FOURTH SPECIAL

ഒറ്റ ബ്രിട്ടീഷ് വിദ്യാര്‍ഥി പോലുമില്ല, മലയാളികൾ ഉൾപ്പെടെയുള്ള കുട്ടികളെ വഴിയാധാരമാക്കി ബ്രിട്ടനിലെ തട്ടിക്കൂട്ട് സർവകലാശാലകൾ; ദ ഫോർത്ത് അന്വേഷണം

വലിയ സാധ്യതകളുള്ള രാജ്യമാണ് ബ്രിട്ടൻ. പക്ഷേ ഏതെങ്കിലും മാനേജ് മെന്റ് കോഴ്സെടുത്ത്, ഏതെങ്കിലും പോസ്റ്റ് 92 തട്ടിക്കൂട്ട് സര്‍വകശാലയില്‍ പഠിച്ചാല്‍ ആ സാധ്യതയുടെ ഒരു ശതമാനം പോലും പ്രയോജനപ്പെടുത്താനാകില്ല

പി ആർ സുനിൽ

ബ്രിട്ടീഷ് നഗരത്തിന്റെ പ്രൗഢസൗന്ദര്യം തുറന്നുകാട്ടുന്ന ലണ്ടന്‍ നഗരം. തേംസ് നദിയും ടവര്‍ ബ്രിഡ്ജും ലണ്ടന്‍ ഐയുമൊക്കെയായി അകര്‍ഷകമായ നഗരക്കാഴ്ചകള്‍. നഗരത്തിരക്കില്‍ പാഞ്ഞുപോകുന്ന ജനക്കൂട്ടം. നഗരത്തിലേക്കും നഗരത്തിന് പുറത്തേക്കും യാത്രക്കാരുമായി നീങ്ങുന്ന രണ്ടുനില ചുവന്ന ബസുകള്‍. ചിലന്തിവലപോലെ പടര്‍ന്നുകിടക്കുന്ന ഭൂഗര്‍ഭ ട്യൂബ് റെയില്‍ സര്‍വിസ്. നഗരത്തിനു പുറത്തേക്കുപോയാല്‍ വിസ്മയിപ്പിക്കുന്ന ജീവിത സൗകര്യങ്ങള്‍. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പടിയിറങ്ങിയ ശേഷമുള്ള പ്രതിസന്ധികളെ ബ്രിട്ടൻ മറികടക്കുകയാണ്.

പ്രസിദ്ധമായ ലണ്ടന്‍ ബ്രിഡ്ജില്‍നിന്ന് താഴേക്കുള്ള റോഡില്‍ വലതുവശത്ത് ഒരു തിരക്കേറിയ മാര്‍ക്കറ്റാണ്. പലതരത്തിലുള്ള ചീസുകളും ഭക്ഷണസാധനങ്ങളും വില്‍ക്കുന്ന ഇടം. പഴച്ചാറുകള്‍ വില്‍ക്കുന്ന കടകള്‍. ഭക്ഷണ സ്റ്റാളുകളില്‍ തിക്കും തിരക്കും. എല്ലാറ്റിനും പൊള്ളുന്ന വിലയാണ്. ലണ്ടനിലെ സമ്പന്നരുടെ ഇടമായ ഒരു മാര്‍ക്കറ്റ്. ബ്രിട്ടൻ എത്രത്തോളം ചെലവേറിയതാണെന്ന് ഇവിടെ നടക്കുമ്പോള്‍ ഒരുനിമിഷം കൊണ്ട് തിരിച്ചറിയും. ടാക്സി പിടിച്ചുള്ള യാത്രയൊന്നും ചിന്തിക്കാന്‍ പോലും സാധിക്കില്ല. ബസും ട്രെയിനും മാത്രമാണ് ആശ്രയം. അതുപോലും സാധാരണ തൊഴില്‍ചെയ്യുന്ന ഒരാള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എല്ലാറ്റിനും തീപിടിച്ച വില.

വിദേശപഠനവും അതുവഴി കുടിയേറ്റവും ലക്ഷ്യമാക്കി ഓരോ വര്‍ഷവും ബ്രിട്ടനിലെത്തുന്ന നമ്മുടെ നാട്ടിലെ കുട്ടികള്‍ എന്തുചെയ്യുന്നു? അവര്‍ക്ക് നല്ല ജോലി ലഭിക്കുന്നുണ്ടോ? പി ആര്‍ അഥവാ പെര്‍മനന്റ് റസിഡന്‍സി സ്വന്തമാക്കാന്‍ സാധിക്കുമോ?

ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ബ്രിട്ടിഷ് വാസ്തുകലയുടെ പ്രൗഢസൗന്ദര്യമാണ് എവിടെയും. വിന്‍സ്റ്റന്‍ ചര്‍ച്ചലിന്റെ പൂര്‍ണകായപ്രതിമയ്ക്ക് അഭിമുഖമായി, തേംസ് നദിയോട് ചേര്‍ന്ന് പാര്‍ലമെന്റ് മന്ദിരവും ലണ്ടന്‍ അടയാളങ്ങളും. ചരിത്രം കണ്ണുതുറന്നുവെച്ചിരിക്കുന്ന നിര്‍മിതികള്‍ ക്യാമയില്‍ പകര്‍ത്തുന്ന ഒരുപാടുപേരെ കാണാം. നഗരത്തിന്റെ ഈ ഭംഗിയും തലയെടുപ്പും ആരെയും ആകര്‍ഷിക്കും. ബ്രിട്ടനിലെത്തി പഠിക്കാനും അതുവഴി ഇവിടെ നല്ല ജോലികളില്‍ പ്രവേശിക്കാനും വലിയ അക്ക ശമ്പളം നേടാന്‍ ആഗ്രഹിച്ചുമൊക്കെ ഓരോ വര്‍ഷവും നിരവധി പേരാണ് എത്തുന്നത്. ഇതില്‍ വലിയൊരു ശതമാനം ഇന്ത്യന്‍ യുവതീയുവാക്കളാണ്.

പത്ത് വര്‍ഷത്തിനിയിലെ കണക്ക് പരിശോധിച്ചാല്‍ ബ്രിട്ടനിലേക്കു കുടിയേറ്റം ലക്ഷ്യമാക്കി യാത്ര ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നിരിക്കുന്നതായി കാണാം. 2023ല്‍ ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ബ്രിട്ടനില്‍ പഠിക്കാനുള്ള വീസ സ്വന്തമാക്കി എത്തി. 2024ല്‍ ഇതുവരെ രണ്ടു ലക്ഷം പേര്‍ ബ്രിട്ടനിലെത്തി. ഇതില്‍ വലിയൊരു ശതമാനം മലയാളികളും ഉണ്ട്. വിദേശപഠനവും അതുവഴി കുടിയേറ്റവും ലക്ഷ്യമാക്കി ഓരോ വര്‍ഷവും ബ്രിട്ടനിലെത്തുന്ന നമ്മുടെ നാട്ടിലെ കുട്ടികള്‍ എന്തുചെയ്യുന്നു? അവര്‍ക്ക് നല്ല ജോലി ലഭിക്കുന്നുണ്ടോ? പി ആര്‍ അഥവാ പെര്‍മനന്റ് റസിഡന്‍സി സ്വന്തമാക്കാന്‍ സാധിക്കുമോ? ഇതൊക്കെ അന്വേഷിച്ചാണ് ബ്രിട്ടനില്‍ ദ ഫോര്‍ത്ത് യാത്ര ചെയ്തത്.

ഹിന്ദി, ഗുജറാത്തി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകള്‍ മാത്രം സംസാരിക്കുന്ന സര്‍വകലാശാല. നമ്മുടെ നാട്ടില്‍നിന്ന് 20 ലക്ഷവും അതിലധികവും രൂപ ചെലവാക്കി പഠിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ഈ സര്‍വകലാശാലയില്‍ ഏതാണ്ട് 90 ശതമാനവും. ലണ്ടന്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സര്‍വകലാശാല എന്നുവേണമെങ്കില്‍ പറയാം

ലണ്ടന്‍ നഗരത്തിലെ ഇന്ത്യന്‍ സര്‍വകലാശാല..!

ബ്രിട്ടനിലെ വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ നിലവാരത്തെ ക്കുറിച്ചും ജോലിസാധ്യതയെക്കുറിച്ചുമൊക്കെ പ്രൊഫ. എന്‍ പി പുഷ്യരാഗുമായി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം ഒരു സര്‍വകലാശാലയുടെ പേര് പറഞ്ഞു (സര്‍വകലാശാലയുടെ പേര് വെളിപ്പെടുത്തുന്നില്ല, കാരണം അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളെ നിരാശപ്പെടുത്താനാകില്ല). ഈസ്റ്റ് ഹാമിന് അടുത്തുള്ള ഈ സര്‍വകലാശാലയില്‍ ഒരുപാട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വരുന്നുണ്ട്. അതിലേറെയും മലയാളികളാണ്. അവരില്‍ ഏതാണ്ട് എല്ലാവരും സർവകലാശാലയ്ക്കു തൊട്ടടുത്തുള്ള ഹോട്ടലുകളിലാണ് ജോലി ചെയ്യുന്നത്. ഏതുസമയത്ത് പോയാലും വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നതു കാണാം. ഇവര്‍ ഏത് സമയത്താണ് ക്ലാസില്‍ പോകാറുള്ളതെന്നത് സംശയമാണെന്നായിരുന്നു പുഷ്യരാഗ് പറഞ്ഞത്. പാരലല്‍ കോളേജിന്റെ പോലും നിലവാരമില്ലാത്ത ഒരു തട്ടിക്കൂട്ട് സര്‍വകലാശാല എന്നായിരുന്നു പലരും ഈസ്റ്റ്ഹാമിന് അടുത്തുള്ള ആ സ്ഥാപനത്തെ വിശേഷിപ്പിച്ചത്. അങ്ങനെയാണ് ലണ്ടന്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ആ കുപ്രസിദ്ധ സര്‍വകലാശാലയിലേക്ക് പോകാന്‍ തീരുമാനിച്ചത്.

കേട്ടത് പൂര്‍ണമായി ശരിയായിരുന്നു. ഹിന്ദി, ഗുജറാത്തി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകള്‍ മാത്രം സംസാരിക്കുന്ന സര്‍വകലാശാല. നമ്മുടെ നാട്ടില്‍നിന്ന് 20 ലക്ഷവും അതിലധികവും രൂപ ചെലവാക്കി പഠിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ഈ സര്‍വകലാശാലയില്‍ ഏതാണ്ട് 90 ശതമാനവും. ലണ്ടന്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സര്‍വകലാശാല എന്നുവേണമെങ്കില്‍ പറയാം. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍ സ്വദേശികളായായ നിരവധി വിദ്യാര്‍ഥികളെ അവിടെ കണ്ടു. അവരോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് ക്ലാസില്‍ ഒറ്റ ബ്രിട്ടീഷ് വിദ്യാര്‍ഥി പോലുമില്ല എന്നായിരുന്നു. ക്ലാസില്‍ വിദ്യാര്‍ഥികള്‍ പരസ്പരം സംസാരിക്കുന്നത് മലയാളവും ഹിന്ദിയും തമിഴുമൊക്കെയാണ്. തുടക്കത്തില്‍ സങ്കടം തോന്നിയെങ്കിലും ഇപ്പോള്‍ അതിനോട് പൊരുത്തപ്പെട്ടുവരികയാണെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

ബ്രിട്ടനില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ ആദ്യം വേണ്ടത് ഇവിടുത്തെ ഭാഷ ഭംഗിയായി കൈകാര്യം ചെയ്യുകയെന്നതാണ്. പക്ഷേ തട്ടിക്കൂട്ട് സര്‍വകലാശാലകളിലെ പഠനംകൊണ്ട് അതിനു സാധിക്കില്ല. ബ്രിട്ടനില്‍ ഇത്തരത്തില്‍ നിരവധി സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോസ്റ്റ് 92 സര്‍വകലാശാലകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. (എന്താണ് പോസ്റ്റ് 92, താഴെ വിശദമായി പറയാം) ഏതാണ്ട് എല്ലാ 92 സര്‍വകലാശാലകളും വിദേശ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രം തുറന്നുവെച്ചിരിക്കുന്നവയാണ്. ഇത്തരം സര്‍വകലാശാലകളില്‍ ചേരുന്നവരില്‍ ഭൂരിഭാഗം പേരും മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരാണ്.

