രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത നരന്‍ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമാണ് 'ശൂരമ്പടയുടെ ചെമ്പട കൊട്ടി' . മോഹന്‍ലാല്‍ അവതരിപ്പിച്ച 'വേലായുധന്‍' എന്ന കഥാപാത്രത്തിന്റെ ആ മുള്ളന്‍കൊല്ലിയില്‍ അല്ല സത്യത്തില്‍ ശൂരമ്പട നടക്കുന്നത്.
കോഴിക്കോട് തിരുവണ്ണൂരിലെ ജനകീയോത്സവമാണ് ശൂരമ്പട. കോഴിക്കോടുകാരനായ രഞ്ജന്‍ പ്രമോദിന്റെ നിര്‍ദ്ദേശപ്രകാരം ഈ ഉത്സവത്തിന്റെ പശ്ചാതലത്തിനനുസരിച്ച് ഗാനമൊരുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആ നാട്ടുകാരന്‍ കൂടെയായ കൈതപ്രത്തിന് ഒട്ടും ചിന്തിക്കാനുണ്ടായിരുന്നില്ല.
തമിഴ്‌നാടിന്റെ സംസ്‌കാരത്തിന്റെയും ഐതിഹ്യത്തിന്റെയും ഭാഗമായ 'ശൂരന്‍പോര്' കോഴിക്കോട് എത്തിയതിന് പിന്നിലും ചരിത്രമുണ്ട്. സാമൂതിരിയുടെ പല്ലക്ക് ചുമക്കാനെത്തിയ തമിഴന്റെ ഉത്സവം പിന്നീട് തിരുവണ്ണൂരിലെ ജനത നെഞ്ചേറ്റിയ കഥയാണത്. ഉത്സവവും ക്ഷേത്രവുമെല്ലാം ജാതിമതഭേദമന്യെ നാട്ടുകാരുടേതായതോടെ ശൂരന്‍പോര് ശൂരമ്പടയായി.