യുകെയില്‍ പഠിച്ച് വര്‍ക്ക് വിസ സ്‌പോര്‍ണ്‍സര്‍ഷിപ്പ് കിട്ടുന്ന ഒരു ജോലി എന്നത് ഇന്ന് അത്ര എളുപ്പമല്ല. അതിനാല്‍ വിസ ഉറപ്പുള്ള എന്തു ജോലിയും ചെയ്യാന്‍ തയ്യാറാവുക എന്നതാണ് പഠനം പൂര്‍ത്തിയാക്കി തട്ടിക്കൂട്ട് പോസ്റ്റ് 92 സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുന്ന ഓരോ വിദ്യാര്‍ഥിക്കും മുന്നിലുള്ള വഴി. പരമാവധി ആളുകള്‍ വൃദ്ധജനങ്ങളെ പരിപാലിക്കുന്ന കെയര്‍ ഹോമുകളില്‍ അസിസ്റ്റന്റ് കെയറര്‍മാരായി ജോലി ചെയ്യും. അവിടെ കിട്ടുന്ന ജോലി വര്‍ക്ക് വിസയില്‍ ആയതുകൊണ്ട് അതുവഴി പി ആര്‍ നേടാം എന്നാണ് പലരുടെയും പ്രതീക്ഷ.
ആ ജോലിയും കിട്ടിയില്ലെങ്കില്‍ എന്തുചെയ്യും? അവര്‍ക്ക് മുന്നിലേക്കാണ് ഇയു സെറ്റില്‍മെന്റ് വിസ തട്ടിപ്പുകാര്‍ എത്തുക. ഇയു സെറ്റില്‍മെന്റ് വിസ തട്ടിപ്പിന് ഇരയായ ഷൈനി മോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു.
യുകെയിലെ ഒരു സര്‍വകലാശാലയില്‍ മാനേജ്‌മെന്റ് പിജി കോഴ്‌സിലേക്കാണ് ഷൈനിമേള്‍ എത്തിയത്. ഏജന്‍സി തീരുമാനിച്ച കോഴ്‌സായിരുന്നു അത്. പക്ഷേ, യുകെയില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് അറിയുന്നത്. ഏജന്‍സി പറഞ്ഞതല്ല കോഴ്‌സിന്റെ കാര്യത്തിലും ഫീസിന്റെ കാര്യത്തിലും ഉള്ള വസ്തുതകള്‍. ഇതോടെ രണ്ടാംവര്‍ഷം ഷൈനിമോള്‍ക്ക് ഫീസടക്കാനാകാതെ പഠനം മുടങ്ങി. നാട്ടിലേക്ക് തിരിച്ചുപോവുക എന്നതായിരുന്നു മുന്നിലുള്ള വഴി. അതിനുള്ള ഒരുക്കങ്ങള്‍ തുടരുന്നതിനിടെയായിരുന്നു സഹപാഠികളായ ചിലര്‍ ഷൈനിമോളോട് ഇയു സെറ്റില്‍ മെന്റ് പദ്ധതി വഴി കിട്ടുന്ന വിസയെ കുറിച്ച് പറഞ്ഞത്.
എന്താണ് ഇയു സെറ്റില്‍ പദ്ധതി?
യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടണില്‍ തുടരുന്നതിനായി 2019ല്‍ ഏര്‍പ്പെടുത്തിയ വിസ സമ്പ്രദായമാണ് ഇയു സെറ്റില്‍മെന്റ് വിസ. ബ്രക്സിറ്റിന് ശേഷമായിരുന്നു ഇത്തരമൊരു വിസ സംവിധാനം കൊണ്ടുവന്നത്. അങ്ങനെ ബ്രിട്ടണില്‍ തുടരുന്നവരില്‍ ഒരാളെ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കുക. പിന്നീട് ആ രേഖ ഉപയോഗിച്ച് യുകെയില്‍ നില്‍ക്കാനുള്ള അപേക്ഷ നല്‍കുക. ഒന്നര വര്‍ഷത്തേക്ക് അങ്ങനെ തുടരാനാകും.
വിവാഹം അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഒന്നര വര്‍ഷത്തിനുശേഷം യുകെയില്‍ പിആറുള്ള വ്യക്തിയുടെ പങ്കാളി എന്ന നിലയില്‍ പിആര്‍ കിട്ടാനായി വീണ്ടും അപേക്ഷ നല്‍കാം. ഇതിനൊക്കെയായി 15 ലക്ഷത്തോളം രൂപ നല്‍കണം. രേഖകളില്‍ മാത്രമായിക്കും വിവാഹം എന്നതാകും തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. വിവാഹം കഴിക്കുന്നവര്‍ പരസ്പരം കാണുന്നില്ല.
യുകെയിലെ നിയമം അനുസരിച്ച് വിശദമായ പരിശോധനക്ക് ശേഷമായിരിക്കും ഇയു സെറ്റില്‍മെന്റ് പദ്ധതി നടപ്പാക്കുക. വിവാഹം കഴിച്ചവര്‍ ഒരുമിച്ചാണോ താമസിക്കുന്നത് എന്നതടക്കമുള്ള വിശദാംശങ്ങള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. നേരിട്ട് എത്തി സ്ഥിതി വിലയിരുത്തും. കള്ളത്തരമാണെന്ന് കണ്ടെത്തിയാല്‍ വലിയ ശിക്ഷയാകും ഈ കുട്ടികള്‍ അനുഭവിക്കേണ്ടിവരിക. ഇതൊക്കെ മറച്ചുവെച്ചാണ് ഇയു വിസ തട്ടിപ്പ് സംഘങ്ങള്‍ നിരവധി പേരെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.
എല്ലാം കടലാസില്‍ മാത്രം നടക്കുന്ന കാര്യമാണെന്ന് ബോധ്യപ്പെടുത്തിയാണ് ഷൈനിമോളെ തട്ടിപ്പ് സംഘം വലയില്‍ വീഴ്ത്തിയത്. വിസയുടെ ആദ്യ ഗഡു നല്‍കാന്‍ പണമില്ലെന്ന് അറിയിച്ചപ്പോള്‍ ഏജന്റ് തന്നെ ഏഴ് ലക്ഷം രൂപ പലിശക്ക് നല്‍കാന്‍ തയ്യാറായത്രേ. പലിശ സഹിതം കുറിച്ച് മാസങ്ങള്‍ക്ക് ശേഷം പത്തര ലക്ഷം രൂപ മടക്കി നല്‍കണം എന്നും കരാറാക്കി. അങ്ങനെ വിസാ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇതൊരു വലിയ ചതിക്കുഴിയാണെന്ന് ഷൈനിമോള്‍ തിരിച്ചറിയുന്നത്. യുകെയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന അഭിഭാഷകനായ ദിലീപ് നടത്തിയ ഇടപെടലായിരുന്നു അതിന് കാരണമെന്നും ഷൈനിമോള്‍ വ്യക്തമാക്കി. പത്തനംതിട്ട സ്വദേശിയായ ഒരാളാണ് തന്നെ ഇയു വിസ തട്ടിപ്പില്‍ കുരുക്കാന്‍ ശ്രമിച്ചതെന്നും പണം ആവശ്യപ്പെട്ട് രക്ഷിതാക്കളെ വരെ ഭീഷണിപ്പെടുത്തിയതെന്നും ഷൈനിമോള്‍ പറയുന്നു.
മലയാളികള്‍ തന്നെയാണ് സ്വന്തം നാട്ടില്‍ നിന്ന് ജീവിതം തേടിയെടുത്തുന്ന പാവപ്പെട്ട കുട്ടികളെ ബ്രിട്ടണില്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുക്കുന്നത്. യുകെയില്‍ മലയാളി ഏജന്റ് നടത്തുന്ന ഈ തട്ടിപ്പിന് നാട്ടിലെയും ചിലര്‍ കണ്ണികളാണ്. രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി നിരവധി ഫോണ്‍ കോളുകള്‍ നാട്ടിലെ നമ്പരുകളില്‍ നിന്ന് വന്നതായും ഇവര്‍ പറയുന്നു.
കേരളത്തില്‍ നിന്ന് യുകെയില്‍ പഠിക്കാന്‍ എത്തിയ നിരവധി കുട്ടികള്‍ ഇയു സെറ്റില്‍മെന്റ് വിസ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബ്രിട്ടീഷ് നിയമപ്രകാരം വലിയ കുറ്റകൃത്യം കൂടിയാണ് ഇവരെല്ലാം ചെയ്തിരിക്കുന്നത്. പക്ഷേ, ഇതൊരു തട്ടിപ്പാണ് എന്ന് പലര്‍ക്കും അറിയില്ലത്രേ. ചിലര്‍ ഗതികേട് കൊണ്ട് ഇത്തരം തട്ടിപ്പിന്റെ ഭാഗമാകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഷൈനിമോള്‍ നടത്തിയിരിക്കന്നത് വലിയൊരു വെളിപ്പെടുത്തലാണ്. ഇത്തരം ഗുരുതരമായ സാഹചര്യങ്ങളാണ് നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് അന്യനാട്ടില്‍ സഹിക്കേണ്ടിവരുന്നത്. ഉന്നത പഠനത്തിനും ഉപജീവനത്തിനും പോയ കുട്ടികള്‍ ഇതുപോലുള്ള സാഹചര്യങ്ങളില്‍ വീഴുന്നത് എന്തുകൊണ്ടാണെന്ന് ഗൗരവമായി ചിന്തിക്കേണ്ട, പരിശോധിക്കേണ്ട വിഷയമാണ്.
തട്ടിപ്പ് വിവാഹത്തിലൂടെ വരെ യുകെയില്‍ തങ്ങി ജീവിതം കരുപ്പിടിപ്പിക്കാന്‍ യുവതി-യുവാക്കള്‍ ആഗ്രഹിക്കുന്നത്, സ്വന്തം നാട്ടില്‍ നിന്നിട്ട് കാര്യമില്ല എന്ന തോന്നല്‍ കൊണ്ടുതന്നെയാണ്. അതിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അവര്‍ തയ്യാറാകുന്നു എന്നതുതന്നെയാണ് ഇയു സെറ്റില്‍മെന്റ് വിസ തട്ടിപ്പില്‍ വരെ കുടുങ്ങിപ്പോകാന്‍ കാരണം.
ലോക കേരള സഭ പോലുള്ള വേദികളില്‍ ഇത്തരം നിരവധി വിഷയങ്ങള്‍ യുകെയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഉന്നയിച്ചതായി അറിയുന്നു. പക്ഷേ, ഗൗരവമായ ബോധവത്കരണ പരിപാടികളിലേക്ക് കടക്കാന്‍ നമ്മുടെ ഭരണ സംവിധാനങ്ങള്‍ തയ്യാറല്ല. അതിനൊന്നും പറ്റില്ലെങ്കില്‍ പിന്നെന്തിനാണ് ലോക കേരള സഭ പോലുള്ള സംവിധാനങ്ങള്‍. വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ നാട്ടിലെ ഏജന്‍സികള്‍ക്കുള്ള വിവരം പോലും നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കില്ല എന്നത് വലിയ പരിചയമാണ്.
എത്ര കുട്ടികള്‍ പോകുന്നുണ്ട്, അവരുടെ ജീവിതം സുരക്ഷിതമാണോ, ഇതൊന്നും നമ്മുടെ ഭരണകൂടങ്ങള്‍ക്ക് അറിയാനോ ശ്രദ്ധിക്കാനോ താല്പര്യമില്ല. പകരം വിദേശത്തേക്ക് കുട്ടികളെ കയറ്റിവിടുന്ന ഏജന്‍സികളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് സമീപനം. നമ്മുടെ നാടിന്റെ, രാജ്യത്തിന്റെ പുരോഗതിയില്‍ ഒരു പക്ഷേ, വലിയ പങ്കുവഹിക്കേണ്ടിയിരുന്ന തലമുറകളാണ് കടല്‍ കടന്ന് ദുരിതക്കയങ്ങളില്‍ വീണുപോകുന്നത്. ഒരു ഷൈനിമോളിന്റെ കഥ മാത്രമാണ് ദി ഫോര്‍ത്ത് ഇവിടെ പറഞ്ഞത്. ഇതുപോലെ എത്രയെത്ര കുട്ടികള്‍ പീഡനങ്ങള്‍ ഉള്ളിലൊക്കി ജീവിക്കുന്നുണ്ടാകും. ഭാവിയില്‍ ഒരു നല്ല ജീവിതം സ്വപ്നം കണ്ട്.
വിദേശ വിദ്യ അഭ്യാസം- ഭാഗം -6
തുടരും....