ചരിത്ര ദിവസങ്ങളെ എങ്ങനെ കാണുന്നുവെന്നത് ഒരോരുത്തരുടെയും നിലപാടുകളുടെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും ഭിന്നമായ വീക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും 2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതുമുതല്‍. ദേശീയതയെ സംബന്ധിച്ചുള്ള, അതുവരെ പ്രബലമായ കാഴ്ചപാടില്‍നിന്ന് വ്യത്യസ്തമായ നിലപാടുകള്‍ ശക്തിപ്പെട്ടതോടെയാണ് ഇത് വ്യാപകമായത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഹൈദരബാദുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം. ഇന്ത്യയില്‍ ചേരാന്‍ വിസമ്മതിച്ച നിസ്സാമിന്റെ ഹൈദരബാദിനെ സൈനികമായി കീഴ്‌പെടുത്തിയതിനെ ചൊല്ലി, തെലുങ്കാനയിലെ ഭരണ കക്ഷി ടി ആര്‍ എസ്സും ബി ജെ പിയും തമ്മില്‍ തര്‍ക്കം ശക്തമായിരിക്കുകയാണ്. ഹൈദരബാദിനെ നിസ്സാമില്‍നിന്ന് മോചിപ്പിച്ച ദിവസത്തെ - ദേശീയ വിമോചന ദിവസമായി ബിജെപിയും കേന്ദ്ര സര്‍ക്കാരും കാണുമ്പോള്‍ ദേശീയോദ്ഗ്രഥന് ദിവസമായാണ് ടി ആര്‍ എസ് വിലയിരുത്തുന്നത്. ഇന്നേ ദിവസം 1948 ലായിരുന്നു ഹൈദരബാദ് ഇന്ത്യയില്‍ ലയിച്ചത്.
1948 സെപ്റ്റംബര്‍ 17 നാണ് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിച്ച ഹൈദരാബാദിനെ സൈനിക നടപടിയിലൂടെ രാജ്യത്തിന്റെ ഭാഗമാക്കിയത്. ഇന്ത്യയോട് ലയിക്കാന്‍ പല തവണ നെഹ്‌റു സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഉസ്മാന്‍ അലി വിസമ്മതിച്ചു. തുടര്‍ന്ന് ഹൈദരാബാദെന്ന നാട്ടുരാജ്യത്തിലേക്ക് 1948 സെപ്റ്റംബര്‍ 13 ന് ഇന്ത്യന്‍ സൈന്യം പ്രവേശിച്ചു. വെറും 150 മണിക്കൂര്‍ നീണ്ട ഓപ്പറേഷന് ശേഷം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ ഹൈദരാബാദ് സമ്മതിച്ചു. ഇന്ത്യന്‍ സൈന്യം നടത്തിയ ഈ നീക്കമമാണ് ഓപ്പറേഷന്‍ പോളോ എന്ന് അറിയപ്പെടുന്നത്.
