FOURTH SPECIAL

അഭിമുഖം|'യുകെയിലെ കുടിയേറ്റ നിയമങ്ങൾ പി ആർ തേടിപ്പോകുന്ന ഇന്ത്യന്‍ വിദ്യാർഥികൾക്ക് തിരിച്ചടി:' ഡോ. ജിനു സക്കറിയ ഉമ്മന്‍

ബ്രിട്ടനിലെ വിസ നിയന്ത്രണങ്ങൾ എങ്ങനെയാണ് ഇന്ത്യയിൽനിന്നുള്ളവരെ ബാധിക്കുമെന്ന് വിശദീകരിക്കുന്നു വിദേശകാര്യ വിദഗ്ദൻ ഡോ. ജിനു സക്കറിയ ഉമ്മൻ

മുഹമ്മദ് റിസ്‌വാൻ

കുടിയേറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ഡിസംബർ നാലിനാണ് യുകെ ആഭ്യന്തര മന്ത്രി ജെയിംസ് ക്ലെവർലി പുതിയ ഭേദഗതികൾ കൊണ്ടുവന്നത്. ഈ നിയമങ്ങൾ എന്തൊക്കെയാണെന്നും അവ ഇന്ത്യക്കാരെ എത്തരത്തിൽ ബാധിക്കുമെന്നും അടിയന്തരമായി എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നെല്ലാം വിശദമാക്കുകയാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്‍റ് വിസിറ്റിങ് പ്രൊഫസറായ ഡോ. ജിനു ഉമ്മൻ സക്കറിയ.

ഡിസംബർ നാലിന് യു കെ ആഭ്യന്തര മന്ത്രി ജെയിംസ് ക്ലെവർലി അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമങ്ങൾ എന്താണ്?

നൈപുണ്യ തൊഴിലാളികൾക്കുള്ള (സ്‌കിൽഡ് വർക്കേഴ്സ്) വിസ ഒരു കമ്പനി കൊടുക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 38,700 പൗണ്ട് ശമ്പളം ഉണ്ടായിരിക്കണമെന്നാണ് പുതിയ നിയമം നിഷ്കർഷിക്കുന്നത്. നേരത്തെ 26,000 പൗണ്ട് മതിയായിരുന്നു. കാനഡ പോലെ പോയിന്റിനെ അടിസ്ഥാനമാക്കിയായിരുന്നു യുകെയിലെ ഇതുവരെയുള്ള വിസ സംവിധാനം. പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പോയിന്റ് ലഭിക്കുക. നിശ്ചിത പോയിന്റ് ഉണ്ടെങ്കിൽ മാത്രമേ വിസ ലഭിക്കൂ. എന്നാൽ നിലവിലെ നിയമം ഈ സംവിധാനത്തെ മുഴുവൻ തകിടം മറിച്ചിരിക്കുകയാണ്‌. ഇനിമുതൽ നിശ്ചിത ശമ്പളം ഇല്ലാതെ എത്ര പോയിന്റ് കിട്ടിയാലും യുകെയിലേക്ക് കടക്കാൻ ആർക്കും സാധിക്കില്ല. അതാണ് ഒന്നാമത്തെ പ്രശ്നം. രണ്ടാമതായി, യുകെയിലേക്ക് കുടിയേറുന്ന ഒരാൾക്ക് കുടുംബത്തെയോ ജീവിതപങ്കാളിയെയോ കൂടെ കൊണ്ടുപോകണമെങ്കിൽ നേരത്തെ 18,600 പൗണ്ടിന്റെ വരുമാനം മതിയായിരുന്നു. അതുമിപ്പോൾ 38,700 പൗണ്ടായി വർധിപ്പിച്ചിരിക്കുകയാണ്.

ബ്രെക്സിറ്റിന്റെയും പോസ്റ്റ് കോവിഡിന്റേയും പശ്ചാത്തലത്തിൽ കൂടിയാണ് നമ്മൾ കാര്യങ്ങളെ കാണേണ്ടത്. നേരത്തെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള ആളുകൾക്ക് വളരെ സ്വതന്ത്രമായി ബ്രിട്ടനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും സഞ്ചരിക്കാമായിരുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം നിരവധി നിയന്ത്രണങ്ങൾ വന്നു. 2022-ൽ ഇയുവിൽനിന്ന് കുടിയേറിയ 86,000 പേരാണ് ബ്രിട്ടൻ വിട്ടത്. അതേസമയം, ഇയു ഇതര രാജ്യങ്ങളിൽനിന്ന് ഏഴര ലക്ഷത്തോളം ആളുകൾ കുടിയേറുകയും ചെയ്തു. സാധാരണഗതിയിൽ തന്നെ കുടിയേറ്റവിരുദ്ധരാണ് കൺസർവേറ്റിവ് പാർട്ടികൾ . എന്നാൽ ഇതേ സമയം തന്നെ യൂറോപ്പ് ഇതര രാജ്യങ്ങളിൽ നിന്ന് വന്നവർ ബ്രിട്ടനിലെ ജോലി സാധ്യതകൾ കയ്യടക്കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പുകൂടി മുന്നിൽ നിൽക്കുന്നതിനാൽ കുടിയേറ്റത്തിന്റെ തോത് എങ്ങനെയെങ്കിലും കുറയ്ക്കാനാണ് വലതുപക്ഷ പാർട്ടി ലക്ഷ്യമിടുന്നത്.

വിദ്യാർഥികൾ വന്നിട്ട് കോഴ്സ് പൂർത്തിയാക്കാതെ കെയർ ഗിവർ വിസയിലേക്ക് മാറുന്ന ഒരു സാഹചര്യമുണ്ട്. കെയർ വിസയിലേക്ക് മാറ്റുക എന്നത് കച്ചവടമായും മാറിയിട്ടുണ്ട്

ഇവ എങ്ങനെയാണ് ഇന്ത്യക്കാരെ ബാധിക്കുക?

യുകെയിലെ തദ്ദേശീയ ജനവിഭാഗം ചെയ്യാൻ താത്പര്യപ്പെടാത്ത ജോലികളടങ്ങിയ 'ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റ്' എന്നൊരു പട്ടികയുണ്ട്. ആരോഗ്യമേഖലയും വിദ്യാഭ്യാസ രംഗവുമാണ് ഈ പട്ടികയിൽ പ്രധാനമായുമുള്ളത്. ഈ പട്ടികയിലുള്ള നഴ്സുമാർ, കെയർ ഗിവർമാർ എന്നിങ്ങനെയുള്ള ജോലികൾക്കാണ് നമ്മുടെ നാട്ടിലെ അധികം പേരും പോകുന്നത്. നൈപുണ്യ തൊഴിലുകളുടെ പട്ടികയിലാണ് നഴ്‌സുമാരെങ്കിലും പുതിയ നിയമപ്രകാരം അവർക്ക് 38700 പൗണ്ട് ശമ്പളമില്ലെങ്കിലും പ്രശ്നമില്ല. അവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കെയർ ഗിവർമാർക്ക് നിയമം ബാധകമാണ്. ഇവർക്ക് കുറഞ്ഞ ശമ്പള പരിധി ഇല്ലെങ്കിൽ കുടുംബത്തെ കൊണ്ടുപോകാൻ സാധിക്കില്ല.

വിദ്യാർഥികളുടെ കാര്യമെടുത്താൽ ബിരുദാനന്തര ബിരുദം പഠിക്കുന്നവർക്ക് പങ്കാളിയെ കൊണ്ടുപോകാനുള്ള നിയമം നേരത്തെ ഉണ്ടായിരുന്നു. സ്റ്റുഡന്റ് വിസയിൽ 2022-23 കാലഘട്ടത്തിൽ അഞ്ച് ലക്ഷത്തോളം പേരാണ് അവിടെയെത്തിയത്. അതിൽ പകുതിയും ഇന്ത്യക്കാരും ചൈനക്കാരുമാണ്. അതുപോലെ ഇ യു ഇതര രാജ്യങ്ങളിൽ നിന്നെത്തിയ കുടിയേറ്റക്കാരിൽ അധികവും ഇന്ത്യക്കാരും നൈജീരിയയിൽനിന്നുള്ളവരും ചൈനക്കാരും പാകിസ്താനികളുമൊക്കെയാണ്. ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഒരാഴ്ച 20 മണിക്കൂർ വരെയും ആശ്രിതർക്ക് 60 മണിക്കൂർ വരെയും ജോലി ചെയ്യാമായിരുന്നു. സാമ്പത്തികനില ഭദ്രമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പങ്കാളിയെ കൊണ്ടുപോയിരുന്നത്. പുതിയ നിയമം അനുസരിച്ചാണെങ്കിൽ, ഇനിമുതൽ ഗവേഷണ കേന്ദ്രീകൃത ബിരുദാനന്തര ബിരുദ കോഴ്‌സുകൾ പഠിക്കുന്നവർക്ക് മാത്രമേ പങ്കാളികളെ കൊണ്ടുപോകാൻ കഴിയൂ.

കൂടാതെ നമ്മുടെ കുട്ടികൾ പ്രധാനമായും അങ്ങോട്ടേക്ക് പോകുന്നത് പിആർ ലക്ഷ്യമിട്ടാണ്. 'പോസ്റ്റ് സ്റ്റഡി വർക്ക്' എന്ന് പറയും. അതായത് പഠനത്തിന് ശേഷം എട്ടുവർഷം അവിടെ പണിയെടുക്കുക. ഇപ്പോഴത്തെ പ്രശ്നമെന്ന് പറയുന്നത് പഠനത്തിന് ശേഷം 38,700 പൗണ്ട് ശമ്പളമുള്ള ജോലി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അവിടെ നിൽക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പി ആർ മോഹിച്ചുപോകുന്ന കുട്ടികൾ വലിയ അങ്കലാപ്പിലാകും.

38700 പൗണ്ട് ശമ്പളമില്ല എന്ന് പറഞ്ഞുകൊണ്ട് ആരെയും ഉടനടി ആരെയും പുറത്താക്കില്ല. ഇതിനെ സംബന്ധിക്കുന്ന കൃത്യമായ പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്
ജെയിംസ് ക്ലെവർലിയും ഋഷി സുനക്കും

ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ മാത്രം യുകെ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം എത്തിക്കുന്നത് 25 ബില്യൺ പൗണ്ടിന്റെ വരുമാനം ആണെന്ന് കണക്കുകൾ പറയുന്നു. അങ്ങനെയെങ്കിൽ ഈ നിയമം യുകെയ്ക്ക് സാമ്പത്തികമായി ഒരു തിരിച്ചടി ആവാൻ സാധ്യതയില്ലേ?

കുടിയേറ്റവിരുദ്ധത എന്നതാണ് കൺസേർവേറ്റിവ് പാർട്ടിയുടെ മുദ്രാവാക്യം. കുടിയേറ്റക്കാർ യുകെയിലെ സംസ്കാരത്തെ നശിപ്പിക്കുന്നു എന്നൊക്കെ ഇക്കൂട്ടർ വാദിക്കുന്നുണ്ട്. അതുകൂടാതെ രാജ്യത്തെ ഫുഡ് ബാങ്ക് പോലുള്ള 'അവശ്യ സേവനങ്ങൾ' യുകെയിലെ ജനങ്ങൾക്ക് വേണ്ടി മാത്രമുള്ള ക്ഷേമ സംവിധാനങ്ങളാണ് എന്നാണ് കൺസർവേറ്റിവുകളും അവരെ പിന്തുണയ്ക്കുന്ന ജനങ്ങളും കരുതുന്നത്. എന്നാൽ ഇതെല്ലാം വിദേശത്തുനിന്ന് എത്തുന്ന വിദ്യാർഥികൾ ഉപയോഗിക്കുന്നുണ്ടെന്നും തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ അവർ കൈയിടുന്നു എന്നും ആക്ഷേപങ്ങളുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കൂടിയാണ് ഈ നീക്കം. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലപ്പോൾ കാര്യങ്ങൾ മാറിയേക്കാം.

യു കെയിലെ പ്രതിപക്ഷമായ ലേബർ പാർട്ടി പുതിയ നിയമത്തിന് എതിരാണ്. കഠിനാധ്വാനം ചെയ്യേണ്ടതും രാത്രികാലങ്ങളില്‍ പണിയെടുക്കേണ്ടതുമായ ബ്ലൂ കോളർ ജോലികളിൽ അവിടെയുള്ള സ്വദേശികൾക്ക് താത്പര്യമില്ല. അവിടെയുള്ള സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ഇന്ത്യക്കാരെയും ശ്രീലങ്കക്കാരെയും ഫിലിപ്പൈനികളെയും എടുക്കണമെന്നാണ് ആഗ്രഹം. കാരണം അവർ ബ്ലൂ കോളർ ജോലികളെല്ലാം ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരമൊരു നിയമം ബ്രിട്ടനെ പ്രതികൂലമായി ബാധിക്കുമെന്ന് യുകെയിലെ യൂണിയൻ നേതാക്കൾ ഉൾപ്പെടെ പറഞ്ഞിരുന്നു. വിദേശ തൊഴിലാളികൾ വരണ്ട എന്നുപറഞ്ഞാൽ പ്ലാൻ ബി വേണ്ടേ എന്നാണ് അവർ ചോദിക്കുന്നത്. അത് നിലവിലില്ല.

ആശ്രിത വിസയിലെത്തുന്നവർ ജോലിയെടുക്കാതെ അവശ്യ സേവനങ്ങളെ ആശ്രയിച്ച് കഴിയുന്നതായി തെളിയിക്കുന്ന കണക്കുകളുണ്ട്. ഇത്തരത്തിൽ യു കെയെ ഒരു നിർബന്ധിത അവസ്ഥയിലേക്ക് തള്ളിവിട്ടുവെന്ന് കരുതേണ്ടതുണ്ടോ?

വിദ്യാർഥികൾ വന്നിട്ട് കോഴ്സ് പൂർത്തിയാക്കാതെ കെയർ ഗിവർ വിസയിലേക്ക് മാറുന്ന ഒരു സാഹചര്യമുണ്ട്. കെയർ വിസയിലേക്ക് മാറ്റുക എന്നത് കച്ചവടമായും മാറിയിട്ടുണ്ട്. വിദേശത്തുനിന്ന് എത്തുന്നവരാണ് ആ കച്ചവടം നടത്തുന്നത്. അതുകൊണ്ടുതന്നെ ഇനി കോഴ്സ് പൂർത്തിയാക്കാതെ വിസ മാറ്റാൻ കഴിയില്ലെന്ന് ഒരു നിയമം മൂന്നുമാസം മുൻപ് യുകെ സർക്കാർ കൊണ്ടുവന്നിരുന്നു. അതിനു പിന്നാലെയാണ് പുതിയ നിയമങ്ങൾ.

കെയർ ഗിവേഴ്സിന്റെ കാര്യത്തിലും സമാനമാണ് സാഹചര്യങ്ങൾ. റിക്രൂട്ട്മെന്റ് ഏജൻസികൾ കെയർ ഗിവേഴ്സ് വിസയിൽ സ്ത്രീകളെ കൊണ്ടുപോകുകയും അവിടെയെത്തുമ്പോൾ ചതിക്കുകയും ചെയ്യുന്ന നിരവധി കേസുകളുണ്ട്

കെയർ ഗിവേഴ്സിനെ പോലുള്ള ബ്ലൂ കോളർ ജോലികൾ അവിടുത്തെ ജനങ്ങൾ താത്പര്യം കാണിക്കാതിരിക്കുന്നത് കൊണ്ടുതന്നെ വിദേശികളെ കൊണ്ടായിരുന്നു അവ ചെയ്യിപ്പിച്ചിരുന്നത്. എന്നാൽ ഇവരാകട്ടെ അവരുടെ കുടുംബങ്ങളെ കൂടി കൊണ്ടുവരാൻ തുടങ്ങി. കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഏകദേശം ഒരുലക്ഷം പേരാണ് ആശ്രിത വിസയിൽ അവിടെ എത്തിയത്. അത് കൺസർവേറ്റിവ്‌സിനെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമാണ്. കുടിയേറ്റക്കാരുടെ എണ്ണം ഏഴുലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് എത്തിക്കണമെന്നാണ് യുകെ സർക്കാർ ശക്തമായി പറയുന്നത്. അങ്ങനെ ചെയ്യണമെങ്കിൽ ഒരു വഴിയുള്ളത് വിദേശത്തുനിന്ന് എത്തുന്നവർ പങ്കാളിയെ കൊണ്ടുവരുന്നത് അവസാനിപ്പിക്കുക എന്നതാണ്.

യുകെയിൽ ജോലി ചെയ്യണമെങ്കിൽ നാഷണൽ ഇൻഷുറൻസ് കാർഡ് വേണം. ആ കാർഡ് അനുസരിച്ചാണ് വിദ്യാർഥികൾ 20 മണിക്കൂർ ജോലി ചെയ്യുന്നത്. ആ സംവിധാനത്തിന്റെ ഭാഗമായവർക്ക് മാത്രമേ ബാങ്കിൽ പണം എത്തുകയുള്ളൂ. യുകെയിലെ കലാസാഹിതിയുടെ പ്രവർത്തകനും അവിടെ വർഷങ്ങളായി ജോലിനോക്കുന്ന തൃശൂർ സ്വദേശിയുമായ മനോജ് പറയുന്നതനുസരിച്ച്, കേരളത്തിൽ നിന്നുള്ള കുട്ടികളിൽ ചിലർ നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ട്. 'കാഷ് ഇൻ ഹാൻഡ്' എന്നാണ് അതിനെ പറയുന്നത്. ഇതുവഴി ഒരാഴ്ച 20 മണിക്കൂറിലധികം അവർ ജോലി ചെയ്യുന്നു. അങ്ങനെ ചെയ്ത കേരളത്തില്‍ നിന്നുള്ള കുറച്ച് കുട്ടികളെ യുകെ സർക്കാർ കണ്ടെത്തുകയും ഡീപോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇങ്ങനെ പല വിഷയങ്ങളും ഇതിനു പുറകിൽ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾക്ക് നേരെ സത്യത്തിൽ നമ്മുടെ സർക്കാരുകൾ കൃത്യമായ നടപടിയെടുക്കേണ്ടതുണ്ട്.

റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ഇത്തരം വിഷയങ്ങളിൽ പങ്കുണ്ടോ?

നാട്ടിലെ റിക്രൂട്ട്മെന്റ് ഏജൻസികൾ പറയുന്ന പണം കൊണ്ടൊന്നും അവിടെ കഴിയാൻ പലപ്പോഴും കഴിയാറില്ല. ഒരു വീട് വാടകയ്ക്ക് കൊടുക്കണമെങ്കിൽ പോലും യു കെയിൽ ഒരു സ്റ്റാൻഡേർഡ് ഉണ്ട്. ഒരുപാട് പേർക്കൊന്നും ഒരുമിച്ച് നിൽക്കാൻ കഴിയില്ല. അങ്ങനെ വരുമ്പോൾ ചെലവ് വർധിക്കും. അതുവലിയ വിഷയമാണ് ഉണ്ടാക്കുന്നത്.

കെയർ ഗിവേഴ്സിന്റെ കാര്യത്തിലും സമാനമാണ് സാഹചര്യങ്ങൾ. റിക്രൂട്ട്മെന്റ് ഏജൻസികൾ കെയർ ഗിവേഴ്സ് വിസയിൽ സ്ത്രീകളെ കൊണ്ടുപോകുകയും അവിടെയെത്തുമ്പോൾ ചതിക്കുകയും ചെയ്യുന്ന നിരവധി കേസുകളുണ്ട്. നാട്ടിൽ വലിയ കടമുണ്ടാക്കിയ ശേഷമാകും പലരും യു കെയിലേക്ക് പോകുക. അതുകൊണ്ട് തിരികെ വരാനുള്ള സാഹചര്യവും ഉണ്ടാകില്ല. അവർ അവസാനം ഫുഡ് ബാങ്കിൽനിന്ന് ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് മാറുന്നു. സത്യത്തിൽ യുകെയിലെ തദ്ദേശീയരായ പാവപ്പെട്ട ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളാണ് ഇവ. അതിൽ വിദേശത്തുനിന്നുള്ളവരും കൂടി വരുമ്പോഴേക്ക് കൺസർവേറ്റിവ് പാർട്ടികളെയും ജനങ്ങളെയും ചൊടിപ്പിക്കുന്നുണ്ട്. സത്യത്തില്‍, നമ്മുടെ നാട്ടിലെ ഉത്തരവാദിത്വപ്പെട്ടവർ ഇവിടെനിന്ന് പോകുന്ന വിദ്യാർഥികൾക്ക് കൃത്യമായ കൗൺസിലിങ് കൊടുക്കേണ്ടത് അത്യാവശ്യമാണ്.

നിലവിൽ യു കെയിലുള്ള വിദ്യാർത്ഥികളെയും കുറഞ്ഞ പരിധിയിലുള്ള ശമ്പളം ലഭിക്കാത്തവരെയും പുതിയ നിയമം ബാധിക്കുമോ?

38,700 പൗണ്ട് ശമ്പളമില്ല എന്ന് പറഞ്ഞുകൊണ്ട് ആരെയും ഉടനടി ആരെയും പുറത്താക്കില്ല. ഇതിനെ സംബന്ധിക്കുന്ന കൃത്യമായ പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്. അതുപ്രകാരം, നിയമം പ്രാബല്യത്തിൽ വരുന്ന ജനുവരിക്ക് ശേഷം വിസ പുതുക്കാൻ പോകുമ്പോൾ ഈ പറയുന്ന ഉപാധി പാലിക്കുന്നില്ലെങ്കിൽ പങ്കാളികൾ തിരികെ പോകേണ്ടി വരും.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്