FOURTH SPECIAL

കുലത്തൊഴിലിനൊപ്പം കുടിയൊഴിയുന്ന കുംഭാര ; സംരക്ഷിക്കാൻ നിഘണ്ടു

ഒരു ഗോത്രഭാഷ നശിക്കുമ്പോള്‍ ഒരു സമുദായം തന്നെയാണ് ഇല്ലാതാകുന്നതെന്ന് മനസിലാക്കിയാണ് ബാബു ചില ശ്രമങ്ങള്‍ നടത്തുന്നത്

എം എം രാഗേഷ്

മണ്‍കലമുണ്ടാക്കുന്ന കുമ്മറ സമുദായത്തിന്റെ കുംഭാര ഭാഷ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട് കക്കോടിയിലെ ബാബു. തെലുങ്കിനോട് ചേര്‍ന്ന് നില്‍ക്കുന്ന മലയാളം കലര്‍ന്ന ഭാഷയാണ് കുമ്മറ ഭാഷ അഥവാ കുംഭാര ഭാഷ. വാമൊഴിയായി മാത്രമുള്ള ഈ ഗോത്ര ഭാഷ നശിച്ചുപോകാതിരിക്കാന്‍ നിഘണ്ടു തയ്യാറാക്കിയിരിക്കുകയാണ് ബാബു.

ആയിരത്തിലധികം വാക്കുകളും അതിന്റെ അര്‍ത്ഥവുമെല്ലാം കുമ്മറ - മലയാളം നിഘണ്ടുവായി തയ്യാറാക്കിയ ബാബു ഇത് പ്രസിദ്ധീകരിക്കാൻ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമീപിച്ചിട്ടുണ്ട്. വാമൊഴിയായുള്ള 120 ൽ അധികം ഗോത്രഭാഷകള്‍ ഇതിനകം നശിച്ചുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു ഗോത്രഭാഷ നശിക്കുമ്പോള്‍ ഒരു സമുദായം തന്നെയാണ് ഇല്ലാതാകുന്നതെന്ന് മനസിലാക്കിയാണ് ബാബു 'സ്വമ്മ്' തയ്യാറാക്കിയിട്ടുള്ളത്. 'സ്വമ്മ്' എന്നാല്‍ കുംഭാര ഭാഷയില്‍ നിധി എന്നാണ് അര്‍ത്ഥം. ഒരു സമുദായത്തിന്റെ നിധിയാണ് കുമ്മറ.

പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് മധ്യ ആന്ധ്രയില്‍ നിന്ന് പലായനം ചെയ്ത് കുംഭാര സമുദായം മധുരയിലെത്തിയെന്നാണ് കരുതപ്പെടുന്നത് . പിന്നീട്  വര്‍ഷങ്ങളെടുത്താണ് കേരളത്തില്‍ പാലക്കാട്  ചിറ്റൂരില്‍ ഈ സമുദായം എത്തിയത്. ശക്തന്‍ തമ്പുരാന്റെ കാലത്താണ് ഭാരതപുഴയുടെ തീരങ്ങളില്‍ കള്ളിമണ്ണിന്റെ ലഭ്യത കണ്ട് ഇവരെത്തിയതെന്ന് കരുതുന്നു.

പലവിധ സാഹചര്യങ്ങളാല്‍ പല ഭാഗങ്ങളിലേക്ക് ചിതറി പോയെങ്കിലും ഗോത്ര ആചാരങ്ങളും ഭാഷയുമെല്ലാം സംരക്ഷിക്കാന്‍ ഈ സമുദായം ശ്രമിച്ചതുകൊണ്ടാണ് കുമ്മറ ഭാഷ ഇപ്പോഴും അവശേഷിക്കുന്നതെന്ന് ബാബു പറയുന്നു. ഈ ഭാഷ സംസാരിക്കുന്ന ഒരു ലക്ഷം പേര്‍ വരെ മുൻപ് ഉണ്ടായിരുന്നു. ഇപ്പോൾ അത് നേർ പകുതിയായി കുറഞ്ഞിട്ടുണ്ട്.

ഇരുപത് വര്‍ഷം കൂടെ കഴിയുമ്പോള്‍ ഈ ഭാഷ തന്നെ ഇല്ലാതായേക്കുമെന്ന് മനസിലാക്കിയാണ് പരമ്പരാഗത ഗോത്ര ഭാഷയ്ക്കായി ബാബു നിഘണ്ടു ഒരുക്കിയത്. കുമ്മറ ഭാഷയിലെ നാടന്‍പാട്ടുകളും വാമൊഴി പാട്ടുകളുമെല്ലാം  മത്സര വേദികളിലൂടെയും മറ്റുമായി പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ശ്രമങ്ങളും ബാബു നടത്തുന്നുണ്ട്. സന്തോഷ് പേരാമ്പ്ര ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും കേരള കുംഭാര സമുദായ സഭയുമെല്ലാം ബാബുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