അരമന നഗര... കന്നഡ ഭാഷയിൽ മൈസൂരുവിന്റെ വിശേഷണമാണ്. ഹിന്ദു -മുഗൾ -രാജ്പുത് -ഗോഥിക് വാസ്തു ശൈലിയുടെ സംഗമമായ മൈസൂരു കൊട്ടാരം. മൈസൂരുവിലെ ദസറ ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം എന്തെന്ന് ചോദിച്ചാൽ തർക്കമില്ലാതെ ഏവരും പറയും മൈസൂർ കൊട്ടാരം ദീപങ്ങളിൽ ആറാടുന്ന കാഴ്ചയല്ലാതെ മറ്റെന്ത്?
നവരാത്രി ഉത്സവവും വിജയദശമി നാളും ചേരുന്ന പത്തു ദിനങ്ങളിലെ ദസറ ഉത്സവം. പത്തു ദിനങ്ങളും 'അരമന നഗരിക്ക്' വെളിച്ചത്തിന്റെ ഉത്സവമാണ്. കൊട്ടാരം മാത്രമല്ല, ദീപങ്ങളിൽ ആറാടാത്ത ഒന്നുമില്ല ഈ നഗരത്തിൽ എന്ന് തന്നെ പറയേണ്ടി വരും.
മൈസൂർ കൊട്ടാരം അഥവാ 'അംബാവിലാസം' കൊട്ടാരവുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് ദസറ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളെല്ലാം. ചരിത്രം പരിശോധിച്ചാൽ ഏകദേശം നാനൂറു വർഷങ്ങളുടെ പഴക്കമുണ്ട് മൈസൂരുവിലെ ദസറ ആഘോഷങ്ങൾക്ക്.
ദുർഗാ ദേവിയുടെ അവതാരമായി കണക്കാക്കുന്ന ചാമുണ്ഡേശ്വരി ദേവി മഹിഷാസുരനെ വധിച്ച് സകല തിന്മകളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ച് നന്മയിലേക്ക്, വെളിച്ചത്തിലേക്ക് നയിച്ചതിന്റെ ഓർമ പുതുക്കലാണ് മൈസൂരു ദസറ. അതെ, വെളിച്ചമാണ് ചുറ്റിലും. 145 അടി ഉയരമുള്ള 'അംബാവിലാസം' കൊട്ടാരത്തിന്റെ മൂന്നു നിലകളും ദീപങ്ങളിൽ കുളിച്ചു നിൽക്കുന്ന കാഴ്ച കാണാനും ആസ്വദിക്കാനും മാത്രമായി മൈസൂരുവിലേക്കു വണ്ടി കയറുന്നവരുണ്ട്.
പത്തു നാളും ഈ കാഴ്ച മുടക്കമില്ലാതെ ആസ്വദിക്കാം. വൈകിട്ട് ഏഴ് മണിക്കു വിളക്കുകൾ കൺതുറക്കും. ഒരു ലക്ഷം ബൾബുകളാണ് കൊട്ടാരത്തിന്റെ ഘടനയെ ചുറ്റി പ്രകാശം പരത്തുന്നത്. ഈ കാഴ്ച കാണാനുള്ള കാത്തിരിപ്പ് വൈകിട്ട് നാലുമണിയോടെ തുടങ്ങും. ദസറ കാണാൻ നഗരത്തിലെത്തിയവരൊക്കെ സമയമാകുമ്പോഴേക്കും കൊട്ടാരവളപ്പിലേക്കു പ്രവഹിക്കും.കൊട്ടാരമുറ്റം പൊതുജനങ്ങളെ കൊണ്ട് നിറയും. വിളക്കുകൾ തെളിയുമ്പോൾ ആർപ്പുവിളികളുയരും. സ്വദേശികളും വിദേശികളുമൊക്കെ മത്സരമാണ് ആ പ്രകാശവലയത്തിൽ മോഹിപ്പിക്കുന്ന അഴകോടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്ന കൊട്ടാരത്തെ ക്യാമറ ഫ്രെയിമിലാക്കാൻ.
ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി 15 അംഗ ഇലക്‌ട്രീഷ്യൻമാരുടെ സംഘം പരിശോധിച്ചാണ് ഒരു ലക്ഷം ബൾബുകളും ഒറ്റ സ്വിച്ചോണില്‍ പ്രഭ ചൊരിയുമെന്നുറപ്പാക്കുന്നത്. ഉയർന്ന വോൾട്ടേജുള്ള ഇൻകാഡസെന്റ് ബൾബുകളാണ് കൊട്ടാരത്തിലും ചുറ്റുമതിലിലും അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ദസറ ആഘോഷത്തിന്റെ ആദ്യ എട്ട് ദിവസങ്ങളിൽ രണ്ടു മണിക്കൂറും അവസാന രണ്ടു ദിനങ്ങളിൽ മൂന്നു മണിക്കൂറും കൊട്ടാരം വെളിച്ചത്തിൽ കുളിക്കും. എല്ലാവർഷവും അൻപതിനായിരത്തിലധികം കേടായ ബൾബുകൾ മാറി പുതിയ ബൾബുകൾ ഇടും.
ബൾബുകൾ ഇമ ചിമ്മാതിരിക്കാനും വൈദ്യുതി വിതരണത്തിൽ പാളിച്ച സംഭവിക്കാതിരിക്കാനും വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർ ജാഗരൂകരായിരിക്കും. കൊട്ടാരത്തിന്റെ ഗോപുരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ചുവന്ന വലിയ ദീപങ്ങൾ ഉൾപ്പടെ തെളിക്കുന്നതും നിയന്ത്രിക്കുന്നതും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വൻ സംഘമാണ്. ഒരു നിമിഷം പോലും തടസപ്പെടാതെ ദസറയുടെ ഏറ്റവും സുന്ദരമായ കാഴ്ചകൾ നമുക്കൊരുക്കി നൽകുകയാണവർ.
ചാമുണ്ഡേശ്വരി ഇലെക്ട്രിസിറ്റി സപ്ലെ കമ്പനി ( സി ഇ എസ് സി ) ക്കാണ് കൊട്ടാരവും മൈസൂരു നഗരവും ദീപാലംകൃതമാക്കാനുള്ള ഉത്തരവാദിത്തം. ഇത്തവണ 6. 3 കോടി രൂപയാണ് കമ്പനി ഇതിനായി ചിലവഴിച്ചത്. 3.1 മെഗാവാട്ട് വൈദ്യുതിയാണ് ഇതിനാവശ്യമായി വരുന്നത്. കൊട്ടാരത്തിന്റെ ചുറ്റു മതിലും നഗരത്തിലെ തെരുവുകളും പ്രധാന ജംഗ്‌ഷനുകളും സർക്കാർ -അർദ്ധ സർക്കാർ സ്ഥാപനങ്ങളുമൊക്കെ ദീപങ്ങളാൽ അലങ്കരിച്ചതിനു പിന്നിൽ ഇവർ തന്നെ. ടെണ്ടർ നൽകി വിവിധ കരാറുകാരെ ഏല്പിച്ചാണ് അലങ്കാര ജോലികൾ പൂർത്തിയാക്കിയത്.
ദസറ കഴിഞ്ഞാലും ആഘോഷങ്ങൾ തീരാൻ പിന്നെയും ഒരാഴ്ചയെടുക്കും. അതായതു 17 ദിവസങ്ങളിലേക്കായാണ് 'അരമന നഗരിയെ' വെളിച്ചത്തിൽ കുളിപ്പിച്ച് നിർത്തിയിരിക്കുന്നത്. കളക്ട്രേറ്റ്, റയിൽവേ സ്റ്റേഷൻ , പോലീസ് ആസ്ഥാനം, മഹാറാണി കോളേജ്, മൈസൂർ സർവകലാശാല, യുവരാജ കോളേജ്, മഹാരാജാസ് കോളേജ്, പൊതു മേഖല സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം ദീപാലംകൃതം.
സ്വർണവർണ്ണത്തിലും മറ്റു നിറങ്ങളിലും ദീപങ്ങളുടെ വിന്യാസം കാണാം. കൊട്ടാരത്തിലേതിന് വ്യത്യസ്തമായി എൽ ഇ ഡി ബൾബുകൾ ഉപയോഗിച്ചാണ് തെരുവുകളിലേയും കെട്ടിടങ്ങളിലെയും ദീപാലങ്കാരം, മഹാത്മാ ഗാന്ധി, ബി ആർ അംബേദ്‌കർ, സ്വാമി വിവേകാനന്ദൻ, എപിജെ അബ്ദുൾകലാം, മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വൊഡയാർ തുടങ്ങിയവരുടെ രൂപങ്ങളിലും പ്രകാശ വിന്യാസം കാണാം.