FOURTH SPECIAL

പേയല്ലിത്, ഡിസ്റ്റംപര്‍; പാര്‍വോയും പടരുന്നു

നായ്ക്കളുടെ ജീവനു ഭീഷണിയായി പാര്‍വോ വൈറല്‍ ഹെമറേജിക് എന്ററൈറ്റിസ്, കനൈന്‍ ഡിസ്റ്റംപര്‍ എന്നീ വൈറസ് രോഗങ്ങള്‍

ഡോ. എം. മുഹമ്മദ്‌ ആസിഫ്

അമിതമായി ഉമിനീരൊഴുകുന്നതു മൂലം പേ വിഷബാധയെന്നു തെറ്റിധരിക്കുന്ന ഡിസ്റ്റംപര്‍ രോഗവും പാര്‍വോ വൈറസ്ബാധയും കേരളത്തിലെ നായ്ക്കളില്‍ പടരുന്നു. പാര്‍വോ വൈറല്‍ ഹെമറേജിക് എന്ററൈറ്റിസ്, കനൈന്‍ ഡിസ്റ്റംപര്‍ എന്നീ വൈറസ് രോഗങ്ങളാണ് നായ്ക്കളുടെ ജീവനു ഭീഷണിയാകുന്നത്. ഗുണനിലവാരമുള്ള പ്രതിരോധ വാക്‌സിനുകള്‍ നായ്ക്കള്‍ക്ക് നല്‍കുന്നതിലെ വീഴ്ചയാണ് ഇതിനു കാരണമായി പറയുന്നത്. ആറ് ആഴ്ച മുതല്‍ ആറു മാസം വരെ പ്രായമുള്ള നായകുഞ്ഞുങ്ങളാണ് പാര്‍വോ വൈറസിന്റെ പ്രധാന ഇരകള്‍. പ്രതിരോധശേഷി കുറഞ്ഞ ഏത് പ്രായത്തിലുള്ള നായ്ക്കളിലും രോഗമുണ്ടാക്കാനുള്ള ശേഷിയുള്ള വൈറസാണിത്. റോട്ട് വീലര്‍, പിറ്റ്ബുള്‍, ലാബ്രഡോര്‍ റിട്രൈവര്‍, ഡോബര്‍ മാന്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ ഇനങ്ങള്‍ക്ക് പാര്‍വോ പിടിപെടാനുള്ള സാധ്യത ഉയര്‍ന്നതാണ്. പാര്‍വോ രോഗത്തില്‍ നിന്നു രക്ഷപ്പെട്ടാലും നായ്ക്കുഞ്ഞുങ്ങളില്‍ പിന്നീട് വളര്‍ച്ചാമുരടിപ്പുണ്ടാകാം. പാര്‍വോ വൈറസുകള്‍ ശരീരത്തിലെത്തി ഒരാഴ്ചക്കകം നായ്ക്കള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. വിശപ്പില്ലായ്മ, പനി, ഛര്‍ദ്ദി, ക്ഷീണം, ശരീരതളര്‍ച്ച, വയറിലെ വേദന എന്നിവ കാരണം സദാസമയം തണുപ്പുള്ള തറയില്‍ കിടക്കലാണ് പ്രാരംഭ ലക്ഷണം. കുടല്‍ഭിത്തിയിലെ കോശങ്ങളെ നശിപ്പിച്ച് പെരുകുന്ന വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തില്‍ രക്തസ്രാവത്തിന് വഴിവയ്ക്കും. തുടര്‍ച്ചയായി ദുര്‍ഗന്ധമുള്ള ഛര്‍ദ്ദി, രക്തം കലര്‍ന്ന മലത്തോടെയുള്ള തുടര്‍ച്ചയായ വയറിളക്കം, രക്തം കലര്‍ന്ന കറുത്ത നിറത്തില്‍ ദുര്‍ഗന്ധത്തോട് കൂടിയ മലം തുടങ്ങിയ ലക്ഷണങ്ങള്‍ ഒന്നുരണ്ട് ദിവസത്തിനകം പ്രകടമാകും. രോഗാരംഭത്തില്‍ തന്നെ ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം ചെറുകുടലിലെ രക്തസ്രാവവും നിര്‍ജ്ജലീകരണവും പാര്‍ശ്വാണുബാധകളും മൂര്‍ച്ഛിച്ച് നായ്ക്കള്‍ രണ്ട്-മൂന്ന് ദിവസത്തിനകം ചാകും. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം. രോഗം ബാധിച്ച നായ്ക്കള്‍ക്ക് കട്ടിയുള്ള ആഹാരങ്ങള്‍ നല്‍കുന്നത് പൂര്‍ണമായും ഒഴിവാക്കണം. പാര്‍വോ രോഗാണു ആദ്യഘട്ടത്തില്‍ തന്നെ നായ്ക്കുട്ടികളുടെ ഹൃദയപേശികളെ ബാധിക്കുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പു തന്നെ മരണം സംഭവിക്കാം.

വന്യജീവികള്‍ക്കും ഭീഷണിയായി ഡിസ്റ്റംപര്‍

നായ, കുറുക്കന്‍ തുടങ്ങിയ ശ്വാനവര്‍ഗത്തിലെ മിക്ക ജീവികളെയും, മാര്‍ജ്ജാര വര്‍ഗത്തില്‍പ്പെട്ട സിംഹമടക്കമുള്ള വലിയ ജീവികളെയും, മറ്റനേകം സസ്തനികളേയും ബാധിക്കുന്ന സാംക്രമികവൈറസ് രോഗമാണ് ഡിസ്റ്റംപര്‍. അതിവേഗത്തില്‍ പടര്‍ന്നു പിടിക്കാനുള്ള ശേഷി ഡിസ്റ്റംപര്‍ വൈറസുകള്‍ക്കുണ്ട്. വായുവിലൂടെയും സമ്പര്‍ക്കത്തിലൂടെയും വളര്‍ത്തുനായ്ക്കളെ ഡിസ്റ്റംപര്‍ വൈറസുകള്‍ ബാധിക്കാം. തള്ളപ്പട്ടിയില്‍ നിന്നും ഗര്‍ഭസ്ഥ നായ്കുഞ്ഞുങ്ങളിലേക്ക് രോഗം പകരാം. പ്രതിരോധകുത്തിവയ്പുകള്‍ നല്‍കാത്ത പട്ടികള്‍ക്കും ഇവയ്ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും രോഗസാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങള്‍

പനി, ചുവന്ന് വീങ്ങിയ കണ്ണുകള്‍, കണ്ണ്, മൂക്ക് എന്നിവിടങ്ങളില്‍ നിന്ന് കട്ടിയുള്ള സ്രവമൊലിക്കല്‍, തീറ്റമടുപ്പ്, ക്ഷീണം, മെലിച്ചില്‍, ഛര്‍ദ്ദി, വയറിളക്കം, ചുമ, ശ്വാസതടസം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. വൈറസുകള്‍ നാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കുന്നതോടെ കാലിലെയും തലയിലെയും പേശികളുടെ അനിയന്ത്രിതമായ വിറയല്‍, വേച്ച് പോവല്‍, കൈകാലുകളുടെ ക്രമേണയുള്ള തളര്‍ച്ച, വായില്‍ നിന്നും ഉമിനീര്‍ നിയന്ത്രണമില്ലാതെ ഒഴുകല്‍ എന്നീ ലക്ഷണങ്ങളും പ്രകടമാവും. അമിതമായി ഉമിനീരൊഴുകുന്നതു കാരണം പലപ്പോഴും ഇത് പേ വിഷബാധയായി തെറ്റിധരിക്കപ്പെടാറുണ്ട്. വയറിനടിവശത്തും തുടകള്‍ക്കിടയിലും പൊള്ളലേറ്റതിന് സമാനമായ പഴുപ്പ് നിറഞ്ഞ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ നായ് പൊങ്ങന്‍ എന്ന് പ്രാദേശികമായി കനൈന്‍ ഡിസ്റ്റംപറിനെ വിളിക്കാറുണ്ട്. നായ്ക്കളുടെ കാല്‍പാദത്തിനടിവശം വീങ്ങി കട്ടിയാവുന്നതിനാല്‍ കഠിന കാല്‍പാദ രോഗം (ഹാര്‍ഡ് പാഡ്) എന്ന് വിളിക്കുന്നതും കനൈന്‍ ഡിസ്റ്റംപറിനെ തന്നെയാണ്. രോഗബാധയേറ്റാല്‍ വലിയ നായ്ക്കളില്‍ 50 ശതമാനം വരെയും നായ്ക്കുട്ടികളില്‍ 80 ശതമാനം വരെയും മരണസാധ്യതയുണ്ട്്. രോഗം ബാധിച്ച നായകളെ മാറ്റി പാര്‍പ്പിച്ച് വിദഗ്ധ ചികിത്സ നല്‍കണം. ആന്റിബയോട്ടിക് മരുന്നുകള്‍, ഫ്‌ളൂയിഡ് തെറാപ്പി തുടങ്ങി നീണ്ട് നില്‍ക്കുന്ന ചികിത്സ തന്നെ വേണ്ടിവരും. രോഗത്തില്‍ നിന്നും രക്ഷപെട്ട നായ്ക്കളില്‍ സ്ഥിരമായ നാഡീസംബന്ധ തകരാറുകള്‍ കാണാറുണ്ട്. അടിയന്തിര ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം ശരീരതളര്‍ച്ചയും ന്യുമോണിയയും വയറിളക്കവും മൂര്‍ച്ഛിച്ച് രണ്ടാഴ്ചയ്ക്കകം നായ്ക്കള്‍ ചാകും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