FOURTH SPECIAL

കാലം കൈ കൂപ്പുന്നു: ആ വെങ്കലനാദത്തിന് മുമ്പിൽ

മുസാഫിര്‍

കരിമ്പനയോലകളെ കാതരമാക്കി തെന്മലയില്‍ നിന്ന് തണുത്ത കാറ്റ് വീശി. ഇടിയകമ്പടിയോടെ മഴ വീഴാന്‍ വിതുമ്പി. കന്നിമാസസന്ധ്യയുടെ കളഭചാരുത കളയേണ്ടെന്നു കരുതിയാവണം, മഴമേഘങ്ങള്‍ മന്ദ്രസ്ഥായിയില്‍ പിന്‍വാങ്ങി. പച്ച വയലിനെ തിന്തകതോം പാടിയുണർത്തി ഒരു ഗുഡ്സ് വണ്ടി തിരോഭവിക്കേ അടച്ചിട്ട മങ്കര റയിൽവേ ഗേറ്റ് ഞങ്ങൾക്ക് മുമ്പിൽ തുറന്നു. സംഗീത മാന്ത്രികൻ ചെമ്പൈ വൈദ്യനാഥ ഭാഗവതർ പിറന്ന കോട്ടായി ഗ്രാമത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.

1974 ഒക്ടോബർ 16 ന് ചെമ്പൈയുടെ അവസാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രസിദ്ധ സംഗീതജ്ഞ സുകുമാരി നരേന്ദ്രമേനോൻ, കവിയും അഭിഭാഷകനുമായ പി. ടി നരേന്ദ്രമേനോൻ എന്നിവരോടൊപ്പമായിരുന്നു രാഗസ്മരണ നിറഞ്ഞു നിന്ന, സംഗീതഗ്രാമമായ കോട്ടായിലേക്കുള്ള ഞങ്ങളുടെ യാത്ര.

കോട്ടായിയിലെ ചെമ്പൈ സ്മാരക മ്യൂസിക് ഹാൾ

ചെമ്പൈയുടെ ബന്ധു സുരേഷും കുടുംബവും ഞങ്ങളെ ചെമ്പൈ മഠത്തിൽ സ്വീകരിച്ചിരുത്തി. തീർത്തും സംഗീതസാന്ദ്രമായ അന്തരീക്ഷം. കുട്ടികൾ പാട്ട് അഭ്യസിക്കുന്ന മണ്ഡപം. ചെമ്പൈ പ്രതിമകൾ. ചെമ്പൈ ഇരുന്ന ചാരുകസേര. യേശുദാസ് ഉൾപ്പെടെയുള്ള ശിഷ്യരോടൊത്ത് എടുത്ത നിരവധി ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. മഠത്തിന് മുമ്പിലെ കോട്ടായി ക്ഷേത്രത്തിൽ ദീപം തെളിയുന്നു. ആരാധനയുടെ ആലാപനം. സമീപം ചെമ്പൈ വിദ്യാലയം. ആരവങ്ങൾ ഒട്ടുമില്ലാത്ത ഗ്രാമ ചാരുത.

ചെമ്പൈയും യേശുദാസും

'ഇത്തവണ ചെമ്പൈ സംഗീതോത്സവത്തിന് യേശുദാസ് വരാം എന്ന് ഏറ്റിട്ടുണ്ട്...' സുരേഷ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് കോട്ടായിൽ നിന്ന് നാഴികകൾക്കകലെ പത്തിരിപ്പാല മണ്ണൂരിലെ പടിപ്പുര വീട്ടിലേക്ക് നടന്നു വന്ന് തന്നെയും സഹോദരൻ മണ്ണൂർ രാജകുമാരനുണ്ണിയെയും സംഗീതം അഭ്യസിപ്പിച്ച മഹാഗുരു ചെമ്പൈയെ, അദ്ദേഹത്തിന്റെ ജന്മഗേഹത്തിൽ ഇരുന്ന് സാദരം അനുസ്മരിക്കെ, സുകുമാരി മേനോന്റെ കണ്ണ് നിറഞ്ഞു. ചെമ്പൈ പ്രതിമയ്ക്ക് മുമ്പിൽ ആ പ്രിയശിഷ്യ കൈകൾ കൂപ്പി. അസാധാരണമായ നാദതേജസ്സോടെ, ഉറച്ച വെങ്കലനാദത്തിൽ വിരഹവും വിപ്രലംഭവും നിറഞ്ഞേന്തിയ ചെമ്പൈയുടെ സ്വരസരോവരം അവരുടെ ഓർമകളെ ഈറനണിയിക്കുന്നതിന് ഞാൻ അപ്പോൾ സാക്ഷിയായി.

