തണുപ്പിന്റെ തംബുരുവില്‍ പതിഞ്ഞ ശ്രുതിമീട്ടി പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിലേക്കു വീശിയെത്തിയ ഇളംകാറ്റ് ഞങ്ങളുടെ മനസില്‍ ആശ്വാസത്തിന്റെ മന്ത്രച്ചരട് കെട്ടിത്തന്നു.
വ്രജേ വസന്തം... പണ്ഡിറ്റ് ജസ്രാജ് പാടുകയായിരുന്നു. ശിഷ്യന്‍ രമേഷ് നാരായണന്‍ ഒപ്പം പാടുന്നു. 2003 ഡിസംബറിന്റെ നിലാപ്പിശുക്കുള്ള ആ രാത്രിയില്‍ 'സ്വരലയ'യൊരുക്കിയ ഹിന്ദുസ്ഥാനി രാഗവിസ്താരത്തിന്റെ ഘനസാന്ദ്രമായ ഇടവേളകളില്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ഓര്‍മയുടെ ഒരു കുമ്പിള്‍ രാഗപരാഗങ്ങള്‍ കൈമാറി. അവയുടെ സുഖസ്പര്‍ശത്തില്‍ പാലക്കാടിന്റെയും വള്ളുവനാടിന്റെയും നൊസ്റ്റാള്‍ജിയ ഒരിക്കല്‍ കൂടി എനിക്ക് അനുഭവിക്കാനായി.
രണ്ടു പതിറ്റാണ്ടിനുശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു ഞങ്ങളുടേത്. അത് പക്ഷേ അവസാന കൂടിക്കാഴ്ചയുമായി.
കഥയെഴുത്തും സീരിയല്‍ അഭിനയവും ഇടക്കിടെയുള്ള പ്രസംഗങ്ങളുമൊക്കെയായി ജീവിതം തിരക്കേറിയതായിരുന്നു കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ക്ക്. നല്ലേപ്പിള്ളി ഹൈസ്‌കൂളിലെ ഈ മുന്‍ അധ്യാപകന്‍ കരിമ്പനകള്‍ കാവല്‍മാടം കെട്ടിയ മുണ്ടൂരിന്റെ നാലതിരുകളെയും അതിരറ്റ് സ്നേഹിച്ചു. ആ ഗ്രാമത്തനിമയുടെ കഥകള്‍ പറയുമ്പോഴും പക്ഷേ, അഗ്‌നിയില്‍ കാച്ചിയെടുത്ത അക്ഷരശുദ്ധിയോടെ, വിപ്ലവത്തിന്റെ ഒരു സ്ഫുലിംഗം അദ്ദേഹം മലയാളത്തിന്റെ സംവേദനതലത്തിനു പകര്‍ന്നുനല്‍കി. ഭാര്യയുടെ അകാലമരണം തളര്‍ത്തിയ മനസുമായി എഴുതിയ കഥകളിലത്രയും (മരണത്തിന്റെ കാലൊച്ചയുമായി കടന്നുവന്ന 'മൂന്നാമതൊരാള്‍' എന്ന പ്രസിദ്ധമായ കഥയോര്‍ക്കുക) വേദനയുടെ ഊര്‍പ്പം പൊടിഞ്ഞു. എഴുതിത്തുടങ്ങിയ നാളുകളില്‍, ബഷീറിനെയും കോവിലനെയും ടി പത്മനാഭനെയും പോലെ സ്വന്തം വഴി വെട്ടിത്തുറക്കണമെന്ന് ആഗ്രഹിച്ച എഴുത്തുകാരനായിരുന്നു താനെന്ന് കൃഷ്ണന്‍ കുട്ടി പറയാറുണ്ട്.
'മൂന്നാമതൊരാള്‍' വായിക്കുന്ന ആര്‍ദ്രതയുള്ള ഏതൊരാളുടെ മനസ്സിലും അറിയാതെ ഒരു തേങ്ങലുയരും. ''ആ ദിവസം രാവിലെ പോകുന്നതിനു മുൻപ് ഭാര്യയെ ഓര്‍മിപ്പിച്ചു.
നോക്കൂ രാധേ, ഉച്ചയ്ക്കുള്ള മരുന്ന് കഴിക്കാന്‍ മറക്കരുത്. അന്ധാളിപ്പ് തോന്നുകയാണെങ്കില്‍ വൈകുന്നേരവും ഒരു ഗുളിക കഴിച്ചോളൂ. ഞാന്‍ പാലക്കാട് പോയി ഉടനെ മടങ്ങി വരാം.''
''പാലക്കാട്ടുനിന്നു വൈകി തിരിച്ചുവരേണ്ട.''
ഭര്‍ത്താവിനെയും മകനെയും രാധ ഒരു നിമിഷത്തേക്കു മറന്നിരിക്കണം. ഒരു കഷ്ണം കയറിനോട്, അതുവരെ തോന്നാത്ത പ്രിയം അവര്‍ക്കു തോന്നിയിരിക്കണം. വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ കൃഷ്ണന്‍ കുട്ടി കണ്ടത് കയറില്‍ തൂങ്ങിയാടുന്ന ഭാര്യ രാധയുടെ ചലനമറ്റ ദേഹം. ജാലകത്തിലൂടെ അകത്തേക്കു നോക്കി വിതുമ്പുന്ന മകന്‍.
ആ ഗ്രാമത്തനിമയുടെ കഥകള്‍ പറയുമ്പോഴും പക്ഷേ, അഗ്‌നിയില്‍ കാച്ചിയെടുത്ത അക്ഷരശുദ്ധിയോടെ, വിപ്ലവത്തിന്റെ ഒരു സ്ഫുലിംഗം അദ്ദേഹം മലയാളത്തിന്റെ സംവേദനതലത്തിനു പകര്‍ന്നുനല്‍കി
രാധ മരിച്ച് ഒരു കൊല്ലം കൃഷ്ണന്‍കുട്ടി പേനയെടുത്തില്ല. അപ്പോഴാണ് തൃശൂര്‍ ആകാശവാണി ഒരു കഥയാവശ്യപ്പെട്ടത്. ആ രാത്രിയില്‍ വിസ്മയം പോലെ, ഉള്ളിലെ അതിശക്തമായ പിടച്ചില്‍ പോലെ, 'മൂന്നാതൊരാള്‍' എന്ന മലയാളത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നു പിറന്നു.
''ഉറക്കമില്ലാത്ത രാത്രി നീളുമ്പോള്‍, മലര്‍ന്നുകിടക്കുന്ന എന്റെ മാറില്‍ ചൂടുള്ള കണ്ണീര്‍ വീഴുന്നു.
എനിക്ക് സുഖാവില്യേ ഏട്ടാ?
നിനക്കതിന് അസുഖോന്നുല്യാലോ കുട്ടീ.
എന്റെ കൈ ആ തലമുടി തലോടി. പുറം തലോടി.
എന്നാലും എന്റെ മാറത്തെ പിടപ്പ് ഇപ്പോഴും മാറീട്ടില്ലല്ലോ. ഏട്ടാ...''
(മൂന്നാമതൊരാള്‍)
പറഞ്ഞുശീലിച്ച രീതി വിട്ട് പുതിയൊരു സരണിയിലൂടെ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി മുന്നേറിയതാണ് 2003 ല്‍ പുറത്തിറങ്ങിയ 'മാതുവിന്റെ കൃഷ്ണത്തണുപ്പ്'. വാക്കുകള്‍ വളരെ പിശുക്കി ഉപയോഗിക്കുമ്പോഴും അവയിലടങ്ങിയ നിഗൂഢമായ വാഗ്മിതക്കു വായനക്കാരന്റെ അനുഭവതലങ്ങളെ വികസിപ്പിക്കാനായിയെന്നതാണ് മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിയുടെ വിജയം. സദാ വിതുമ്പുന്ന ഒരു ഹൃദയവുമായായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. എഴുത്തുകാരനായി മാറിയ കഥ മുണ്ടൂരിന്റെ തന്നെ വാക്കുകളില്‍.
''ഞാനെങ്ങനെ ഒരെഴുത്തുകാരനായി എന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്റെ തറവാട്ടിലൊരു അമ്മാവനുണ്ടായിരുന്നു. കുട്ട്യേമന്‍, വയസ്സുകാലത്ത് കല്ലേക്കുളങ്ങരനിന്ന് മുണ്ടൂര്‍ക്കു വരുമ്പോള്‍ വഴിയില്‍ വള്ളിക്കാട് തറവാട്ടില്‍ കയറി അവിടെ കിടന്നു മരിച്ചു അദ്ദേഹം. വടക്കെ മലബാറില്‍ കഥകളി കണ്ടു മടങ്ങും വഴിയായിരുന്നു അത്. അദ്ദേഹത്തിന്റെ പാട്ടിനോടുള്ള ഭ്രമവും കലയോടുള്ള സ്നേഹവും കഥകളി ഭ്രാന്തും എന്നെ സാഹിത്യത്തിലേക്കു തിരിച്ചുവിട്ടു കാണും. കമ്യൂണിസ്റ്റ് നേതാവ് ഇ പി ഗോപാലനും പാര്‍ട്ടി പ്രവര്‍ത്തകരായ പി എസ് പ്രഭാകരനും പി പിഷാരടി മാസ്റ്ററും അവരുടെ പരുഷമായ ജീവിതാനുഭവങ്ങളും എന്റെ എഴുത്തിന്റെ വറ്റാത്ത ഖനികളായി.''
