണ്ടു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അഞ്ച് വർഷമാണ് പിഎച്ച്ഡി കാലാവധി. തീസിസ് പൂർത്തിയാക്കി സമർപ്പിക്കാൻ ഇനി രണ്ടു വർഷം കൂടിയാണ് രാംദാസിന് മുന്നിലുള്ളത്. ഈ ശിക്ഷാനടപടിയിലൂടെ താൻ പിഎച്ച്ഡി അവസാനിപ്പിച്ചു പോകണമെന്നാണ് അവർ ഉദ്ദേശിക്കുന്നതെന്ന് നടപടിക്ക് വിധേയനായ രാമദാസ് ദ ഫോർത്തിനോട് പറഞ്ഞു.
മാർച്ച് ഏഴിന് സ്ഥാപനത്തിന്റെ ഭാഗത്തുനിന്നു രാമദാസിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. അതിൽ രണ്ട് പ്രധാനപ്പെട്ട ആരോപണങ്ങളാണുണ്ടായത്. ഒന്നാമത്തേത് ജനുവരി 12നു നടന്ന ഡൽഹി മാർച്ചിൽ പങ്കെടുത്ത് സംസാരിച്ചു എന്നതാണ്. എസ്എഫ്ഐയുടെ കേന്ദ്ര കമ്മറ്റി അംഗം കൂടിയായ രാമദാസ് ആ പരിപാടിയിൽ പങ്കെടുത്തത് രാജ്യതാല്പര്യത്തിനും സ്ഥാപന താല്പര്യത്തിനുമെതിരാണെന്നാണ് അധികാരികളുടെ പക്ഷം. രണ്ടാമത്തെ ആരോപണം, 'റാം കെ നാം' എന്ന ദേശീയ പുരസ്കാരം നേടിയ ഡോക്യൂമെന്ററി കാണാൻ ഫേസ്ബുക്ക് വഴി ആഹ്വാനം ചെയ്തു എന്നതാണ്. കാരണം കാണിക്കൽ നോട്ടീസിന് രാമദാസ് ഉടന്‍ മറുപടിയും നൽകി.
സ്ഥാപനത്തിന്റെ ഈ തീരുമാനത്തെ സാധിക്കുന്ന എല്ലാത്തരത്തിലും രാഷ്ട്രീയമായും നേരിടും
"ജന്തർ മന്ദറിലെ ഒരു പ്രതിഷേധ യോഗത്തിൽ പങ്കെടുക്കുന്നതിന് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്ക് അവകാശമുണ്ട്. ആ അർഥത്തിൽ തന്നെയാണ് പങ്കെടുത്തത്," രാമദാസ് ദ ഫോർത്തിനോട് പറഞ്ഞു. ജന്തർ മന്ദറിൽ ഒരു സംഘടനയ്ക്ക് സമരം സംഘടിപ്പിക്കണമെങ്കിൽ ഡൽഹി പോലീസിന്റെ അനുമതി വേണം. അത്തരത്തിൽ അനുമതിയെടുത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് തനിക്കെതിരെ എന്തിനാണ് നടപടിയെടുക്കുന്നതെന്നാണ് രാമദാസ് ചോദിക്കുന്നത്. താൻ ഒറ്റയ്ക്കായിരുന്നില്ല നിയമപരമായി പ്രവർത്തിക്കുന്ന മറ്റ് 16 സംഘടനകളും ആയിരക്കണക്കിന് വിദ്യാർത്ഥികളും ഈ സമരത്തിനൊപ്പമുണ്ടായിരുന്നു. എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ് ആ സമരത്തിൽ ഉയർത്തിയ മുദ്രാവാക്യം. ടിസ്സിന്റെ പേര് ദുരുപയോഗം ചെയ്തുവെന്നതാണ് സ്ഥാപനം ഉയർത്തുന്ന ആരോപണം. എന്നാൽ പാർലമെന്റ് മാർച്ച് എന്ന പേരിൽ നടന്ന പരിപാടിയിൽ ടിസ്സിന്റെ പേര് ഒരിടത്തും ദുരുപയോഗം ചെയ്തിട്ടില്ലെന്ന് രാമദാസ് പറയുന്നു.
നിരവധി തവണ ഡോക്യൂമെന്ററി പ്രദർശിപ്പിക്കപ്പെട്ട ക്യാംപസിലെ അധികാരികളാണ് ഇപ്പോൾ അതേ ഡോക്യുമെന്ററി കാണാൻ ഫേസ്ബുക് വഴി ആഹ്വാനം ചെയ്തെന്ന പേരിൽ തനിക്കെതിരെ നടപടിയെടുക്കുന്നത്
സ്ഥാപനത്തിന്റെ പേര് മോശമാക്കി
ടിസ്സിലെ പ്രോഗ്രസീവ് സ്റ്റുഡന്റസ് ഫോറം (പിഎസ്എഫ് ടിസ്സ്) എന്ന സംഘടന ഉൾപ്പെടെ ഈ സമരത്തിൽ പങ്കെടുത്തിരുന്നു. സ്ഥാപനം ചോദിക്കുന്നതു നിങ്ങൾക്ക് ഒരു വിദ്യാർത്ഥി സംഘടനയിൽ അംഗത്വമെടുക്കാൻ സാധിക്കുന്നത് ടിസ്സിലെ വിദ്യാർത്ഥിയായതുകൊണ്ടല്ലേയെന്നും ആ രീതിയിൽ സ്ഥാപനത്തിന്റെ പേര് മോശമാക്കുകയല്ലേ എന്നുമാണ്. അതേസമയം ഇതൊരു ക്രിമിനൽ കുറ്റമാണോയെന്നാണ് രാമദാസ് ചോദിക്കുന്നത്.
രണ്ടാമത്തെ കാര്യം 'റാം കെ നാം' ഡോക്യുമെന്ററി കാണാൻ ആഹ്വാനം ചെയ്തു എന്നതാണ്. അത് പൊതുമധ്യത്തിലുള്ള, ദേശീയപുരസ്കാരം നേടിയ ഡോക്യുമെന്ററിയാണ്. അതൊരു മനോഹാരമായ കലാസൃഷ്ടിയായി കാണുന്നതിനാൽ അത് കാണാൻ ആഹ്വാനം ചെയ്യുന്നു. അത് എങ്ങനെയാണ് രാജ്യവിരുദ്ധമോ, സ്ഥാപനവിരുദ്ധമോ ആകുന്നതെന്നും രാമദാസ് ചോദിക്കുന്നു. വ്യക്തിയെന്ന നിലയിൽ പങ്കുവെക്കുന്ന അഭിപ്രായങ്ങൾ എങ്ങനെയാണു കുറ്റകരമാകുന്നത്? ഏതെങ്കിലും സ്ഥാപനത്തെ പ്രതിനിധീകരിച്ചോ, പ്രതിനീധീകരിക്കുന്നതായി അവകാശപ്പെട്ടുകൊണ്ടോ അല്ല ഈ പരിപാടിയിൽ പങ്കെടുത്തതെന്നും രാമദാസ് പറയുന്നു.
ടിസ്സിലെ വിദ്യാർത്ഥി പറയുന്ന അഭിപ്രായം ടിസ്സിന്റേതായി വ്യഖ്യാനിക്കുമെന്ന വിചിത്ര വാദമാണ് സ്ഥാപനം ഉയർത്തുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുന്നത് നിങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഭാഗമാണെന്നുമായിരുന്നു സ്ഥാപനത്തിന്റെ ആരോപണം.
'റാം കെ നാം' മുമ്പ് ടിസ്സ് ക്യാംപസിൽ പ്രദര്ശിപ്പിച്ചിട്ടുണ്ടെന്നും ഒരിക്കൽ താൻ തന്നെ ക്യാംപസിൽ വച്ച് ഡോക്യുമെന്ററി കണ്ടിരുന്നുവെന്നും രാമദാസ് പറയുന്നു. നിരവധി തവണ ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ട ക്യാംപസിലെ അധികാരികളാണ് ഇപ്പോൾ അതേ ഡോക്യുമെന്ററി കാണാൻ ഫേസ്ബുക്ക് വഴി ആഹ്വാനം ചെയ്തെന്ന പേരിൽ തനിക്കെതിരെ നടപടിയെടുക്കുന്നതെന്നും രാമദാസ് പറയുന്നു.
'അവരുടെ ഉദ്ദേശം എന്റെ പിഎച്ച്ഡി ഇല്ലാതാക്കൽ'
പിഎച്ച്ഡി തീസിസ് സമർപ്പിക്കുന്നതിനുള്ള കാലാവധിയിൽ രണ്ടു വർഷം കൂടിയാണ് രാമദാസിന് ബാക്കിയുള്ളത്. തന്റെ പിഎച്ച്ഡി ഇല്ലാതാക്കുകയാണ് രണ്ടുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയെന്നതുകൊണ്ട് അവരുദ്ദേശിക്കുന്നതെന്ന് രാമദാസ് പറയുന്നു.
ഇപ്പോൾ ലഭിക്കുന്ന സ്‌കോളർഷിപ്പ് ഇല്ലാതാക്കുക കൂടിയാണ് ഈ നടപടിയുടെ ഉദ്ദേശമെന്നും രാമദാസിന് ആക്ഷേപമുണ്ട്. നാഷണൽ സ്‌കോളർഷിപ്പ് ഫോർ ഷെഡ്യുൾഡ് കാസ്റ്റ് (എൻ എസ് എഫ് എസ് സി ) ലഭിക്കുന്ന ഗവേഷകനാണ് രാമദാസ്. താൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഗവേഷണം അവസാനിപ്പിക്കുക എന്നതുമാത്രമല്ല തന്റെ വിദ്യാഭ്യാസച്ചെലവ് വഹിക്കുന്ന സ്‌കോളർഷിപ്പുകൂടി ഇല്ലാതാക്കുകയാണെന്നും രാമദാസ് പറയുന്നു.
സംഘ്പരിവാറിനെതിരെ പറയുന്നത് മാത്രം എങ്ങനെ സ്ഥാപനവിരുദ്ധമാകുന്നു?
ഈ നടപടിക്കെതിരെ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടികളും വ്യക്തിയെന്ന നിലയിലും എസ്എഫ്ഐ കേന്ദ്രകമ്മറ്റി അംഗം എന്ന രീതിയിലും സ്വീകരിക്കുമെന്നും സ്ഥാപനത്തിന്റെ ഈ തീരുമാനത്തെ സാധിക്കുന്ന എല്ലാത്തരത്തിലും രാഷ്ട്രീയമായും നേരിടുമെന്നും രാമദാസ് പറയുന്നു. അവർ പറഞ്ഞതുകൊണ്ട് രാഷ്ട്രീയാഭിപ്രായം നമുക്ക് വേണ്ടെന്ന് വെക്കാൻ സാധിക്കില്ലല്ലോയെന്ന് രാമദാസ് പറഞ്ഞു.
ബിജെപിക്കെതിരെ വിദ്യാർഥികൾ അഭിപ്രായം പറയുമ്പോൾ മാത്രം സ്ഥാപനത്തിനെതിരാവുകയും ആർഎസ്എസ് അനുകൂല നിലപാടുകൾ പറയുന്ന വിദ്യാർഥികൾ സ്ഥാപനത്തിന് പ്രശ്നമാകാതിരിക്കുന്നതും ഒരു പ്രശ്നമാണല്ലോ. കഴിയാവുന്ന എല്ലാ തരത്തിലും ഞങ്ങൾ അതിനെ നേരിടും. രാമദാസ് ഉറപ്പിച്ച് പറയുന്നു.
നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഒരു മികച്ച അക്കാദമിക്കിനെ: പിഎസ്എഫ്
അരികുവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളുടെ ഭാവിപോലുമില്ലാതാക്കി സ്ഥാപനം ബിജെപി ഭരണകൂടത്തെ പിന്തുണയ്ക്കുകയാണെന്ന് ടിസ്സിലെ വിദ്യാർഥി കൂട്ടായ്മയായ പ്രോഗ്രസിവ് സ്റ്റുഡന്റസ് ഫോറം ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞവർഷം സ്ഥാപനത്തിന്റെ നടത്തിപ്പ് പൂർണമായും കേന്ദ്ര സർക്കാർ ഏറ്റെടുത്തതോടെ എതിർപ്പുയർത്തുന്ന വിദ്യാർത്ഥികളെ ഏതുവിധേനയും അടിച്ചമർത്തുകയെന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്നും പിഎസ്എഫ് പത്രക്കുറിപ്പിൽ വിമർശിക്കുന്നു.
ബിജെപിയെ വിമർശിക്കുന്ന വിദ്യാർഥി സംഘടനകളെ അടിച്ചമർത്തുന്നത് അധികാരികളുടെ പ്രവർത്തനങ്ങളിൽ വളരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്നും പിഎസ്എഫ് വിമർശിക്കുന്നു. മികച്ച വിദ്യാർഥി നേതാവ് എന്നതിനപ്പുറം ഒരു മികച്ച അക്കാദമിക്കിനെയാണ് സ്ഥാപന അധികാരികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും വിമർശിച്ച പിഎസ്എഫ്, എൻ എസ് എഫ് എസ് സി സ്‌കോളർഷിപ്പ് ഉൾപ്പെടെ രാമദാസ് കൈവരിച്ച നേട്ടങ്ങളും എണ്ണിപ്പറയുന്നു.