വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് ആരോഗ്യ വകുപ്പില്‍ നിന്നും വിചിത്രമായ മറുപടി. ജീവനക്കാരുടെ ദീര്‍ഘകാല അവധിയെക്കുറിച്ചായിരുന്നു ചോദ്യം. മറുപടി ലഭിച്ചതാകട്ടെ അറവുശാലയെക്കുറിച്ചും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്നാണ് ചോദ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മറുപടി ലഭിച്ചത്.
വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ജീവനക്കാരുടെ അവധിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി അപേക്ഷ നല്‍കിയത്. ഡയറക്ടറുടെ ഓഫീസില്‍ നിന്നും ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് കത്ത് കൈമാറി. ഈ അപേക്ഷയുടെ മറുപടിയിലാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്ന് തെറ്റായ വിവരം ലഭിച്ചത്. അറവുശാലയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരങ്ങള്‍ തേടിയുള്ള വിവരാവകാശ അപേക്ഷയും ആശുപത്രിയില്‍ ലഭിച്ചിരുന്നു. ഇതിനുള്ള മറുപടിയും തയ്യാറാക്കി. ഈ മറുപടിയാണ് അവധിയുടെ വിവരങ്ങള്‍ തേടിയുള്ള അപേക്ഷയ്ക്ക് അയച്ചത്. അവധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന മറുപടി തയ്യാറാക്കിയെന്നും ഉടന്‍ അപേക്ഷന് ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.