1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാതെ സ്വതന്ത്രമായി നില്‍ക്കാനായിരുന്നു ഹൈദരാബാദിന്റെ തീരുമാനം. എന്നാല്‍ ഇന്ത്യയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹൈദരാബാദിന്റെ ആ തീരുമാനത്തോട് യോജിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും സര്‍ദാര്‍ വല്ലഭായി പട്ടേലിനും സാധിച്ചിരുന്നില്ല. സ്വതന്ത്രാനന്തരം ഇന്ത്യയോട് ചേരാതെ മാറി നിന്നത് ജമ്മു കശ്മീര്‍, ജുനഗഡ്, ഹൈദരാബാദ് എന്നീ നാട്ടു രാജ്യങ്ങളായിരുന്നു. കശ്മീരും ഹൈദരബാദും സ്വതന്ത്ര്യമായി നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ജുനഗഡ് പാകിസ്താനില്‍ ലയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഹൈദരാബാദ് ഭരണാധികാരിയായ നൈസാമുമായി പല വിധത്തിലുള്ള ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. സ്വന്തമായി കറന്‍സി, റെയില്‍ ഗതാഗതമടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉള്ള ഹൈദരാബദിന് ശക്തമായ സൈന്യവും ഉണ്ടായിരുന്നു. റസാക്കര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ഈ സംഘം കടുത്ത മനുഷ്യാവകാശ ലംഘനത്തിന് കുപ്രസിദ്ധരായിരുന്നു. വര്‍ഗീയമായ ആക്രമണങ്ങളും ഇവര്‍ നടത്തി. ഹൈദരാബാദ് ഇന്ത്യയുമായി ചേരുന്നതിന് ഏറ്റവും എതിര്‍ത്തിരുന്നത് മജ്ലിസ് ഇ ഇതേഹാദിന്റെ നേതൃത്വത്തിലുള്ള ഈ സൈന്യമായിരുന്നു. ഇവര്‍ ഹൈദരാബാദില്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ സൈന്യത്തെ അയച്ചതും കീഴടക്കിയതും. ഇപ്പോഴുള്ള തര്‍ക്കം രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. നിസ്സാം ഭരണത്തെ ഒരു രാജ ഭരണമെന്നതിനുപരി മുസ്ലീം ഭരണമായിട്ടാണ് ബിജെപി കാണുന്നത്. വിമോചന ദിനം എന്നത് മുസ്ലീം ഭരണത്തില്‍നിന്നുള്ള മോചനമായാണ് ബിജെപി ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കീഴടങ്ങിയതിന് ശേഷം നിസ്സാം ഇന്ത്യയില്‍ തന്നെ കഴിയുകയും ഹൈദരബാദിന്റെ സമ്പത്തില്‍ പലതും രാജ്യത്തിന് കൈമാറുകയും ചെയ്തു. ഡല്‍ഹിയിലെ ഹൈദരബാദ് ഹൗസ് ഇതിന്റെ ഉദാഹരണമാണ്. എങ്കിലും മുസ്ലീങ്ങള്‍ക്കെതിരായ പ്രച്ഛന്ന ആക്രമണത്തിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍ ബിജെപി ഹൈദരബാദില്‍ കാണിക്കുന്നതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.
നിസ്സാമിനെ കീഴടക്കിയെങ്കിലും ഇന്ത്യന്‍ സൈന്യം ഹൈദരബാദില്‍നിന്ന് ഉടന്‍ പിന്മാറിയില്ല. അതിന് കാരണം സൈന്യത്തെ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ വേണ്ടിയായിരുന്നുവെന്നതാണ് മറ്റൊരു പ്രധാന നിരീക്ഷണം. അന്ന് തെലങ്കാനയിലും പരിസരപ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍.പാര്‍ട്ടിയുടെ കല്‍ക്കത്ത കോണ്‍ഗ്രസിന് ശേഷം സായുധ പോരാട്ടം വിപ്ലവമാര്‍ഗമായി സ്വീകരിച്ച കാലം. ജന്മിമാരുടെ നിയന്ത്രണത്തിലുള്ള നൂറുകണക്കിന് ഗ്രാമങ്ങളാണ് പോരാട്ടത്തിലൂടെ കമ്മ്യൂണിസ്റ്റുകള്‍ അവരുടെ നിയന്ത്രണത്്തിലാക്കി, ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. ഈ ചെറുത്തുനില്‍പ്പിനെ അടിച്ചമര്‍ത്തുകയെന്നതായിരുന്നു സൈന്യത്തെ അവിടെ നിലിനിര്‍ത്തിയതിന് കാരണമായി ചില ചരിത്രകാരന്മാര്‍ പറയുന്നത്. ഏതായാലുംം നൂറുകണക്കിന് ആളുകള്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു. സിപിഐ പിന്നീട് സായുധ സമര മാര്‍ഗം ഒഴിവാക്കുകയും പാര്‍ലമെന്ററി പാത സ്വീകരിക്കുകയും ചെയ്തു.