FOURTH SPECIAL

ദുരിതങ്ങള്‍ പുറത്തറിയിക്കാതെയുള്ള ജീവിതം; കാനഡയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു?| ദ ഫോര്‍ത്ത് അന്വേഷണപരമ്പര-4

ഒരു മാനേജ്‌മെന്റ് കോഴ്‌സില്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ ഒരു ബാച്ചിലെ 300 കുട്ടികളില്‍ ഒരാള്‍ക്കുപോലും പഠിച്ച വിഷയത്തില്‍ ജോലി കിട്ടിയില്ല. എല്ലാവരും കിട്ടുന്ന ജോലികള്‍ ചെയ്ത് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. യുകെയിലെ പോലെ വിദേശ പഠനവും അതുവഴി നല്ലൊരു ജോലി കിട്ടലും അത്ര എളുപ്പമല്ല കാനഡയിലും

പി ആർ സുനിൽ

ഈ വര്‍ഷം ജനുവരി-ഫെബ്രുവരി(2024) മാസങ്ങളിലായിരുന്നു കാഡനയിലെ യാത്ര. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ശക്തമായ മഞ്ഞുവീഴ്ചയായിരുന്നു. കാഴ്ചയ്ക്ക് അതിമനോഹരം. പക്ഷേ, പുറത്തിറങ്ങി നിന്നാല്‍ കുറച്ചുസമയത്തിനുള്ളില്‍ ആവേശമൊക്കെ തീരും. തണുപ്പെന്ന് പറഞ്ഞാല്‍ കൊടുംതണുപ്പ്. ഞാന്‍ കാനഡയില്‍ എത്തുന്ന ദിവസം അവിടുത്തെ താപനില മൈനസ് പതിനഞ്ച് ഡിഗ്രിയായിരുന്നു. അതിലധികം തണുപ്പ് അനുഭവപ്പെടും. തണുത്തുറഞ്ഞുപോകുന്ന അവസ്ഥ. നടവഴികളും റോഡുമൊക്കെ നിമിഷ നേരം കൊണ്ട് മഞ്ഞുമൂടിപ്പോകും. ജലാശയങ്ങള്‍ തണുത്തുറഞ്ഞുപോയിരിക്കുന്നു. ഈ കാലാവസ്ഥയില്‍ എങ്ങനെ ജോലി ചെയ്യും എന്നതായിരുന്നു ആദ്യത്തെ ആശങ്ക. ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ മൊബൈല്‍ ഫോണും ഗിമ്പലുമൊക്കെ ഓഫാവുകയും സാങ്കേതിക പ്രശ്‌നങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു. എങ്കിലും വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ ദൃശ്യങ്ങളൊക്കെ പകര്‍ത്താന്‍ സാധിച്ചു.

