FOURTH SPECIAL

വേട്ടക്കാര്‍ വിശുദ്ധര്‍! വെമുലയെ 'വീണ്ടും കൊന്ന്' പോലീസ് റിപ്പോര്‍ട്ട്‌

ജിഷ്ണു രവീന്ദ്രൻ

"ഒരാളുടെ വ്യക്തിത്വം അയാളുടെ സ്വത്വം മാത്രമായി ചുരുങ്ങുന്നത് എന്തൊരു ദൗർഭാഗ്യകരമായ അവസ്ഥയാണ്. എന്റെ ജനനം തന്നെയാണ് ഏറ്റവും വലിയ തെറ്റ്." ഒരു സർവകലാശാല അതിന്റെ എല്ലാ സന്നാഹങ്ങളുമുപയോഗിച്ച് ഇല്ലാതാക്കിയ രോഹിത് വെമുല അയാളുടെ ആത്മഹത്യാ കുറിപ്പിൽ എഴുതിയതാണിത്. എട്ടുവർഷത്തിനിപ്പുറം, രോഹിത് വെമുലയുടെ മരണത്തിൽ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കുന്നതായി കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ പോലീസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.

ഹൈദരാബാദ് കേന്ദ്ര സർവകലാശാല പി എച്ച് ഡി വിദ്യാർഥിയായിരുന്ന രോഹിത് വെമുല സർവകലാശാലയിൽ താൻ നേരിട്ട നിരവധി ദളിത് വിവേചനങ്ങൾക്കു ശേഷമാണ് 2016 ജനുവരി 17ന് ജീവനൊടുക്കിയത്. എന്നാൽ ദളിത് വിവേചന ആരോപണത്തെ തള്ളുന്ന ക്ലോഷർ റിപ്പോർട്ടാണ് തെലങ്കാന പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

താൻ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നയാളല്ലെന്ന് രോഹിത് വെമുലയ്ക്ക് അറിയാമായിരുന്നുവെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് അയാൾ ജീവനൊടുക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്. രോഹിതിന്റെ അമ്മയ്ക്ക് എസ് സി സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇതിനു ഉലോല്പകമായ തെളിവുകള്‍ ഹാജരാക്കാതെയാണ് ഈ ജാതി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് രോഹിത് സർവകലാശാലയിൽ പ്രവേശനം നേടിയതെന്നും അക്കാദമിക് ബിരുദങ്ങൾ ഇല്ലാതാക്കപ്പെടുമെന്നും പ്രോസിക്യൂട്ട് ചെയ്യപ്പെടുമെന്നും രോഹിതിൻ്റെ നിരന്തരമായ ഭയങ്ങളിലൊന്നായിരിക്കാമെന്നും റിപ്പോർട്ടിൽ പോലീസ് പറയുന്നു.

രോഹിത്തിന് തന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ലൗകിക ജീവിതത്തില്‍ തൃപ്തനല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മികച്ച അക്കാദിക് പ്രകടനമുണ്ടായിരുന്നിട്ടും പഠനപ്രവര്‍ത്തനങ്ങളേക്കാള്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലായിരുന്നു രോഹിത് ക്യാമ്പസിൽ ഇടപെട്ടുകൊണ്ടിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2016-ൽ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ എബിവിപി വിദ്യാർഥികൾ നൽകിയ പരാതിയില്‍ രോഹിത് വെമുലയ്‌ക്കെതിരെ സർവകലാശാല നടപടിയെടുക്കുന്നതിൽ നിന്നാണ് അദ്ദേഹം ജീവനൊടുക്കുന്നതിലേക്ക് നയിച്ചത്. പരാതിയെത്തുടർന്ന് രോഹിതിന്റെ 25,000 രുപ വരുന്ന ഫെലോഷിപ്പ് സർവകലാശാല നിർത്തലാക്കി. രോഹിതിന്റെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനുള്ള ഏക ആശ്രയമായിരുന്നു ഈ ഫെലോഷിപ്പ്. അച്ഛനാല്‍ നേരത്തെ തന്നെ ഉപേക്ഷിക്കപ്പെട്ട രോഹിത്തിനെ തന്നാലാവും വിധം പിന്തുണച്ചിരുന്നു അമ്മ രാധിക വെമുല. എല്ലാ പ്രതിസന്ധികള്‍ക്കിടയില്‍നിന്നും പഠിച്ച് രാജ്യത്തെ പ്രധാനപ്പെട്ട ഒരു കേന്ദ്ര സര്‍വകലാശാലയിലെത്താന്‍ സാധിച്ചുവെന്നതുതന്നെ അയാള്‍ താണ്ടിയ ദൂരത്തെ സൂചിപ്പിക്കുന്ന കാര്യമാണ്.

അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷന്റെ ഭാഗമായി രോഹിത് നടത്തിയ രാഷ്ട്രീയ പ്രവർത്തനങ്ങളിലാണ് എബിവിപി പരാതി നൽകിയത്. പരാതി കേന്ദ്രമന്ത്രിയും അന്നത്തെ സെക്കന്തരാബാദ് എംപിയുമായ ബന്ദാരു ദത്താത്രേയ അന്നത്തെ മാനവ വിഭവശേഷി മന്ത്രി സ്‌മൃതി ഇറാനിക്ക് കൈമാറുകയും അവർ വിഷയം സമഗ്രമായി അന്വേഷിക്കണമെന്ന് സർവകലാശാലയ്ക്കു നിർദേശം നൽകുകയും ചെയ്തു. സർവകലാശാല രോഹിത്ത് ഉൾപ്പെടെ നാലുപേരെ ഹോസ്റ്റൽ മുറിയിൽനിന്ന് പുറത്താക്കി. ഇതേത്തുടർന്ന് രോഹിത് ഉൾപ്പെടെയുള്ള വിദ്യാർഥികൾ ക്യാംപസില്‍ നിരാഹാര സമരം ആരംഭിച്ചു. സാമ്പത്തികമായ പിന്നോക്കാവസ്ഥ നേരിടുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ ഗൗരവതരമായ പ്രശ്നമാണ് തങ്ങളുടെ ഹോസ്റ്റല്‍ മുറി നഷ്ടമാവുകയെന്നത്. ഹോസ്റ്റലിൽനിന്ന് പുറത്താക്കിയതിനെതിരായ രാപകൽ സമരത്തിനിടെയാണ് രോഹിത് ജീവനൊടുക്കിയത്.

രോഹിത്തിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ അപ്പാ റാവു, ബന്ദാരു ദത്താത്രേയ, തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം എൻ രാമചന്ദർ റാവു, എബിവിപി നേതാക്കൾ, വനിതാ ശിശു വികസന മന്ത്രിയുമായ സ്മൃതി ഇറാനി എന്നിവർക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ ഇവരെയൊക്കെ വിശുദ്ധരാകുന്നതാണ് പോലീസിന്റെ റിപ്പോർട്ട്.

രോഹിത്തിന്റെ ആത്മഹത്യയിലേക്കു നയിച്ചതിന് വ്യക്തമായ കാരണങ്ങളോ വ്യക്തികളോ ഇല്ലെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ''സർവകലാശാല തീരുമാനത്തോട് ദേഷ്യമുണ്ടായിരുന്നെങ്കിൽ രോഹിത് അത്, തീർച്ചയായും പ്രത്യേക വാക്കുകളിൽ എഴുതുമായിരുന്നു. എന്നാൽ അത് ചെയ്തിട്ടില്ല. അക്കാലത്ത് സര്‍വകലാശാലയില്‍ നിലനിന്നിരുന്ന സാഹചര്യങ്ങള്‍ മരണത്തിനു കാരണമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്,'' റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം, ക്ലോഷർ റിപ്പോർട്ട് കോടതി പരിഗണിച്ച ശേഷം പ്രതികരിക്കാമെന്നാണ് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല പറഞ്ഞിരിക്കുന്നത്.

''എനിക്ക് എന്റെ ബാല്യകാലത്തെ ഏകാന്തതയില്‍നിന്ന് ഒരിക്കലും മുക്തനാകാന്‍ സാധിച്ചിട്ടില്ല, ആരാലും അംഗീകരിക്കപ്പെടാത്ത കുട്ടിയാണ് എന്റെ ഭൂതകാലത്തില്‍ മുഴുവന്‍,'' എന്നായിരുന്നു രോഹിത് ആത്മഹത്യ കുറിപ്പില്‍ എഴുതിയത്. രോഹിതിന്റെ ആത്മഹത്യയെത്തുടർന്ന് സർവകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തി. എട്ടുവർഷമായി തന്റെ മകന് നീതി ലഭിക്കണമെന്ന ആവശ്യമുവായി രാധിക വെമുല കയറിയിറങ്ങാത്ത വാതിലുകളില്ല. ഇന്ത്യയിലുടനീളം സഞ്ചരിച്ച അവർ അസംഖ്യം ക്യാമ്പസുകളിൽ കുട്ടികളോട് സംവദിച്ചു.

രോഹിത് വെമുല

തെലങ്കാന ഭരണകൂടവും പോലീസും കേന്ദ്ര സർക്കാരും പൂർണമായും രോഹിതിന്റെ മരണത്തിനു കാരണക്കാരായവരോടൊപ്പമാണ് കഴിഞ്ഞ എട്ട് വർഷവും നിന്നത്. അപ്പ റാവു വൈസ് ചാന്‍സലറായിരുന്ന കാലത്ത് കടുത്ത വിദ്യാര്‍ത്ഥി വിരുദ്ധത ആ കാംപസില്‍ നടന്നിട്ടുണ്ടെന്നതിന് തെളിവുകളുണ്ട്. ആ കാലയളവില്‍ ഹോസ്റ്റല്‍ മുറികളില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം മാത്രം നോക്കിയാല്‍ മതി അപ്പ റാവു ആ കലാലയത്തെ എങ്ങനെയായിരുന്നു മുന്നോട്ടുകൊണ്ടുപോയതെന്ന് മനസിലാക്കാന്‍. എന്നാൽ, രോഹിതിന്റെ ആത്മഹത്യയെത്തുടർന്ന് നീണ്ട അവധിയിൽ പ്രവേശിച്ച അന്നത്തെ വിസി അപ്പ റാവു പിന്നീട് എല്ലാം തണുത്തപ്പോൾ തിരിച്ചെത്തി.

പ്രസംഗിക്കുന്ന രോഹിത് വെമുല

തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ നിലവിൽ വന്ന് നാല് മാസം കഴിഞ്ഞാണ് ഇപ്പോൾ ഈ കേസ് പോലീസ് അവസാനിപ്പിക്കുന്നത്. ഭാരത് ജോഡോയുടെ സമയത്ത് രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച് രാധിക വെമുല യാത്രയിൽ പങ്കെടുത്തിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി രോഹിത് വെമുല ആക്ട് നടപ്പാക്കുമെന്ന് ഉറപ്പുനൽകിയ വ്യക്തികൂടിയാണ് രാഹുൽ ഗാന്ധി. ഈ സഹതാപം മുഴുവന്‍ കോരിച്ചെരിയുമ്പോള്‍ തന്നെ കോണ്‍ഗ്രസിന് ഈ സ്ഥാപനവല്‍കൃത കൊലപാതകത്തിലുള്ള പങ്ക് മറച്ചുവയ്ക്കാന്‍ സാധിക്കില്ല.

ഒരു കോണ്‍ഗ്രസ് സര്‍ക്കാരിന് ഈ അനീതിയെ പുറത്ത് കൊണ്ടുവരാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, രോഹിത്തിന്റെ സ്വത്വത്തെ പോലും റദ്ദാക്കുന്ന റിപ്പോര്‍ട്ട് കോടതിയിലെത്തുന്ന സാഹചര്യമില്ലാതാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നത് നിഷ്‌കളങ്കമായി കാണാന്‍ സാധിക്കില്ല. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും മനുഷ്യത്വവിരുദ്ധ നയങ്ങള്‍ സ്വീകരിച്ച വൈസ് ചാന്‍സിലര്‍ അപ്പ റാവു നിയമിക്കപ്പെടുന്നതും കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രഭരണത്തിലിരിക്കുമ്പോഴാണ്.

രാധിക വെമുല ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം

ഒരു മനുഷ്യന്റെ മൂല്യം വോട്ടോ ഒരു സംഖ്യയോ ഒരു വസ്തുവോ മാത്രമായി കണക്കാക്കുന്ന സംവിധാനത്തിന്റെ തീരുമാനങ്ങളില്‍ ഒട്ടും വിശ്വാസമില്ലാതിരുന്ന രോഹിത്തിനെ ഈ തീരുമാനം കൊണ്ട് ഇല്ലാതാക്കാൻ ഭരണകൂടത്തിനു സാധിക്കില്ലെന്ന് അയാളുടെ മരണത്തിനുശേഷമുള്ള എട്ട് വർഷം തെളിയിച്ചതാണ്. ജീവിതം തനിക്കിഷ്ടപ്പെട്ട രീതിയില്‍ എപ്പോഴെങ്കിലും മാറണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് രോഹിത്. ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്നും അങ്ങനെ സംഭവിക്കാന്‍ ഈ സംവിധാനം അനുവദിക്കില്ലെന്നും മനസിലാക്കിയ സാഹചര്യത്തിലാണ് ജീവിതം അവസാനിപ്പിക്കാന്‍ അയാള്‍ തീരുമാനിക്കുന്നത്.

രോഹിത്തിനെ പേടിച്ചതുപോലെ മറ്റൊരു വിദ്യാർത്ഥി നേതാവിനെയും ഇന്ത്യയിലെ ഭരണകൂടം ഭയന്നിട്ടുണ്ടാവില്ല. എല്ലാ സർവകലാശാലയിലെയും വിദ്യാർത്ഥികളെ ഇതുപോലെ ഒരുമിച്ചുനിർത്താനും വിശ്രമമമില്ലാത്ത സമരത്തിലേക്ക് നയിക്കാനും മറ്റൊരു നേതാവിനും സാധിച്ചുകാണില്ല. "എനിക്ക് വേദനയില്ല, വിഷമമില്ല, എന്നിൽ ശൂന്യത മാത്രമേയുള്ളൂ," എന്നെഴുതിയ രോഹിത്തിന്റെ അത്മഹത്യ കുറിപ്പിൽ കാൾ സാഗനെക്കുറിച്ചും പറയുന്നുണ്ട്.

ശൂന്യത മാത്രമേ ഉള്ളിലുള്ളൂയെന്ന് എഴുതുന്ന രോഹിത്, കാൾ സഗനിലൂടെ നക്ഷത്രങ്ങളെയും പ്രകൃതിയെയും ഓർമിക്കുന്നു. ജനാധിപത്യ വിശ്വാസികളായ ഈ രാജ്യത്തെ ഓരോ വിദ്യാർത്ഥിയുടെ മനസിലും ഓരോ ക്യാമ്പസുകളിലും അണയാത്ത ആവേശവും ധൈര്യവും പകർന്ന് രോഹിത് ഇങ്ങനെ തന്നെയുണ്ടാകും. രോഹിത്തിനെ കടന്നുവച്ച് പോകാനാകാത്ത വിധം ചരിത്രത്തിൽ അയാൾ അടയാളപ്പെട്ടുകഴിഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും