മറാത്തി ഉന്നമനത്തില്‍ തുടങ്ങി പിന്നീട് ഹിന്ദുത്വ അജണ്ടയെന്ന ആത്യന്തിക ലക്ഷ്യത്തിനായി ബാല്‍താക്കറെ രൂപം നല്‍കിയ കേഡര്‍ പാര്‍ട്ടി. നിരവധി പ്രതിസന്ധികള്‍, വെല്ലുവിളികള്‍, ആഭ്യന്തര പയറ്റുകള്‍; പാര്‍ട്ടിയായി രൂപമെടുത്ത് മൂന്ന് പതിറ്റാണ്ട് കഴിയുമ്പോഴേക്കും നേതൃത്വത്തില്‍ നിന്നുള്ള ആദ്യ കലാപക്കൊടി. 56 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പാര്‍ട്ടി നേരിടുന്ന നാലാമത്തെ പ്രതിസന്ധിയുടെ കാരണക്കാരനാവുകയാണ് ഏക്‌നാഥ് ഷിന്‍ഡെ എന്ന നേതാവ്. 'കൂടെയുള്ളവരില്‍ നിന്നുണ്ടാകുന്ന തിരിച്ചടിയോളം വേദനിപ്പിക്കുന്നത് മറ്റൊന്നില്ല' എന്ന് വികാരഭരിതനായി പറയേണ്ടി വന്നത് ബാൽ താക്കറെയുടെ മകനായ, അതിശക്തനെന്ന് കരുതിയ ഉദ്ധവ് താക്കറെയ്ക്കാണ്.
ആ പ്രതിസന്ധിയുടെ മറുപുറം. മുന്‍പ് മൂന്ന് തവണയും ശിവസേന രാഷ്ട്രീയം അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോള്‍ നേതൃത്വത്തില്‍ സ്ഥാപക നേതാവ് ബാല്‍ താക്കറെ ആയിരുന്നെങ്കില്‍ ഇത്തവണയത് മകന്‍ ഉദ്ധവ് താക്കറെയാണ്. അതും ഭരണത്തിലിരിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകുന്ന ആദ്യ കലാപം. മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ ക്യാബിനറ്റ് മന്ത്രി കൂടിയായ ഏക്‌നാഥ് ഷിന്‍ഡെ നടത്തിയ അപ്രതീക്ഷിത നീക്കം പ്രവചനാതീതമായിരുന്നു. ഹിന്ദുത്വമെന്ന ലക്ഷ്യത്തില്‍ നിന്ന് ശിവസേന പിന്‍വാങ്ങുന്നെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്താണ് ഷിന്‍ഡെയുടെ നീക്കം.
ആദ്യ മൂന്ന് പ്രതിസന്ധികള്‍
1966ല്‍ രൂപം കൊണ്ട ശിവസേനയില്‍ ആദ്യ കലാപക്കൊടി ഉയര്‍ത്തിയത് പാര്‍ട്ടിയുടെ പ്രധാന മുഖങ്ങളിലൊന്നായിരുന്ന ഛഗന്‍ ഭുജ്ബല്‍ എന്ന ഒബിസി നേതാവ്. 1991ല്‍ ശിവസേന വിടാനുള്ള ഭുജ്ബലിന്‌റെ തീരുമാനം പാര്‍ട്ടിയെ പിടിച്ചുകുലുക്കി. ഗ്രാമീണമേഖലയില്‍ പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിച്ചിട്ടും അര്‍ഹമായ അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍ട്ടി വിടല്‍. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഭുജ്ബലിനെ തള്ളി, മനോഹര്‍ ജോഷിയെ പ്രതിപക്ഷ നേതാവായി ബാല്‍ താക്കറെ തെരഞ്ഞെടുത്തതായിരുന്നു പ്രകോപനം. എതിര്‍ സ്വരമുയര്‍ത്തി പാര്‍ട്ടി വിട്ട ഭുജ്ബല്‍ വൈകാതെ 18 എംഎല്‍എമാരെയും തന്‌റെ പക്ഷത്തെത്തിച്ചു. പക്ഷെ ബാല്‍താക്കറെയെന്ന രാഷ്ട്രീയ നേതാവിന്‌റെ ഇടപെടല്‍ കൊണ്ടുമാത്രം ആ പ്രതിസന്ധി പരിഹരിക്കപ്പെട്ടു. 12 വിമത എംഎല്‍എമാര്‍ അന്ന് തന്നെ സേനയില്‍ തിരിച്ചെത്തി. ഭുജ്ബലിനെയും വിമത എംഎല്‍എമാരെയും സ്പീക്കര്‍ സഭയിലെ പ്രത്യേക ഗ്രൂപ്പായി അംഗീകരിച്ചതിനാല്‍ അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ അവര്‍ക്ക് നേരിടേണ്ടി വന്നില്ല.
പക്ഷെ ബാല്‍താക്കറെയെന്ന നേതാവിന് മുന്നില്‍ ശിവസേന വിമതനായ ഭുജ്ബലിന് രാഷ്ട്രീയ ഭാവി ഉണ്ടായിരുന്നില്ല. 1995ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുംബൈയില്‍ നിന്ന് ശിവസേനയുടെ ബാല നന്ദഗോങ്കറിനോട് ഭുജ്ബല്‍ ദയനീയമായി പരാജയപ്പെട്ടു. പിന്നീട് 1999ല്‍ അദ്ദേഹം എന്‍സിപിയിലേക്ക് ചേക്കറി. ശിവസേന, അതിന്‌റെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പാര്‍ട്ടിയില്‍ ആദ്യ കലാപക്കൊടി ഉയര്‍ത്തിയ ഭുജ്ബല്‍ മഹാ അഘാഡി സര്‍ക്കാരിലെ എന്‍സിപി മന്ത്രിയാണെന്നതും മറ്റൊരു വിരോധാഭാസം.
ശിവസേന നേതൃത്വം ചില നേതാക്കളെ നിസാരമായി കാണുന്നു. അത്തരം മനോഭാവം എല്ലായ്‌പ്പോഴും തിരിച്ചടിയായിട്ടുണ്ട്.
2005ല്‍ ബാല്‍ താക്കറെയുടെ വലംകൈയ്യും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന നാരായണ്‍ റാണെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഷ്ട്രീയ അനിശ്ചിതത്വമൊന്നും സൃഷ്ടിക്കപ്പെട്ടില്ലെങ്കിലും നേതൃനിരയിലെ പ്രമുഖന്‍ പോയത് ശിവസേനയ്ക്ക് ക്ഷീണമുണ്ടാക്കി. കോണ്‍ഗ്രസ് വിട്ട റാണെ നിലവില്‍ ബിജെപിയുടെ രാജ്യസഭാംഗവും കേന്ദ്ര മന്ത്രിയുമാണ്. റാണെയ്ക്ക് പിന്നാലെ 2006ല്‍ പാര്‍ട്ടി വിട്ടത് താക്കറെ കുടുംബാംഗം രാജ് താക്കറെ. ഉദ്ധവ് താക്കറെയെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്‌റാക്കിയ ബാല്‍താക്കറെയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു അത്. ശിവസേന വിട്ട രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) രൂപീകരിച്ചു. 2009ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎന്‍എസ് 13 സീറ്റുകള്‍ നേടി വരവറിയിച്ചു.
''ശിവസേന നേതൃത്വം ചില നേതാക്കളെ നിസാരമായി കാണുന്നു. അത്തരം മനോഭാവം എല്ലായ്‌പ്പോഴും തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി നിലപാട് മാറ്റാന്‍ തയ്യാറല്ല. ഇപ്പോള്‍ കാലം മാറി. ഒട്ടുമിക്ക എംഎല്‍എമാരും പാര്‍ട്ടിയിലേക്ക് വരുന്നത് ഒരുപാട് പ്രതീക്ഷയോടെയാണ്, അത് ശരിയായി അഭിസംബോധന ചെയ്തില്ലെങ്കില്‍, അത്തരമൊരു കലാപം സംഭവിക്കും''' ശിവസേനയെ കുറിച്ച് പഠിച്ച രാഷ്ട്രീയ വിദഗ്ധന്‍ പ്രകാശ് അകോല്‍ക്കറിന്‌റെ ഈ നിരീക്ഷണത്തിലുണ്ട് പാര്‍ട്ടി പ്രതിസന്ധിയുടെ ചരിത്രം.
ഏക്‌നാഥ് ഷിന്‍ഡെ ഉയര്‍ത്തുന്ന വെല്ലുവിളി
നാല് തവണ താനെ എംഎല്‍എയായ, ജനപ്രിയ നേതാവാണ് ഏക്‌നാഥ് ഷിന്‍ഡെ. ഓട്ടോറിക്ഷക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്ന് അഹോരാത്രം പ്രയത്‌നിച്ച് പാര്‍ട്ടി നേതൃത്വത്തിലെത്തിയയാള്‍. ജനങ്ങളുടെ പള്‍സ് അറിയുന്ന നേതാവ്. അതുകൊണ്ടുതന്നെ ഷിന്‍ഡെ ഉയര്‍ത്തുന്ന കലാപക്കൊടി ഭരണത്തിലിരിക്കുന്ന ശിവസേനയക്ക് ഉയര്‍ത്തുന്നത് ചെറിയ വെല്ലുവിളിയല്ല. ശിവസേന 55, എന്‍സിപി 53, കോണ്‍ഗ്രസ് 44 സീറ്റുകള്‍ വീതമാണ് ഇപ്പോള്‍ മഹാ അഘാഡി സര്‍ക്കാരിന്‌റെ ഭാഗമായുള്ളത്. 55 എംഎല്‍എമാരില്‍ 34പേര്‍ നിലവില്‍ ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് പേരുടെ പിന്തുണ കൂടി ലഭിച്ചാല്‍ ഷിന്‍ഡെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതയില്‍ നിന്നും രക്ഷപ്പെടും. 46 പേരുടെ പിന്തുണ ഉറപ്പാക്കാനാകുമെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് - എന്‍സിപി ബന്ധം അവസാനിപ്പിച്ച് ഹിന്ദുത്വ അജണ്ട എന്ന ലക്ഷ്യത്തില്‍ ബിജെപിയുമായി ശിവസേന സഹകരിക്കണം എന്നതാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ ആവശ്യം.
ഹിന്ദുത്വ അധിഷ്ഠിത ഘടനയുള്ള പാര്‍ട്ടി ആ ലക്ഷ്യത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് നേതൃനിരയില്‍ നിന്ന് തന്നെ ആരോപണമുയരുമ്പോള്‍ അതിനെ മറികടക്കുക ഉദ്ധവ് താക്കറെ എന്ന നേതാവിന് എളുപ്പമല്ല. ശിവസേന അനുഭാവികളെ ബിജെപിയിലേക്ക് ചോര്‍ന്നുപോകാതെ പിടിച്ചുനിര്‍ത്തണമെങ്കില്‍ ഈ ആക്ഷേപം ശരിയല്ലെന്ന് തെളിയിക്കേണ്ടതുണ്ട്. അതിന് എടുക്കുന്ന നടപടികൾ ഉദ്ധവിൻ്റെയും രാഷ്ട്രീയ ഭാവിയിൽ നിർണായകമാകും എന്ന കാര്യത്തിൽ സംശയമില്ല.