ലോക്സഭയിൽ എല്ലാ കക്ഷികൾക്കും സമാന അഭിപ്രായമില്ലാത്ത വിഷയങ്ങളിൽ സ്പീക്കർ പ്രമേയം അവതരിപ്പിക്കുന്നത് അസാധാരണമെന്ന് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി. സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം തന്നെ, ഓം ബിർല അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയം വിവാദമായിരുന്നു. ഇതേക്കുറിച്ച് ദ ഫോർത്തിനോട് പ്രതികരിക്കുകയായിരുന്നു പിഡിടി ആചാരി.
സാധാരണ ഗതിയിൽ രാജ്യത്ത് ഒരു യുദ്ധം നടക്കുമ്പോഴോ, രാജ്യം എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കുമ്പോഴോ ഒക്കെയാണ് സ്പീക്കർ ഒരു പ്രമേയം സഭയിൽ അവതരിപ്പിക്കുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ ഉന്നം വയ്ക്കുന്ന പ്രമേയം സ്പീക്കർ അവതരിപ്പിക്കുന്ന കീഴ്വഴക്കമില്ലെന്നും പി ഡി ടി ആചാരി പറഞ്ഞു.
ലോക്സഭാഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം സഭ ചേരുന്ന ആദ്യദിനമായിരുന്നു ഇന്നലെ. സ്പീക്കർ ഓം ബിര്‍ല, അടിയന്തരാവസ്ഥയുടെ വാർഷികത്തിന്റെ ഭാഗമായി ജൂൺ 25 ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ടദിനമാണെന്നു പ്രസ്താവിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു. കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തുകയും ചെയ്തു. ഒരു മിനിറ്റ് മൗനമാചരിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോഴും കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ഇന്ത്യാ മുന്നണിയിൽ ഭിന്നതയുണ്ടാക്കുക ലക്ഷ്യമിട്ടാണ് സ്പീക്കറുടെ നീക്കമെന്ന് വ്യക്തമായിരുന്നു. പ്രമേയം അവതരിപ്പിച്ച സ്പീക്കറുടെ നടപടിയെ പിന്നീട് പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.
എന്നാൽ സ്‌പീക്കർ ഇത്തരമൊരു രാഷ്ട്രീയ വിഷയത്തിൽ നിലപാടെടുക്കുകയോ പ്രമേയം അവതരിപ്പിക്കുകയോ ചെയ്യുന്ന കീഴ്വഴക്കം സാധാരണഗതിയിലില്ലെന്നും, അസ്വാഭാവികമായ നീക്കമാണ് ഓം ബിർലയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ആചാരി പറഞ്ഞു. സൈന്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയം, രാജ്യം കൈവരിച്ച എന്തെങ്കിലും നേട്ടം എന്നിങ്ങനെ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ടഭിപ്രായമുണ്ടാകാൻ സാധ്യതയില്ലാത്ത കാര്യത്തിലാണ് സാധാരണഗതിയിൽ സ്പീക്കർ പ്രമേയം അവതരിപ്പിക്കുന്നത്. എന്നാൽ സഭയിലുള്ള ഒരു പാർട്ടിയെതന്നെ പ്രതിസ്ഥാനത്തു നിർത്തുന്ന അടിയന്തരാവസ്ഥ പോലൊരു സംഭവത്തിൽ സ്പീക്കർ പ്രമേയം അവതരിപ്പിക്കുന്നത് തീർത്തും അസാധാരണമാണെന്നും ആചാരി പറഞ്ഞു.
സർക്കാരാണ് ഈ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിൽ മനസിലാക്കാമായിരുന്നു, അതിനുപകരം സ്പീക്കറെ ഇതിനുപയോഗിച്ചത് ശരിയായില്ല എന്നും ആചാരി അഭിപ്രായപ്പെട്ടു.
സാധാരണഗതിയിൽ സ്പീക്കർ ഒരു പ്രമേയം അവതരിപ്പിക്കുന്ന സാഹചര്യത്തിൽ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അതിന്റെ പൂർണരൂപം എല്ലാ രാഷ്ട്രീയപാർട്ടികളിലെയും അംഗങ്ങളെ കാണിച്ച് ബോധ്യപ്പെടുത്തിയതിനു ശേഷമാണ് സ്പീക്കർക്ക് നൽകുന്നത്. അതാണ് നടപടിക്രമം. സഭയുടെ ആകെ വികാരം പ്രകടിപ്പിക്കുന്നതാകണം ആ പ്രമേയം എന്ന നിർബന്ധമുള്ളതുകൊണ്ടാണത്. ഭരിക്കുന്ന പാർട്ടിയുടെ താല്പര്യത്തിനനുസരിച്ച് സ്പീക്കർ പെരുമാറിയത് ശരിയായില്ല എന്നും ആചാരി പറഞ്ഞു.
"ഇത്തരത്തിൽ ഒരു പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർക്ക് അധികാരമുണ്ടോ എന്ന് ചോദിച്ചാൽ; അത്തരത്തിൽ ഒരു നിയമമൊന്നുമില്ല, എന്നാൽ സഭയുടെ വികാരം പ്രകടിപ്പിക്കാൻ സ്പീക്കർക്ക് അധികാരമുണ്ട്. പക്ഷേ അത് ചെയ്യുന്ന രീതി ഇതല്ല." പിഡിടി ആചാരി വ്യക്തമാക്കുന്നു.
പ്രതിപക്ഷ പാർട്ടികളിൽ ഭിന്നത ഉണ്ടാക്കാനാണ് സ്പീക്കറെ ഉപയോഗിച്ച് ഭരണപക്ഷം ശ്രമിച്ചതെങ്കിലും അത് വിജയിച്ചില്ല. കഴിഞ്ഞ കാലത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നിട്ട് എന്താണ് കാര്യമെന്നായിരുന്നു സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. അടിയന്തരാവസ്ഥ കാലത്ത് മുലായം സിങ്, ലാലു പ്രസാദ് യാദവ് എന്നിവർ ജയിലിലായിരുന്നു.