വിദേശത്തേക്കു പറക്കുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളും സ്ത്രീകളുമായതോടെ കേരളത്തിൽ ഉയര്‍ന്നുവരുന്ന പുതിയ കുടിയേറ്റ സംസ്‌കാരത്തിലേക്കു വിരല്‍ചൂണ്ടി വിദഗ്ധര്‍. 2018നും 2023നും ഇടയിലുള്ള അഞ്ച് വര്‍ഷത്തില്‍ വിദേശ രാജ്യങ്ങളിലേക്കു ചേക്കേറിയ വിദ്യാര്‍ഥികളുടെ കണക്കില്‍ ഇരട്ടിയോളമാണ് വര്‍ധന. ഇക്കാര്യത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം സംബന്ധിച്ച ആശങ്കകളും ഉയരുന്നുണ്ടെങ്കിലും സ്ത്രീകളുടെ വര്‍ധനവിനെ 'ഗുഡ് ട്രെന്‍ഡ്'എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
ലോക കേരള സഭയില്‍ അവതരിപ്പിച്ച സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഐഐഎംഎഡി) നടത്തിയ പഠനത്തില്‍ കേരളത്തില്‍നിന്ന് 22 ലക്ഷം ആളുകള്‍ കുടിയേറ്റം നടത്തിയെന്ന് പറയുന്നു. 2018ലെ കണക്കുകളില്‍ ഇത് 21 ലക്ഷമായിരുന്നു.
കേരളത്തില്‍ പുതിയ ഒരു മധ്യവര്‍ഗം ഉണ്ടായിവരുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കടം വാങ്ങിയോ, വായ്പയെടുത്തോ വീടുകളില്‍നിന്ന് ഒരു കുട്ടിയെയെങ്കിലും വിദേശത്തേക്കു പഠനത്തിനയയ്ക്കാന്‍ ശ്രമിക്കുന്നു. ഈ കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ തന്നെ ജോലിയുമെടുക്കുന്നു. അവരോടൊപ്പം കുടിയേറുന്ന വീട്ടുകാരും. അത്തരത്തില്‍ പ്രത്യേക പ്രതിഭാസം അടുത്തകാലത്തായി കൂടിവരുന്നു
ആകെയുള്ള കുടിയേറ്റത്തിൽ വലിയ തോതിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കിലും വിദ്യാര്‍ഥികളുടെ പറിച്ചുനടലാണ് പ്രധാനമായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2018ല്‍ 1,29,763 വിദ്യാര്‍ഥികളായിരുന്നു പുറംരാജ്യങ്ങളിലേക്കു പഠനത്തിനായി പോയിരുന്നതെങ്കില്‍ 2023ല്‍ കണക്ക് ഇരട്ടിയായി. 2,50,000 പേര്‍ എന്നാണ് സര്‍വേ പറയുന്നത്. 2014ല്‍ കണക്കുകളില്‍ ഇതിലും വര്‍ധനയുണ്ടായിട്ടുണ്ടാവുമെന്നും പഠനത്തിനു നേതൃത്വം കൊടുത്തവരില്‍ ഒരാളായ ഡോ. ഇരുദയരാജന്‍ പറയുന്നു.
''കേരളത്തില്‍ പുതിയ ഒരു മധ്യവര്‍ഗം ഉണ്ടായിവരുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കടം വാങ്ങിയോ, വായ്പയെടുത്തോ വീടുകളില്‍നിന്ന് ഒരു കുട്ടിയെയെങ്കിലും വിദേശത്തേക്കു പഠനത്തിനയയ്ക്കാന്‍ ശ്രമിക്കുന്നു. ഈ കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ തന്നെ ജോലിയുമെടുക്കുന്നു. അവരോടൊപ്പം കുടിയേറുന്ന വീട്ടുകാരും. അത്തരത്തില്‍ പ്രത്യേക പ്രതിഭാസം അടുത്തകാലത്തായി കൂടിവരുന്നു. പുതിയ മൈഗ്രേഷന്‍ പാറ്റേണായിട്ടാണ് ഇതിനെ കണക്കാക്കേണ്ടത്. അത് എന്തുകൊണ്ടാണെന്നത് കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ആലോചിക്കണം. ഉന്നതവിദ്യാഭ്യാസവും അതിന്റെ അടിസ്ഥാന സൗകര്യങ്ങളിലുമെല്ലാമുള്ള പ്രശ്‌നങ്ങളാണോ ഇത്തരമൊരു കൊഴിഞ്ഞുപോക്കിന് കാരണമെന്നു പരിശോധിക്കണം,''ഡോ. ഇരുദയരാജൻ പറഞ്ഞു.
കൂടുതലും വിദ്യാര്‍ഥികള്‍ 18 വയസിനു മുൻപ് തന്നെ നാട് വിടുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നേരത്തെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചും വിദ്യാര്‍ഥികളുടെ കുടിയേറ്റത്തില്‍ പഠനം നടത്തിയിരുന്നു. വിദേശ പഠനത്തിനായി കുടിയേറുന്ന വിദ്യാര്‍ഥികളില്‍ ഏറെയും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയില്‍ താഴെമാത്രം വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് പഠനം വ്യക്തമാക്കിയിരുന്നു. നിലവില്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ 54 രാജ്യങ്ങളിലേക്കു കുടിയേറിയിട്ടുള്ളതായാണ് സിഡിഎസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.
രാത്രിയില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പെണ്‍കുട്ടികളെ തനിച്ചയയ്ക്കാന്‍ മടിക്കുന്ന നമ്മുടെ നാട്ടില്‍നിന്ന് കൂടുതലും പെണ്‍കുട്ടികള്‍ വിദേശത്തേക്കു കുടിയേറുന്നുവെന്നത് വലിയ കൗതുകകരമായ കാര്യമാണ്. 'ഗുഡ് ട്രെന്‍ഡ് ഇന്‍ മൈഗ്രേഷന്‍' എന്ന് വേണമെങ്കില്‍ ഇത് വിശേഷിപ്പിക്കാംഡോ. ഇരുദയരാജന്‍
കൂടുതല്‍ തൊഴിലവസരങ്ങളും സൗകര്യങ്ങളും നല്‍കി യുവാക്കളെ സംസ്ഥാനത്തുതന്നെ പിടിച്ചുനിര്‍ത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലുള്ള സമീപനങ്ങളുടെ അഭാവമാണ് വലിയതോതിലുള്ള വിദ്യാര്‍ഥികളുടെ കുടിയേറ്റമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2023ലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍നിന്നുള്ള ആകെ കുടിയേറ്റത്തിന്റെ 11.3 ശതമാനവും വിദ്യാര്‍ഥികളാണെന്നാണ് കേരള സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പറയുന്നത്.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായി. 2018ല്‍ 15.8 ശതമാനമായിരുന്നു ഇതെങ്കില്‍ 2023 ആയപ്പോഴേക്കും 19.1 ശതമാനമായി സ്ത്രീ കുടിയേറ്റക്കാര്‍. സ്ത്രീകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മാറി യൂറോപ്പിലേക്കും മറ്റു പാശ്ചാത്യരാജ്യങ്ങളിലേക്കുമാണ് കൂടുതലും കുടിയേറുന്നത്.
''രാത്രിയില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പെണ്‍കുട്ടികളെ തനിച്ചയയ്ക്കാന്‍ മടിക്കുന്ന നമ്മുടെ നാട്ടില്‍നിന്ന് കൂടുതലും പെണ്‍കുട്ടികള്‍ വിദേശത്തേക്കു കുടിയേറുന്നുവെന്നത് വലിയ കൗതുകകരമായ കാര്യമാണ്. 'ഗുഡ് ട്രെന്‍ഡ് ഇന്‍ മൈഗ്രേഷന്‍' എന്ന് വേണമെങ്കില്‍ ഇത് വിശേഷിപ്പിക്കാം,'' ഇരുദയരാജന്‍ പറഞ്ഞു.
അതേസമയം, കേരളത്തിലേക്കു തിരികെ വരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന കാര്യവും റിപ്പോര്‍ട്ട് പറയുന്നു. 2018ല്‍ 12 ലക്ഷമായിരുന്നു തിരികെ എത്തുന്നവരുടെ എണ്ണമെങ്കിൽ 2023 ആയപ്പോഴേക്കും അത് 18 ലക്ഷമായി. കോവിഡിനുശേഷമുള്ള മാറ്റമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. കോവിഡ് സമയത്തും അതിനുശേഷം പലയിടങ്ങളിലുമുണ്ടായ സാമ്പത്തിക ഞെരുക്കവും പ്രവാസികളുടെ മടങ്ങിവരവിന് ആക്കം കൂട്ടിയതായും റിപ്പോര്‍ട്ട് പറയുന്നു.