FOURTH SPECIAL

ശാന്ത സമുദ്രത്തിലെ ദ്വീപില്‍ ഒറ്റപ്പെട്ട് 15 മാസം കഴിഞ്ഞ 6 കുട്ടികളുടെ കഥ

കൊടുങ്കാറ്റില്‍പെട്ട് വള്ളം തകര്‍ന്ന്, വിജനമായ ദ്വീപിലെത്തി 15 മാസം സുരക്ഷിതരായി കഴിഞ്ഞ ആറ് ആണ്‍കുട്ടികളെ റട്ട്ഗര്‍ ബ്രാഗ്മാന്‍ 'മനുഷ്യ കുലം' എന്ന പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു

പി സുധാകരൻ

വിമാനം തകര്‍ന്ന് ആമസോണ്‍ വനാന്തരങ്ങളില്‍ അകപ്പെട്ട കൈകുഞ്ഞടക്കം നാല് കുട്ടികള്‍ ഏകദേശം ഒന്നര മാസം ആ കൊടുംവനത്തില്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കഴിഞ്ഞുവെന്ന വാര്‍ത്ത വായിച്ചപ്പോള്‍ ഓര്‍ത്തത് ഞാന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മനുഷ്യകുലം എന്ന പുസ്തകമാണ്. റട്ട്ഗര്‍ ബ്രാഗ്മാന്റെ 'Humankind: A Hopeful History' എന്ന പുസ്തകത്തിന്റെ പരിഭാഷ. ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കാന്‍ പര്യാപ്തമായ ഒരു പുസ്തകം.

അതില്‍ ഒരു അധ്യായം വില്യം ഗോള്‍ഡിങ്ങിന്റെ വിശ്രുത നോവല്‍ ആയ ലോര്‍ഡ് ഓഫ് ദി ഫ്ളൈസില്‍ പറയുന്ന വിമാനം തകര്‍ന്ന് കാട്ടില്‍ അകപ്പെട്ട കുട്ടികളുടെ കഥ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ കുട്ടികള്‍ എങ്ങിനെയായിരിക്കും പെരുമാറിയിട്ടുണ്ടാവുകയെന്ന ചോദ്യത്തില്‍നിന്നുമാണ് ഉരുത്തിരിയുന്നത്. ബ്രാഗ്മാന്റെ അന്വേഷണത്തില്‍ അങ്ങനെ ഒരു യഥാര്‍ത്ഥ സംഭവം ഉണ്ടായതായും ബോട്ടപകടത്തില്‍പെട്ട കുട്ടികള്‍ വിജനമായ ദ്വീപില്‍ മാസങ്ങളോളം പരസ്പര സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞുവെന്നും കണ്ടെത്തി.

ഒറ്റപ്പെട്ടുപോകുന്നവര്‍ അതിജീവനത്തിനായി ഒപ്പമുള്ളവരെ പോലും കുരുതികൊടുക്കുമെന്ന ഗോള്‍ഡിങ്ങിന്റെ വീക്ഷണത്തെയാണ് ഈ യഥാര്‍ത്ഥ സംഭവം തകര്‍ത്തെറിയുന്നത്. അഞ്ചു പതിറ്റാണ്ടിനപ്പുറമുണ്ടായ ആ ബോട്ടപകടത്തില്‍പെട്ട കുട്ടികള്‍ എങ്ങനെ രക്ഷപ്പെട്ടുവെന്നും എങ്ങനെ അവര്‍ പ്രതിബന്ധങ്ങളെ അതിജീവിച്ചുവെന്നും അവരില്‍ ചിലരുമായി സംസാരിച്ച ഈ യുവ ചരിത്രകാരന്‍ പറയുന്നു.

ആ അധ്യായത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം:

ഞാന്‍ ഈ പുസ്തകം എഴുതാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന ഒരു കഥയുണ്ടെന്ന് എനിക്കറിയാമായിരുന്നു. പസഫിക്കിലെവിടെയോ ഉള്ള വിജനമായൊരു ദ്വീപിലാണ് ഈ കഥ നടക്കുന്നത്. ഒരു വിമാനം അവിടെ വന്ന് പതിച്ചു. ആ അപകടത്തില്‍ രക്ഷപ്പെട്ടത് ഏതാനും ബ്രിട്ടീഷ് സ്‌കൂള്‍ കുട്ടികളായിരുന്നു, തങ്ങളുടെ സൗഭാഗ്യത്തില്‍ അവര്‍ക്ക് വിശ്വസിക്കാനായില്ല. തങ്ങളുടെ സാഹസിക കഥാപുസ്തകങ്ങളിലൊന്നില്‍ പൊടുന്നനെ വന്നിറങ്ങിയപോലെയായിരുന്നു അത്. കടല്‍ത്തീരം മാത്രം, നാഴികകണക്കിന് ദൂരത്തില്‍ ചിപ്പികളും വെള്ളവും മാത്രം. അതിലും വലിയ കാര്യം: അവിടെ മുതിര്‍ന്നവരാരുമില്ല.

ആദ്യദിവസം തന്നെ ആ കുട്ടികള്‍ ഒരു ജനാധിപത്യ വ്യവസ്ഥിതി ഉണ്ടാക്കുന്നു. കൂട്ടത്തിലൊരുവനെ -റാല്‍ഫ് ആ സംഘത്തിന്റെ നേതാവായി തിരഞ്ഞെടുക്കുന്നു. ആരോഗ്യവാനും വ്യക്തിപ്രഭാവമുള്ളവനും സുന്ദരനുമായ അവന്‍ ആ സംഘത്തിലെ സ്വര്‍ണ്ണകുടുക്കയായിരുന്നു. റാല്‍ഫിന്റെ പദ്ധതി വളരെ ലളിതമായിരുന്നു: 1) ഉല്ലസിക്കുക. 2) അതിജീവിക്കുക. 3) അതിലെ കടന്നുപോകുന്ന കപ്പലുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി പുകയിട്ട് അടയാളം കൊടുക്കുക.

ഇതില്‍ ആദ്യത്തേത് വിജയകരമായിരുന്നു. മറ്റുള്ളവയോ? അത്രയും വിജയിച്ചില്ല. അക്കൂട്ടത്തിലെ മിക്ക ആണ്‍കുട്ടികള്‍ക്കും തീയിടുന്നതിനെക്കാളധികം ഭക്ഷണം കഴിക്കാനും ആടിപാടി നടക്കാനുമായിരുന്നു താല്പര്യം. ചെമ്പന്‍ തലമുടിക്കാരനായ ജാക്ക് എന്ന പയ്യന്‍ പന്നികളെ വേട്ടയാടുന്നതില്‍ ഏറെ താല്പര്യം കാണിക്കുന്നു, അങ്ങിനെ സമയം കടന്നുപോകും തോറും അവനും അവന്റെ കൂട്ടാളികളും കൂടുതല്‍ കൂടുതല്‍ വീണ്ടുവിചാരം ഇല്ലാത്തവരായി മാറുന്നു. അവസാനം അങ്ങ് ദൂരെകൂടി ഒരു കപ്പല്‍ കടന്നുപോകുമ്പോഴേക്കും തങ്ങള്‍ കൊളുത്തിയ തീയെല്ലാം ഉപേക്ഷിച്ച് അവര്‍ പോയ്ക്കഴിഞ്ഞിരുന്നു.

