FOURTH SPECIAL

തടങ്കൽ നീതിയാകുന്ന നാട്ടിൽ വ്യക്തിസ്വാതന്ത്ര്യത്തിനായി ഉയർത്തെഴുന്നേൽക്കുന്ന നീതിപീഠം

പൗരന്മാർ വിചാരണ കൂടാതെ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യങ്ങൾക്ക് പരിഹാരം കാണേണ്ടത് ഭരണഘടനയുടെ സംരക്ഷകരായ കോടതികളുടെ ഉത്തരവാദിത്വമാണ്

മുഹമ്മദ് റിസ്‌വാൻ

മനീഷ് സിസോദിയ- കെ കവിത- പ്രേം പ്രകാശ്; രാജ്യം ചര്‍ച്ച ചെയ്ത ഇ ഡി കേസില്‍ അറസ്റ്റിലായ മൂന്ന് പേർക്കും ജാമ്യം നൽകി സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത് വ്യക്തിസ്വാതന്ത്ര്യം എന്ന ഭരണഘടനാ മൂല്യമായിരുന്നു. 'ജാമ്യം നീതിയാണ്, തടങ്കൽ അപവാദവും', അഥവാ രാജ്യത്തെ ഏത് കഠോരനിയമത്തെക്കാളും മുകളിലാണ് ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യമെണെന്ന് കോടതി ജാമ്യ ഉത്തരവിലൂടെ ഊന്നിപ്പറയുന്നത്.

ഇന്ത്യ അടക്കം ജനാധിപത്യ രാജ്യങ്ങളിലെ നീതിനിർവഹണ സംവിധാനം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് മുകളിൽ പറഞ്ഞ ജാമ്യം നീതിയാകുന്നുവെന്ന തത്വത്തിലാണ്. 1977ൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഇക്കാര്യം ഓർമിപ്പിക്കുകയും ചെയ്തു. പക്ഷേ ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ നിയമങ്ങൾ ആയുധമാക്കി വേട്ടയാടാൻ ആരംഭിച്ചതോടെ ഈ തത്വങ്ങളെല്ലാം ഓർമകളായി. തടങ്കലാണ് നിയമമെന്ന തരത്തിലേക്ക് രാജ്യം ചലിച്ചു.

മനീഷ് സിസോദിയ

ഇന്ത്യയെന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉൾപ്പെടെ കുറ്റമായി തീർന്നു. ആക്ടിവിസ്റ്റുകളെയും പ്രതിപക്ഷ പാർട്ടി നേതാക്കളെയും യുഎപിഎ, പിഎംഎൽഎ ഉൾപ്പെടെയുള്ള നിയമങ്ങളാൽ ഭരണകൂടം തടവിലാക്കുന്നു. വിചാരണ പോലുമില്ലാതെ, വർഷങ്ങളോളമാണ് പലരും കഴിയുന്നത്. രാജ്യം അത്ര വലിയ നീതിനിഷേധത്തിലേക്ക് നയിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ശുഭ പ്രതീക്ഷകൾ നൽകി സുപ്രീംകോടതി അവരുടെ കടമ നിർവഹിക്കാൻ ഉയർത്തെഴുന്നേൽക്കുന്നത്.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അനുയായി എന്ന് ആരോപിക്കപ്പെടുന്ന പ്രേം പ്രകാശിന്റെ ജാമ്യ ഉത്തരവിലും ഏത് നിയമത്തെക്കാളും മുകളിൽ വ്യക്തിസ്വാതന്ത്ര്യമാണെന്ന് കോടതി തറപ്പിച്ചുറഞ്ഞിരുന്നു

ബി ആർ എസ് നേതാവ് കെ കവിത, ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ, പ്രേം പ്രകാശ് എന്നിവരുടെ കേസുകളിലെല്ലാം പരമോന്നത കോടതി ചെവിക്ക് പിടിച്ചത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയാണ്. കള്ളപ്പണ നിരോധന നിയമം ഉപയോഗിച്ച് അവർ നടത്തിക്കൊണ്ടിരിക്കുന്ന അമിതാധികാര പ്രയോഗങ്ങളെയായിരുന്നു. നീതി- ന്യായ സങ്കല്പങ്ങളെല്ലാം തച്ചുടയ്ക്കുന്ന അവരുടെ നീക്കങ്ങൾക്ക് നൽകിയ മുന്നറിയിപ്പായി വേണം സുപ്രീംകോടതി വിധികളെ വിലയിരുത്താൻ. യുഎപിഎ കേസുകളിലും നേരത്തെ സുപ്രീംകോടതി സമാന ഇടപെടൽ നടത്തിയിരുന്നു

കെ കവിത

ഡൽഹി മദ്യനയ അഴിമതിക്കേസിൽ 17 മാസക്കാലം വിചാരണത്തടവുകാരനായി കഴിഞ്ഞ മനീഷ് സിസോദിയയ്ക്ക് ജാമ്യം നൽകിയ ഉത്തരവിൽ വേഗത്തിലുള്ള വിചാരണ എന്ന അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന് കോടതിചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനായി ഒരു പൗരന് അലഞ്ഞുനടക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

അതേസമയം, കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിന് മുൻപുള്ള വിചാരണ തടവ് ഒരു ശിക്ഷയായി മാറരുതെന്നായിരുന്നു കെ കവിതയെ അഞ്ചുമാസം നീണ്ട ജയിൽവാസത്തിൽനിന്ന് മുക്തയാക്കികൊണ്ട് സുപ്രീംകോടതി അടിവരയിട്ടത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അനുയായി എന്ന് ആരോപിക്കപ്പെടുന്ന പ്രേം പ്രകാശിന്റെ ജാമ്യ ഉത്തരവിലും ഏത് നിയമത്തെക്കാളും മുകളിൽ വ്യക്തിസ്വാതന്ത്ര്യമാണെന്ന് കോടതി തറപ്പിച്ചുറഞ്ഞിരുന്നു .

പൗരന്മാർ വിചാരണ കൂടാതെ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യങ്ങൾക്ക് പരിഹാരം കാണേണ്ടത് ഭരണഘടനയുടെ സംരക്ഷകരായ കോടതികളുടെ ഉത്തരവാദിത്വമാണ്. വൈകിയെങ്കിലും അതിന് മുൻകൈയ്യെടുക്കുന്ന കോടതി, ഇരുണ്ടകാലത്ത് ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. സുപ്രീംകോടതിയുടെ ശക്തമായ അഭിപ്രായ പ്രകടനം ഇനി ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതികൾക്ക് ഒരു ഓർമപ്പെടുത്തലാണ്. അമിതാധികാരം പ്രയോഗിക്കാൻ പുറപ്പെടുന്ന അന്വേഷണ സംഘങ്ങൾക്കുള്ള പാഠങ്ങളാണ്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