ബ്രിട്ടനിലെത്തുന്ന നമ്മുടെ നാട്ടില്‍ നിന്നുള്ള ഏതാണ്ട് എല്ലാ വിദ്യാര്‍ഥികളും തട്ടിക്കൂട്ട് പോസ്റ്റ് 92 സര്‍വകലാശാലകളിലെ കോഴ്സുകള്‍ എടുത്താണ് വരുന്നത്. ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സോ രണ്ടുവര്‍ഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്സോ ആകും മിക്ക കുട്ടികളും എടുക്കുക

പോസ്റ്റ് 92 സര്‍വകലാശാലകള്‍ എന്താണ് ?

കേരളത്തില്‍നിന്ന് ഉന്നത പഠനത്തിനായി ബ്രിട്ടനിലേക്ക് എത്തിയ ഭൂരിഭാഗം വിദ്യാര്‍ഥികളും പോസ്റ്റ് 92 സര്‍വകലാശാലകളിലാണ് പഠിക്കുന്നത്. പോസ്റ്റ് 92 സ‍ര്‍വകലാശാകള്‍ എന്നാല്‍ 1992 വരെ ഇവയെല്ലാം പോളിടെക്നിക്കുകളായിരുന്നു. 1992നു ശേഷം സര്‍വകലാശാലകളായി മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പോസ്റ്റ് 92 എന്ന് വിളിക്കുന്നത്. ഈ പട്ടികയില്‍ വരുന്ന ഏതാണ്ട് എല്ലാ സര്‍വകലാശാലകളും തട്ടിക്കൂട്ട് സംവിധാനമാണ്. ഒരു പാരല്‍ കോളേജിന്റെ നിലവാരം പോലും ഇല്ലാത്തവ. അതിലൊന്നായിരുന്നു തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയ ഈസ്റ്റ്ഹാമിന് അടുത്തുള്ള സര്‍വകലാശാല.

ബ്രിട്ടനിലെത്തുന്ന നമ്മുടെ നാട്ടില്‍ നിന്നുള്ള ഏതാണ്ട് എല്ലാ വിദ്യാര്‍ഥികളും തട്ടിക്കൂട്ട് പോസ്റ്റ് 92 സര്‍വകലാശാലകളിലെ കോഴ്സുകള്‍ എടുത്താണ് വരുന്നത്. ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സോ രണ്ടുവര്‍ഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്സോ ആകും മിക്ക കുട്ടികളും എടുക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇവിടങ്ങളില്‍ ക്ലാസുണ്ടാകൂ. ഒരു ക്ലാസില്‍ അഞ്ഞൂറും ചിലപ്പോള്‍ എഴുന്നൂറുമൊക്കെ കുട്ടികളുണ്ടാകും. പഠനം പേരിന് മാത്രം. എളുപ്പത്തില്‍ പ്രവേശനം ലഭിക്കും, കുറഞ്ഞ ഫീസ് ഇതൊക്കെയാണ് നമ്മുടെ കട്ടികളെ ഇത്തരം സ്ഥാപനങ്ങളിലേക്ക് അടുപ്പിക്കുന്നത്.

വിദേശ വിദ്യാഭ്യാസ ഏജന്‍സികള്‍ക്ക് വലിയ കമ്മീഷനാണ് ഈ സര്‍വകലാശാലകള്‍ നല്‍കുക. അതിനാല്‍ ഭൂരിഭാഗം കുട്ടികളെയും ഇത്തരം സര്‍വകലാശാലകളില്‍ ചേര്‍ക്കാനായിരിക്കും ഏജന്‍സികള്‍ക്കും താല്പര്യം. അങ്ങനെ ഏജന്‍സികളുടെ വാക്ക് വിശ്വസിച്ച് പോസ്റ്റ് 92 സര്‍വകലാശാലകളില്‍ പഠിക്കാനെത്തിയ ഏതാണ്ട് ഭൂരിഭാഗം കുട്ടികളും ഇന്ന് അനുഭവിക്കുന്നത് വലിയ മാനസിക സമ്മര്‍ദമാണ്

വിദേശ വിദ്യാഭ്യാസ ഏജന്‍സികള്‍ക്ക് വലിയ കമ്മീഷനാണ് ഈ സര്‍വകലാശാലകള്‍ നല്‍കുക. അതിനാല്‍ ഭൂരിഭാഗം കുട്ടികളെയും ഇത്തരം സര്‍വകലാശാലകളില്‍ ചേര്‍ക്കാനായിരിക്കും ഏജന്‍സികള്‍ക്കും താല്പര്യം. അങ്ങനെ ഏജന്‍സികളുടെ വാക്ക് വിശ്വസിച്ച് പോസ്റ്റ് 92 സര്‍വകലാശാലകളില്‍ പഠിക്കാനെത്തിയ ഏതാണ്ട് ഭൂരിഭാഗം കുട്ടികളും ഇന്ന് അനുഭവിക്കുന്നത് വലിയ മാനസിക സമ്മര്‍ദമാണ്. കാരണം ഇത്തരം സര്‍വകലാശാലകളിലെ പഠനം കൊണ്ട് ബ്രിട്ടനില്‍ നല്ലൊരു ജോലി കിട്ടുക എളുപ്പമല്ല. കിട്ടില്ല എന്നുതന്നെ പറയാം. സാമ്പത്തിക ഞെരുക്കവും തൊഴില്‍ ലഭ്യത കുറവുമൊക്കെ ബ്രിട്ടനിലെ യാഥാര്‍ഥ്യമാണ്. അതിനിടയിലാണ് തട്ടിക്കൂട്ട് സര്‍വകലാശാലകളിലെ ഡിഗ്രിയുമായി നമ്മുടെ നാട്ടിലെ കുട്ടികളും ഇവിടുത്തെ ലേബര്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നത്. പഠനം കഴിഞ്ഞ് ഒരു വര്‍ഷവും ഒന്നര വര്‍ഷവുമായിട്ടും ജോലി കിട്ടാത്ത നിരവധി പേരെ കണ്ടു. എല്ലാവരും കടുത്ത വിഷമത്തിലാണ്.

വിദേശ വിദ്യാഭ്യാസം ഇന്ന് വലിയൊരു കച്ചവടമായതുകൊണ്ട് നിരവധി ഏജന്‍സികളാണ് ഈ രംഗത്ത് മത്സരിക്കുന്നത്. കമ്മീഷന്‍ മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് കുട്ടികളുടെ ഭാവിയില്‍ എന്ത് ഉത്തരവാദിത്തമാണുഉള്ളത്. കമ്മീഷന്‍ കൂടുതല്‍ തരുന്നത് ആരാണോ ആ സര്‍വകലാശാലയാണ് മികച്ചതെന്നും അവിടെ പഠിച്ചവര്‍ക്കൊക്കെ വലിയ ജോലി കിട്ടിയിട്ടുണ്ടെന്നും ഏജന്‍സികള്‍ പ്രചരിപ്പിക്കും. നാട്ടില്‍ വലിയ വിദേശ വിദ്യാഭ്യാസമേള നടത്തും. ഇതിന്റെയൊക്കെ ഇരകളായി പതിനായിരക്കണക്കിന് കൂട്ടികള്‍ ബ്രിട്ടനിലേക്ക് വന്ന് കുടുങ്ങും.

റസല്‍ ഗ്രൂപ്പ് സര്‍വകലാശാലകള്‍

ലോകത്ത് ഉന്നത വിദ്യാഭ്യാസത്തിന് പറ്റിയ ഇടം തന്നെയാണ് ബ്രിട്ടൻ. യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്, യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡ്, യൂണിവേഴ്സിറ്റി ഓഫ് കാര്‍ഡിഫ്, യൂണിവേഴ്സിറ്റി ഓഫ് ബെര്‍മിങ്ഹാം, യൂണിവേഴ്സിറ്റി എഡിന്‍ബറ, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക് തുടങ്ങി റസല്‍ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന 24 ലോകപ്രസിദ്ധ സര്‍വകലാശാലകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള റേറ്റിങ്ങില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഇത്തരം സര്‍വകലാശാലകളില്‍ നമ്മുടെ നാട്ടിലെ വിദ്യാര്‍ഥികള്‍ അധികമൊന്നും ഉണ്ടാകില്ല.

പഠിക്കുക, അതുവഴി നല്ല ജോലി സമ്പാദിക്കുക എന്ന ലക്ഷ്യവുമായി വരുന്നവര്‍ക്കു വേണ്ടിയുള്ളതാണ് റസല്‍ ഗ്രൂപ്പ് സര്‍വകലാശാലകള്‍. പണം മാത്രമല്ല, പഠന നിലവാരം കൂടി ഉണ്ടെങ്കിലേ ഇവിടെ പഠിക്കാനാകൂ. റസല്‍ ഗ്രൂപ്പ് സര്‍വകലാശാലകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥിയും പോസ്റ്റ് 92 സര്‍വകലാശാലയില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥിയും തമ്മില്‍ ആനയും ഉറുമ്പും പോലത്തെ വ്യത്യാസം ഉണ്ടാകും എന്നായിരുന്നു ബര്‍മിങ്ഹാം സര്‍വകലാശാലയിലെ പ്രൊഫ. തോമസ് സ്റ്റീഫന്‍ പ്രതികരിച്ചത്. പക്ഷേ, ബ്രിട്ടനില്‍ ഏത് വിധേനയും എത്തിയാല്‍ മതിയെന്നാണ് ആഗ്രഹമെങ്കില്‍ അവര്‍ക്കുവേണ്ടിയുള്ളതാണ് പോസ്റ്റ് 92 സര്‍വകലാശാലകളെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്തെങ്കിലും പഠിച്ചാല്‍ എന്തെങ്കിലും ജോലി കിട്ടും, അതല്ലാതെ തട്ടിക്കൂട്ട് സര്‍വകലാശാലകളിലെ പഠനം കൊണ്ട് ബ്രിട്ടണില്‍ വലിയ ജോലിയില്‍ എത്തുക അത്ര എളുപ്പമല്ലെന്ന് എഡിന്‍ബറ സര്‍വകലാശാലയിലെ പ്രൊഫ.ജോര്‍ജ് പാലാട്ടിലിലും പ്രതികരിച്ചു.

ബ്രിട്ടൻ എന്നത് വലിയ സാധ്യതകളുള്ള രാജ്യം തന്നെയാണ്. പക്ഷേ, ഏതെങ്കിലും ഒരു മാനേജുമെന്റ് കോഴ്സെടുത്ത്, ഏതെങ്കിലും പോസ്റ്റ് 92 തട്ടിക്കൂട്ട് സര്‍വകശാലയില്‍ എത്തി പഠിച്ചാല്‍ ആ സാധ്യതയുടെ ഒരു ശതമാനം പോലും പ്രയോജനപ്പെടുത്താനാകില്ല. ജോലി കിട്ടാതെ പെരുവഴിയിലായി പഠനകാലവും സ്റ്റേ ബാക്ക് കാലവും കഴിഞ്ഞ് തിരിച്ചുപോകേണ്ട അവസ്ഥയിലാകും. അത്തരം പ്രതിസന്ധികള്‍ നേരിടുന്ന ഒരുപാട് കുട്ടികളെ കണ്ടു. പഠനത്തിനായെടുത്ത ബാങ്ക് വായ്പ പോലും പലര്‍ക്കും തിരിച്ചടക്കാനായിട്ടില്ല.

നാട്ടിലേക്കു തിരിച്ചുപോകാതിരിക്കാന്‍ കുട്ടികള്‍ ഇപ്പോള്‍ ഒരു കുറുക്കുവഴിയാണ് തേടുന്നത്. അതേക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത റിപ്പോര്‍ട്ടില്‍.

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി