സപ്തഭാഷാ സംഗമ ഭൂമിയെന്നാണ് കാസര്‍ഗോഡ് ജില്ലയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിന് പുറമെ കന്നഡ, തുളു, കൊങ്ങിണി, മറാഠി, ഉറുദു, ബ്യാരി എന്നീ ഭാഷകളുടെ ഒത്തുചേരലിന്റെ കാഴ്ചയാണ് കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയുടെ പ്രത്യേകത. പലര്‍ക്കും മലയാളത്തേക്കാള്‍ കൂടുതല്‍ വഴങ്ങുന്നത് ചിലപ്പോള്‍ മറ്റു ഭാഷകളാണ്. എന്നാല്‍ ഈ ഭാഷാ വൈവിധ്യം കൗതുകം തോന്നിക്കും വിധം അവതരിപ്പിക്കുകയാണ് ജില്ലയിലെ കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ പാണ്ടിയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയം.
പാണ്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കന്നഡ, മലയാളം ഡിവിഷനുകളിലായി ആകെ 350 കുട്ടികള്‍. ഏറെയും കര്‍ഷകരുടെ മക്കള്‍. ദക്ഷിണ കന്നഡയുടെ സ്വാധീനമുള്ള മണ്ണിലെ ഭാഷാ വൈവിധ്യം ഓരോ കുട്ടികളിലും പ്രകടമാണ്. സ്‌കൂളില്‍ ചേരുന്ന പ്രത്യേക അസംബ്ലിയിലൂടെ വിവിധ ഭാഷകള്‍ കോര്‍ത്തിണക്കി തുളുനാടിന്റെ സംസ്‌കാരം അടയാളപ്പെടുത്തുകയാണ് പാണ്ടി. കന്നഡയിലുള്ള പ്രാര്‍ത്ഥനയും തുളു ഭാഷയിലെ പ്രതിജ്ഞയും ബ്യാരിയിലെ ആശംസയും അങ്ങനെ എല്ലാത്തിനും നേതൃത്വം കുട്ടികള്‍ തന്നെ. 'ടീം പാണ്ടി' എന്ന അധ്യാപകരുടെ കൂട്ടായ്മയാണ് സ്‌കൂളിലെ ഈ വ്യത്യസ്തത തിരിച്ചറിഞ്ഞ് 'സപ്തഭാഷാ അസംബ്ലി' എന്ന ആശയത്തിന് രൂപം നല്‍കിയത്.