ഗായകന്റെ കൈയിലുള്ളത് നീല നിറമുള്ള സ്ഫടികഗോളമല്ല, കറങ്ങുന്ന പ്രേമഭൂമികയാണ്. വെളിച്ചത്തിന്റെ ഭൂഗോളത്തിൽനിന്ന് പിയാനോയിൽ താളമിട്ട് ഒരുവൻ പ്രണയത്തിലേക്ക് ഓടിയോടി പോവുന്നു. പിന്നീട് കാണുന്നത് നീലാകാശവും മേഘങ്ങളും ജലാശയവുമാണ്. നേരം പുലർന്നുവരികയാണ്. വീട്ടുമുറ്റത്തിരുന്ന് നിറങ്ങൾ കൊണ്ട് ഒരു പെൺകുട്ടി കോലം വരയ്ക്കുന്നു. അവളുടെ നീളൻ മുടിയും നിറയെ വളയിട്ട കൈകളും ചുമരിനെപ്പോലും ഭീതിപ്പെടുന്ന നിശബ്ദ പ്രണയവും ആ ഭൂമി നിറഞ്ഞുകവിഞ്ഞു പരക്കുന്നു അതൊരു പാട്ടാണ്. ജലം പോലുള്ള ശബ്ദത്തിൽ ഒരു ഗായകൻ പാടുകയാണ്. പാട്ട്, കാണുന്നവളുടെ ഹൃദയത്തോട് വിലപ്പെട്ടതെന്തോ സംവദിക്കുന്നു. അവളുടെ കണ്ണുകളെ നനച്ച് ജീവനെ സ്പർശിക്കയാണ്.
പിയാനോയുടെ താളത്തിൽ, ഓടക്കുഴലിൻ്റെ നാദം പോലെ, ചെറുകാറ്റുപോലെ, തേനൂറുന്നതു പോലെ പോലെ ആ ഗായകൻ ഒരു പ്രേമ കഥ പറഞ്ഞുതരികയാണ്. മധുരനീര് പകരുംപോലെ നമുക്കുവേണ്ടി അത് പാടുകയാണ്:
“ഓര് ആഹിസ്ത, കീജിയെ ബാത്തെ
ധഡ്ക്നേ കോയി സുൻ രഹാ ഹോഗാ…”
പതുക്കെ, വളരെ പതുക്കെ, സംസാരിക്കൂ. നീ ഒന്നും പറയരുത്, ഒരാൾ വരുന്നുണ്ട്. അയാൾ നിന്റെ ഹൃദയമിടിപ്പുകൾ പോലും പിടിച്ചെടുത്തേക്കും. ആരും, ഒന്നും അറിയരുത്. ചുമരുകൾക്കുപോലും ചെവിയുണ്ട്.. നിശ്ശബ്ദമായി വേണം സ്നേഹിക്കേണ്ടത്. നിധിപോലെ ഒളിപ്പിക്കേണ്ടതാണ് നിന്റെ സ്നേഹം..
ഭൂമിക്ക് വേദനിക്കുമോയെന്ന് കരുതി പതുങ്ങി നടന്നിരുന്ന, ചുമരിനെപ്പോലും ഭയന്നിരുന്ന, സന്ദേഹങ്ങളുടെ നിശബ്ദതയാണ് തന്റെ ഭാഷയെന്ന് കരുതിയിരുന്ന ഒരു പഴയ പെൺകുട്ടിയുടെ നിർമലമായ പ്രേമസങ്കൽപ്പങ്ങൾക്ക് ജീവൻ പകരാൻ ഈ പാട്ടിനോളം പ്രിയപ്പെട്ട മറ്റൊന്ന് ഉണ്ടാവുമോ?
പെൺകുട്ടിക്കാലം മുതൽ ഹൃദയത്തിൽ ചേർത്ത പാട്ടാണിത്. പങ്കജ് ഉധാസിൻ്റെ ആൽബമായ സ്റ്റോളൻ മൊമന്റ്സിലെ ആഹിസ്ത. ഈ പാട്ട്, എന്റെ മാത്രമല്ല ഇൻറർനെറ്റും ഫോണും സോഷ്യൽ മീഡിയയുമില്ലാത്ത തൊണ്ണൂറുകളിലെ യുവതയുടെ ഹൃദയമിടിപ്പായിരുന്നെന്നു തന്നെ പറയാം. നിരവധി ഗസലുകളും സിനിമാ ഗാനങ്ങളും പാടിയിട്ടുണ്ടെങ്കിലും പങ്കജ് ഉധാസ് എന്ന ഗായകനെ ഞങ്ങളുടെ കാലഘട്ടത്തിൻ്റെ പ്രിയങ്കരനാക്കിയത് അദ്ദേഹത്തിൻ്റെ സ്റ്റോളൻ മൊമന്റ്സ് (Stolen Moments) എന്ന പേരിലിറങ്ങിയ ആൽബത്തിലെ ഈ ഗാനം തന്നെ.
എൺപതുകളിൽ ഇന്ത്യയിൽ നുരയിട്ട ഇൻഡി പോപ്പ് ഗാനതരംഗത്തിന്റെ തുടരൻ കാലഘട്ടമാണ്. കേബിൾ ടിവിയും വിരൽ തൊട്ടാൽ വിസ്മയലോകം കൺമുന്നിൽ സൃഷ്ടിക്കുന്ന ചാനലുകളുമൊക്കെ മലയാളിയുടെ നിത്യജീവിതത്തിൻ്റെ ഭാഗമായി തുടങ്ങിയിട്ടേയുള്ളൂ. അക്കാലത്ത് പ്രാദേശിക സംഗീത ചാനലുകളില്ല. എംടി വിയിലൊക്കെ ധാരാളം ഇത്തരം പോപ്പ്, റോക്ക്, ഇംഗ്ലീഷ്, ഹിന്ദി ആൽബം സോങ്ങുകൾ കാണിക്കും. സോനു നിഗം, ലക്കി അലി, അലീഷ ചിനായ്, ഫാൽഗുനി പതക്ക് തുടങ്ങി എത്രയോ മികച്ച ഇന്ത്യൻഗായകരെ അങ്ങനെ പരിചയപ്പെട്ടു. പാട്ടിലൂടെയും നൃത്തച്ചുവടുകളിലൂടെയും അവർ പറഞ്ഞു തരുന്ന കഥകൾ കണ്ടു.
അങ്ങനെയെപ്പോഴോ ആണ് പല തരം പ്രത്യേകതകളുള്ള, പങ്കജ് ഉധാസിൻ്റെ ഈ പാട്ടും ശ്രദ്ധിച്ചത്. എന്തൊരു ശാന്തമാണത്; എത്ര സരളമായ മൃദുത്വമാണ് ഗായകന്റെ ശബ്ദത്തിന്. ഹൃദയത്തിന്റെ ഭാഷ നിശബ്ദമെങ്കിൽ പ്രണയത്തിൻ്റെ ഭാഷ എന്തായിരിക്കും? ഇത്ര നിറവിൽ, വാക്കുകൾക്കതീതമായി രണ്ടു പേർക്ക് പരസ്പരം ഇങ്ങനെ മനസ്സിലാക്കാൻ സാധിക്കുമോ? പരസ്പരം ത്യജിച്ച്, സന്തോഷിപ്പിക്കാൻ സാധിക്കുമോ?
ആഹിസ്താ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം അത് മുൻപ് വായിച്ച ഒ ഹെൻട്രിയുടെ ദ ഗിഫ്റ്റ് ഓഫ് ദ മാഗി (The gift of the Magi) എന്ന ലോകപ്രശസ്ത കഥയുടെ ദൃശ്യാവിഷ്ക്കാരമായതിനാൽ കൂടിയാണ്. ഡെല്ലയും ജിമ്മും പരസ്പരം അത്യ ഗാധമായി സ്നേഹിക്കുന്ന ദരിദ്ര ദമ്പതിമാരാണ്. ജിമ്മിന് കുടുംബസ്വത്തായി കിട്ടിയ പോക്കറ്റ് വാച്ചിന് ഒരു സുന്ദരൻ സ്ട്രാപ്പ് വാങ്ങി അയാൾക്ക് ക്രിസ്മസ് സമ്മാനം കൊടുക്കാൻ ഡെല്ല അയാൾക്കേറെ ഇഷ്ടമുള്ള അവളുടെ നീളൻ മുടി മുറിച്ച് വിൽക്കുന്നു. സമ്മാനം വാങ്ങി വീട്ടിലെത്തിയ ഡെല്ല കാണുന്നത് അവളുടെ മുടി ചീവാൻ വിലയേറിയ അലങ്കാര ചീപ്പ് വാങ്ങാൻ വാച്ച് വിറ്റ ഭർത്താവിനെയാണ്. പരസ്പര സ്നേഹത്താൽ തമ്മിൽ അതിശയിപ്പിച്ച അവരോളം ജ്ഞാനികൾ വേറാരുണ്ട്? കഥയുടെ പേരിൽത്തന്നെ Magi, ജ്ഞാനം ഉണ്ട്.
സ്നേഹിക്കുന്നവരെ തിരിച്ചറിയുന്നതും മനസിലാക്കുന്നതുമാണ്, അവരെ പരിഗണിക്കുന്നതും സന്തോഷിപ്പിക്കുന്നതുമാണ് യഥാർത്ഥ പ്രേമമെന്ന് ആ കഥയും പിന്നീട് ഈ പാട്ടും പെൺകുട്ടിയുടെ ഹൃദയത്തോട് അക്ഷരങ്ങളിലും ഈണത്തിലും ദൃശ്യപ്പെട്ട് പറഞ്ഞുതന്നത് ഈ വിധമാണ്.
സെമീറ റെഡ്ഡിയായിരുന്നു പാട്ടിന്റെ വേറൊരു ആകർഷണീയത. അവരുടെ നീണ്ട മുടി ആ കഥയുടെ, കാണികളുടെ എല്ലാ അർത്ഥത്തിലുമുള്ള കാതൽ തന്നെയായിരുന്നു. സമീറയുടെ വേഷവിധാനവും കാലാതീതമെന്ന് ഈയിടെ പാട്ടു വീണ്ടും കണ്ടപ്പോൾ അത്ഭുതത്തോടെ ഓർത്തു. അത്ര വർഷങ്ങൾക്ക് മുൻപ് അവർ ധരിച്ച തരം പലാസോയും ഷോർട്ട് ടോപ്പും ഹാഫ് സാരിയുമൊക്കെ ഇന്നും കാഷ്വൽവെയറും ട്രെൻഡും തന്നെയാണ്.
ആ പാട്ട് രംഗങ്ങളിൽ അവർ പലയിടത്തും നിറയെ വളകൾ അണിയുന്നുണ്ട്. കുട്ടിക്കാലത്ത് വള ധരിക്കാനിഷ്ടമില്ലാത്ത ഞാൻ കൈമുട്ടോളം നിറയെ വളകൾ ധരിക്കാനുണ്ടായ ഒരു കാരണം ഈ പാട്ടിലെ നീളൻ മുടിക്കാരി നായികയോടും അവളുടെ നിശ്ശബ്ദ സ്നേഹത്തോടുമുള്ള ഇഷ്ടമാണ്.
സിഡികൾ അന്ന് പ്രചാരത്തിലായിട്ടില്ല. അക്കാലത്ത് എട്ടു ഗാനങ്ങളടങ്ങിയ സ്റ്റോളൻ മൊമന്റ്സ് കാസറ്റാണ് വാങ്ങാൻ കിട്ടുക. കവറിന് തവിട്ടുകലർന്ന കറുപ്പ് നിറമെന്നാണ് ഓർമ. പങ്കജ് ഉധാസിന്റെ കോട്ടിട്ട ചിത്രമുണ്ടതിന് പുറത്ത്. ഈ കാസറ്റ്, വാങ്ങിയത്, ടേപ്പ് റെക്കോർഡറിലിട്ട് പതിവായി കേൾക്കും. രാവിലെയും രാത്രിയിലും കേൾക്കാനാണ് ഇഷ്ടം. പ്രേമം എന്നാൽ ബഹളം കൂട്ടലോ പിടിച്ചുവാങ്ങലോ അല്ലെന്നും അത് സംയമനവും കൊടുക്കലും കാത്തിരിപ്പുമാണെന്നുമാണ് മഞ്ഞും പീക്കിങ്ങിൽനിന്നുള്ള കത്തും വായിച്ച് മനസിലാക്കിയ പെൺകുട്ടിയുടെ ധാരണ.
ഉധാസിന്റെ കനമില്ലാത്ത ശബ്ദത്തിൽ രാത്രിയും ഓർമയുമൊക്കെ നിറയുന്ന പാട്ടുകൾ കേൾക്കുമ്പോൾ എന്തിനോ മനസിൽ തീവ്രമായ വേദനയുടെ ലഹരി തോന്നും. സംഗീതത്തിന്റെ ആലസ്യം പകരുന്ന സ്നേഹത്തിൻ്റെ ലഹരിയാണത്.
ഒരു ഗാനത്തിൻ്റെ നിശ്വാസത്തിൽ ഉള്ളിലെ എല്ലാ ഏകാന്തതകളേയും തുടച്ചെറിയാൻ, പാട്ടും പ്രണയവുമായി ചേർത്തുപിടിക്കാൻ ഇങ്ങനെ വിദൂര ദേശത്തുനിന്ന് ആരോ ഒരാൾ വന്നേക്കും. അയാൾ വരാനുണ്ട്. ജീവനിലുള്ള ഒരാൾ. സംഗീതം പോലെ കരുണയുള്ള കൂട്ടുകാരൻ. ജന്മങ്ങൾ മുന്നെ അറിയുന്ന ഒരുവൻ. പെൺകുട്ടിക്ക് എന്തിനോ കരച്ചിൽ വരും. നേർത്ത ശബ്ദത്തിൽ പാടുന്ന ഗായകനോട്, പ്രപഞ്ചത്തെപ്പോലെ എന്നെ ചേർത്തു പിടിക്കു, ഇതേ കനിവോടെ, ശ്വാസം പോലെ, ജലം പോലെ എന്നു പറയാൻ തോന്നും. എല്ലാം സംഗീതത്തിൻ്റെ ലഹരിയാണ്. അത് തോന്നിപ്പിക്കുന്നതാണ്.
ഉറക്കമുറിയിൽ, ഒറ്റയ്ക്ക് കേൾക്കുന്ന പാട്ടിലെ ആ ഗായകനറിയുന്നുണ്ടോ ഇതു വല്ലതും? ആ ശബ്ദം ഒരുവളെ സ്നേഹത്താൽ തൊട്ടിലാട്ടി ഉലച്ചുറക്കിയിരുന്നുവെന്ന്?
അക്കാലത്ത് നിയമപഠനം കഴിഞ്ഞിട്ടുണ്ട്. കൂട്ടുകാരിയുമായി മൈസൂർ യൂണിവേഴ്സിറ്റി കാമ്പസിൽ പിന്നെയും ജേണലിസം പഠിക്കാൻ ചേർന്നിട്ടുണ്ട്. ബെംഗളരുവിലുള്ള പേര് മാത്രം അറിയാവുന്ന ഒരു സഹപാഠിയോട് ചുമ്മാ ലേശം പ്രേമവുമുണ്ട്. എന്തിനാണെന്നറിയില്ല. മുൻപ് പറഞ്ഞ പോലെ, എപ്പോഴോ ഒരാൾ വരാനുണ്ടെന്നറിയാം. നിശ്ശബ്ദമായി വന്നുപോയ സകല പ്രേമങ്ങളുടെയും വിഷാദ ഹർഷങ്ങളിൽ, വരാനുള്ള ഒരുവനെ മാത്രമാണ് തിരയുന്നത്.
ഈ സഹപാഠിക്ക് തിരിച്ച് ഇഷ്ടമുണ്ടോ എന്നറിയില്ല. ആ സമയം പരീക്ഷയാണ്. യാത്രയയപ്പ് ദിവസത്തിൽ അയാൾക്ക് കൊടുക്കുവാനായി ദേവരാജ അരസ് റോഡിലുള്ള അലി ബ്രദേഴ്സ് എന്ന കടയിൽനിന്ന് ഈ കാസറ്റ് വാങ്ങി കൈയ്യിൽ കരുതി. കൊടുക്കില്ല എന്നുറപ്പുണ്ട്. അതിനാൽ വാങ്ങിയതാണ്. അയാൾ തിരിച്ച് ഇഷ്ടം പറഞ്ഞാൽ, നോ പറയുമെന്നും..!
എന്തൊരു ഭീതവിഷാദ പ്രണയമാണ്. തല തിരിഞ്ഞ പ്രണയിനിയും! ആ വികാരം പ്രണയം തന്നയോ എന്നുറപ്പില്ല. പറയാത്ത പ്രണയത്തിന്റെ വിഷാദ സ്മാരകം പോലെ ഉധാസിൻ്റെ ഈ കാസറ്റ് കുറെക്കാലം പിന്നീട് കയ്യിലുണ്ടായിരുന്നു. അക്കാലത്ത് ഇതേ കാസറ്റ് വീണ്ടും വാങ്ങി പുസ്തകങ്ങൾക്കൊപ്പം കൂട്ടുകാർക്ക് സമ്മാനം നൽകിയതും ഓർമിക്കുന്നു.
പങ്കജ് ഉധാസ് എന്ന ഗായകനെപ്പറ്റിയാണ് പറഞ്ഞുവന്നത്. അദ്ദേഹം തന്ന, സ്വന്തമെന്ന് കരുതിയ ഒരു പാട്ടിനെക്കുറിച്ചും. ഓര് ആഹിസ്ത എന്നു തുടങ്ങുന്ന ഈ പാട്ടിൻ്റെ വരികൾ എഴുതിയത് സഫർ ഗോരഖപുരിയാണ്. സംഗീതം പങ്കജ് ഉധാസ് തന്നെ.
ഈ പാട്ടിന് ശേഷം ഇരുപതിലേറെ വർഷങ്ങൾ കഴിഞ്ഞു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥ പറയുന്ന ഈ ഗാനം, ഇന്നും കാലദേശഭേദമെന്യേ എറ്റവും മനോഹരമായ പ്രേമഗാനമായി കണക്കാക്കുന്നുവെങ്കിൽ എന്തിനത്ഭുതം? ഗാനം കൊണ്ടും സംഗീതം കൊണ്ടും ദൃശ്യചാരുത കൊണ്ടും ഇത്ര പ്രചാരം കിട്ടിയ ആൽബം ഗാനങ്ങൾ വിരളമാണ്.
ഒരു പാട്ടിനും കാലമേറിയാലും പ്രായമാവുന്നില്ല. പക്ഷേ, പാട്ടുകേട്ടവൾ ഏറെ മാറിപ്പോയി. എങ്കിലും നിശബ്ദവും പരിശുദ്ധവുമായ പാട്ടിലെ പ്രേമ സങ്കൽപ്പത്തിന്, ഹൃദയ വ്യാപാരങ്ങളുടെ വാണിഭ ലോകത്ത് ഇന്നും ഉടവു തട്ടിയിട്ടുണ്ടാവില്ല. സ്നേഹമെന്നാൽ സമർപ്പണമെന്ന് തന്നെയാണ് നിർവചനം. അതു കൊണ്ടാവുമല്ലോ, വിശിഷ്ടമായ ഒരുപാട്ടു തന്ന ഗായകൻ കടന്നു പോയ രാത്രി ഉറക്കമൊഴിച്ചിരുന്ന് ഈ പാട്ടിനെക്കുറിച്ച് തന്നെ ഓർത്തുപോയത്.
അദ്ദേഹം ഒരു പാട്ടും ഉച്ചത്തിൽ പാടിയില്ല, ഉറച്ചും പാടിയില്ല. അടക്കിയ സ്വരത്തിൽ, അലസമായി, തരളമായി, കനമില്ലാതെ, മൃദുവായി, പൂ വിരിയും പോലെ, മറ്റൊരു ദേശത്തിരുന്ന്, വേറൊരു ഭാഷയിൽ, ഹൃദയം ഹൃദയത്തോട് സ്വകാര്യം പറയുന്ന പോലെ പാടുകയായിരുന്നു! എന്നിട്ടുമത് എത്രയാഴത്തിലാണ്, എത്ര അനുപമമായാണ്, എത്ര ഉണ്മയോടെയാണ് ഞങ്ങളുടെ തലമുറയിലെ യുവതയുടെ പ്രണയേന്ദ്രിയങ്ങളെ സ്പർശിച്ചുണർത്തിയത്. ഇന്നോളം/ഇനിയോളം ആത്മാവിൽ പതിഞ്ഞു കിടന്നത്/കിടക്കുന്നത്.
രാത്രി മുഴുവൻ പതിവില്ലാതെ കാറ്റായിരുന്നു. ഈ പാട്ട് കേട്ട് ഇരുട്ടിലേക്ക് നോക്കിനോക്കിയിരുന്നു. രാത്രിയിൽ വീശുന്ന കാറ്റ് മഴയെന്ന് തെറ്റിദ്ധരിപ്പിക്കും, അല്ലെങ്കിൽ മഴ വരുമെന്നും. ചില്ലകൾ ഉലയുന്നുണ്ടായിരുന്നു നക്ഷത്രങ്ങൾ പാറി വീഴുന്നുണ്ടെന്ന് തോന്നി. ഇലകൾ പൊഴിഞ്ഞുപാറി. പഴുത്തു തുടങ്ങിയ ഒരില വീഴുമോ? കാത്തിരുന്ന സ്നേഹം പാട്ടുമായി വന്നുവോ?
പ്രിയപ്പെട്ട ഉധാസ്, എഴുതാനെത്രയോ ഇനിയും തോന്നുന്നുണ്ട്. പ്രാണനിൽ സ്നേഹത്തിന്റെ മുദ്രവെച്ച പാട്ട് സമ്മാനിച്ച ഗായകനാണ്. അരക്ഷിതാവസ്ഥകളെ സംഗീതത്തിൻ്റെ ചരടുകളാൽ ബന്ധിച്ച് തുണയായ ഒരാളാണ്. വിട പറയാൻ ഒരിക്കലും കഴിയില്ല. ചില മനുഷ്യർ മായുന്നത് ഒരു കാലം ചുമലിലേറ്റിയാണ്. ഓർമ്മയും സ്നേഹവും സങ്കടവും പകരാൻ വാക്കുകളുമില്ല.
ആ പാട്ടിലെ ചില വരികൾ മാത്രമേ തിരിച്ചുതരാൻ കഴിവുള്ളു. “ആജ് ഇത്നാ കരീബ് ആ ജാവോ, ദൂരിയോ കാ കഹി നിഷാൻ ന രഹെ…”
ആ വാതിലടയ്ക്കൂ, ചേർന്നു നിൽക്കൂ, അടുത്ത് വരൂ
രാത്രി നമ്മുടെ സ്വപ്നങ്ങളെ മോഷ്ടിച്ചെടുക്കാതിരിക്കട്ടെ
രാത്രി നമ്മുടെ സ്വപ്നങ്ങളെ മോഷ്ടിച്ചെടുക്കാതിരിക്കട്ടെ…