കാനഡയില്‍ എത്തിയതിന്റെ രണ്ടാം ദിവസം തന്നെ കാനഡയിലെ കോളേജുകളിലേക്കും സര്‍വകലാശാലകളിലേക്കും യാത്ര ആരംഭിച്ചു. നിലയ്ക്കാത്ത മഞ്ഞുവീഴ്ചയായിരുന്നു ആ ദിവസങ്ങളിലും. ഒണ്ടാരിയോയിലെ കിച്ചണറിലുള്ള ഒരു കോളേജിലേക്കാണ് ആദ്യം പോയത്. അവിടെ നിരവധി വിദ്യാര്‍ഥികളെ കണ്ടു. നമ്മുടെ നാട്ടിലെ ഏജന്‍സികള്‍ വലിയ റേറ്റിങ് നല്‍കുന്ന കോളേജ് ആയിരുന്നു അത്. പക്ഷേ, ആ കോളേജ് ബ്‌ളാക് ലിസ്റ്റിലാണെന്ന് കേള്‍ക്കുന്നു എന്നൊക്കെയാണ് ആ സമയത്ത് കുട്ടികള്‍ പറഞ്ഞത്. ഗൂഗിളില്‍ നോക്കിയപ്പോഴും ഏജന്‍സികളുടെ റിവ്യൂവിലും നല്ല സ്റ്റാന്റേര്‍ഡ് കോളേജ് എന്നാണ് മറുപടി കിട്ടിയത്. പക്ഷേ, കോളേജില്‍ പഠിക്കാനായി എത്തിയപ്പോഴാണ് ഇവര്‍ അറിയുന്നത് നിലവാരം എന്തെന്ന്. മറ്റ് സാധ്യതകള്‍ തേടാനൊന്നും കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും സാധിക്കില്ല. കാരണം പഠനച്ചെലവ് തന്നെ. കോളേജുമാറ്റമൊന്നും പ്രായോഗികമല്ല. 15 മുതല്‍ 20 ലക്ഷം രൂപ ചെലവിട്ടാണ് കാനഡയിലെ കമ്മ്യൂണിറ്റി കോളേജുകളില്‍ ഭൂരിഭാഗം കുട്ടികളും എത്തിയിരിക്കുന്നത്. കടം വാങ്ങിയും ബാങ്ക് വായ്പകളെടത്തുമൊക്കെ സമാഹരിച്ച പണം. അവര്‍ക്ക് എങ്ങനെ തിരിച്ചുപോകാനാകും. ഈ കോളേജില്‍ ഒരു മാനേജ്‌മെന്റ് കോഴ്‌സില്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ ഒരു ബാച്ചിലെ 300 കുട്ടികളില്‍ ഒരാള്‍ക്കുപോലും പഠിച്ച വിഷയത്തില്‍ ജോലി കിട്ടിയില്ല. എല്ലാവരും കിട്ടുന്ന ജോലികള്‍ ചെയ്ത് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. യുകെയിലെ പോലെ വിദേശ പഠനവും അതുവഴി നല്ലൊരു ജോലി കിട്ടലും അത്ര എളുപ്പമല്ല കാനഡയിലും.

യുകെയില്‍ പോസ്റ്റ് 92 സര്‍വകലാശാലകളാണെങ്കില്‍ (1992 വരെ പോളിടെക്‌നിക്കും അതിന് ശേഷം സര്‍വകലാശാലകളുമായി മാറിയ തട്ടിക്കൂട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) കാനഡയില്‍ അത് കമ്മ്യൂണിറ്റി കോളേജാണ്. യാതൊരു നിലവാരവും ഇല്ലാത്തവയാണ് കാനഡയിലെ കമ്മ്യൂണിറ്റി കോളേജുകളില്‍ മിക്കവയും. വലിയ കെട്ടിടങ്ങളൊക്കെ ഉണ്ടാകും. കെട്ടിടങ്ങളേ ഉണ്ടാകു. കാനഡയിലെ ഇത്തരം കോളേജുകളില്‍ പഠിച്ച്, പഠിക്കുന്ന വിഷയത്തില്‍ വലിയ അക്ക ശമ്പളമുള്ള ജോലി കിട്ടും അതുവഴി സ്ഥിരതാമസത്തിനുള്ള പി.ആര്‍ കിട്ടും (പെര്‍മനന്റ് റസിഡന്‍സി) എന്നൊക്കെ പ്രതീക്ഷിച്ചാണ് ഭൂരിഭാഗം കുട്ടികളും വരുന്നത്. പക്ഷേ, പഠിച്ചിറങ്ങി വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറിക്കഴിയുമ്പോഴാണ് ജോലി കിട്ടുക എത്ര പ്രയാസമാണെന്ന് പലരും തിരിച്ചറിയുന്നത്. (കാനഡയില്‍ പഠിക്കാനെത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ സ്റ്റേ ബാക്ക് ഉണ്ട്. മൂന്ന് വര്‍ഷത്തേക്ക് കിട്ടുന്ന വര്‍ക്ക് പെര്‍മിറ്റില്‍ അവര്‍ക്ക് എവിടെയും ജോലി ചെയ്യാം, സ്ഥിരം ജോലി കിട്ടിയാല്‍ ആ വീസയിലേക്ക് മാറാം) .

