FOURTH SPECIAL

ബഷീർമാവ്

'മനുഷ്യരെ തേന്മാവുകളാക്കി മാറ്റുന്ന വാക്കുകളുടെ സൗന്ദര്യാഭിചാരമായിരുന്നു ബഷീറിന്റെ കല.' വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് നിരൂപകൻ സജയ് കെവി എഴുതുന്നു

സജയ് കെ വി
ബഷീർസ്മരണ, ഒരു തരം സസ്യാത്മകമായ ജൈവികതയോടെ മലയാളിയുടെ സാംസ്കാരികസ്മൃതിമണ്ഡലത്തിൽ ഇപ്പോഴും പച്ചപിടിച്ചു തന്നെ നിൽക്കുന്നു. കാലം പോകുംതോറും അതിന് പുതിയ ശിഖരങ്ങളുണ്ടാകുന്നു, അവയിൽ പുതിയ പൂക്കളും ഫലങ്ങളുമുണ്ടാകുന്നു.

വൈക്കം മുഹമ്മദ് ബഷീർ എന്ന 'ബഷീറി'ന്റെ ചരമാനന്തരം, താൻ ജോലി ചെയ്തിരുന്ന സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ മുറ്റത്ത് കവി ഡി വിനയചന്ദ്രൻ ഒരു മാവിൻതൈ നട്ടതായും അതിന്റെ കാതിൽ (അതെ, കാതിൽ!) മൂന്നുരു, 'വൈക്കം മുഹമ്മദ് ബഷീറേ' എന്ന് പേരുചൊല്ലി വിളിച്ചതായും കേട്ടിട്ടുണ്ട്. എഴുത്തുകാരനായ ബഷീറിനുള്ള സൗന്ദര്യോന്മാദം നിറഞ്ഞ സ്മാരകനിർമ്മാണമായിരുന്നു അത്. ഒന്നാമതായി, ചരാചരപ്രണയിയായ ഒരെഴുത്തുകാരനുള്ള സചേതനസ്മാരകമെന്ന നിലയിൽ. രണ്ടാമതായി, 'തേന്മാവ്' പോലൊരു കഥയെഴുതിയ ഹൃദയാലുവായ ഭാവനാസമ്പന്നനുള്ള ഉചിതമായ പ്രണാമം എന്ന നിലയിൽ. ഒരുപക്ഷേ, മലയാളസാഹിത്യത്തിൽ ഒരു ബഷീറിനു മാത്രം കൈവന്നിട്ടുള്ള ഒരു വിചിത്രസ്മാരകമായിരിക്കും ആ മാവ്. മനുഷ്യനെന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും ബഷീർ സൃഷ്ടിച്ച ഉന്മാദവും കാല്പനികതയും കവിതയും നിറഞ്ഞ ലോകത്തോടുള്ള പ്രതിഭയുടെ ഉന്മാദം നിറഞ്ഞ ഒരു കവിയുടെ സ്നേഹാദരങ്ങളുടെ വിചിത്രപ്രകാശനമായിരുന്നു അത്. ബഷീറിന്റെ സ്മാരകം ഒരിക്കലും ഒരു ജഡവസ്തുവാകരുത് എന്ന് കവി തിരിച്ചറിഞ്ഞു; ബഷീറിനെ പ്രതിനിധീകരിക്കുന്ന സചേതനരൂപകം ഒരു മാവു തന്നെ ആയിരിക്കണം എന്നും.

കഥാകാരനു വേണ്ടി കവി നട്ട ആ മാവിൻതൈ വേണ്ടപോലെ പരിചരിക്കപ്പെട്ടോ എന്നും അതിപ്പോഴും ആ വിദ്യാലയാങ്കണത്തിൽ ഉണ്ടോ എന്നും അറിയില്ല. അതെന്തു തന്നെയായാലും ബഷീർസ്മരണ, ഒരു തരം സസ്യാത്മകമായ ജൈവികതയോടെ മലയാളിയുടെ സാംസ്കാരികസ്മൃതിമണ്ഡലത്തിൽ ഇപ്പോഴും പച്ചപിടിച്ചു തന്നെ നിൽക്കുന്നു. കാലം പോകുംതോറും അതിന് പുതിയ ശിഖരങ്ങളുണ്ടാകുന്നു, അവയിൽ പുതിയ പൂക്കളും ഫലങ്ങളുമുണ്ടാകുന്നു.

ബഷീർ അഗാധമായി സ്വാംശീകരിച്ചിരുന്ന ഇസ്ലാമിന്റെ വെളിച്ചം കൂടിയാണ് ഈ കഥയുടെ ഉൾവെളിച്ചം എന്ന് ഈയ്യിടെ മനസ്സിലായി. നബിയുടെ അപദാനങ്ങൾ വിവരിക്കുന്ന 'ഹദീസു'കളിൽ ഒന്നുമായി പരിചയപ്പെട്ടപ്പോളായിരുന്നു അത്

ബഷീറിന്റെ ഏറ്റവും ചെറുതും മനോഹരവുമായ ചെറുകഥ,'തേന്മാവ്' തന്നെയായിരിക്കും; തനിക്ക് അവസാനമായി കൈവന്ന കുടിനീരിൽ പാതി, പാതയോരത്തു നിന്ന വാടിത്തളർന്ന മാവിൻതൈയുടെ ചുവട്ടിലൊഴിച്ചതിനു ശേഷം എന്നേയ്ക്കുമായി കണ്ണടച്ച 'യൂസുഫ് സിദ്ദിഖ്' എന്ന സൂഫിവൃദ്ധന്റെ കഥ. ആ വിശുദ്ധന് അവസാനത്തെ കുടിനീർ പകരാനായി കണ്ടുമുട്ടുകയും തുടർന്ന്, ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും വിധം ആശയാഭിരുചികളാൽ ഐക്യപ്പെടുകയും ചെയ്ത റഷീദിന്റെയും അസ്മയുടെയും കൂടി കഥയാണത്. ആ മാവിൻതൈ അവർ സ്വന്തം വീട്ടിൽ നട്ടു പരിപാലിക്കുന്നു. അതിൽ അപൂർവ്വമാധുര്യമുള്ള മാമ്പഴങ്ങളുണ്ടാകുന്നു. ഇതൊന്നുമല്ല കഥയുടെ ശരിയായ 'ക്ലൈമാക്സ്' എന്ന് അതു വായിച്ചിട്ടുള്ളവർക്കറിയാം. തങ്ങളുടെ മകന് അസ്മയും റഷീദും 'യൂസുഫ് സിദ്ദിഖ്' എന്ന പേരു നൽകുന്നു. അങ്ങനെ നന്മയുടെ ആ തേന്മാവ് അവനിലൂടെയും വളരുന്നു. മനുഷ്യരെ തേന്മാവുകളാക്കി മാറ്റുന്ന വാക്കുകളുടെ സൗന്ദര്യാഭിചാരമായിരുന്നു ബഷീറിന്റെ കല. അതിന്റെ വാങ്മയസ്മാരകം പോലെയും ഈ കഥ.

ബഷീർ അഗാധമായി സ്വാംശീകരിച്ചിരുന്ന ഇസ്ലാമിന്റെ വെളിച്ചം കൂടിയാണ് ഈ കഥയുടെ ഉൾവെളിച്ചം എന്ന് ഈയ്യിടെ മനസ്സിലായി. നബിയുടെ അപദാനങ്ങൾ വിവരിക്കുന്ന 'ഹദീസു'കളിൽ ഒന്നുമായി പരിചയപ്പെട്ടപ്പോളായിരുന്നു അത്. പ്രവാചകന്റെ മകളായ ഫാത്തിമയെ പരിണയിച്ച അലിയുടെ കഥയാണത്. ഫാത്തിമയ്ക്കുള്ള പ്രണയപാരിതോഷികമായി അലി, ഏറെ പ്രയാസപ്പെട്ട്, അവൾക്കേറ്റവും പ്രിയപ്പെട്ട ഒരു ഉറുമാമ്പഴം (മാതളം) കൊണ്ടുവരുന്നു. മാർഗ്ഗമധ്യേ, അവശനും രോഗിയുമായിക്കിടന്ന് ഭക്ഷണത്തിനപേക്ഷിച്ചിരുന്ന ഒരു ഭിക്ഷക്കാരന് വിശപ്പടക്കാൻ വേണ്ടി ആ പഴം കൊടുത്തതിനു ശേഷം വെറും കയ്യുമായി വീട്ടിൽ മടങ്ങിയെത്തുകയാണ് അലി. എല്ലാം കണ്ടറിഞ്ഞ അല്ലാഹു, അലിക്കും ഫാത്തിമയ്ക്കുമായി, ഒരു കുട്ട ഉറുമാമ്പഴങ്ങൾ തന്നെ, ഭൂമിയിലേയ്ക്കയച്ചു കൊടുക്കുന്നു. ഈ ഹദീസിന്റെ ആത്മീയമാധുര്യമാണ് ബഷീറിന്റെ 'തേന്മാവ്' എന്ന കഥയുടെ ചിരന്തനമാധുര്യമായി മാറിയതെന്ന് ഞാൻ കരുതുന്നു; ആ തേന്മാവിനാൽ പ്രതിനിധീകരിക്കാവുന്നതാണ് മുഴുവൻ ബഷീർസാഹിത്യവും എന്നും.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