"ഞാൻ ഒരു ഓരം ചേർന്ന് ഒലിച്ചുകൊണ്ടിരിക്കുന്നു; അധികം അകലെയല്ലാത്ത തുരുത്തും പ്രതീക്ഷിച്ച്......"
ഗിരീഷ് പുത്തഞ്ചേരിയുടെ എഴുത്തിൽ നിന്നുള്ള ഒരു വരിയാണ്. 1991 നവംബറിലെഴുതിയത്. രണ്ടോ മൂന്നോ സിനിമകൾക്കേ പാട്ടെഴുതിയിട്ടുള്ളൂ ആ സമയത്ത് ഗിരീഷ്. അതും കൊച്ചു കൊച്ചു പടങ്ങൾ. മലയാള സിനിമയിലെ പുത്തഞ്ചേരിക്കാലം ആരംഭിച്ചിരുന്നില്ല. അതാരംഭിച്ചത് 1992 ൽ പുറത്തുവന്ന "ജോണിവാക്ക"റോടെ ആയിരുന്നല്ലോ.
ഗിരീഷ് പ്രതീക്ഷിച്ച ആ ''തുരുത്ത്'' അധികം അകലെയല്ലാതെ ഉണ്ടായിരുന്നു എന്നറിയുന്നു ഇപ്പോൾ. ജോണി വാക്കറിന് പിന്നാലെ ദേവാസുരം കൂടി വന്നതോടെ പാട്ടെഴുത്തിലെ "സൂര്യകിരീടം" പുത്തന് സ്വന്തം. വന്നു വീണതല്ല, എടുത്തണിഞ്ഞതാണ് ആ കിരീടം എന്ന് അഭിമാനപൂർവം -- തെല്ലൊരു അഹങ്കാരത്തോടെ തന്നെ -- പറയാറുണ്ടായിരുന്നു ഗിരീഷ്.
പ്രിയ സുഹൃത്തുക്കളും സംഗീത സംവിധായകരുമായ സതീഷ് -- വിനോദ് കൂട്ടുകെട്ടിനെ പരിചയപ്പെടുത്താൻ വേണ്ടിയായിരുന്നു എനിക്കുള്ള ഈ എഴുത്ത്. "യാദവം" എന്ന കാസറ്റിനെ കുറിച്ച് എന്തെങ്കിലും കുറിയ്ക്കണം എന്നൊരു അഭ്യർത്ഥനയും. ഇറങ്ങിയ എല്ലാ കാസറ്റുകളും കൃത്യമായി എത്തിച്ചു തരുമായിരുന്നു ഗിരീഷ് -- "ദേവാസുര''ത്തിനു തൊട്ടുമുൻപു വരെ.
"ദേവാസുര"ത്തിൽ ആ നിലപാട് മാറ്റാൻ വ്യക്തമായ കാരണമുണ്ടായിരുന്നു പുത്തന്. ''ഇതുവരെയുള്ള എന്റെ പടങ്ങളുടെയെല്ലാം കാസറ്റ് ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിട്ടുണ്ട്; റിവ്യൂ എഴുതാൻ വേണ്ടി. പക്ഷേ എന്തു വന്നാലും ഈ പടത്തിന്റെ കാസറ്റ് ഞാൻ കൊണ്ടുതരില്ല." -- അന്ന് ഗിരീഷ് പറഞ്ഞു. "തന്നാൽ അത് നിങ്ങളുടെ എഴുത്തിനെ സ്വാധീനിക്കും. ഒരു സ്വാധീനവുമില്ലാതെ നിഷ്പക്ഷമായി നിങ്ങൾ റിവ്യൂ ചെയ്യണം. അതെന്റെ ഒരാഗ്രഹമാണ്. മോശമെങ്കിൽ മോശം എന്നെഴുതിക്കൊള്ളൂ. ഞാൻ പരിഭവിക്കില്ല...''
എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ, സംഗീതസാന്ദ്രമായ കാലഘട്ടത്തിന്റെ ഭാഗമായിരുന്നു ഗിരീഷ്. ചുമലിലെ തുണിസഞ്ചിയില്‍ ഒരു കെട്ടു ഗാനങ്ങളും അതിലേറെ സ്വപ്നങ്ങളുമായി കോഴിക്കോട് ചാലപ്പുറത്തെ മുല്ലശ്ശേരി തറവാടിന്റെ പടി കടന്നു വരുന്ന കൃശഗാത്രനായ യുവാവ്.
മോശം എന്നെഴുതേണ്ടി വന്നില്ല എന്നതാണ് സത്യം. അത്രയും ഹൃദയസ്പർശിയായിരുന്നു ആ വരികൾ. പിന്നീട്, വർഷങ്ങൾക്ക് ശേഷം കോഴിക്കോട് അളകാപുരിയിൽ എന്റെ ആദ്യ പുസ്തകത്തിന്റെ പ്രകാശന വേളയിൽ ആശംസകൾ അർപ്പിക്കവേ ഗിരീഷ് പറഞ്ഞ വാക്കുകൾ ഈ നിമിഷവും എന്റെ മനസ്സിനെ തൊടുന്നു; കണ്ണുകൾ ഈറനാക്കുന്നു: ``എന്റെ സൂര്യകിരീടത്തിനെ പറ്റി ആദ്യം കുറെ നല്ല വാക്കുകൾ എഴുതിയത് ഈ ഇരിക്കുന്ന മനുഷ്യനാണ്. അന്നെനിക്ക് തോന്നിയ സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല.'' പിന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് തമാശയായി ഒരു വാചകം കൂടി: ``പറഞ്ഞാൽ ഇയാൾ അഹങ്കരിക്കും. അതുകൊണ്ടാണ്.''
എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ, സംഗീതസാന്ദ്രമായ കാലഘട്ടത്തിന്റെ ഭാഗമായിരുന്നു ഗിരീഷ്. ചുമലിലെ തുണിസഞ്ചിയില്‍ ഒരു കെട്ടു ഗാനങ്ങളും അതിലേറെ സ്വപ്നങ്ങളുമായി കോഴിക്കോട് ചാലപ്പുറത്തെ മുല്ലശ്ശേരി തറവാടിന്റെ പടി കടന്നു വരുന്ന കൃശഗാത്രനായ യുവാവ്. അന്നദ്ദേഹം സിനിമക്ക് വേണ്ടി എഴുതിത്തുടങ്ങിയിട്ടില്ല. മുല്ലശ്ശേരി രാജുവേട്ടന്റെ (പില്‍ക്കാലത്ത് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന അതിമാനുഷ കഥാപാത്രമായി രഞ്ജിത്തിന്റെ തൂലിക വെള്ളിത്തിരയില്‍ അനശ്വരനാക്കിയ അതെ രാജഗോപാല്‍ തന്നെ) സുഹൃദ് സംഗീത "ദര്‍ബാറില്‍'' സ്വന്തം സൃഷ്ടികള്‍ ആംഗ്യ വിക്ഷേപങ്ങളോടെ സ്വയം ഈണമിട്ടു പാടി അവതരിപ്പിക്കും, ഗിരീഷ്. അരികത്തുള്ള കട്ടിലില്‍ രാജുവേട്ടന്‍ ആ ഗാനങ്ങള്‍ ആസ്വദിച്ചു കണ്ണടച്ച് കിടക്കും. ആലാപനത്തിനൊടുവില്‍ , ഒരു വശം തളര്‍ന്നു കിടക്കുന്ന രാജുവേട്ടന്റെ കാല്‍ തൊട്ടു നെറുകയില്‍ വയ്ക്കും ഗിരീഷ്. പിന്നെ "ഗുരുജി''യുടെ അനുഗ്രഹത്തിനായി തല കുനിക്കും.
1980 കളുടെ അവസാനം ആ "ദര്‍ബാര്‍" ആസ്വദിച്ചു മുല്ലശ്ശേരിയുടെ അകത്തളത്തില്‍, കട്ടിലിലും കസേരമേലും വെറും നിലത്തുമായി ചടഞ്ഞുകൂടി ഇരുന്നവരില്‍ ഞങ്ങളെല്ലാം ഉണ്ടായിരുന്നു-- എനിക്ക് പുറമേ രഞ്ജിത്ത്, ജയരാജ്, തബലിസ്റ്റ് പൂതേരി രഘുവേട്ടന്‍ (സംഗീത സംവിധായകന്‍ രഘുകുമാര്‍), ടി സി കോയ, ഗായകന്‍ സതീഷ് ബാബു., രാജുവേട്ടന്റെ പ്രിയപത്നി ബേബി ചേച്ചി, മകള്‍ നാരായണി... അങ്ങനെ പലരും. രഞ്ജിത്തും ജയരാജും അന്ന് മലയാള സിനിമയുടെ ക്രീമിലെയറില്‍ എത്തിപ്പെട്ടിട്ടില്ല. സിനിമയെ കുറിച്ചുള്ള മഹത്തായ സങ്കല്‍പ്പങ്ങള്‍ നെയ്യുന്ന തിരക്കിലായിരുന്നു അവരും.
ഗിരീഷ് എന്നെ കൊന്നില്ല; പകരം സ്നേഹിച്ചു. രാത്രികളിൽ നിനച്ചിരിക്കാതെ വരുന്ന ഫോൺ കോളുകളിൽ, അപൂർവമായി അയക്കുന്ന എഴുത്തുകളിൽ ആ സ്നേഹം മതിയാവോളം നിറച്ചുവച്ചു.
ഗിരീഷ് ഉറക്കമിളച്ചിരുന്നു എഴുതിക്കൊണ്ട് വരുന്ന കവിതകളും ശ്ലോകങ്ങളും, അഭിനവ ടി പി ശാസ്തമംഗലമായി സ്വയം മാറി വിമര്‍ശനബുദ്ധിയോടെ കീറിമുറിക്കുന്നത് അന്നൊരു ഹോബി ആയിരുന്നു എനിക്ക്; വെറുതെ കവിയെ ചൊടിപ്പിക്കാന്‍ വേണ്ടി മാത്രം. രാജുവേട്ടന്റെയും രഞ്ജിത്ത് -- ജയരാജന്മാരുടെയും പൂര്‍ണ പിന്തുണയോടെ, ഞാന്‍ എന്റെ ``ശസ്തക്രിയ'' നിര്‍വഹിക്കുമ്പോള്‍ കോപമടക്കി കേട്ടിരിക്കും, ഗിരീഷ്. സഹിക്കാനാവാത്ത ഘട്ടമെത്തുമ്പോള്‍ അദ്ദേഹം എന്റെ നേരെ വിരല്‍ ചൂണ്ടി പ്രഖ്യാപിക്കും: "എന്നെങ്കിലും അറിയപ്പെടുന്ന പാട്ടെഴുത്തുകാരനായിത്തീര്‍ന്നാല്‍, ഞാന്‍ ആദ്യം കൊല്ലുന്നതു നിങ്ങളെ ആയിരിക്കും. ജാഗ്രതൈ."
ഗിരീഷ് എന്നെ കൊന്നില്ല; പകരം സ്നേഹിച്ചു. രാത്രികളിൽ നിനച്ചിരിക്കാതെ വരുന്ന ഫോൺ കോളുകളിൽ, അപൂർവമായി അയക്കുന്ന എഴുത്തുകളിൽ ആ സ്നേഹം മതിയാവോളം നിറച്ചുവച്ചു ഗിരീഷ്.
എന്റെ ആദ്യ പുസ്തകത്തെ കുറിച്ച് "ഇന്ത്യാ ടുഡേ"യിൽ ഗിരീഷ് കുറിച്ച വാക്കുകൾ, എഴുത്തുജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിത്തന്നെ കാണുന്നു ഞാൻ: "നിലാവിന്റെ ജലസ്പർശമുള്ള ഭാഷ തന്നെയാവണം സംഗീതത്തെ കുറിച്ചെഴുതുമ്പോൾ തെരഞ്ഞെടുക്കേണ്ടത്. ഹിമസരസ്സിലേക്ക് ഇറ്റുവീഴുന്ന പൂക്കളെ പോലെ അതിന് പരിമളമുണ്ടാവണം. പാട്ടിന്റെ പത്മരാഗമുദ്രകൾ തേടിനടക്കുന്ന ശ്രുതിഭരമായ മനസ്സുള്ള ഒരാൾക്കേ അങ്ങനെ എഴുതാനാകൂ. രവിമേനോന്റെ "സോജാ രാജകുമാരി'' എന്ന പുസ്തകം ഇത്തരത്തിൽ എഴുതപ്പെട്ടതാണ്.... "
വിട വാങ്ങി പതിമൂന്ന് വർഷം കഴിഞ്ഞിട്ടും ഒരു ഫോൺ കോളിനപ്പുറത്ത് ഗിരീഷ് ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കിൽ തന്നെ, ഗിരീഷിന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഏത് ദിവസമുണ്ട് എന്റെ ജീവിതത്തിൽ?