കാഡനയില്‍ ഉന്നത പഠനം, ജോലി, പി.ആര്‍ എന്നൊക്കെ വലിയ പ്രചരണമാണ് നാട്ടില്‍ നടക്കുക. വലിയ വിദേശ വിദ്യാഭ്യാസ മേളകള്‍ വരെ നടക്കും. പഠന സമയത്ത് പാര്‍ട്ട് ടൈം ജോലി ചെയ്യാം. പക്ഷേ, പഠന സമയത്ത് കിട്ടുന്ന പാര്‍ട്ട് ടൈം ജോലികൊണ്ട് ഭക്ഷണം കഴിക്കാനുള്ള ഡോളര്‍ പോലും കണ്ടെത്തുക പ്രസായമാണെന്നാണ് നിരവധി വിദ്യാര്‍ഥികള്‍ പറഞ്ഞത്. മാത്രമല്ല, പാര്‍ട്ട്‌ടൈം ജോലി തന്നെ കിട്ടാന്‍ പ്രയാസമാണ്. മഞ്ഞുകാലത്ത് തീരെ ജോലിയുണ്ടാകില്ല. അടുത്തകാലത്തായി കൂടുതല്‍ വിദ്യാര്‍ഥികള്‍ കാനഡയിലേക്ക് എത്തിത്തുടങ്ങിയതോടെ ജോലി സാധ്യതകള്‍ വലിയ തോതില്‍ കുറഞ്ഞു. മാനേജ്‌മെന്റ് ഡിപ്‌ളോമ കോഴ്‌സുകള്‍ പഠിക്കാനാണ് കാനഡയിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും എത്തുന്നത്. പക്ഷേ ഇതില്‍ 99 ശതമാനം കുട്ടികള്‍ക്കും പഠിച്ച വിഷയത്തില്‍ ജോലി കിട്ടുന്നില്ല എന്ന വസ്തുത മാത്രം പുറത്തുവരുന്നില്ല. അല്ലെങ്കില്‍ കാനഡയിലേക്ക് വിദ്യാര്‍ഥികളെ എല്ലാ വര്‍ഷവും കയറ്റി അയയ്ക്കുന്ന ഏജന്‍സികള്‍ അത് മറച്ചുവെക്കുന്നു.

രണ്ട് തരത്തിലുള്ള വിദ്യാര്‍ഥികള്‍ കാനഡയില്‍ എത്തും. ഡിഗ്രി പൂര്‍ത്തിയാക്കി വരുന്നവരും പ്‌ളസ് ടു കഴിഞ്ഞു വരുന്നവരും. ഒന്നോ രണ്ടോ വര്‍ഷത്തെ ഡിപ്‌ളോമ കോഴ്‌സുകള്‍ക്കാണ് എല്ലാവരും ചേരുന്നത്. കഷ്ടപ്പാടുകള്‍ സഹിച്ച് ഈ കുട്ടികള്‍ പഠനകാലം തള്ളി നീക്കും. പിന്നീട് കിട്ടുന്നത് മൂന്ന് വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് കാലമാണ്. അതാണ് നിര്‍ണായകം. വര്‍ക്ക് പെര്‍മിറ്റ് കാലത്ത് പി.ആര്‍ കിട്ടുന്നതിനുള്ള പോയിന്റ് ലഭിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ നിശ്ചിയച്ചിട്ടുള്ള ജോലികള്‍ തന്നെ ചെയ്യണം. വര്‍ക്ക് എക്‌സ്പീരിയന്‍സ് ഒന്നുമില്ലാത്ത, തട്ടിക്കൂട്ട് കമ്മ്യൂണിറ്റി കോളേജുകളില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക് ആര് ജോലി കൊടുക്കാന്‍. എന്ത് പഠിച്ചാല്‍, എവിടെ പഠിച്ചാല്‍ കാനഡയില്‍ ജോലി കിട്ടും, എന്ത് ജോലി ചെയ്താല്‍ പി.ആര്‍ കിട്ടും അതിന്റെ സാധ്യതകള്‍ എന്തൊക്കെ എന്നത് അറിയാതെ വന്നുപെട്ടവരാണ് ഇവിടെയുള്ളവരില്‍ ഭൂരിഭാഗം പേരും. പല കുട്ടികളുടെയും കാര്യത്തില്‍ കോളേജുകളും കോഴ്‌സുകളും തിരഞ്ഞെടുത്തത് ഏജന്‍സികളാണ്. കാനഡയില്‍ എത്തിയാല്‍ മാത്രം മതി എന്നാകും ഏജന്‍സികള്‍ പറയുക. യഥാര്‍ഥത്തില്‍ ഒരു മനുഷ്യക്കടത്ത് പോലെ വിദേശ വിദ്യാഭ്യാസത്തെ കേരളത്തിലെ ഏജന്‍സികള്‍ പ്രയോജനപ്പെടുത്തുന്നു. അവരുടെ പ്രലോഭനങ്ങള്‍ നമ്മുടെ യുവതലമുറ പെട്ടുപോകുന്നു.

'നല്ല പബ്‌ളിക് സര്‍വകലാശാലകളിലേക്കാണ് കുട്ടികള്‍ പഠിക്കാനായി എത്തുന്നതെങ്കില്‍ ജോലിയും പി.ആറുമൊക്കെ കിട്ടുക എളുപ്പമാണ്. പക്ഷേ, ഇപ്പോള്‍ കണ്ടുവരുന്ന ഒരു ട്രന്റ് എങ്ങനെയെങ്കിലും കാനഡയില്‍ എത്തുക എന്നതാണ്. അതിന് ഏതെങ്കിലും തട്ടിക്കൂട്ട് കമ്മ്യൂണിറ്റി കോളേജുകളില്‍ ചേരുക. പക്ഷേ, അത്തരം വിദ്യാര്‍ഥികള്‍ പഠനകാലം കഴിയുമ്പോള്‍ ജോലി കിട്ടാതെ പ്രതിസന്ധിയിലാകുന്നതിന് തങ്ങള്‍ ദൃക്‌സാക്ഷികളാണെന്ന്' കാനഡയില്‍ 13 വര്‍ഷമായി താമസിക്കുന്ന ജേര്‍ണലിസ്റ്റ് കൂടിയായ ആസാദ് ജയന്‍ പറയുന്നു.

ഇതേ വാക്കുകളായിരുന്നു ടൊറണ്ടോയിലെ വ്യവസായിയായ ടോമി കൊക്കാട്ടും പറഞ്ഞത്. കാനഡയില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന മലയാളികള്‍ കുട്ടികളെ കാനഡക്ക് പുറത്തുവിട്ടാണ് പഠിപ്പിക്കുന്നത്. അപ്പോഴാണ് കേരളത്തിൽ നിന്ന് മലയാളികൾ കാനഡയിൽ എത്തുന്നത്. പ്ളസ് ടു കഴിഞ്ഞ ഉടൻ രക്ഷിതാക്കൾ കുട്ടികളെ കാനഡയിലേക്ക് കയറ്റിവിടുകയാണ്. അത് വലിയ അപകടമാകും അവരുടെ ഭാവിയിൽ ഉണ്ടാക്കുക എന്നും ടോമി കൊക്കാട്ടിൽ പറയുന്നു

നാട്ടില്‍ നിന്ന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം കാനഡയില്‍ എത്തി ചില ഹയര്‍ കോഴ്‌സുകള്‍ ചെയ്ത് നല്ല ജോലി സമ്പാദിച്ചവരെ തനിക്കറിയാം. പക്ഷേ പ്‌ളസ്ടുവോ ഡിഗ്രിയോ കഴിഞ്ഞ ഉടന്‍ കാനഡയില്‍ എത്തി കമ്മ്യൂണിറ്റി കോളേജുകളില്‍ നിന്ന് ഡിപ്‌ളോമ കോഴ്‌സും എടുത്ത് വൈറ്റ് കോളര്‍ ജോലികള്‍ നേടിയവര്‍ തന്റെ അറിവില്‍ ആരും ഇല്ലെന്നായിരുന്നു കാനഡയില്‍ പത്ത് വര്‍ഷത്തിലധികമായി നഴ്‌സായി ജോലി ചെയ്യുന്ന ഫ്രാങ്ക്‌ളിന്‍ പറഞ്ഞത്.

പഠനകാലവും മൂന്ന് വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് കാലവും പൂര്‍ത്തിയാക്കി ജോലി കിട്ടാതെ ഒരുപാട് ഉദ്യോഗാര്‍ഥികള്‍ കാനഡയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുപോകുന്നുണ്ടെന്നും പലയിടങ്ങളിലായി നടത്തിയ യാത്രയില്‍ മനസ്സിലാക്കാന്‍ സാധിച്ചു. അങ്ങനെ നാട്ടിലേക്ക് തിരിച്ചുപോകുന്ന രണ്ട് വിദ്യാര്‍ഥികളെ കണ്ടു. അവരുടെ പേരോ, നാടോ വെളിപ്പെടുത്തുന്നില്ല. കാനഡയിലെത്തിയതോടെ ഇനി കാനഡയിലായിരിക്കും ജീവിതം എന്നൊക്കെയാണ് ഇവര്‍ പ്രതീക്ഷിച്ചത്. പക്ഷേ, ജീവിതം ആരംഭിച്ചപ്പോഴാണ് പ്രതിസന്ധിയുടെ ആഴം മനസ്സിലായത്. വലിയ അക്ക ശമ്പളമൊക്കെ വാങ്ങി കോടീശ്വരന്മാരായി ഇവര്‍ ജീവിക്കുന്നു എന്നാണ് ബന്ധുക്കള്‍ കരുതുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ഈ കുട്ടികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നത്.

ഉന്നത പഠനത്തിന് കാനഡ പറ്റിയ ഇടം തന്നെയാണ്. യുകെയിലെ പോലെ നല്ല സര്‍വകലാശാലകള്‍ കാനഡയിലും ഉണ്ട്. പക്ഷേ, അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എത്താറില്ല. കാരണം അത്തരം സ്ഥാപനങ്ങള്‍ക്കൊന്നും ഏജന്‍സികള്‍ക്ക് കമ്മീഷന്‍ കൊടുത്ത് വിദ്യാര്‍ഥികളെ ചേര്‍ക്കേണ്ട ഗതികേടില്ല.

കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യ വിദ്യാര്‍ഥികളുടെ കേന്ദ്രമാണ്. ഇവിടുത്തെ ടൊറണ്ടോ, കിച്ചണര്‍, വാട്ടര്‍ലൂ, ലണ്ടന്‍, നയാഗ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാം വിദേശ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവ. ഇംഗ്‌ളീഷിനെക്കാള്‍ പഞ്ചാബി, ഹിന്ദി, തെലുങ്ക്, മലയാളം സംസാരിക്കുന്നവരെയാണ് ഈ കോളജുകളില്‍ കാണാനാവുക. 2023ല്‍ മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയിലെത്തിയത്. ഈ വര്‍ഷം രണ്ട് ലക്ഷത്തിലധികവും.

ദുഃഖത്തോടെ പറയട്ടെ, ഇവരില്‍ ഭൂരിപക്ഷം പേരേയും കാത്തിരിക്കുന്നത് ഒട്ടും നല്ല ദിനങ്ങളല്ല. ഓരോ വര്‍ഷവും വിമാനം കയറി കാനഡയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് ആര്‍ക്കും അറിയില്ല. വീട്ടുകാരെ ദുരിതങ്ങള്‍ അറിയാക്കാതെ ഇവിടെ ഞെങ്ങിഞെരുങ്ങി ജീവിക്കുന്നവരായി കേരളത്തിന്‌റെ യുവതലമുറ മാറുകയാണ്.

വിദേശ വിദ്യ അഭ്യാസം -4

തുടരും...

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി