FOURTH SPECIAL

പിഎസ്‍സി പണം കായ്ക്കുന്ന മരം?

പിഎസ്‍സി അംഗമാവാന്‍ എന്താണ് ഇത്ര ആവേശം. അതും വെറും ആറു വര്‍ഷം മാത്രം സര്‍വീസുള്ള ഒരു പദവിക്ക് വേണ്ടി

കെ ആർ ധന്യ

ഒരു പിഎസ്‍സിഅംഗത്തിന്റെ നിയമനത്തിന് സിപിഎമ്മിന്റെ പ്രാദേശിക നേതാവ് 60 ലക്ഷംരൂപ വാങ്ങി എന്നാണല്ലോ ഇപ്പോള്‍ പുറത്തുവരുന്ന ആരോപണം. അതു സിപിഎമ്മും സര്‍ക്കാരും തള്ളി. അതിന്റെ സത്യം പിന്നീട് പുറത്ത് വരട്ടെ. എന്നാല്‍ പിഎസ്‍സി അംഗമാവാന്‍ എന്താണ് ഇത്ര ആവേശം. അതും വെറും ആറു വര്‍ഷം മാത്രം സര്‍വീസുള്ള ഒരു പദവിക്ക് വേണ്ടി. കേള്‍ക്കുമ്പോള്‍ അതിശയമായിത്തോന്നും. എന്നാല്‍ പിഎസ്‍സി എന്ന പണം കായ്ക്കുന്ന മരത്തെ ശരിക്ക് അറിഞ്ഞാല്‍ ആ ആശ്ചര്യം മാറും.

ആദ്യം കുറച്ച് കണക്കുകള്‍ പരിശോധിക്കാം. കേരള പിഎസ്‍സിയില്‍ ഉള്ളത് 21 അംഗങ്ങള്‍. രാജ്യത്ത് ഒരിടത്തും യുപിഎസ്‍സിയില്‍ പോലും ഇത്രയും അംഗങ്ങള്‍ ഇല്ല. യുപിഎസ്‍സിയില്‍ ഉള്ളത് പത്ത് അംഗങ്ങള്‍. തമിഴ്നാട്ടിലും കര്‍ണാടകയിലും 15 പേര്‍, പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലും യുപിയിലും എല്ലാം അഞ്ച് അംഗങ്ങള്‍ വീതം. കേരളത്തേക്കാള്‍ ജനസംഖ്യയിലും വിസ്തൃതിയിലുമെല്ലാം വലുതായ സംസ്ഥാനങ്ങളിലെല്ലാം പിഎസ്‍സിയില്‍ ഇത്ര അംഗങ്ങളുള്ളപ്പോള്‍ കേരളത്തില്‍ മാത്രം അത് 21 ആവുന്നതെന്തുകൊണ്ട്?

അതിന് കൃത്യമായി ഉത്തരമൊന്നും ആര്‍ക്കും പറയാനില്ല. ബോട്ട് സ്രാങ്ക് മുതല്‍ മുകളിലേക്കുള്ള എല്ലാ ജോലികളും പിഎസ്‍സി വഴി നിയമനം നടത്തുന്ന സംസ്ഥാനമായതിനാല്‍ കേരളത്തില്‍ അത്രയും അംഗങ്ങളുടെ ആവശ്യമുണ്ടെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിയമനങ്ങള്‍ ഏജന്‍സികള്‍ വഴിയാവുമ്പോള്‍ കേരളത്തില്‍ ഏറ്റവും സുതാര്യതയോടെ അത് നടക്കുന്നത് പിഎസ്‍സി എന്ന സംവിധാനമുള്ളതുകൊണ്ടാണ് എന്നാണ് ഇവരുടെ വാദം. സുതാര്യത പോയ പല വിഷയങ്ങളും ഇക്കാലത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിലേക്ക് തല്‍ക്കാലം കടക്കേണ്ട. കണക്കുകളില്‍ തന്നെ ശ്രദ്ധിക്കാം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പിഎസ്‍സി അംഗങ്ങള്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ അംഗങ്ങളാവാന്‍ യോഗ്യത നേടിയവരെ ഒന്ന് നോക്കാം. പിളര്‍ന്ന് പിളര്‍ന്ന് ഇനി പിളരാന്‍ പോലും ബാക്കിയില്ലാത്ത പാര്‍ട്ടികള്‍ പോലും പിഎസ്‍സി അംഗത്വത്തിനായി പിടിവലിയായിരുന്നു എന്നാണ് ഉള്ളിലുള്ള സംസാരം. കേരളത്തിലെ പാര്‍ട്ടികള്‍ക്കെല്ലാം പദവി കൊടുത്തുവരുമ്പോള്‍ പിന്നെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതെങ്ങനെയാ. അതും പോരാഞ്ഞിട്ട് ശമ്പള പരിഷ്‌ക്കരണവും നടപ്പാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോള്‍ ഇത്രയും ഉയര്‍ന്ന തുക പിഎസ്‍സി അംഗങ്ങളുടെ ശമ്പളത്തിനും പെന്‍ഷനും മാത്രമായി ചെലവഴിക്കുന്നത് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

മറ്റ് സര്‍വീസുകളില്‍ കയറിയാല്‍ 56 വയസ്സുവരെ കാത്തിരിക്കണം പെന്‍ഷന്‍ കിട്ടാന്‍. എന്നാല്‍ പിഎസ്‍സി അംഗമായാല്‍ അതും വേണ്ട. ആറ് വര്‍ഷത്തെ പിരീഡ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന അന്ന് മുതല്‍ മരണം വരെ ശമ്പളത്തിന്റെ 45 ശതമാനം പെന്‍ഷനായി ലഭിക്കും

എത്രയാണ് ശമ്പളം? പിഎസ്‍സി ചെയര്‍മാന് അടിസ്ഥാന ശമ്പളം മാത്രം 76,450 രൂപ. മറ്റ് അംഗങ്ങള്‍ക്ക് 70,290 രൂപയും. എന്നാല്‍ അടിസ്ഥാന ശമ്പളത്തേക്കാള്‍ ഡിഎ ആണ് ഹൈലൈറ്റ്. 223ശതമാനം ഡിഎ. അടിസ്ഥാന ശമ്പളത്തേക്കാള്‍ രണ്ട് ഇരട്ടിയിലധികം. ചെയര്‍മാന് സര്‍ക്കാര്‍ വീട് നല്‍കും. മറ്റ് അംഗങ്ങള്‍ക്ക് വാടക ഇനത്തില്‍ 10,000 രൂപയും കണ്‍വേയന്‍സ് അലവന്‍സ് 5000 രൂപയും ലഭിക്കും. യാത്രാസൗകര്യവും സര്‍ക്കാര്‍ ചെലവില്‍ സുരക്ഷിതം. ചെയര്‍മാന് സര്‍ക്കാര്‍ വാഹനം നല്‍കും. അംഗങ്ങള്‍ക്ക് കാറ് വാങ്ങാനായി പലിശ രഹിത വായ്പയും. അങ്ങനെ നോക്കിയാല്‍ രണ്ട് ലക്ഷത്തിനും രണ്ടര ലക്ഷത്തിനും ഇടയ്ക്കാണ് ഓരോ അംഗത്തിനും മാസ വരുമാനം. ചെയര്‍മാന് 2.24 ലക്ഷം, മറ്റ് അംഗങ്ങള്‍ക്ക് 2.19ലക്ഷം. ഇനി ശമ്പളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ, അത് എത്രയാണെന്നോ? ചെയര്‍മാന് നാല് ലക്ഷവും മറ്റ് അംഗങ്ങള്‍ക്ക് 3.75 ലക്ഷവും. അതും നാല് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ വേണമെന്നാണ് തീരുമാനം.

മറ്റ് സര്‍വീസുകളില്‍ കയറിയാല്‍ 56 വയസ്സുവരെ കാത്തിരിക്കണം പെന്‍ഷന്‍ കിട്ടാന്‍. എന്നാല്‍ പിഎസ്‍സി അംഗമായാല്‍ അതും വേണ്ട. ആറ് വര്‍ഷത്തെ പിരീഡ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന അന്ന് മുതല്‍ മരണം വരെ ശമ്പളത്തിന്റെ 45 ശതമാനം പെന്‍ഷനായി ലഭിക്കും. ആറ് വര്‍ഷം പൂര്‍ത്തിയാക്കാത്തവര്‍ക്കും ഇതു ലഭിക്കും. സര്‍ക്കാര്‍ സമ്പൂര്‍ണമായും ചികിത്സാ ചെലവും വഹിക്കും.

ഭരണഘടനാ പദവിയിലുള്ള പിഎസ്‍സി അംഗങ്ങള്‍ക്ക് അതിന് യോജിച്ച എല്ലാ ആനുകൂല്യങ്ങളും വേറെയും ലഭിക്കും. മരിച്ചാല്‍ പോലും സര്‍ക്കാര്‍ ബഹുമതികളോടെ യാത്രയാവാം. ഇനി തിരഞ്ഞെടുക്കപ്പെടണമെങ്കിലോ, യോഗ്യതയൊന്നും കൃത്യമായി പറഞ്ഞിട്ടില്ല. 62 വയസ്സ് കഴിയരുത് എന്ന് മാത്രമാണ്. അക്കാഡമീഷ്യന്‍സ് ആവണമെന്നുണ്ടെങ്കിലും പിഎച്ച്ഡി പൂര്‍ത്തിയാക്കി മറ്റ് യോഗ്യതകളൊന്നും ഇല്ലാത്തവരും അംഗങ്ങളാണ്.

അംഗങ്ങളുടെ ശമ്പളം ഉയര്‍ത്തണമെന്ന് പറയുമ്പോള്‍ കേരളത്തില്‍ പിഎസ്‍സി വഴി നടക്കുന്ന നിയമനങ്ങളില്‍ വന്നിട്ടുള്ള കുറവാണ് ചിലര്‍ എടുത്തുകാട്ടുന്നത്. ഓരോ വര്‍ഷവും കാതലായ കുറവാണ് നിയമനത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് കണക്ക് പരിശോധിച്ചാല്‍ മനസ്സിലാവും. 2016ല്‍ 37, 530 പേര്‍ക്ക് നിയമനം, 2017ല്‍ 35, 911, 2018ല്‍ 28, 025, 2019ല്‍- 35, 422, 2020ല്‍ 25, 914, 2021ല്‍ 26, 724, 2022ല്‍- 22, 393 എന്നിങ്ങനെയാണ് നിയമനക്കണക്കുകള്‍. നിയമനം ലഭിക്കാതെ തെരുവിലിറങ്ങിയ നിരവധി ഉദ്യോഗാര്‍ഥികളേയും നമ്മള്‍ കണ്ടു. ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഉള്ള ലാസ്റ്റ് ഗ്രേഡ്, എല്‍ഡിസി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഒന്നിനും അഭിമുഖമില്ല. എഴുത്ത്പരീക്ഷ മാത്രമാണ്. അഭിമുഖത്തില്‍ ഇരിക്കുക എന്നതാണ് അംഗത്തിനുള്ള ഏറ്റവും കഠിനമായ ജോലി. അതിനുള്ള അവസരവും വളരെ കുറവാണ്. പകുതി അംഗങ്ങള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നാവണമെന്നുണ്ട്. അങ്ങനെയാണ് വിരമിച്ചവര്‍ ഈ പദവിയിലേക്കെത്തുന്നത്. പക്ഷേ രാജിവച്ചെത്തുന്നവരും ഇപ്പോള്‍ കുറവല്ലല്ലോ.

ഇതൊക്കെയാണെങ്കിലും ഇത്രയും നല്ല സുഖ ജീവിതം, നല്ല ശമ്പളം, പെന്‍ഷന്‍.. പിന്നെ പിഎസ്‍സി അംഗമാവാന്‍ ആരും ആഗ്രഹിച്ച് പോവില്ലേ?

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്