സുകുമാരി മേനോൻ

നരേന്ദ്ര മേനോൻ പറഞ്ഞു, ഒറ്റപ്പാലം പൂഴിക്കുന്നമ്പലത്തിൽ കച്ചേരിക്ക് വന്ന ചെമ്പൈ ഞങ്ങളുടെ വീട്ടിലായിരുന്നു ഉച്ചയ്ക്ക് ഊണിന്. ഐഹികേച്ഛകളില്‍ നിന്ന് നിത്യമുക്തിയുടേയും നിര്‍മുക്തിയുടേയും നിതാന്തതയിലേക്കുള്ള മനുഷ്യയാത്രയുടെ ദിശാസൂചികകളെക്കുറിച്ച് അന്നേരം ആ സംഗീത ചക്രവർത്തിയുടെ മനസ് എന്തോ മന്ത്രിച്ചുവോ? എല്ലാ മോഹങ്ങളും തീർന്നു. ഇനി വേണ്ടത് അനായേസന മരണം... നരേന്ദ്രമേനോനോട് ചെമ്പൈ പറഞ്ഞു. ആസക്തികളത്രയും അസ്തമിച്ച ഒരു മഹാപ്രതിഭയുടെ വിരക്തി ആ വാക്കുകളിൽ പ്രതിധ്വനിച്ചു.

ചെമ്പൈ പ്രതിമയ്ക്ക് സമീപം ലേഖകൻ

അന്ന് വൈകുന്നേരം ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കച്ചേരിക്ക് ശേഷം അദ്ദേഹം കണ്ണടച്ച് പ്രാർത്ഥിച്ചു: എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ.. പത്തെൺ‌പത് വയസായി. അടിയന്റെ എല്ലാ ആഗ്രഹങ്ങളും അവിടന്ന് നടത്തിത്തന്നു. ഇനി ഈ തടിയുമായി ഞാനെന്തിന് ഇങ്ങനെ ഇരിക്കണം? അങ്ങട് വിളിച്ചൂടെ? കച്ചേരി കഴിഞ്ഞ് അടുത്തുള്ള ഒളപ്പമണ്ണ മനയിലേക്ക്. ദേഹശുദ്ധി വരുത്തി സന്ധ്യാവന്ദനം. കൃഷ്ണാ ഗുരുവായൂരപ്പാ.... എന്ന വിളിയോടെ ആ ശിരസ്സ് ഒരു വശത്തേക്ക് ചെരിഞ്ഞു. ആ സ്വരം നിലച്ചു....ആയിരത്തിലേറെ ശിഷ്യന്മാരെ സൃഷ്ടിച്ച്, എഴുപത്തെട്ടാമത്തെ വയസ്സിൽ സംഭവിച്ച മഹാവേർപാട്.

രാഷ്‌ട്രപതി വി. വി ഗിരിയിൽ നിന്ന് സ്വീകരിച്ച പദ്മഭൂഷൺ‌ പുരസ്‌കാരപത്രം
ചെമ്പൈ കുടുംബത്തിലെ അനന്തരാവകാശി സുരേഷ്, പി. ടി നരേന്ദ്രമേനോൻ, സുകുമാരി നരേന്ദ്രമേനോൻ എന്നിവരോടൊപ്പം ലേഖകൻ

ജീവിതത്തിൽ മൂന്ന് തവണ ശബ്ദം നഷ്ടപ്പെട്ട ചെമ്പൈയ്ക്ക് അത് തിരികെ കിട്ടിയത് ഗുരുവായൂരപ്പന്റെ അനുഗ്രഹമല്ലാതെ മറ്റൊന്നല്ല - സുകുമാരി നരേന്ദ്രമേനോൻ പറഞ്ഞു. ഭാരതീയ സംഗീത പൈതൃകത്തിന്റെ സമ്പന്നമായ ഈടുവയ്പ്പിൽ കർണാടക സംഗീതത്തിലെ ഏറ്റവും ആധികാരികമായ സ്വരമാന്ത്രികന്റെ പേര് ചെമ്പൈ വൈദ്യനാഥഭാഗവതർ എന്ന് തന്നെയാണ്. കൃത്യം അര നൂറ്റാണ്ടു മുമ്പ് നിലച്ചു പോയ ആ നാദസാധനയുടെ ആരോഹണാവരോഹണങ്ങളിൽ, കാലം തെല്ലിട നിശ്ചലമായി നിൽക്കുന്ന പോലെ.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം