"പ്രീമിയർ ടയേഴ്‌സ് 1975 ൽ എറണാകുളത്ത് സംഘടിപ്പിച്ച ഒരു സംഗീത പരിപാടിയിൽ ഞാൻ പാടുന്നത് കേട്ടാണ് മധു സാർ എന്നെ അദ്ദേഹത്തിന്റെ കാമം ക്രോധം മോഹം എന്ന സിനിമയിൽ പാടാൻ വിളിച്ചത്," സുജാതയുടെ ഓർമ്മ. "അന്ന് സ്‌കൂളിൽ പഠിക്കുകയാണ് ഞാൻ. അമ്മയുടെ അച്ഛൻ പറവൂർ ടി കെ നാരായണപിള്ളയുമായി അടുപ്പമുണ്ടായിരുന്നു മധു സാറിന്. ടി കെയുടെ പേരക്കുട്ടി ആണെന്നറിഞ്ഞപ്പോൾ സ്വാഭാവികമായും അദ്ദേഹത്തിന് താല്പര്യം തോന്നിയിരിക്കാം. മധു സാറിന്റെ നിർദ്ദേശപ്രകാരം സംഗീത സംവിധായകൻ ശ്യാം സാർ എന്നെ വിളിച്ച് സ്വപ്നം കാണും പെണ്ണേ എന്ന ഗാനം പാടിക്കുന്നു."
തൊട്ടു മുൻപ് സുജാതയുടെ "കണ്ണെഴുതി പൊട്ടുതൊട്ട്" എന്ന ഗാനവുമായി "ടൂറിസ്റ്റ് ബംഗ്ളാവ്" പുറത്തിറങ്ങിയിരുന്നെങ്കിലും ഗായികയെന്ന നിലയിൽ ബ്രേക്ക് നൽകിയത് സ്വപ്നം കാണും പെണ്ണേ (രചന: ഭരണിക്കാവ് ശിവകുമാർ) തന്നെ. യേശുദാസിനൊപ്പം പാടിയ ആ ഗാനം എളുപ്പം ശ്രദ്ധിക്കപ്പെട്ടു. അതേ സിനിമയിൽ അമ്പിളി, ബിച്ചു തിരുമല എന്നിവർക്കൊപ്പം രാജാധിരാജന്റെ വളർത്തുതത്ത എന്നൊരു സംഘഗാനത്തിൽ കൂടി പങ്കാളിയായി സുജാത.
കുമ്മാട്ടി, അട്ടഹാസം എന്നീ ചിത്രങ്ങളിലൂടെ എം ജി രാധാകൃഷ്ണനാണ് ചിത്രയെ മലയാളസിനിമ ഗാനരംഗത്തേക്ക് അവതരിപ്പിച്ചതെങ്കിലും മലയാളികൾ ശ്രദ്ധിച്ചുതുടങ്ങിയത് 'ഞാൻ ഏകനാണ്' എന്ന ചിത്രത്തോടെയാണ്
കുമ്മാട്ടി, അട്ടഹാസം തുടങ്ങിയ ചിത്രങ്ങളിലൂടെ എം ജി രാധാകൃഷ്ണനാണ് സിനിമയിൽ അവതരിപ്പിച്ചതെങ്കിലും ചിത്രയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് "ഞാൻ ഏകനാണ്" എന്ന ചിത്രത്തോടെയാണ്. പുതിയ ഗായികക്ക് അവസരം കൊടുക്കാനുള്ള താല്പര്യം രാധാകൃഷ്ണൻ പങ്കുവച്ചപ്പോൾ പാട്ടു കേട്ടിട്ട് പറയാം എന്നായിരുന്നു പടത്തിന്റെ നിർമ്മാതാവ് മധുവിന്റെ മറുപടി. "റെക്കോർഡിംഗിന് ചെന്നപ്പോൾ എന്റെ ചിരകാല സുഹൃത്തുക്കളിൽ ഒരാളായ കരമന കൃഷ്ണൻ നായർ നിൽക്കുന്നു അവിടെ," മധുവിന്റെ ഓർമ്മ. "എന്താ ഇവിടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നു മകളുടെ കൂടെ വന്നതാണ് എന്ന്. കൃഷ്ണൻ നായരുടെ മകൾ പാടുമെന്ന് അറിയില്ലായിരുന്നു. പ്രണയവസന്തം തളിരണിയുമ്പോൾ എന്ന പാട്ട് അസ്സലായി പാടി ചിത്ര. തുടർന്ന് അതേ സിനിമയിൽ ഒരു സോളോ കൂടി ചിത്രക്ക് നൽകി ഞങ്ങൾ: രജനീ പറയൂ. രണ്ടു പാട്ടും ഹിറ്റായിരുന്നു." പിന്നണിഗായിക എന്ന നിലയിൽ ചിത്രയുടെ ഐതിഹാസിക വളർച്ചക്ക് തുടക്കമിട്ടത് ആ രണ്ടു പാട്ടുകളാണെന്നത് ഇന്ന് ചരിത്രം.
സംഗീത സംവിധായകൻ ശ്യാമിനെ മലയാളത്തിൽ അവതരിപ്പിച്ചതും മധു തന്നെ. നടി ഷീലയുടെ ശുപാർശയിലാണ് താൻ നിർമ്മിച്ചു സംവിധാനം ചെയ്‌ത "മാന്യശ്രീ വിശ്വാമിത്ര"നിൽ സ്വതന്ത്ര സംഗീത സംവിധായകനായി ശ്യാമിനെ മധു പരീക്ഷിച്ചത്. പി ഭാസ്കരൻ എഴുതിയ പാട്ടുകളെല്ലാം ഹിറ്റായതോടെ മലയാള സിനിമയിൽ ശ്യാമിന്റെ രാശി തെളിഞ്ഞു.
മധുവിന്റെ നിർദേശപ്രകാരമാണ് സംഗീത സംവിധായകൻ ശ്യാം സുജാതയെ വിളിച്ച് 'സ്വപ്നം കാണും പെണ്ണേ' എന്ന ഗാനം പാടിക്കുന്നത്. തൊട്ടു മുൻപ് സുജാതയുടെ 'കണ്ണെഴുതി പൊട്ടുതൊട്ട്' എന്ന ഗാനവുമായി 'ടൂറിസ്റ്റ് ബംഗ്ളാവ്' പുറത്തിറങ്ങിയിരുന്നെങ്കിലും ഗായികയെന്ന നിലയിൽ വഴിത്തിരിവായത്, ഭരണിക്കാവ് ശിവകുമാർ രചിച്ച 'സ്വപ്നം കാണും പെണ്ണേ' തന്നെയാണ്
അതേ സിനിമയിൽ സൂപ്പർ ഹിറ്റായ "ഹാ സംഗീത മധുരനാദം" എന്ന ഗാനം യേശുദാസിനെ മനസ്സിൽ കണ്ട് ചിട്ടപ്പെടുത്തിയതാണ് ശ്യാം. ഗാനമേളയുമായി വിദേശത്താണ് അക്കാലത്ത് യേശുദാസ്. അദ്ദേഹം തിരിച്ചു നാട്ടിലെത്തും വരെ കാത്തിരിക്കാം എന്നായി ശ്യാം. എന്നാൽ സിനിമയിൽ അത്തരം കാത്തിരിപ്പുകൾക്ക് പ്രസക്‌തിയില്ല എന്നായിരുന്നു മധുവിന്റെ കാഴ്ച്ചപ്പാട്. യേശുദാസ് ഇല്ലെങ്കിൽ ജയചന്ദ്രൻ പാടട്ടെ, അദ്ദേഹം പറഞ്ഞു. "സംഗീത മധുരനാദം" ജയചന്ദ്രനെ തേടിയെത്തിയത് അങ്ങനെയാണ്.
എങ്കിലും സിനിമയിൽ മധു ഏറ്റവുമധികം ചുണ്ടനക്കിയത് ഗന്ധർവ ഗാനങ്ങൾക്കൊത്തു തന്നെ. മൂടുപടത്തിലെ "അയലത്തെ സുന്ദരീ അറിയാതെ വലയ്ക്കല്ലേ" ആണ് മധുവിന് വേണ്ടി യേശുദാസ് പാടിയ ആദ്യഗാനം. സിനിമാ ജീവിതത്തിൽ മധു ആദ്യമായി അഭിനയിച്ച ഗാനരംഗവും അതുതന്നെ. യേശുദാസിന് സിനിമാ ജീവിതത്തിൽ ആദ്യമായി ഒരു അവാർഡ് (കൊല്ലം ഫിലിം ഫാൻസ് അസോസിയേഷൻ) നേടിക്കൊടുത്ത പാട്ട് വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഭാഗ്യമുണ്ടായതും മധുവിനാണ് "കാട്ടുപൂക്ക"ളിലെ "മാണിക്യവീണയുമായെൻ മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ."