''ഓരോ ബിനാലെ ഉണ്ടായിവരുമ്പോഴും ഓരോ പെർഫോമേറ്റീവ് വർക്ക് ക്രിയേറ്റ് ചെയ്യുന്ന പോലെയാണ് എനിക്ക് തോന്നാറ്. 10 വർഷക്കാലം കൊണ്ട് കേരളത്തിൽ ഉണ്ടായിട്ടുള്ള സാംസ്കാരികപരമായ ഉന്നമനം പരിശോധിച്ചാൽ അതിന്റെ വ്യാപ്തി എല്ലാവർക്കും മനസ്സിലാവും''- കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറയുന്നു. കോവിഡിൽ ഇല്ലാതായ നാല് വർഷങ്ങൾക്ക് ശേഷം കൊച്ചി- മുസ്‌രിസ് ബിനാലെ വീണ്ടും കലാ ആസ്വാദകരിലേക്ക് എത്തുകയാണ്. ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കമാവും.
''കല അറിയുവാനുള്ള സ്പേസ് ഉണ്ടാക്കുക എന്നതാണ് ബിനാലെയുടെ ലക്ഷ്യം. ബിനാലെക്ക് മുമ്പും ശേഷവുമുള്ള കലാലോകവും സാമ്പത്തിക ലോകവും കേരളത്തിൽ ഏത് തരത്തിലാണ് മാറിയിട്ടുള്ളതെന്ന് ആർക്കും പരിശോധിക്കാം. പ്രാദേശികമായ വികസനം കൊണ്ടുവരുന്ന ബിനാലെകളെ സർക്കാരും ഇപ്പോൾ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്. ഒറിജിനൽ കലകൾ കാണാനുള്ള അവസരമാണ് ബിനാലെ ഒരുക്കുന്നതും. അഞ്ചാം ബിനാലെ സർപ്രൈസുകളുടേതാണ്''- ബോസ് തുടർന്നു. 120 ദിവസം നീണ്ട് നിൽക്കുന്ന ബിനാലെയുടെ അവസാനവട്ട ഒരുക്കങ്ങൾക്കിടെ ദ ഫോർത്തുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് ബോസ് കൃഷ്ണമാചാരി.