പുലരിയോളം നീളുന്ന പാട്ടുകൂട്ടായ്മകൾ; ചൂടുപൊറോട്ടയും പുട്ടും മുളകിട്ട മത്തിയും സുലൈമാനിയുമായി ഉറക്കമിളച്ച് നിശാചരരെ കാത്തിരിക്കുന്ന ഭക്ഷണശാലകൾ; സ്നേഹിച്ചും കലഹിച്ചും കെട്ടിപ്പുണർന്നും ലഹരിയിൽ ആറാടിയും ആത്മരോഷം പ്രകടിപ്പിച്ചും ഇരുട്ടിനെ ആട്ടിപ്പായിച്ച് റോഡരികുകളെ പ്രകാശമാനമാക്കുന്ന വിപ്ലവകാരികൾ....
ഇതൊക്കെയാണ് "നൈറ്റ് ലൈഫി"ന്റെ മുഖമുദ്രകളെങ്കിൽ, കോഴിക്കോട് എന്നേ നിശയുടെ നിത്യകാമുകി. മാനവീയം വേദിയിലെ നൈറ്റ് ലൈഫിനെക്കുറിച്ചുള്ള ചർച്ചകളും വിവാദങ്ങളും മാധ്യമങ്ങളിൽ കൊഴുക്കുമ്പോൾ പതിറ്റാണ്ടുകൾ മുൻപേ രാത്രിയെ പകലാക്കി മാറ്റിയ ചരിത്രമുള്ള നഗരത്തെ ഓർക്കാതിരിക്കുന്നതെങ്ങനെ? എന്റെ കൗമാര -യൗവനങ്ങളുടെ സുദീപ്തമായ ഓർമകളുടെ കൂടി ഭാഗമായിരുന്നല്ലോ ആ 'നൈറ്റ് ലൈഫ്.'
പത്രസ്ഥാപനത്തിലെ രണ്ടാം ഷിഫ്റ്റ് കഴിഞ്ഞ് പുലർച്ചെ രണ്ടോടെ നഗരത്തിൽ വന്നിറങ്ങുന്ന യുവതുർക്കികളെ കാത്ത് എന്നും ഉറക്കമിളച്ചിരുന്നു കോഴിക്കോട്. "ന്നാ മക്കളേ ഓരോ കോയിബിരിയാണി എടുക്കട്ടേ" എന്ന ചോദ്യവുമായി കൗണ്ടറിലിരുന്ന് വെളുക്കെ ചിരിക്കുന്ന മൊണാർക്ക് ഹോട്ടലിലെ മുനീറിനെ എങ്ങനെ മറക്കാൻ? രാത്രി എട്ടിനാണ് മുനീറിന്റെ ഡ്യൂട്ടി തുടങ്ങുക. അവസാനിക്കുക കാലത്ത് എട്ടിനും.
എപ്പോൾ ചെന്നാലും തിരക്കാണ് മൊണാർക്കിൽ. ആ തിരക്കിനിടയിലും ഞങ്ങളുമായി സംവദിക്കാൻ, തർക്കിക്കാൻ സമയം കണ്ടെത്തും മുനീർ. രാഷ്ട്രീയമാണ് ഇഷ്ടവിഷയം. അന്ന് കാലത്തിറങ്ങിയ പത്രത്തിലെ വാർത്തകൾ രാത്രിയാണ് മുനീർ വായിച്ചു ഹൃദിസ്ഥമാക്കുക. ഓരോ വാർത്തക്കുമുണ്ടാകും സവിശേഷമായ ഒരു മുനീർ ഭാഷ്യം. അതുവച്ചാണ് ഞങ്ങളുമായുള്ള പകിടകളി.
കളി മുറുകുമ്പോൾ ലത്തീഫ് എത്തും. വിചിത്രമാണ് ലത്തീഫിന്റെ ദിനചര്യകൾ. പകൽ മുഴുവൻ ഉറക്കം. രാത്രി എട്ടോടെയാണ് ഉയിർത്തെഴുന്നേൽപ്പ്. രാത്രിഭക്ഷണത്തെ സാധാരണ മനുഷ്യർ ഡിന്നർ എന്ന് വിളിക്കുമ്പോൾ ലത്തീഫ് പ്രാതൽ എന്ന് വിളിക്കുന്നു. പാതിരാത്രി കഴിയും 'ലഞ്ച്' കഴിക്കുമ്പോൾ. എല്ലാം കഴിഞ്ഞു കാലത്ത് എട്ടോടെ ഡിന്നറും കഴിച്ച് ഉറങ്ങാൻ പോകും ലത്തീഫ്. നമ്മുടെ ബ്രേക്ക്ഫാസ്റ്റാണ് ലത്തീഫിന് ഡിന്നർ.
രാത്രിയെ കീഴ്മേൽ മറിച്ചിട്ടു പകലാക്കി മാറ്റിയ ലത്തീഫ് ഇപ്പോൾ എവിടെയുണ്ടോ ആവോ? ഒരു നാൾ ആരോടും പറയാതെ അപ്രത്യക്ഷനാകുകയായിരുന്നുവല്ലോ അവൻ.
പാതിരാ മെഹ്ഫിലുകളായിരുന്നു അന്നത്തെ കോഴിക്കോടൻ രാവുകളുടെ ഹൃദയതാളം. കടപ്പുറത്തെ ഗോഡൗണുകളിൽ, കല്ലായി റോഡിലെ പീടികക്കോലായകളിൽ, വലിയങ്ങാടിയിലെ പാണ്ടികശാലകളിൽ, കുറ്റിച്ചിറയിലെ പഴയ മാളികകളുടെ മട്ടുപ്പാവുകളിൽ, മിഠായിത്തെരുവിലെ അടച്ചിട്ട കടമുറികളിൽ കിഴക്ക് "വെള്ളകീറു"വോളം പാടിക്കൊണ്ടിരിക്കും മുഹമ്മദ് റഫിമാരും തലത്ത് മഹമൂദുമാരും മന്നാഡേമാരും ബാബുക്കമാരും. അകമ്പടിക്ക് തബലയും പെട്ടിയും മാത്രം.
ഓർമയിലൊരു കോഴിക്കോടൻ ഗാനസദസ്സുണ്ട്. പഴയ പുഷ്പ തിയേറ്ററിന് സമീപത്തെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കെട്ടിട്ടത്തിന്റെ മുകള്‍നിലയിലെ കുടുസ്സു മുറിയാണ് 'ദർബാർ.' കാല്‍ തൊടുമ്പോള്‍ ഞരങ്ങുകയും ചിലപ്പോള്‍ നിലവിളിക്കുകയും ചെയ്യുന്ന മരപ്പടവുകള്‍ സൂക്ഷിച്ചുകയറി മുകളില്‍ ചെന്നപ്പോള്‍ ഒരുത്സവത്തിനുള്ള ആളുണ്ടവിടെ. പാട്ടുകാരുടെയും ആസ്വാദകരുടെയും വലിയ കൂട്ടം. ചുമട്ടു തൊഴിലാളികളും ലോറിപ്പണിക്കാരും കച്ചവടക്കാരും അലക്കുകാരും തൊട്ട് പേരുകേട്ട ഗുണ്ടകൾ വരെ.
അങ്ങിങ്ങായി പൊട്ടിയ ഓടിന്റെ വിടവുകളിലൂടെ ഒലിച്ചിറങ്ങി വന്ന പൂനിലാവും ദിനേശ് ബീഡിയുടെ പുകയും ആഹിര്‍ ഭൈരവിയും നാടന്‍ മദ്യവും മുഹമ്മദ് റഫിയും ചേര്‍ന്ന് സൃഷ്ടിച്ച ആ സൈക്കഡലിക്ക് അന്തരീക്ഷം മറക്കുവതെങ്ങനെ? പ്രേയസിയോടെന്ന വണ്ണം ഹാര്‍മോണിയവുമായി സല്ലപിച്ച് 'സുറുമയെഴുതിയ മിഴികളെ' എന്ന ഗാനത്തിന്റെ ആത്മാവിലൂടെ ഒഴുകിപ്പോകുന്ന രാശിക്കുഞ്ഞ്. കണ്ണുകള്‍ പൂട്ടി നിശ്ചലനായിരുന്ന് റഫിയുടെ 'അകേലേ ഹേ ചലേ ആവോ' എന്ന ഗാനം ഭാവസാന്ദ്രമായി പാടുന്ന പാളയത്തെ സ്റ്റീല്‍ പാത്രക്കച്ചവടക്കാരനായ ഹാജിയാര്‍; 'ആംസൂ ഭരീ ഹേ' എന്ന മുകേഷ് ഗാനത്തിന്റെ വരികളില്‍ സ്വയമലിഞ്ഞ് വിതുമ്പുന്ന ലോറി ഡ്രൈവര്‍ മജീദ്, 'ഏ മേരെ സൊഹറ ജബീ' എന്ന ഖവാലി തബല വായിച്ച് ആസ്വദിച്ചുപാടുന്ന കപ്പലണ്ടി വില്പനക്കാരന്‍ സുരേഷ്ബാബു, 'അകലെയകലെ നീലാകാശം' എന്ന ബാബുരാജ് ഗാനത്തില്‍ ആവുന്നത്ര മനോധര്‍മം ചാലിച്ച് ചേര്‍ക്കുന്ന മരയ്ക്കാര്‍...
ഇടക്കെപ്പോഴോ പാട്ട് നിര്‍ത്തി രാശിക്കുഞ്ഞ് ഉറക്കെ വിളിച്ചുപറയുന്നു: "കോയാ ജ്ജ് ബടെ ബാ, ഇനി അന്റെ പാട്ട് കേക്കട്ടെ.'' ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി നീലക്കുപ്പായമണിഞ്ഞ ഒരു ചുമട്ടുതൊഴിലാളി കടന്നുവരുന്നു. തലയിലെ കെട്ടഴിച്ച് ചുമലിലിട്ട്, ചുണ്ടിലെ എരിയുന്ന ബീഡി നിലത്ത് കുത്തിക്കെടുത്തി ഹാര്‍മോണിയത്തിനു മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുന്നു അയാള്‍. രാശിക്കുഞ്ഞിന്റെ ദര്‍ബാറില്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. ഉറച്ച ശരീരപ്രകൃതിയും മുഖത്ത് വസൂരിക്കലകളുമുള്ള ഈ മനുഷ്യന്റെ ശബ്ദത്തിലൂടെ ഏതു പാട്ടുകാരനാകും ഒഴുകി വരിക- ബാബുരാജോ മുഹമ്മദ് റഫിയോ അതോ കിഷോര്‍ കുമാറോ?
പക്ഷേ, ഒഴുകിവന്നത് ഗസൽ ചക്രവർത്തി മെഹ്ദി ഹസ്സൻ. തടിച്ചുരുണ്ട വിരലുകള്‍ കൊണ്ടു ഹാര്‍മോണിയതിന്റെ കട്ടകളെ താലോലിച്ച് മൃദുലവും കാല്പനികവുമായ ശബ്ദത്തില്‍ കോയ പാടുന്നു : "മുജെ തും നസര്‍ സേ ഗിരാ തും രഹേ ഹോ/ മുജെ തും കഭീ ഭീ ബുലാ നാ സകോഗെ....''
ശുദ്ധമായ ഉര്‍ദുവില്‍ തീവ്രപ്രണയം കലരുമ്പോള്‍ വിടരുന്ന സൗന്ദര്യം മുഴുവനുണ്ടായിരുന്നു ആ ആലാപനത്തില്‍. മെഹ്ദി ഹസ്സന്‍ ഭ്രാന്തമായ ഒരു ആവേശമായി, ജീവിതത്തില്‍നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ശീലമായി ഒപ്പം കൂടിത്തുടങ്ങിയത് ആ രാത്രി മുതലാണ്. കോയാ സായ്‌വിനും കോഴിക്കോടൻ നൈറ്റ് ലൈഫിനും നന്ദി.
ഉപജീവനാർത്ഥം കൊച്ചിയിലും പിന്നീട് തിരുവനന്തപുരത്തും എത്തിപ്പെട്ടപ്പോൾ വല്ലാതെ മിസ്സ് ചെയ്തു സ്നേഹസുരഭിലമായ ആ കോഴിക്കോടൻ രാത്രികൾ. പുലരുവോളം ഉണർന്നിരിക്കുന്ന മറ്റൊരു നഗരവും ഉണ്ടായിരുന്നില്ല അന്നത്തെ കേരളത്തിൽ.
ഇന്നിപ്പോൾ കാലം മാറി. മിക്ക നഗരങ്ങളിലും രാത്രിജീവിതം സജീവമായി. നൈറ്റ് ലൈഫിന് മാത്രമായി തലസ്ഥാന നഗരിയിൽ സാംസ്കാരിക ഇടനാഴി തന്നെ ഉണ്ടായി നമുക്ക്. ആൺ-പെൺ ഭേദമില്ലാതെ സ്നേഹിക്കാനും സല്ലപിക്കാനും ക്രിയാത്മകമായി സംവദിക്കാനും സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഇടപെടാനും കലാരൂപങ്ങൾ അവതരിപ്പിക്കാനുമൊക്കെയാണത്രേ ഈ വീഥി. പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ അവിടെ കണ്ടത് കലാപ്രകടനത്തെക്കാൾ കായികപ്രകടനമായിരുന്നു. കാലം മാറുകയല്ലേ?
മാനവീയം വേദിയുടെ അങ്ങേയറ്റത്തിരുന്ന് അനശ്വരനായ ദേവരാജൻ മാസ്റ്ററുടെ ശില്പം നിശബ്ദമായി മൂളുന്നുണ്ടാവണം: "ഒരു കോടി ഒരു കോടി നക്ഷത്രപ്പൂക്കൾ ഒരു രാത്രി കൊണ്ട് വിടർത്തും കാലം ഒരു രാത്രി കൊണ്ടു വിടർത്തും, ഒരു രാത്രി കൊണ്ടവ തല്ലിക്കൊഴിക്കും, വിധിയുടെ മൗനവിനോദം, ഇത് വിധിയുടെ മൗനവിനോദം..."