''ഞാന്‍ എട്ടിലോ ഒൻപതിലോ പഠിക്കുമ്പോള്‍ തറവാട് ഭാഗം പിരിഞ്ഞു. ഒരു നില മാത്രമുള്ള ചെറിയ വീട്ടിലേക്കു താമസം മാറി. ബാല്യസ്മൃതികളില്‍ മുഴുകി അതുവരെ താമസിച്ചത് തറവാട്ടുവീട്ടിലെ ഒരു നാലുകെട്ടില്‍. രാവിലെ അതികാലത്ത് തൈര് കലക്കുമ്പോള്‍ അമ്മ പ്രളയ പയോധിഹരേ ചൊല്ലും. മഴയത്ത് നടുമുറ്റത്തിറങ്ങി (നടുമിറ്റം എന്നാണ് ഞാന്‍ പറയുക) മഴയില്‍ മുങ്ങും. തെക്കിനിയില്‍ ചില കാലങ്ങളില്‍ ചുറ്റുവട്ടമുള്ള സ്ത്രീകള്‍ തിരുവാതിരക്കളി പഠിക്കും. ആഴ്ചയില്‍ രണ്ടു തവണ മാധവ ഭാഗവതര്‍ അമ്മിണിയേട്ത്തിയെ പാട്ട് പഠിപ്പിക്കും. ഞങ്ങള്‍ കുട്ടികള്‍ തട്ടിന്‍പുറത്ത് ഒളിച്ചുകളിക്കും. ഈ അനുഭവങ്ങളും ചുറ്റുപാടുകളും എന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയിരിക്കണം. അവിടെ താമസമാക്കിയ താവഴിക്കാര്‍ പിന്നീട് നാലുകെട്ട് പൊളിക്കുമ്പോള്‍ എന്റെ സ്മൃതികളത്രയും അതിനുള്ളില്‍ ചതയുന്നുവെന്ന് ഞാന്‍ ഖേദത്തോടെ അനുഭവിച്ചു...''
മുത്തംപാറക്കുന്നും ഭാരതപ്പുഴക്കക്കരെ മായന്നൂരും നക്സലൈറ്റുകളുടെ ഒളിത്താവളങ്ങളായി. മുണ്ടൂര്‍ രാവുണ്ണി പാലക്കാടിന്റെ കനു സന്യാലായി.
ഏകാകി, മനസ്സ് എന്ന ഭാരം, മാതുവിന്റെ കൃഷ്ണത്തണുപ്പ്, മൂന്നാമതൊരാള്‍, എന്നെ വെറുതെ വിട്ടാലും, കഥാപുരുഷന്‍, അവശേഷിപ്പിന്റെ പക്ഷി, അമ്മയ്ക്കു വേണ്ടി, എത്രത്തോളമെന്നറിയാതെ, തന്നിഷ്ടത്തിന്റെ വഴിത്തപ്പുകള്‍, ഒരു അധ്യാപകന്റെ ആത്മഗതങ്ങള്‍... മുണ്ടൂരിന്റെ രചനാലോകം അതിഭാവുകത്വത്തിന്റെയും അതിവൈകാരികതയുടെയും തലങ്ങള്‍ക്കത്രയും അന്യമാണ്. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രത്തിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയുമുള്ള അലസ സഞ്ചാരം വായനയുടെ പുതിയ അനുഭവമേഖലകളാണ് തുറന്നിടുന്നത്. ഏതു കാലത്തേക്കും പ്രസക്തമായ പ്രമേയങ്ങളുടെ ഉള്‍ക്കാമ്പ് അവയിലുണ്ട്. 1957 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'അമ്പലവാസികള്‍' ആണ് അച്ചടിച്ച ആദ്യകഥ.
വസന്തത്തിന്റെ ഇടിമുഴക്കം ആദ്യമായി പാലക്കാട്ട് കേട്ടുതുടങ്ങിയത് മുണ്ടൂരില്‍ നിന്നായിരുന്നു. ചാരുമജുംദാര്‍ ഈ പാലക്കാടന്‍ കവാട ഗ്രാമത്തിലെത്തിയിരുന്നതായി മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി ഒരിക്കലെഴുതിയിട്ടുണ്ട്. മുത്തംപാറക്കുന്നും ഭാരതപ്പുഴക്കക്കരെ മായന്നൂരും നക്സലൈറ്റുകളുടെ ഒളിത്താവളങ്ങളായി. മുണ്ടൂര്‍ രാവുണ്ണി പാലക്കാടിന്റെ കനു സന്യാലായി.
ജന്മിയായ കോങ്ങാട് നാരായണന്‍ കുട്ടി നായരുടെ തല അറുത്ത് അരമതിലില്‍ കൊണ്ടുവെച്ചതും ഇക്കാലത്ത്. മുണ്ടൂരിലെ ചെറുപ്പക്കാരിലേറെയും നക്സലൈറ്റുകളായി. പോലീസിന്റെ ഭീകര വേട്ട. പോലീസ് ഐജി വി എന്‍ രാജന്റെ ഭാര്യാപിതാവായിരുന്നു കൊല്ലപ്പെട്ട നാരായണന്‍ കുട്ടി നായര്‍.
ഇടതുപക്ഷത്തോടനുഭാവമുള്ള പാലക്കാടിന്റെ എഴുത്തുകാര്‍ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിയും മുണ്ടൂര്‍ സേതുമാധവനും പി എ വാസുദേവനും ശത്രുഘ്നനും കാളിദാസ് പുതുമനയും ഷഡാനനും മറ്റും ചേര്‍ന്ന് 'സപര്യ' യെന്ന സംഘടനയുണ്ടാക്കിയതും ഇക്കാലത്താണ്. സാഹിത്യം ഗൗരവമായെടുത്തവര്‍ക്കു സപര്യ സര്‍ഗപഥമൊരുക്കി.
ഒ വി വിജയനെയും ഖസാക്കിന്റ ഇതിഹാസത്തെയും ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ തള്ളിപ്പറഞ്ഞപ്പോള്‍ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിയും കൂട്ടുകാരും ആ നിലപാടിനെ എതിര്‍ത്തു. കമ്യൂണിസ്റ്റുകാരനാവുമ്പോള്‍ തന്നെ സ്വതന്ത്രമായ നിലപാട് സ്വീകരിച്ചു. തന്റെ ഉള്ളിലേക്കു നോക്കി എഴുതേണ്ടതു നല്ല എഴുത്തിന്റെ ഭാഗമാണെന്നു കൃഷ്ണന്‍ കുട്ടി തിരിച്ചറിഞ്ഞിരുന്നുവെന്നു കൃഷ്ണന്‍ കുട്ടിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ വൈശാഖന്‍ പറഞ്ഞു.
പഴയ തലമുറ കമ്യൂണിസ്റ്റുകാരുടെയെല്ലാം സന്ദേഹം ഏറെക്കുറെ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചതുപോലെ.
മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി എഴുതി:
''ഞാന്‍ ക്ഷേത്രങ്ങളില്‍ പോകുന്നു. മകന്‍ ഉണ്ണിയും മരുമകള്‍ ആശയും പൂനെക്കു പോകുന്നു. യാത്ര തിരിക്കുമ്പോള്‍ അച്ഛാ, വിളക്കുകാട്ടാന്‍ എന്നും ഓര്‍ക്കണമെന്ന് ആശ വീണ്ടും ഓര്‍മിപ്പിക്കുന്നു. പിന്നെ അവരുടെ നിര്‍ബന്ധം. വീടും പൂട്ടി പൂനെക്കു പോന്നൂടേയെന്ന് എന്നോട് ചോദിക്കുന്നു. അതു കേള്‍ക്കുമ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കുകയാണ്.
''നീ ഈ ദേശത്തെ സത്യമായിട്ടും സ്നേഹിക്കുന്നുണ്ടോ? ഉവ്വ് എന്നോ ഇല്ല എന്നോ പറയേണ്ടത്? അറിയുന്നില്ല.
കിഴക്ക് നായാടിക്കുന്ന്. തെക്ക് കൈയൊന്ന് ആഞ്ഞുനീട്ടിയാല്‍ ഇപ്പോള്‍ തൊടാം എന്ന മാതിരി വള്ളിക്കോടന്‍ മല. പടിഞ്ഞാറ് മുത്തംപാറക്കുന്ന്. വടക്ക് കല്ലടിക്കോടന്‍ മല. മുണ്ടൂരിനു ചുറ്റും വന്‍മതിലുയര്‍ത്തി പ്രകൃതി എന്നെ തടവിലിട്ടിരിക്കുകയാണ്.
എല്ലാം പിന്നിലേക്കു വലിച്ചെറിഞ്ഞ്, സ്മൃതികളടക്കം - കടന്നു പോകാന്‍ തോന്നാറുണ്ട്. പിന്നെ തോന്നും പോയിട്ടെന്താ എന്ന്.
അങ്ങനെ പോകുന്നു.
(അതെ, ഇപ്പോഴിനി പോകാതെ പറ്റില്ലല്ലോ)...