കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അജയ് മധു
FOURTH SPECIAL

നോവ് പടര്‍ത്തിയ ക്ലിക്ക്

കോടിയേരി-പിണറായി ബന്ധത്തിന്റെ വൈകാരികത നിറഞ്ഞ വൈറല്‍ ചിത്രത്തിന്റെ പിറവിയെക്കുറിച്ച് ദ ഫോര്‍ത്ത് ഫോട്ടോഗ്രാഫര്‍ അജയ് മധു എഴുതുന്നു

അജയ് മധു

ചാമ്പ്യന്‍സ് ലീഗ് ബോട്ട് റേസിന്റെ ഭാഗമായുള്ള പിറവം ജലോത്സവം കവര്‍ ചെയ്തു മടങ്ങാനൊരുങ്ങി നില്‍ക്കുമ്പോഴാണ് സഖാവ് കോടിയേരിയുടെ മരണവാര്‍ത്തയെത്തുന്നത്. പെട്ടെന്നുള്ള തീരുമാന പ്രകാരം കണ്ണൂര്‍ക്ക് യാത്ര തിരിച്ചു. രാവിലെ ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം വിമാനത്താവളത്തില്‍ എത്തുമെന്നും പിന്നീട് തലശ്ശേരി നഗരസഭ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്നും കണ്ണൂരിലെ ഫോട്ടോഗ്രാഫര്‍ സുഹൃത്ത് വഴി അറിഞ്ഞു.

തലശ്ശേരിയിലെ ഹോട്ടലുകളില്‍ എല്ലാം താമസ സൗകര്യം അന്വേഷിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം. എന്തായാലും വരുന്നിടത്തു വച്ച് കാണാമെന്നുറപ്പിച്ചായി യാത്ര. യാത്രക്കിടയില്‍ കണ്ണൂരിലെ ഫോട്ടോഗ്രാഫര്‍ സുഹൃത്തുക്കളില്‍ നിന്നും പൊതുദര്‍ശനത്തിനായുള്ള സംവിധാനങ്ങളെല്ലാം കൃത്യമായി സജ്ജീകരിച്ചതായി മനസിലായി. സമയം ഉള്‍പ്പടെ വിവരങ്ങള്‍ കിട്ടി.

വെളുപ്പിന് അഞ്ച് മണിയോടെ വടകരയിലെത്തി. ഒരു ചെറിയ ഹോം സ്റ്റേയില്‍ റൂം കിട്ടി. ക്ഷീണം കാരണം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റത് മുതല്‍ ചാനലുകളിലെല്ലാം ലൈവ് തകര്‍ത്തോടുകയാണ്. ചെന്നൈയില്‍ നിന്നുമുള്ള വിമാനം താമസിക്കുമെന്നുള്ള വാര്‍ത്ത വന്നപ്പോള്‍ ധൃതി കൂട്ടെണ്ടന്ന് മനസിലായി. ന്യൂ മാഹിയിലെത്തിയ ശേഷം ഭക്ഷണവും കഴിച്ചു തലശ്ശേരിയിലേക്ക്.

ടൗണ്‍ ഹാളിലെത്തിയപ്പോള്‍ നല്ല തിരക്കുണ്ട്. മനോഹരമായി നിയന്ത്രിച്ച് റെഡ് വളണ്ടിയര്‍മാരും. സ്റ്റേജില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി അവിടുണ്ട്. മറ്റു സീനിയര്‍ നേതാക്കളുമുണ്ട്. ഹാള്‍ നിറച്ച് ആളുകളാണ് പക്ഷെ എല്ലാവരും കൃത്യം സ്ഥാനങ്ങളില്‍. കണ്ണൂരിലെ സുഹൃത്തുക്കളായ ഫോട്ടോഗ്രാഫര്‍മാരെകണ്ടു പരിചയം പുതുക്കി നില്‍ക്കുമ്പോഴാണ് വിലാപയാത്ര പുറത്തെത്താറായി എന്നറിഞ്ഞത്. സ്റ്റേജില്‍ നിന്നിറങ്ങി നേരെ ബാല്‍ക്കണിയിലേക്ക് വിട്ടു. ജനനിബിഡമായ ടൗണ്‍ ഹാള്‍ പരിസരത്ത് സഖാവിന്റെ മൃതദേഹമെത്തി. ചിത്രങ്ങള്‍ പകര്‍ത്തി നേരെ സ്റ്റേജിലേക്ക് ഓടി.

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും മന്ത്രിമാരുമെല്ലാം അന്ത്യോപചാരം അര്‍പ്പിക്കുമ്പോഴും പിന്നീട് ജനങ്ങളെ സ്റ്റേജിലേക്ക് കയറ്റി വിടുമ്പോഴും പിണറായി ആ കസേരയില്‍ തന്നെയുണ്ട്.

അഭിവാദ്യങ്ങളുടെ ആരവങ്ങളോടെ മൃതദേഹം വേദിയില്‍ എത്തിച്ചപ്പോള്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കള്‍ ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ച് അഭിവാദ്യമര്‍പ്പിച്ചു.

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും മന്ത്രിമാരുമെല്ലാം അന്ത്യോപചാരം അര്‍പ്പിക്കുമ്പോഴും പിന്നീട് ജനങ്ങളെ സ്റ്റേജിലേക്ക് കയറ്റി വിടുമ്പോഴും പിണറായി ആ കസേരയില്‍ തന്നെയുണ്ട്. ഇടയ്ക്ക് സംസാരിക്കാന്‍ എത്തുന്നവരോട് വളരെ കുറച്ച് മാത്രം സംസാരിക്കുന്നതും ശ്രദ്ധിച്ചു. ഇടയ്ക്കിടെ സഖാവിലേക്കും നോട്ടം പോകുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കോടിയേരിയെ അനുസ്മരിച്ചു പറഞ്ഞ ''സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്'' എന്ന വാചകമായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍. ആളുകള്‍ കോടിയേരിയെ അവസാനമായി കാണാനുള്ള തിരക്ക് കൂട്ടുന്നുണ്ട്. സാധാരണ മുഖ്യന്‍ ഇങ്ങനെ ഇരിക്കുന്നത് കാണാറില്ല, ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിച്ച് ഒരേ ഇരുപ്പില്‍ അദ്ദേഹം ഈ തിരക്കിനിടയില്‍ മണിക്കൂറുകളായി ഇരിക്കുന്നതും ആ മുഖഭാവവുമെല്ലാം അഗാധമായ ദുഖത്തിന്റെ ആഴം വിളിച്ചോതുന്നതായിരുന്നു.

ഏതാണ്ട് മൂന്നു മണിക്കൂര്‍ അങ്ങനെ കഴിഞ്ഞു. വൈകിട്ട് 5.15 ആയപ്പോഴാണ്, മുഖ്യമന്ത്രിയുടെ നേര്‍ രേഖയില്‍ ഇരുവശത്തും ആള്‍ക്കാര്‍ ഒരുമിച്ചു മാറിയ ഒരു നിമിഷം കടന്നുവന്നത്. അദ്ദേഹം മിഴിയെടുക്കാതെ തന്റെ പ്രിയ സഖാവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.

കോടിയേരിയുടെ ഭാര്യ വിനോദിനിയും മകന്‍ ബിനീഷുമെത്തിയപ്പോള്‍ രംഗം മാറി. വിനോദിനിയെ അനുഗമിച്ച കമല വിജയനും ശൈലജ ടീച്ചര്‍ക്കും ശ്രീമതി ടീച്ചര്‍ക്കും അവരെ സമാധാനപ്പെടുത്താനായില്ല. അവര്‍ അവിടെ തളര്‍ന്നു വീണു. ആ സമയത്ത് അവിടുണ്ടായിരുന്ന സിഎം കുറച്ചു നിമിഷം രംഗത്തുനിന്നും മാറി നിന്നു.

നിമിഷങ്ങള്‍ക്കു ശേഷം അദ്ദേഹം തിരിച്ച് കസേരയില്‍ വന്നിരുന്നു. മൃതദേഹത്തെ ചുറ്റി ആള്‍ക്കാര്‍ അണമുറിയാതെ ആദരാഞ്ജലി അര്‍പ്പിച്ചു നീങ്ങുകയായിരുന്നു. ഇടയ്ക്ക് കിട്ടുന്ന ഇടവേളകളിലൊക്കെ പിണറായി കോടിയേരിയുടെ മുഖത്തേക്ക് നോക്കുന്നത് കണ്ടു. അപ്പോഴാണ് ഇരുവരുടെയും മുഖങ്ങള്‍ ഒരുമിച്ചു വരുന്ന ഒരു ഫ്രെയിം നന്നാകുമല്ലോ എന്ന ചിന്ത മനസ്സിലുദിച്ചത്. പക്ഷെ ഞങ്ങള്‍ നിന്നയിടത്തിനു മുന്നില്‍ ഒരുവരിയായി ആള്‍ക്കാര്‍, അത് കഴിഞ്ഞ് മൃതദേഹ പേടകം, വീണ്ടും മറുവശത്തും ആള്‍ക്കാരുടെ നിര, അതിന് തൊട്ടപ്പുറം കസേരയില്‍ മുഖ്യമന്ത്രി എന്നിങ്ങനെയായിരുന്നു വ്യൂ ഫൈന്‍ഡറില്‍ കാണുന്ന ദൃശ്യം. രണ്ടു വരിയിലെയും ആള്‍ക്കാര്‍ ഒരേ സമയം മാറുക, അതെ നിമിഷത്തില്‍ മുഖ്യമന്ത്രി തന്റെ പ്രിയ സഖാവിനെ നോക്കുക - ഇത്രയും ഒന്നിച്ചു വന്നാല്‍ മാത്രമേ ഞാന്‍ ഉദ്ദേശിച്ച ഫ്രെയിം സാധ്യമാകുകയുള്ളൂ.

ഒരു ചെറിയ ഗ്യാപ് കണ്ടപ്പോഴൊക്കെ ഞാന്‍ ക്ലിക്ക് ചെയ്തു. പക്ഷെ, അതിനിടയില്‍ ഫ്രെയിമില്‍ അടുത്തയാള്‍ കയറിവരും, അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ അടുത്ത് സംസാരിക്കാന്‍ ആരെങ്കിലും കാണും. ഏതാണ്ട് മൂന്നു മണിക്കൂര്‍ അങ്ങനെ കഴിഞ്ഞു. വൈകിട്ട് 5.15 ആയപ്പോഴാണ്, മുഖ്യമന്ത്രിയുടെ നേര്‍ രേഖയില്‍ ഇരുവശത്തും ആള്‍ക്കാര്‍ ഒരുമിച്ചു മാറിയ ഒരു നിമിഷം കടന്നുവന്നത്. അദ്ദേഹം മിഴിയെടുക്കാതെ തന്റെ പ്രിയ സഖാവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. തുരുതുരെ ഞാന്‍ ഷട്ടറില്‍ വിരല്‍ അമര്‍ത്തി. ചിത്രങ്ങള്‍ നോക്കിയപ്പോള്‍, അതാ വേദന തുളുമ്പി നില്‍ക്കുന്ന ആ ഫ്രെയിം.

ജോലി ചെയ്തു തുടങ്ങിയ ചെറിയ കാലയളവില്‍ രണ്ട് സഖാക്കളുടെയും ഒന്നിച്ചുള്ള ഒരുപാട് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. പിണറായി സഖാവിന്റെ ദേഷ്യവും ചിരിയുമെല്ലാം പലപ്പോഴായി പകര്‍ത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഇത്ര നിരാശയോടെ കണ്ടത് ആദ്യമായാണ്. പടം ഡെസ്‌കിലേക്ക് അയക്കുമ്പോഴും ഞാന്‍ ഓര്‍ത്തത് മുഖ്യമന്ത്രിയുടെ മനസിലോടിയ പഴയകാല ഓര്‍മ്മകള്‍ എത്രത്തോളം ആഴമായി അദ്ദേഹത്തെ വൈകാരികമായി ബാധിച്ചുവെന്നാണ്. കാര്‍ക്കശ്യത്തിന്റെ മൂടുപടം ഭേദിച്ച് തുളുമ്പി വീഴുന്ന ദുഖമായിരുന്നു ഇന്നും ഇന്നലെയും ആ മുഖത്ത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