അവസാനമായി ഫോണിൽ സംസാരിച്ചു യാത്രപറയവേ മാധവേട്ടൻ മൂളിത്തന്ന പ്രിയഗാനത്തിന്റെ വരികൾ കാതിലുണ്ട് ഇപ്പോഴും: "യാദ് ന ജായേ ബീത്തേ ദിനോം കി, ജാകേ ന ആയേ ജോ ദിൻ, ദിൽ ക്യോ ബുലായെ ഉനേ..."
വീണുചിതറിയ ഓർമ്മത്തുണ്ടുകൾ പെറുക്കിയെടുത്തു കൂട്ടിവെക്കാനാവാതെ നിസ്സഹായനായിരിക്കുന്ന ടി പി മാധവന്റെ ചിത്രം വീഡിയോകളിൽ കണ്ടപ്പോൾ, അദ്ദേഹത്തിന്റെ വർത്തമാനകാല ജീവിതത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചപ്പോൾ, ഓർക്കാതിരിക്കാനായില്ല ആ വരികൾ: "പോയ നാളുകളുടെ ഓർമ്മകൾ മരിക്കുന്നില്ല; ഒരിക്കലും തിരിച്ചുവരാത്ത ആ കാലത്തെ ഹൃദയം എന്തിന് വെറുതെ തിരികെ വിളിക്കുന്നു..?" മാധവേട്ടന്റെ പ്രിയഗായകനായ മുഹമ്മദ് റഫിയുടെ ശബ്ദം. ഇഷ്ടഗാനങ്ങൾ ആസ്വദിച്ചും മൂളിയും ഓർമ്മകളുടെ ഇടനാഴിയിലൂടെ ഭൂതകാലത്തേക്ക് യാത്ര ചെയ്യാൻ മോഹിച്ച മനുഷ്യനിതാ മറവിയുടെ തീരത്ത്, ശൂന്യതയിലേക്ക് നോക്കി...
എട്ടു വർഷമായി പത്തനാപുരത്തെ ഗാന്ധിഭവനിൽ അന്തേവാസിയാണ് ടി പി. തിരുവന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുകയായിരുന്ന നടനെ സുഹൃത്തായ സീരിയൽ സംവിധായകനാണ് ഗാന്ധിഭവനിലെത്തിച്ചത്. ആരോഗ്യം മെച്ചപ്പെട്ട ശേഷം അഭിനയ രംഗത്ത് തിരിച്ചെത്തിയിരുന്നെങ്കിലും മറവിരോഗം ആ പ്രതീക്ഷയ്‌ക്കും തിരശ്ശീല വീഴ്ത്തി.
അവസാനമായി മാധവേട്ടനുമായി സംസാരിച്ചത് മൂന്ന് വർഷത്തോളം മുൻപാണ്. ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ നിന്ന് വിളിച്ചുർണർത്തി ഒരു ഫോൺ കോൾ: "രവീ, ഓർമ്മയുണ്ടോ ഈ ശബ്ദം? പഴയൊരു സുഹൃത്താണ്. ഒരു പാട്ടുപ്രേമി..'' ഈശ്വരാ, നല്ല പരിചയമുള്ള ശബ്ദം. പക്ഷേ ആരെന്ന് പിടികിട്ടുന്നില്ല. ഓർമ്മയുടെ താളുകൾ തിടുക്കത്തിൽ മറിക്കവേ, ഫോണിന്റെ മറുതലയ്ക്കൽ വീണ്ടും അതേ ശബ്ദം: "പഴയൊരു സിനിമാ നടനാണ്. ടി പി മാധവൻ എന്നു പറയും.'' പിന്നെ മലയാളികൾക്കെല്ലാം സുപരിചിതമായ കുണുങ്ങിക്കുണുങ്ങിയുള്ള ആ ചിരി.
മനസ്സിൽ തെളിഞ്ഞത് നൂറു നൂറു മുഖങ്ങളാണ്. ബ്ളാക്ക് ആൻഡ് വൈറ്റിലും വർണ്ണപ്പകിട്ടിയിലുമായി വെള്ളിത്തിരയിൽ മിന്നിമറഞ്ഞ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളുടെ മുഖങ്ങൾ. മൂന്നുനാലു വർഷങ്ങളെങ്കിലുമായിക്കാണും മാധവേട്ടനുമായി സംസാരിച്ചിട്ട്. അവസാനം നേരിൽ കണ്ടത് വഞ്ചിയൂരിലെ ത്രിവേണിയിൽ അദ്ദേഹം ആയുർവേദ ചികിത്സക്ക് വന്നപ്പോഴാണ്; ഹരിദ്വാറിൽ വെച്ചുണ്ടായ പക്ഷാഘാതത്തിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കാനുള്ള യത്നത്തിലായിരുന്നു അന്നദ്ദേഹം. സംസാരിച്ചതേറെയും പാട്ടിനെ കുറിച്ച്. അതാണല്ലോ ഞങ്ങളുടെ ഹൃദയങ്ങളെ ഇണക്കിച്ചേർത്ത വിഷയം.
ഗാന്ധിഭവനിൽ നിന്ന് വിളിക്കുകയായിരുന്നു മാധവേട്ടൻ. നിരാലംബരുടെ ആ അഭയകേന്ദ്രത്തിൽ വർഷങ്ങളായി അന്തേവാസിയാണ് അദ്ദേഹം; ശിശുക്കൾ തൊട്ട് വയോവൃദ്ധർ വരെയുള്ള ആയിരത്തോളം ശരണാർത്ഥികളിൽ ഒരാളായി. സിനിമയുമായി മാത്രമല്ല, പുറം ലോകവുമായിത്തന്നെ അധികം ബന്ധമില്ല. "നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും സാമ്പത്തിക പ്രശ്നങ്ങളുമാണ് എന്നെ ഇവിടെ എത്തിച്ചത്.'' -- ചിരിയോടെ തന്നെ മാധവേട്ടൻ പറഞ്ഞു. "എങ്കിലും സ്വസ്ഥമാണ് ജീവിതം. അധികം മോഹങ്ങളില്ല. ആവശ്യത്തിന് ആഹാരം ലഭിക്കുന്നു. ഉറക്കവും. സന്ദർശക ബാഹുല്യമില്ല താനും..'' നേർത്തൊരു നൊമ്പരമുണ്ടോ ആ ചിരിയിൽ?
കടുത്ത സിനിമാ പ്രേമത്തിന്റെ പേരിൽ കുടുംബജീവിതം പോലും ഇടക്കുവെച്ചു ഉപേക്ഷിക്കേണ്ടി വന്ന കഥ മാധവേട്ടൻ ചിരിയും നൊമ്പരവും നിസംഗതയും കലർത്തി വിവരിച്ചുകേട്ടിട്ടുണ്ട്
പാട്ട് കേൾക്കാറുണ്ടോ മാധവേട്ടൻ? -- എന്റെ ചോദ്യം. അതില്ലാതെ ജീവിതമില്ലെന്നല്ലേ പറയാറ്? "പഴയപോലെ കേൾക്കാനുള്ള സാഹചര്യമില്ല. മൊബൈലിൽ ഒന്നും പാട്ടുകേൾക്കുന്ന ശീലവുമില്ലല്ലോ. എങ്കിലും ഇവിടുത്തെ അന്തവാസികളിൽ നല്ല കുറെ പാട്ടുകാരുണ്ട്. അവർ പാടിത്തരുമ്പോൾ കേട്ടിരിക്കും. ഇനിയിപ്പോ അതൊക്കെ തന്നെ ധാരാളം..'' ഒരു നിമിഷം നിശ്ശബ്ദനാകുന്നു മാധവേട്ടൻ.
ആദ്യമായി മാധവേട്ടൻ വിളിച്ചത് ഓർമ്മയുണ്ട്. തികച്ചും അപ്രതീക്ഷിതമായ ഒരു കോൾ. ഇരുപത് വർഷം മുൻപാണ്. അമൃത ടി വിയിൽ "അഞ്ജലി'' എന്നൊരു സംഗീതപരിപാടി അവതരിപ്പിക്കുന്നുണ്ട് അക്കാലത്ത് ഞാൻ. സോഹൻലാൽ പ്രൊഡ്യൂസ് ചെയ്ത, പഴയ ഹിന്ദി ഗാനങ്ങളിലൂടെയുള്ള ഒരു സ്മൃതിയാത്ര. ആ പ്രോഗ്രാം കണ്ട് ആവേശ ഭരിതനായി ഫോൺ ചെയ്തതായിരുന്നു മാധവേട്ടൻ. ഒരു മണിക്കൂറിലേറെ നീണ്ട ആദ്യ സംഭാഷണത്തിൽ പഴയ ഹിന്ദി ഗാനങ്ങളെ കുറിച്ച്, ഗായകരെ കുറിച്ച് വാതോരാതെ സംസാരിച്ചു അദ്ദേഹം. പിന്നെയും ഓരോ എപ്പിസോഡും കണ്ട് മുടങ്ങാതെ വിളിച്ചുകൊണ്ടിരുന്നു മാധവേട്ടൻ. സംസാരം ഓരോ അഞ്ചു മിനിറ്റും പിന്നിടുമ്പോൾ, പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം ചോദിക്കും: "ഞാൻ നിങ്ങളെ ബോറടിപ്പിക്കുന്നില്ലല്ലോ അല്ലേ?'' എന്റെ ഉത്തരം മിക്കപ്പോഴും ഒന്നുതന്നെ: "ഏയ്, എന്താത് മാധേട്ടാ.. നിങ്ങള് സംസാരം നിർത്തിയാലാണ് ബോറടി..'' പിൽക്കാലത്ത് മാതൃഭൂമി ടി വിയിൽ ചക്കരപ്പന്തൽ തുടങ്ങിയപ്പോൾ ആ പരിപാടിയുടെയും പ്രേക്ഷകനായി മാധവേട്ടൻ. അതിനിടെയായിരുന്നു ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ച ആ പക്ഷാഘാതം.
"ജീവിതം എങ്ങനെ പോകുന്നു മാധവേട്ടാ?''-- ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. കുറച്ചുനേരം ഒന്നും മിണ്ടാതിരുന്ന ശേഷം അദ്ദേഹം പറഞ്ഞു: "ഒരു കുഴപ്പവുമില്ല. പഴയ കാര്യങ്ങളൊക്കെ ആലോചിക്കും. പഴയ ഡയറികൾ വായിച്ചുനോക്കും. ഒരു പാട് മുഖങ്ങളും കഥാപാത്രങ്ങളും സംഭവങ്ങളും മനസ്സിൽ തെളിഞ്ഞുവരും അപ്പോൾ. പഴയൊരു ഡയറിയിൽ നിന്നാണ് നിങ്ങളുടെ നമ്പർ കിട്ടിയത്. നമ്പർ മാറിയോ എന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യത്തിന് നിങ്ങളെ കിട്ടി. സന്തോഷമായി. ഇനി ഇടക്ക് വിളിക്കണം.'' അമ്മയുടെ സ്ഥാപക സെക്രട്ടറിയെ സിനിമാലോകത്തുനിന്ന് അധികമാരും തിരഞ്ഞുവരാറില്ല ഇപ്പോൾ. വരുമെന്ന് പ്രതീക്ഷയുമില്ല. "മധുസാറും മുകേഷും അങ്ങനെ ചിലരും വന്നിരുന്നു. പിന്നെ സെലിബ്രിറ്റികൾക്ക് ഇവിടെ വരാൻ അത്ര താൽപ്പര്യം കാണില്ല. എനിക്ക് അതിലൊട്ട് പരാതിയുമില്ല. അധികവും പാവപ്പെട്ടവരല്ലേ ഇവിടത്തെ അന്തേവാസികൾ..''
1975 ൽ പുറത്തിറങ്ങിയ `രാഗം' മുതലിങ്ങോട്ട് അറുനൂറോളം പടങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടന് ഇപ്പോൾ സിനിമാജീവിതം അടഞ്ഞ അദ്ധ്യായമാണ്. എത്രയോ സഹപ്രവർത്തകരെ ആപൽഘട്ടങ്ങളിൽ സഹായിച്ചിട്ടുള്ള, ഈ ജീവിത സായാഹ്നത്തിലും ഉള്ളിലെ നന്മയും നിഷ്കളങ്കതയും വാടാതെ സൂക്ഷിക്കുന്ന ടി പി മാധവൻ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. കടുത്ത സിനിമാ പ്രേമത്തിന്റെ പേരിൽ കുടുംബജീവിതം പോലും ഇടക്കുവെച്ചു ഉപേക്ഷിക്കേണ്ടി വന്ന കഥ മാധവേട്ടൻ ചിരിയും നൊമ്പരവും നിസംഗതയും കലർത്തി വിവരിച്ചുകേട്ടിട്ടുണ്ട്. ഭാര്യയുമായി നേരത്തെ വേർപിരിഞ്ഞ മാധവേട്ടന്റെ മക്കളിലൊരാൾ ബോളിവുഡിലെ പ്രമുഖ സംവിധായകനാണിപ്പോൾ -- എയർ ലിഫ്റ്റ്, ഷെഫ് എന്നീ ചിത്രങ്ങളൊരുക്കിയ രാജകൃഷ്ണമേനോൻ. പരസ്പരം വലിയ ബന്ധമൊന്നുമില്ലെന്ന് മാത്രം.
ഫോൺ വെക്കും മുൻപ് മാധവേട്ടൻ പറഞ്ഞു: "ഇടയ്ക്ക് വിളിക്കണം. ഇങ്ങനെയൊരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ഓർക്കണം..'' കുണുങ്ങിക്കുണുങ്ങിയുള്ള ആ ചിരി വീണ്ടും. നാടോടിക്കാറ്റിലെ എം ഡിയെ, അയാൾ കഥയെഴുതുകയാണിലെ പോലീസ് ഇൻസ്പെക്റ്ററെ, ആറാം തമ്പുരാനിലെ ഷാരടിയെ, ഇന്നലെയിലെ സ്വാമിയെ, തലയണമന്ത്രത്തിലെ എഞ്ചിനീയറെ, പത്രത്തിലെ ഹരിവംശിലാലിനെ ... പലരെയും ഓർമ്മവന്നു അപ്പോൾ...