15 മാസത്തിനുശേഷം രക്ഷപ്പെടുത്തിയശേഷം കുട്ടികളെ വീണ്ടും ദ്വീപിലെത്തിച്ച് ജോൺ കാർനെമോള എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളിലൊന്ന്

'നിങ്ങള്‍ ചട്ടം ലംഘിക്കുകയാണ്!' റാല്‍ഫ് രോഷാകുലനായി അവരെ കുറ്റപ്പെടുത്തുന്നു. 'ആര്‍ക്ക് വേണം ചട്ടം?' ജാക്ക് തന്റെ ചുമല്‍ കുലുക്കുന്നു.

' നമ്മുടെ കയ്യിലിപ്പോള്‍ ചട്ടങ്ങള്‍ മാത്രമേയുള്ളൂ!'

രാത്രിയാകുമ്പോഴേക്കും ആ പയ്യന്മാരെല്ലാം ആ ദ്വീപിലെവിടേയോ മറഞ്ഞിരിക്കുന്നുണ്ടെന്ന് അവര്‍ കരുതുന്ന ഭീകരജീവിയെക്കുറിച്ചോര്‍ത്ത് ഭയന്ന് ഉള്‍ക്കിടിലം കൊള്ളുന്നു. യഥാര്‍ത്ഥത്തില്‍ ആ ഭീകരജീവി അവരുടെ ഉള്ളില്‍ത്തന്നെയാണ്. അധികനാള്‍ കഴിയും മുന്നേ അവര്‍ തങ്ങളുടെ മുഖത്ത് ചായം തേക്കാന്‍ തുടങ്ങിയിരുന്നു. വസ്ത്രങ്ങള്‍ ഉപേക്ഷിച്ചിരുന്നു. കീഴടക്കാനുള്ള ത്വര അവരില്‍ വളര്‍ന്നു തുടങ്ങിയിരുന്നു - പിച്ചുക, ഇടിക്കുക, കടിക്കുക.

അക്കൂട്ടത്തില്‍ ഒരാണ്‍കുട്ടി മാത്രമാണ് അല്പം ശാന്തനായിരുന്നത്. മറ്റുള്ളവരെക്കാള്‍ തടിയനായിരുന്നതിനാല്‍ അവരൊക്കെ പിഗ്ഗി എന്ന് വിളിക്കുന്ന അവന് ആസ്തമ ഉണ്ടായിരുന്നു. കണ്ണട ധരിച്ച അവന് നീന്താന്‍ അറിയുമായിരുന്നില്ല. പിഗ്ഗി യുക്തിയുടെ സ്വരമാണ്, അതാരും ശ്രദ്ധിക്കുന്നില്ല. 'നമ്മളെന്താണ്?' അവന്‍ ഖേദപൂര്‍വ്വം അത്ഭുതം കൂറുന്നു. 'മനുഷ്യരാണോ? അതോ മൃഗങ്ങളാണോ? അതോ കാട്ടാളരോ?' ആഴ്ചകള്‍ കടന്നുപോകുന്നു. അങ്ങിനെയൊരുനാള്‍ ഒരു ബ്രിട്ടീഷ് നേവല്‍ ഓഫീസര്‍ തീരത്തെത്തുന്നു. ആ ദ്വീപിപ്പോള്‍ ശ്വാസം മുട്ടിക്കുന്ന ഒരു പാഴ്നിലമാണ്. പിഗ്ഗിയടക്കം മൂന്ന് കുട്ടികള്‍ മരിച്ചു കഴിഞ്ഞിരുന്നു. 'ബ്രിട്ടീഷുകാരായ ഒരു സംഘം ആണ്‍കുട്ടികള്‍ക്ക് ഇതിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനാവും എന്നാണ് ഞാന്‍ കരുതിയത്,' ആ ഓഫീസര്‍ അവരെ ശകാരിക്കുന്നു. ഒരു സമയത്ത് നിഷ്ഠയോടെ, നന്നായി പെരുമാറിയിരുന്ന ആ ആണ്‍കുട്ടികളുടെ സംഘത്തലവനായ റാല്‍ഫ് വിതുമ്പിക്കരയുന്നു. 'കൈമോശം വന്നുപോയ നിഷ്‌കളങ്കതയെക്കുറിച്ച് ഓര്‍ത്ത്, മനുഷ്യഹൃദയത്തിന്റെ ഇരുളിനെക്കുറിച്ചോര്‍ത്ത്, റാല്‍ഫ് വിതുമ്പി...' നമ്മള്‍ വായിക്കുന്നു.

ഇങ്ങനെ ഒരു കഥ സംഭവിച്ചിട്ടില്ല. 1951 ല്‍ ഒരു ഇംഗ്ലീഷ് സ്‌കൂള്‍ അദ്ധ്യാപകനായ വില്യം ഗോള്‍ഡിങ് സങ്കല്പിച്ചെടുത്തതാണിത്. ഗോള്‍ഡിങ്ങിന്റെ ഈ പുസ്തകം, ഈച്ചകളുടെ തമ്പുരാന്‍ (ലോര്‍ഡ് ഓഫ് ദ ഫ്ളൈസ്) ലക്ഷകണക്കിന് കോപ്പികള്‍ വിറ്റുപോവുകയും മുപ്പതിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലാസ്സിക്കുകളിലൊന്നായി വാഴ്ത്തപ്പെടുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ വിജനമായൊരു ദ്വീപില്‍ ഒറ്റയ്ക്കകപ്പെട്ടു പോയാല്‍ അവരെന്തുചെയ്യുമെന്നതിനെക്കുറിച്ച് ആരെങ്കിലും പഠിച്ചിട്ടുണ്ടോയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഈ വിഷയത്തില്‍ ഞാന്‍ എഴുതിയൊരു ലേഖനത്തില്‍ ഈച്ചകളുടെ തമ്പുരാനെയും ആധുനികമായ ശാസ്ത്രീയ ഉള്‍ക്കാഴ്ചകളെയും താരതമ്യം ചെയ്യുകയും കുട്ടികള്‍ ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് നിഗമനത്തിലെത്തുകയും ചെയ്തു. ജീവശാസ്ത്രജ്ഞനായ ഫ്രാന്‍സ് ഡേ വോള്‍ പറഞ്ഞൊരു കാര്യം ഞാനതിലെഴുതി, 'സ്വന്തം പ്രയോഗതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ നിര്‍ബന്ധിതരായ കുട്ടികളാരും തന്നെ ഇതാണ് ചെയ്യുക എന്നതിന് ഒരു തുണ്ട് തെളിവ് പോലുമില്ല.' ആ ലേഖനം വായിച്ചവര്‍ അതിനെക്കുറിച്ച് സംശയാലുക്കളായിരുന്നു. എന്റെ ഉദാഹരണങ്ങളെല്ലാം തന്നെ വീട്ടിലും സ്‌കൂളിലും അല്ലെങ്കില്‍ വേനല്‍ക്കാല ക്യാമ്പുകളിലുമുള്ള കുട്ടികളെ കുറിച്ചായിരുന്നു. അടിസ്ഥാനപരമായ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല: കൊച്ചുകുട്ടികള്‍ വിജനമായൊരു ദ്വീപില്‍ ഒറ്റക്കകപ്പെട്ടു പോയാല്‍ എന്തു ചെയ്യും? അങ്ങനെയാണ് യഥാര്‍ത്ഥ ജീവിതത്തിലെ ഈച്ചകളുടെ തമ്പുരാനെക്കുറിച്ചുള്ള എന്റെ അന്വേഷണം ആരംഭിച്ചത്.

വെബില്‍ വലവീശിയപ്പോള്‍ ഒട്ടും സ്പഷ്ടമല്ലാത്ത ഒരു ബ്ലോഗില്‍ വളരെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു കഥ കണ്ടു: '1977 ല്‍ ഒരു ദിവസം, ആറ് ആണ്‍കുട്ടികള്‍ ഒരു മല്‍സ്യബന്ധന വള്ളത്തില്‍ ടോംഗയില്‍നിന്ന് യാത്രയാരംഭിച്ചു. കൊടുങ്കാറ്റില്‍ പെട്ടുപോയ ആ കുട്ടികള്‍ അവരുടെ യാനം തകര്‍ന്ന് വിജനമായ ദ്വീപിലെത്തി. അവര്‍, ഈ കൊച്ചുസംഘം, എന്താണ് ചെയ്യുക? ഒരിക്കലും ശണ്ഠ കൂടില്ലെന്ന് അവര്‍ ഒരു ഉടമ്പടിയിലെത്തി.'

എന്നാല്‍ ഈ ലേഖനം ആ കഥയുടെ ഒരു ഉറവിടവും നല്‍കിയില്ല. ഒന്നുരണ്ടു മണിക്കൂര്‍ കൂടി ഇന്റര്‍നെറ്റില്‍ അന്വേഷിച്ചപ്പോള്‍, ആ കഥ പ്രമുഖ അരാജകവാദിയായ കോളിന്‍ വാര്‍ഡ് എഴുതിയ 'ദി ചൈല്‍ഡ് ഇന്‍ ദി കണ്‍ട്രി' (1988) എന്ന പുസ്തകത്തില്‍നിന്നാണ് കിട്ടിയതെന്ന് മനസ്സിലായി. വാര്‍ഡ് ആ കഥ ഉദ്ധരിച്ചത് ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവായ സൂസന്ന ആഗ്നെല്ലി ഏതോ അന്താരാഷ്ട്ര സമിതിക്കോ മറ്റോ വേണ്ടി സമാഹരിച്ച റിപ്പോര്‍ട്ടില്‍ നിന്നായിരുന്നു. പ്രതീക്ഷയോടെ ഞാന്‍ ആ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി.

1966 ഒക്ടോബര്‍ ആറിന് ഇറങ്ങിയ 'The Age' എന്ന ആസ്ട്രേലിയന്‍ പത്രത്തില്‍ വന്ന ഒരു തലക്കെട്ട് എന്റെ ശ്രദ്ധയാകര്‍ഷിച്ചു: ശാന്ത സമുദ്രത്തിലുള്ള ദ്വീപസമൂഹമായ ടോംഗയുടെ തെക്ക് ഭാഗത്തുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു തുരുത്തില്‍ നിന്നും മൂന്നാഴ്ച്ച മുന്‍പ് കണ്ടെത്തിയ ആറ് ആണ്‍കുട്ടികളെ കുറിച്ചായിരുന്നു അത്. 1970വരെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള രാജ്യമായിരുന്നു ടോംഗ. ആട്ട എന്ന ദ്വീപില്‍ ഒരു വര്‍ഷത്തിലധികം കുടുങ്ങിപ്പോയ അവരെ ഒരു ആസ്ട്രേലിയന്‍ ക്യാപ്റ്റനാണ് രക്ഷിച്ചത്. ആ ലേഖനമനുസരിച്ച് ആ ക്യാപ്റ്റന്‍ ഈ കുട്ടികളുടെ സാഹസം പുനരാവിഷ്‌ക്കരിക്കാന്‍ ഒരു ടെലിവിഷന്‍ നിലയവുമായി ധാരണയിലെത്തിയിരുന്നു. 'അവരുടെ അതിജീവനകഥ കടലുമായി ബന്ധപ്പെട്ട ക്ലാസ്സിക് കഥകളിലൊന്നായി കണക്കാക്കപ്പെട്ട ഒന്നാണ്' എന്നുപറഞ്ഞാണ് ആ ലേഖനം അവസാനിച്ചത്. (ആദ്യ ലേഖനത്തിലെ വര്‍ഷം തെറ്റായി രേഖപ്പെടുത്തിയതായിരുന്നു). ആ ക്യാപ്റ്റന്റെ പേര് പീറ്റര്‍ വാര്‍ണര്‍ എന്നായിരുന്നു. ഒരു പക്ഷേ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവാം. പക്ഷേ, ഭൂഗോളത്തിന്റെ അങ്ങേയറ്റത്തുള്ള വൃദ്ധനായൊരു മനുഷ്യനെ തേടി പോകേണ്ടതെങ്ങനെയാണ്?

പീറ്റര്‍ വാര്‍ണര്‍

ക്യാപ്റ്റന്റെ പേരന്വേഷിച്ച് തിരഞ്ഞപ്പോള്‍ മറ്റൊരു ഭാഗ്യം വന്നു വീണു. ഓസ്ട്രേലിയയിലെ മക്കായില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കൊച്ചു പത്രമായ ''Daily Mercury' യില്‍ അടുത്ത നാളുകളില്‍ വന്ന ഒരു തലക്കെട്ട് എന്റെ ശ്രദ്ധയില്‍പ്പെട്ടു: 'Mates Share 50 year Bond'. അതില്‍ ഒരാള്‍ മറ്റേയാളുടെ ചുമരില്‍ കൈയിട്ട് ചിരിച്ചുകൊണ്ടു നില്ക്കുന്ന രണ്ടുപേരുടെ ഒരു ഫോട്ടോ ഉണ്ടായിരുന്നു. ആ ലേഖനം തുടങ്ങിയതിങ്ങനെയാണ്: ''ലിസ്മോറിനടുത്ത ടുള്ളേരയിലെ നേന്ത്രവാഴത്തോട്ടങ്ങള്‍ക്കിടയില്‍ അസാധ്യമായ സൗഹൃദം പങ്കിട്ട് രണ്ടുപേര്‍ ഇരിക്കുന്നു. ഇവര്‍ക്ക് അവരുടെ പ്രായത്തെ തോല്പ്പിക്കുന്ന ചിരിക്കുന്ന കണ്ണുകളും നല്ല ഉന്മേഷവും ഉണ്ട്. ഇവരില്‍ മുതിര്‍ന്നയാള്‍ക്ക് 83 വയസ്സുണ്ട്, അദ്ദേഹം അതിസമ്പന്നനായ ഒരു വ്യവസായിയുടെ മകനാണ്. 67 വയസ്സുള്ള രണ്ടാമത്തെയാളാകട്ടെ അക്ഷരാര്‍ത്ഥത്തില്‍ പ്രകൃതിയുടെ പുത്രനാണ്.'' അവരുടെ പേര്? പീറ്റര്‍ വാര്‍ണറും മാനോ ടൊട്ടാവും. എവിടെ വച്ചാണ് അവര്‍ കണ്ടുമുട്ടിയത്? വിജനമായ ഒരു ദ്വീപില്‍.

ടോംഗയില്‍ ഒരു ബിസിനസ് ഉദ്യമവുമായി ചെന്ന്, അത് വിജയിക്കാതെ നിരാശനായി ടാസ്മാനിയയിലേക്ക് മടങ്ങുകയായിരുന്നു പീറ്റര്‍. അപ്പോഴാണ് അദ്ദേഹം അത് കണ്ടത്: സമുദ്രനീലിമയില്‍ ഒരു കൊച്ചുദ്വീപ്. ആട്ട.

കാലങ്ങളായി അവിടെ ഒരു കപ്പലും നങ്കൂരമിട്ടിട്ടില്ലെന്ന് പീറ്ററിനറിയാമായിരുന്നു. 1863 ലെ ഒരു ഇരുണ്ട ദിനത്തില്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു അടിമക്കപ്പല്‍ ആ ദ്വീപിലെ നിവാസികളെയെല്ലാം കൊണ്ടുപോകുന്നത് വരേക്കും അവിടെ മനുഷ്യവാസമുണ്ടായിരുന്നു. പിന്നീട് ആട്ട വിജനമായി - ശാപഗ്രസ്തവും വിസ്മൃതവും.

എന്നാല്‍ വിചിത്രമായ എന്തോ ഒന്ന് പീറ്ററിന്റെ ശ്രദ്ധയില്‍പ്പെട്ടു. തന്റെ ബൈനോക്കുലറിലൂടെ നോക്കിയപ്പോള്‍ പച്ചപടര്‍ന്ന പാറക്കെട്ടുകള്‍ക്കിടയില്‍ അങ്ങിങ്ങായി തീയിട്ടതിന്റെ അടയാളങ്ങള്‍ കണ്ടു. ''ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സ്വമേധയാ തീപിടിക്കുന്നത് തീര്‍ത്തും അസ്വാഭാവികമായതിനാല്‍ ഞാനത് ഒന്ന് പോയി അന്വേഷിക്കുവാന്‍ തീരുമാനിച്ചു,'' അരനൂറ്റാണ്ടിനുശേഷം പീറ്റര്‍ ഞങ്ങളോട് പറഞ്ഞു. ആ ദ്വീപിന്റെ പടിഞ്ഞാറെ തലപ്പിലേക്ക് തന്റെ ബോട്ടെത്തിയപ്പോഴേക്കും ആ കാക്കക്കൂട്ടില്‍നിന്ന് പീറ്റര്‍ അട്ടഹാസം കേട്ടു.

പീറ്റര്‍ തന്റെ ആളുകളോട് തോക്ക് നിറയ്ക്കാന്‍ ഉത്തരവിട്ടു. ആദ്യത്തെ ആണ്‍കുട്ടി ബോട്ടിനടുത്തെത്താന്‍ അധികനേരം വേണ്ടിവന്നില്ല. 'എന്റെ പേര് സ്റ്റീഫന്‍,' അവന്‍ ശുദ്ധമായ ഇംഗ്ലീഷില്‍ കരഞ്ഞുപറഞ്ഞു. 'ഞങ്ങള്‍ ആറുപേരുണ്ട്, ഞങ്ങളിവിടെ എത്തിയിട്ട് പതിനഞ്ച് മാസം ആയി കാണുമെന്ന് തോന്നുന്നു.'

''ആരോ വിളിക്കുന്നുണ്ട്!'' ബോട്ടിലുള്ള ഒരാള്‍ ഉച്ചത്തില്‍ പറഞ്ഞു.

''അസംബന്ധം, അതു കടല്‍പക്ഷികള്‍ കരയുന്നതാണ്,'' പീറ്റര്‍ തിരിച്ചുപറഞ്ഞു.

എന്നാല്‍ അന്നേരം തന്റെ ബൈനോക്കുലറിലൂടെ അയാളൊരു ആണ്‍കുട്ടിയെ കണ്ടു. നഗ്‌നന്‍. അവന്റെ തലമുടി ചുമലറ്റം വരെ വളര്‍ന്നിരുന്നു. ഈ വന്യജീവി പാറക്കെട്ടുകളില്‍നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടി. പൊടുന്നനെ അവന് പിന്നാലെ ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചുകൊണ്ട് വേറെയും ആണ്‍കുട്ടികള്‍ അവനോടൊപ്പം വന്നു.

അപകടകാരികളായ കൊടുംകുറ്റവാളികളെ വിജനമായ ദ്വീപുകളില്‍ കൊണ്ടുപോയി തള്ളുന്ന പോളിനേഷന്‍ ആചാരം അറിയുന്നതിനാല്‍ തന്നെ പീറ്റര്‍ തന്റെ ആളുകളോട് തോക്ക് നിറയ്ക്കാന്‍ ഉത്തരവിട്ടു. ആദ്യത്തെ ആണ്‍കുട്ടി ബോട്ടിനടുത്തെത്താന്‍ അധികനേരം വേണ്ടിവന്നില്ല. 'എന്റെ പേര് സ്റ്റീഫന്‍,' അവന്‍ ശുദ്ധമായ ഇംഗ്ലീഷില്‍ കരഞ്ഞുപറഞ്ഞു. 'ഞങ്ങള്‍ ആറുപേരുണ്ട്, ഞങ്ങളിവിടെ എത്തിയിട്ട് പതിനഞ്ച് മാസം ആയി കാണുമെന്ന് തോന്നുന്നു.'

എന്നാല്‍ പീറ്റര്‍ അത് മുഴുവനായി വിശ്വസിക്കാനായില്ല. ബോട്ടില്‍ കയറിക്കഴിഞ്ഞപ്പോള്‍ ആ കുട്ടികള്‍ ടോംഗന്‍ തലസ്ഥാനാമായ നുക്കു ആലോഫയിലെ ഒരു ബോര്‍ഡിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു എന്ന് പറഞ്ഞു. സ്‌കൂള്‍ ഭക്ഷണംകഴിച്ച് മടുത്തപ്പോള്‍ ഒരു ദിവസം ഒരു മത്സ്യബന്ധനബോട്ടില്‍ കയറി യാത്രപോകാന്‍ തീരുമാനിച്ചു, എന്നാല്‍ കൊടുംങ്കാറ്റില്‍ പെട്ടുപോയി.

നിറകണ്ണീരോടെ ആ ഓപ്പറേറ്റര്‍ റേഡിയോവില്‍ വന്നു പറഞ്ഞു, ''നിങ്ങളവരെ കണ്ടെത്തി! ഈ കുട്ടികള്‍ മരിച്ചുപോയെന്നു കരുതിയതാണ്. അവരുടെ ശവമടക്കും നടത്തി. ഇതവരാണെങ്കില്‍ ഇതൊരു മഹാത്ഭുതമാണ്!''

നടക്കാന്‍ സാധ്യതയുള്ള കഥയാണെന്ന് പീറ്ററിനും തോന്നി. തന്റെ ടൂ വേ റേഡിയോ ഉപയോഗിച്ച് അയാള്‍ നുക്കു ആലോഫയിലേക്ക് വിളിച്ചു. 'എനിക്ക് ആറ് കുട്ടികളെ കിട്ടിയിട്ടുണ്ട്. ഞാന്‍ അവരുടെ പേരുകള്‍ തന്നാല്‍ സ്‌കൂളിലേക്ക് വിളിച്ച് ഇത് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണോ എന്ന് കണ്ടെത്താനാകുമോ? അയാള്‍ ഓപ്പറേറ്ററോട് ചോദിച്ചു.

''നില്‍ക്കൂ, നോക്കട്ടെ,'' മറുപടി വന്നു. ഇരുപത് മിനിറ്റ് കടന്നുപോയി. (കഥയുടെ ഈ ഭാഗം പറയുമ്പോള്‍ പീറ്ററിന്റെ കണ്ണുകള്‍ അല്പം ഈറനണിഞ്ഞിരുന്നു). അവസാനം, നിറകണ്ണീരോടെ ആ ഓപ്പറേറ്റര്‍ റേഡിയോവില്‍ വന്നു പറഞ്ഞു, ''നിങ്ങളവരെ കണ്ടെത്തി! ഈ കുട്ടികള്‍ മരിച്ചുപോയെന്നു കരുതിയതാണ്. അവരുടെ ശവമടക്കും നടത്തി. ഇതവരാണെങ്കില്‍ ഇതൊരു മഹാത്ഭുതമാണ്!''

ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ ആറ് ആണ്‍കുട്ടികളാണ്. എല്ലാവരും തന്നെ നുക്കു ആലോഫയിലുള്ള, ഏറെ അച്ചടക്കത്തോടെ നടത്തുന്ന കാത്തലിക് ബോര്‍ഡിങ് സ്‌കൂളായ സെന്റ്. ആന്‍ഡ്രൂസിലെ വിദ്യാര്‍ത്ഥികള്‍. ഇവരില്‍ ഏറ്റവും മൂത്തവന് പ്രായം പതിനാറ്, ഇളയവനാകട്ടെ പതിമൂന്നും. ഇവര്‍ക്കെല്ലാം പൊതുവായി ഒരുകാര്യമുണ്ടായിരുന്നു, അത് സ്‌കൂള്‍ അവര്‍ക്ക് ശരിക്കും മടുത്തു കഴിഞ്ഞിരുന്നു എന്നതാണ്. നിശ്ചിതമായ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് പകരം അവര്‍ സാഹസികമായ ജീവിതം തീക്ഷ്ണമായി മോഹിച്ചു, സ്‌കൂളിലെ ജീവിതത്തിന് പകരം കടല്‍ജീവിതം സ്വപ്നം കണ്ടു.

ആറ് ആൺകുട്ടികളും അവരെ രക്ഷപ്പെടുത്തിയ പീറ്റർ വാർണറും മത്സ്യബന്ധന ബോട്ടിൽ

അങ്ങിനെയവര്‍ രക്ഷപ്പെടാനൊരു പദ്ധതി തയ്യാറാക്കി: ഏകദേശം അഞ്ഞൂറ് നാഴിക ദൂരെയുള്ള ഫിജിയിലേക്ക്, അല്ലെങ്കില്‍ അങ്ങ് ദൂരെ ന്യൂസിലാന്റിലേക്ക്. 'സ്‌കൂളിലെ ഒരുപാട് പിള്ളേര്‍ക്ക് ഇതറിയാമായിരുന്നു, പക്ഷേ അവരെല്ലാം കരുതിയത് ഇതൊരു തമാശയാണെന്നാണ്,' മാനോ ഓര്‍ത്തെടുത്തു.

ഇതിന് ഒരെയൊരു തടസ്സമേ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ ആരുടെ കയ്യിലും സ്വന്തമായി ബോട്ടുണ്ടായിരുന്നില്ല, അതുകൊണ്ട് തങ്ങള്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു മീന്‍പിടുത്തക്കാരനായ മിസ്റ്റര്‍ ടാനിയേല ഉഹിലയോട് ഒരെണ്ണം 'കടം വാങ്ങാന്‍' അവര്‍ തീരുമാനിച്ചു.

ഈ നാവികപര്യടനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അവര്‍ക്ക് അധികസമയമൊന്നും വേണ്ടി വന്നില്ല. രണ്ട് ചാക്ക് നിറയെ നേന്ത്രപ്പഴം, ഏതാനും നാളികേരം പിന്നെ ഒരു ചെറിയ ഗ്യാസ് ബര്‍ണറും ആയിരുന്നു അവര്‍ പാക്ക് ചെയ്തെടുത്തത്. ഒരു വടക്കുനോക്കിയന്ത്രം പോകട്ടെ, കയ്യിലൊരു ഭൂപടം കരുതണമെന്നുപോലും അവരില്‍ ഒരാള്‍ക്കും തോന്നിയില്ല. ഇവരില്‍ ഒരാള്‍ പോലും പരിചയം സിദ്ധിച്ച നാവികന്‍ ആയിരുന്നില്ല താനും. ഒരു ബോട്ടോടിക്കേണ്ടതെങ്ങിനെയാണെന്ന് അക്കൂട്ടത്തിലെ ഇളയവനായ ഡേവിഡിനുമാത്രമെ അറിയുമായിരുന്നുള്ളൂ.

എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ തമാശപറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. 'എട്ടുദിവസം ഞങ്ങള്‍ ഒഴുകിനടന്നു, ഭക്ഷണവും വെള്ളവുമില്ലാതെ,' മാനോ പറഞ്ഞു. അവര്‍ മീന്‍പിടിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി. കരിക്കിന്‍ തൊണ്ടില്‍ എങ്ങനെയോ കുറച്ച് മഴവെള്ളം സംഭരിച്ചു, അത് അവര്‍ക്കിടയില്‍ തുല്യമായി വീതം വച്ചു

യാതൊരു തടസ്സവുമില്ലാതെ ആ സമുദ്രയാത്ര ആരംഭിച്ചു. ആ കൊച്ചുയാനം അന്ന് സന്ധ്യക്ക് തുറമുഖം വിടുന്നത് ആരും തന്നെ ശ്രദ്ധിച്ചില്ല. ആകാശം തെളിച്ചമുള്ളതായിരുന്നു; ശാന്തമായ കടലിനെ തഴുകി ഒരു മന്ദമാരുതന്‍ കടന്നുപോയി. എന്നാല്‍ ആ രാത്രി അവര്‍ ഒരു വലിയ അബദ്ധം കാണിച്ചു. അവരെല്ലാം ഉറങ്ങിപ്പോയി. ഏതാനും മണിക്കൂറുകള്‍ക്കുശേഷം തലയ്ക്കുമീതെ വെള്ളം വന്നുപതിക്കാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ ഉണര്‍ന്നത്. ചുറ്റും കൂറ്റാക്കുറ്റിരുട്ട്. അവര്‍ക്ക് ആകെ കാണാമായിരുന്നത് തങ്ങള്‍ക്ക് ചുറ്റും നുരയുന്ന കൂറ്റന്‍ തിരമാലകള്‍ മാത്രമായിരുന്നു.

അവര്‍ പായനിവര്‍ത്തിയെങ്കിലും കാറ്റതിനെ വലിച്ചുകീറിക്കളഞ്ഞു. അടുത്തതായി ഒടിയാനുണ്ടായിരുന്നത് പങ്കായമായിരുന്നു. 'നമ്മള്‍ വീട്ടിലെത്തുമ്പോള്‍ നമുക്ക് ടാനിയേലയോട് പറയണം അയാളുടെ ബോട്ടും അയാളെ പോലെ തന്നെയാണെന്ന്, വയസ്സായി ആകെ പൊട്ടിപൊളിഞ്ഞിരിക്കുന്നു,' കൂട്ടത്തില്‍ മൂത്തവനായി സിയോണ്‍ പിന്നീടൊരു അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.

എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ തമാശപറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. 'എട്ടുദിവസം ഞങ്ങള്‍ ഒഴുകിനടന്നു, ഭക്ഷണവും വെള്ളവുമില്ലാതെ,' മാനോ പറഞ്ഞു. അവര്‍ മീന്‍പിടിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി. കരിക്കിന്‍ തൊണ്ടില്‍ എങ്ങനെയോ കുറച്ച് മഴവെള്ളം സംഭരിച്ചു, അത് അവര്‍ക്കിടയില്‍ തുല്യമായി വീതം വച്ചു. ഓരോരുത്തരും രാവിലെ ഒരു കവിള്‍ വെള്ളം കുടിക്കും, ഒരു കവിള്‍ വൈകീട്ടും. സിയോണ്‍ അവരുടെ ഗ്യാസ് ബര്‍ണറില്‍ കടല്‍വെള്ളം തിളപ്പിക്കാന്‍ ശ്രമിച്ചു നോക്കി, എന്നാല്‍ അത് ഉരുണ്ട് വീണ് അവന്റെ കാലാകെ പൊള്ളി.

ആട്ട ദ്വീപ്

അങ്ങിനെ എട്ടാമത്തെ ദിവസം അങ്ങ് ദൂരെ ചക്രവാളത്തില്‍ അവരൊരത്ഭുതം കണ്ടു. കര. കൃത്യമായി പറഞ്ഞാല്‍ ഒരു ചെറിയ ദ്വീപ്. ചാഞ്ഞാടുന്ന പനകളും തൂമണല്‍ വിരിച്ച കടല്‍ത്തീരങ്ങളുമുള്ള ഒരു ഉഷ്ണമേഖല പറുദ്ദീസയൊന്നുമായിരുന്നില്ല അത്, മറിച്ച് കടലില്‍ നിന്നും ആയിരമടിയിലേറെ ഉയര്‍ന്നു നില്ക്കുന്ന ഭീമാകാരമായ ഒരു പാറക്കൂട്ടം.

ഇപ്പോള്‍ ആട്ട മനുഷ്യവാസയോഗ്യമല്ലാത്ത സ്ഥലമായാണ് കണക്കാക്കുന്നത്. കര്‍ക്കശക്കാരനായ ഒരു സ്പാനിഷ് സാഹസികയാത്രക്കാരനാണ് ഏതാനും വര്‍ഷം മുമ്പ് ഈ ദ്വീപ് കണ്ടെത്തിയത്. വിചിത്രമായ താല്പര്യങ്ങളുള്ള ധനികര്‍ക്കുവേണ്ടി താന്‍ നടത്തുന്ന കപ്പല്‍ഛേത സാഹസികയാത്രകള്‍ക്ക് പറ്റിയ സ്ഥലമായിരിക്കും ഇത് എന്നാണ് അദ്ദേഹം കരുതിയത്. അയാള്‍ ആ സ്ഥലം ഒന്ന് പരിശോധിക്കാന്‍ പോയിനോക്കി. എന്നാല്‍ വെറും ഒമ്പതുദിവസം കൊണ്ട് ആ പാവം പത്തിമടക്കി തിരിച്ചുപോന്നു. അദ്ദേഹത്തിന്റെ കമ്പനി തള്ളിനില്ക്കുന്ന ഈ പാറക്കെട്ടുകളിലേക്ക് യാത്ര സംഘടിപ്പിക്കുമോ എന്ന് ഒരിക്കലൊരു പത്രക്കാരന്‍ ചോദിച്ചപ്പോള്‍ സംശയമേതുമില്ലാതെ അയാള്‍ പറഞ്ഞ മറുപടി ഇതായിരുന്നു: 'ഒരിക്കലുമില്ല. ആ ദ്വീപ് വളരെ വളരെ ദുഷ്‌കരമാണ്.'

ഫോട്ടോഗ്രാഫർ ജോൺ കാർനെമോള പകർത്തിയ കുട്ടികളുടെ ചിത്രം

എന്നാല്‍ ഈ കൗമാരപ്രായക്കാര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമാണ് ഉണ്ടായത്. 'ഞങ്ങളവിടെ എത്തിയപ്പോഴേക്കും ആ കുട്ടികള്‍ പച്ചക്കറിത്തോട്ടങ്ങളും മരത്തടികള്‍ തുരന്നുണ്ടാക്കിയ മഴവെള്ളം ശേഖരിച്ചുവക്കാനുള്ള പാത്രങ്ങളും രസകരമായ കട്ടികള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ജിംനേഷ്യവും ബാഡ്മിന്റണ്‍ കോര്‍ട്ടും പക്ഷിക്കൂടുകളും തീയണയാതെ സൂക്ഷിക്കാനുള്ള സംവിധാനവും എല്ലാമായി ഒരു ചെറിയ കമ്മ്യൂണ്‍ തന്നെ രൂപീകരിച്ച് കഴിഞ്ഞിരുന്നു. സ്വന്തം കൈകള്‍ കൊണ്ട്, വെറുമൊരു കത്തിയുടെ വായ്ത്തല ഉപയോഗിച്ച് തികഞ്ഞ ദൃഢനിശ്ചയത്തോടെ ഉണ്ടാക്കിയെടുത്തതായിരുന്നു അതെല്ലാം,' ക്യാപ്റ്റന്‍ വാര്‍ണര്‍ തന്റെ ഓര്‍മ്മകുറിപ്പുകളിലെഴുതി.

ഫോട്ടോഗ്രാഫർ ജോൺ കാർനെമോള പകർത്തിയ കുട്ടികളുടെ മറ്റൊരു ചിത്രം

പിന്നീട് എഞ്ചിനീയറായി മാറിയ സ്റ്റീഫനാണ്, നിരവധി തവണ തന്റെ ശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ട് കമ്പുകളുപയോഗിച്ച് തീയുണ്ടാക്കുന്നതില്‍ വിജയിച്ചത്. ഈച്ചകളുടെ തമ്പുരാന്‍ എന്ന സങ്കല്പകഥയിലെ ആണ്‍കുട്ടികള്‍ തീയുടെ പേരുപറഞ്ഞാണ് പരസ്പരം ശണ്ഠ കൂടിയതെങ്കില്‍ ഇവിടെ യഥാര്‍ത്ഥ ജീവിതത്തിലെ ഈച്ചകളുടെ തമ്പുരാനില്‍ ഉള്ളവര്‍ ഒരിക്കലും തീയണയാതിരിക്കാന്‍ ഒരുവര്‍ഷത്തിലേറെക്കാലം അതിന് കാവലിരുന്നവരാണ്. ആ കുട്ടികള്‍ രണ്ടുപേര്‍ വീതമുള്ള സംഘമായി തിരിഞ്ഞ് പച്ചക്കറിത്തോട്ടത്തിനും അടുക്കളപ്പണിക്കും ഗാര്‍ഡ് ഡ്യൂട്ടിക്കും എല്ലാമായി കൃത്യമായ ജോലിസമയം നിശ്ചയിച്ചിരുന്നു. ഇടയ്ക്കൊക്കെ അവര്‍ ശണ്ഠ കൂടുമായിരുന്നു.

എന്നാല്‍ ഇത് പരിഹരിക്കാന്‍, ഇങ്ങനെ അടികൂടിയവര്‍ കുറച്ചു നേരത്തേക്ക് പിരിയണം എന്ന് അവരൊരു ചട്ടമുണ്ടാക്കി. അടികൂടിയവര്‍ അവരുടെ ദേഷ്യം തണുപ്പിക്കുന്നതിനായി കുറച്ച് നേരത്തേക്ക് ദ്വീപിന്റെ എതിര്‍ദിശകളിലേക്ക് പോകും. 'പിന്നെ ഒരു നാലുമണിക്കൂര്‍ ഒക്കെ കഴിഞ്ഞാല്‍ ഞങ്ങള്‍ പോയി അവരെ കൂട്ടിക്കൊണ്ട് വരും. എന്നിട്ട് അവരോട് പരസ്പരം മാപ്പു പറയാന്‍ പറയും. അങ്ങിനെയാണ് ഞങ്ങള്‍ കൂട്ടുകാരായി തുടര്‍ന്നത്,' മാനോ ഓര്‍ത്തെടുത്തു. (സിയോണും പിന്നീട് ഒരു ടെലിഫോണ്‍ സംഭാഷണത്തില്‍ എന്നോട് പറഞ്ഞത് ഇതുതന്നെയാണ്. 'ഞങ്ങള്‍ വളരെ അടുത്ത കൂട്ടുകാരായാണ് കഴിഞ്ഞത്. എപ്പോഴൊക്കെ അടികൂടിയാലും ഞാന്‍ അവരെ ശാന്തരാക്കാന്‍ ശ്രമിക്കും. അപ്പോഴവര്‍ കരയുകയും മാപ്പുപറയുകയും ചെയ്യും. അതോടെ എല്ലാം തീര്‍ന്നു. എല്ലാ തവണയും ഇതു തന്നെയായിരുന്നു സ്ഥിതി.')

പാട്ടും പ്രാര്‍ത്ഥനയുമായാണ് അവരുടെ ദിവസങ്ങള്‍ തുടങ്ങിയതും അവസാനിച്ചതും. ഒരു കഷണം പൊങ്ങുതടിയും ചിരട്ടയും പിന്നെ തങ്ങളുടെ തകര്‍ന്ന ബോട്ടില്‍ നിന്നും സംഘടിപ്പിച്ച ആറ് ഇരുമ്പ് കമ്പികളും കൊണ്ട് കോലോ ഒരു താല്ക്കാലിക ഗിറ്റാര്‍ ഉണ്ടാക്കി, അത് വായിച്ച് തന്റെ കൂട്ടുകാരുടെ പ്രസരിപ്പ് കെടാതെ നോക്കി. ഇത്രകാലം കഴിഞ്ഞിട്ടും ആ സംഗീതോപകരണം പീറ്റര്‍ കേടുവരാതെ സൂക്ഷിച്ചു.

തീര്‍ച്ചയായും അവരുടെ മനസ്സുണര്‍ത്തിയേ മതിയായിരുന്നുള്ളൂ. ആ വേനല്‍ക്കാലം മുഴുവന്‍ ഒരുതുള്ളി മഴപോലും പെയ്തില്ല. ഇതവരെ ദാഹം കൊണ്ട് പരിഭ്രാന്തരാക്കി. ഒരു ചങ്ങാടമുണ്ടാക്കി ആ ദ്വീപില്‍ നിന്നും അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പാറക്കെട്ടിലാഞ്ഞടിക്കുന്ന തിരയില്‍ അത് തകര്‍ന്നു. പിന്നെ ആ ദ്വീപിലൂടെ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ഒരു മരം കടപുഴകി അവരുടെ കുടിലിനുമേലെ വീണു. ഏറ്റവും കഷ്ടമായ കാര്യം, സ്റ്റീഫന്‍ ഒരു ദിവസം ഒരു പാറക്കെട്ടില്‍ നിന്നും വഴുതി വീണ് കാലൊടിഞ്ഞതാണ്. മറ്റുള്ളവര്‍ അവനെ താങ്ങിയെടുത്ത് മേലെയെത്തിച്ചു. വടികളും ഇലകളും ഉപയോഗിച്ച് അവര്‍ അവന്റെ കാല്‍ ഉഴിഞ്ഞുകെട്ടി. 'ഒന്നും പേടിക്കണ്ട, നീ തൗഫഅഹൗ തുപ്പോവ് രാജാവിനെ പോലെ ഇവിടെ കിടക്കുമ്പോള്‍ ഞങ്ങള്‍ നിന്റെ ജോലി ചെയ്തുകൊള്ളാം,' സിയോണ്‍ തമാശയായി പറഞ്ഞു.

ഫോട്ടോഗ്രാഫർ ജോൺ കാർനെമോള പകർത്തിയ കുട്ടികളുടെ ചിത്രം

ഈ ആണ്‍കുട്ടികളെ, അങ്ങിനെ 1966 സെപ്റ്റംബര്‍ 11 ഞായറാഴ്ച്ചയാണ് രക്ഷപ്പെടുത്തിയത്. ശാരീരികമായി അവര്‍ നല്ല അവസ്ഥയിലായിരുന്നു. അവരുടെ പേശീബലമുള്ള ശരീരവും സ്റ്റീഫന്റെ ഒടിഞ്ഞ കാല്‍ കൃത്യമായി നേരെയായതും കണ്ട് അവരെ പരിശോധിച്ച അന്നാട്ടിലെ ഫിസിഷ്യന്‍ ഡോ. പൊസേസി ഫോണ്വ അത്ഭുതം കൂറി. എന്നാല്‍ ആ കുട്ടികളുടെ കൊച്ചു സാഹസം അവിടംകൊണ്ടൊന്നും നിന്നില്ല, കാരണം അവര്‍ നുക്കു ആലോഫയില്‍ തിരിച്ചെത്തിയപ്പോള്‍ അവരെ കാണാനായി പോലീസ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നഗരത്തില്‍നിന്ന് കാണാതെ പോയ ആറ് മക്കള്‍ തിരിച്ചെത്തിയതില്‍ പോലീസ് ആവേശഭരിതരായി നില്‍ക്കുകയാണെന്ന് നിങ്ങള്‍ കരുതിക്കാണും. എന്നാല്‍ അതല്ല. അവര്‍ പീറ്ററിന്റെ ബോട്ടില്‍ കയറി ആ ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പതിനഞ്ച് മാസം മുന്നേ തന്റെ പായ് വഞ്ചി ആ കുട്ടികള്‍ 'കടം വാങ്ങി' കൊണ്ടുപോയതില്‍ ടാനിയേല ഉഹില അപ്പോഴും രോഷാകുലനായിരുന്നു, അയാള്‍ അവര്‍ക്കെതിരെ കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.

ആ കുട്ടികളുടെ ഭാഗ്യം എന്നുപറയാമല്ലോ, പീറ്റര്‍ ഒരു പദ്ധതി മുന്നോട്ടുവച്ചു. അവരുടെ കപ്പല്‍ഛേതത്തിന്റെ കഥ എന്തുകൊണ്ടും ഒരു ഹോളിവുഡ് സിനിമയ്ക്ക് പറ്റിയതാണെന്ന് അയാള്‍ക്ക് തോന്നി. വിജനമായൊരു ദ്വീപില്‍ അകപ്പെട്ടു പോയ ആറ് കുട്ടികള്‍. വര്‍ഷങ്ങളോളം ആളുകള്‍ പറഞ്ഞുനടക്കാനിടയുള്ള കഥയാണത്. തന്റെ പിതാവിന്റെ കമ്പനിയുടെ കോര്‍പ്പറേറ്റ് അക്കൗണ്ടന്റ് എന്ന നിലയില്‍ ആ കമ്പനിയുടെ സിനിമ അവകാശങ്ങള്‍ കൈകാര്യം ചെയ്തിരുന്ന പീറ്ററിന് ടെലിവിഷന്‍ രംഗത്തെ ആളുകളുമായി പരിചയമുണ്ടായിരുന്നു.

ദ്വീപിൽനിന്ന് രക്ഷപ്പെട്ട കുട്ടികളിലൊരാളായ മാനോയുടെ പിൽക്കാലത്തെ ചിത്രം

കൃത്യമായി എന്താണ് ചെയ്യേണ്ടതെന്ന് ക്യാപ്റ്റന് അറിയാമായിരുന്നു. ടോംഗയിലെത്തിയതും അയാള്‍ സിഡ്നിയിലെ ചാനല്‍ 7ന്റെ മാനേജരെ വിളിച്ചു. 'നിങ്ങള്‍ ഇതിന്റെ ഓസ്ട്രേലിയന്‍ പകര്‍പ്പവകാശം എടുത്തോളു, എനിക്ക് ആഗോള പകര്‍പ്പവകാശം തന്നാല്‍ മതി. അങ്ങനെയാണെങ്കില്‍ നമുക്കവരെ ജയിലില്‍നിന്ന് പുറത്തിറക്കി ആ ദ്വീപിലേക്ക് കൊണ്ടുപോകാം,' അയാള്‍ അവരോട് പറഞ്ഞു. അടുത്തതായി പീറ്റര്‍ നേരെ ഉഹിലയെ ചെന്നുകണ്ട് 150 പൗണ്ട് നല്കി ആ കുട്ടികളെ മോചിപ്പിച്ചു.

ഫോട്ടോഗ്രാഫർ ജോൺ കാർനെമോള പകർത്തിയ കുട്ടികളിലൊരാളുടെ ചിത്രം

ആ ആണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുടുംബക്കാര്‍ ഏറെ ആഹ്ളാദം കൊണ്ടു. ഏകദേശം തൊള്ളായിരം പേര്‍ മാത്രമുള്ള ഹാ അഫേവ ദ്വീപിലെ എല്ലാ താമസക്കാരും തന്നെ വീട്ടില്‍ തിരിച്ചെത്തിയ അവരെ സ്വീകരിക്കാനായി വന്നു. 'ഒരു സല്‍ക്കാരം കഴിയും മുന്നേ തന്നെ അടുത്ത സല്‍ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കും,' എന്ന് 1966 ലെ ആ ഡോക്കുമെന്ററിയുടെ ശബ്ദരേഖയില്‍ ഞാന്‍ കേട്ടു.

പീറ്റര്‍ ഒരു ദേശീയനായകനായി പ്രഖ്യാപിക്കപ്പെട്ടു. അധികം വൈകാതെ ആ ക്യാപ്റ്റനെ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് തൗഫ'അഹാവു തുപ്പോവ് നാലാമന്‍ രാജാവിന്റെ സന്ദേശമെത്തി. 'എന്റെ പ്രജകളില്‍ ആറുപേരെ രക്ഷപ്പെടുത്തിയതിന് നന്ദി. ഇനി ഞാന്‍ താങ്കള്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്?' രാജാവ് ചോദിച്ചു. ക്യാപ്റ്റന് അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ല. 'എനിക്കിവിടെ കൊഞ്ച് പിടിക്കാനും സ്വന്തമായൊരു ബിസിനസ് തുടങ്ങാനും അനുമതി തരണം.' നേരത്തെ നടക്കാതെ പോയ ബിസിനസ് ഉദ്യമം പീറ്റര്‍ ഒന്നുകൂടെ അവതരിപ്പിച്ചു.

പീറ്റർ വാർണറും ആറ് ആൺകുട്ടികളും

ഇത്തവണ രാജാവ് അനുമതി നല്കി. പീറ്റര്‍ തിരിച്ച് സിഡ്നിയില്‍ പോയി തന്റെ പിതാവിന്റെ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഒരു പുതിയ കപ്പല്‍ വാങ്ങി. പിന്നെ ആ ആറ് ആണ്‍കുട്ടികളെയും ഒപ്പം കൂട്ടി, എന്തൊരാഗ്രഹം കൊണ്ടാണൊ അവര്‍ ഈ സാഹസത്തിന് മുതിര്‍ന്നത് അത് അവര്‍ക്ക് അനുവദിച്ചുകൊടുത്തു: ടോംഗയ്ക്കപ്പുറമുള്ള ലോകം കാണാന്‍ ഒരവസരം. തന്റെ മത്സ്യബന്ധനയാനത്തില്‍ ജോലിക്കാരായി സിയോണ്‍, സ്റ്റീഫന്‍, കോലോ, ഡേവിഡ്, ലൂക്ക്, മാനോ എന്നിവരെ നിയമിച്ചു.

എന്തായിരുന്നു ആ ബോട്ടിന്റെ പേര് എന്നറിയേണ്ടേ? ദ ആട്ട.

കടപ്പാട്:

Humankind: A Hopeful History

Author: Rutger Bregman

മലയാളം പരിഭാഷ: മനുഷ്യകുലം: പ്രത്യാശാനിർഭരമായ ചരിത്രം

പരിഭാഷ: പി. സുധാകരൻ

പ്രസാധനം മഞ്ജുൾ പബ്ലിഷിങ് ഹൗസ്, ഭോപ്പാൽ

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു