FOURTH SPECIAL

മൂന്ന് ടാക്സിയിൽനിന്ന് 4400 കോടി ഡോളർ ആസ്തിയുള്ള കമ്പനിയായതെങ്ങനെ; ഊബർ നടത്തിയത് വൻക്രമക്കേടുകൾ

ഡ്രൈവർമാര്‍ക്കായി ലൈസൻസ് ഇളവുകൾ, കുറഞ്ഞ ടാക്സി നിരക്ക്, സബ്‌സിഡികൾ എന്നിങ്ങനെ മാർഗങ്ങളാണ് കമ്പനി വിപുലീകരണത്തിനായി ഊബർ ഉപയോഗിച്ചിരുന്നത്

വെബ് ഡെസ്ക്

ടാക്സി വ്യവസായത്തിന് ആഗോള തലത്തിൽ പുത്തൻ രീതികൾ പരിചയപ്പെടുത്തിയ പ്രസ്ഥാനമാണ് ഊബർ ടാക്സി. 2009ൽ പരീക്ഷണാർത്ഥം മൂന്ന് ടാക്സികൾ നിരത്തിലിറക്കിയ ഊബറിന് നിലവിൽ 44 ബില്യൺ ഡോളറിന്റെ വിറ്റു വരവാണുള്ളത്. സിലിക്കൺ വാലിയിൽ തുടങ്ങിയ ഊബറിൻ്റെ സേവനം ഇന്ന് 72 രാജ്യങ്ങളിൽ ലഭ്യമാണ്. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ധാരാളം വിമർശനങ്ങൾ നേരിട്ടുവെങ്കിലും അതിനെയെല്ലാം സ്ഥാപനം അതിജീവിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന 'ഊബർ ഫയൽസ്' രേഖകൾ, ആഗോള ഭീമന്മാരുടെ വളർച്ചയിലെ ക്രമക്കേടുകളിലേക്ക് വിരൽ ചൂണ്ടുന്നു. നിലനില്‍പ്പിനും നേട്ടത്തിനുമായി സര്‍ക്കാരുകളെയും അധികൃതരെയും ഊബര്‍ എങ്ങനെ സ്വാധീനിച്ചുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

2013 മുതൽ 2017 വരെ, കമ്പനി എങ്ങനെയാണ് നിയമം ലംഘിച്ചതെന്നും പോലീസിനെയും റെഗുലേറ്റർമാരെയും കബളിപ്പിച്ചതെന്നും ഡ്രൈവർമാർക്കെതിരായ അക്രമങ്ങൾ കമ്പനി എങ്ങനെയാണ് ചൂഷണം ചെയ്തതെന്നും ലോകമെമ്പാടുമുള്ള സർക്കാരുകളെ സ്വാധീനിച്ചതെന്നും ഊബർ ഫയൽസ് വെളിപ്പെടുത്തുന്നു

എന്താണ് ഊബർ ഫയല്‍സ്?

ബ്രിട്ടീഷ് ദിനപത്രമായ 'ദി ഗാർഡിയന്' ലഭിച്ച ഊബറുമായി ബന്ധപ്പെട്ട 124,000 രേഖകളുടെ അടിസ്ഥാനത്തിലുള്ള ആഗോള അന്വേഷണമാണ് ഊബർ ഫയലുകൾ. സിലിക്കൺ വാലി ഭീമന്റെ ഏറ്റവും മുതിർന്ന എക്സിക്യൂട്ടീവുകൾ തമ്മിലുള്ള ഇമെയിലുകൾ, മെസ്സേജുകൾ, വാട്സാപ്പ് സന്ദേശങ്ങൾ, മെമ്മോകൾ, അവതരണങ്ങൾ, നോട്ട്ബുക്കുകൾ, ബ്രീഫിംഗ് പേപ്പറുകൾ, ഇൻവോയ്സുകൾ എന്നിവ ഡാറ്റയിൽ അടങ്ങിയിരിക്കുന്നു.

ഊബർ പ്രവർത്തിക്കുന്ന 40 രാജ്യങ്ങളിൽ നിന്നുള്ള രേഖകളാണുള്ളത്, 2013 മുതൽ 2017 വരെ, കമ്പനി എങ്ങനെയാണ് നിയമം ലംഘിച്ചതെന്നും പോലീസിനെയും റെഗുലേറ്റർമാരെയും കബളിപ്പിച്ചതെന്നും ഡ്രൈവർമാർക്കെതിരായ അക്രമങ്ങൾ കമ്പനി എങ്ങനെയാണ് ചൂഷണം ചെയ്തതെന്നും ലോകമെമ്പാടുമുള്ള സർക്കാരുകളെ സ്വാധീനിച്ചതെന്നും ഊബർ ഫയൽസ് വെളിപ്പെടുത്തുന്നു.

ആഗോള അന്വേഷണം സുഗമമാക്കുന്നത്തിനായി, ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐസിഐജെ) വഴി ഗാർഡിയൻ 29 രാജ്യങ്ങളിലെ 180 പത്രപ്രവർത്തകരുമായി വിവരങ്ങൾ പങ്കുവെച്ചു. ഗാർഡിയനാണ് ഐസിഐജെയ്‌ക്കൊപ്പം അന്വേഷണം നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തത്.

സഹസ്ഥാപകനും മുൻ ചീഫ് എക്‌സിക്യൂട്ടീവുമായ ട്രാവിസ് കലാനിക്കിന്റെ കാലയളവിൽ, കമ്പനിയിലെ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശങ്ങളടങ്ങിയ ടെക്‌സ്‌റ്റ് മെസ്സേജുകളും ഇമെയിലുകളുമാണ് രേഖകളിലുള്ളത്. ലൈംഗിക-മാനസിക പീഡന ആരോപണങ്ങളെ തുടർന്ന് 2017-ൽ ട്രാവിസ് കലാനിക്ക് രാജി വെച്ചിരുന്നു.

ഡ്രൈവർമാരുടെ ദുരവസ്ഥയെ കമ്പനിയുടെ നേട്ടങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല
ട്രാവിസ് കലാനിക്ക്, ഊബര്‍ സഹസ്ഥാപകന്‍, മുൻ ചീഫ് എക്‌സിക്യൂട്ടീവ്

ഡ്രൈവർമാർക്കായി ലൈസൻസ് ഇളവുകൾ, കുറഞ്ഞ ടാക്സി നിരക്ക്, സബ്‌സിഡികൾ എന്നിങ്ങനെ മാർഗങ്ങളാണ് ഊബർ കമ്പനിയുടെ വിപുലീകരണത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് നിലവിലുണ്ടായിരുന്ന ടാക്സി വ്യവസായത്തെ തന്നെ സാരമായി ബാധിച്ചു. പല ടാക്സി ഡ്രൈവര്മാരുടെയും ഉപജീവന മാർഗത്തിന് ഊബറെന്ന ആഗോള ഭീമൻ കമ്പനിയും അവർ കൊണ്ടുവന്ന പുതിയ രീതികളും ഭീഷണി സൃഷ്ടിച്ചു. അത് ഊബർ ഡ്രൈവർക്കമാർക്ക് നേരെ കയ്യേറ്റങ്ങളുണ്ടാവാൻ കാരണമായി. പല ഇടങ്ങളിലും അക്രമങ്ങൾ ഉണ്ടായി. ഇതിലൂടെ ഊബർ പൊതുജനങ്ങളുടെ പ്രീതിയും ഉദ്യോഗസ്ഥരുടെ പിന്തുണയും ആർജിച്ചു.

ബെൽജിയം, നെതർലൻഡ്‌സ്, സ്‌പെയിൻ, ഇറ്റലി ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ ഊബർ സമാനമായ തന്ത്രങ്ങൾ സ്വീകരിച്ചു, അക്രമത്തിനിരയായ ഡ്രൈവർമാരെ ഉപയോഗിച്ച് മാധ്യമ ശ്രദ്ധ നേടുകയും അതുവഴി അധികാരികളുടെ ഭാഗത്ത് നിന്നുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുയും ചെയ്തു.

എന്നാൽ, ഡ്രൈവർമാരുടെ ദുരവസ്ഥയെ കമ്പനിയുടെ നേട്ടങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്നാണ് ട്രാവിസ് കലാനിക്കിന്റെ വക്താവ് വാദിക്കുന്നത്. അതേസമയം തെറ്റുകളെല്ലാം സംഭവിച്ചത് ട്രാവിസിന്‍റെ ഭരണകാലത്താണെന്ന് ഊബറിന്‍റെ പ്രതികരണം.

"ഞങ്ങൾ തെറ്റുകളുടെ കാലഘട്ടത്തിൽ നിന്നും സഹകരണത്തിന്റെ പാതയിലേക്ക് മാറിയിരിക്കുന്നു, തൊഴിലാളി യൂണിയനുകളും ടാക്സി കമ്പനികളും ഉൾപ്പെടെ എതിരാളികളുമായി സഹകരിക്കാൻ ഞങ്ങളിന്ന് സന്നദ്ധരാണ്" ചീഫ് എക്സിക്യൂട്ടീവ് ദാരാ ഖോസ്രോഷാഹി പറഞ്ഞു.

കിൽ സ്വിച്ച് എന്ന തന്ത്രം

റെഗുലേറ്ററി അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഊബർ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് 'കിൽ സ്വിച്ച്'. റെയ്‌ഡുകളിൽ നിന്ന് രഹസ്യ രേഖകളെ മറച്ചുപിടിക്കാൻ ഊബർ ഉപയോഗിക്കുന്ന തന്ത്രമാണിത്. ലോകത്തിന്റെ ഏത് കോണിലുള്ള ഓഫീസിലെയും രേഖകളിലേക്കുള്ള അനുമതി റദ്ദ് ചെയ്യാൻ കിൽ സ്വിച്ചിലൂടെ സാധിക്കും.

ആംസ്റ്റർഡാമിലെ ഊബർ ഓഫീസിൽ റെയ്ഡ് നടക്കുന്നതിനിടെ 'കിൽ സ്വിച്ച്' പ്രയോഗിച്ചിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. കിൽ സ്വിച്ച് ഉപയോഗിക്കാൻ ട്രാവിസ് ആവശ്യപ്പെട്ടതിന്റെ തെളിവുകളും പുറത്തുവിട്ടു.

'ആംസ്റ്റർഡാം ഓഫീസിലെ രേഖകൾ അനുമതി റദ്ദ് ചെയ്യുക, എത്രയും വേഗം കിൽ സ്വിച്ച് അമർത്തുക' ട്രാവിസ് ഒരു ജീവനക്കാരൻ അയച്ച മെയിലിൽ പറയുന്നു. കൂടാതെ ഉദ്യോഗസ്ഥർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. പല രാജ്യങ്ങളിലും 'കിൽ സ്വിച്ച്' ഉപയോഗിച്ചതിനെ പറ്റിയുള്ള 13 സംഭവങ്ങളും ഊബർ ഫയലുകളിലുണ്ട്. ഊബർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ റെയ്ഡുകൾ പുരോഗമിക്കുമ്പോൾ പോലും 'കിൽ സ്വിച്ച്' ഉപയോഗിച്ചിരുന്നതായും രേഖകൾ വെളിപ്പെടുത്തുന്നു.

സിലിക്കൺ വാലിയിലെ വെറുമൊരു സ്റ്റാർട്ടപ്പ് കമ്പനിയിൽ നിന്ന് 44 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള കമ്പനിയായി വളർന്നതിന് പിന്നിൽ, രാജ്യങ്ങളിലെ സർക്കാരുകളെ സ്വാധീനിച്ചിരുന്നതായും റിപ്പോർട്ട് പറയുന്നു.

ലോബിയിങ്

സിലിക്കൺ വാലിയിലെ വെറുമൊരു സ്റ്റാർട്ടപ്പ് കമ്പനിയിൽ നിന്ന് 44 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള കമ്പനിയായി വളർന്നതിന് പിന്നിൽ, രാജ്യങ്ങളിലെ സർക്കാരുകളെ സ്വാധീനിച്ചിരുന്നതായും റിപ്പോർട്ട് പറയുന്നു. 2014 മുതൽ 2016 വരെ ഫ്രാൻസിന്റെ സാമ്പത്തിക മന്ത്രിയും രാജ്യത്തിന്റെ നിലവിലെ പ്രസിഡന്റുമായ ഇമ്മാനുവൽ മാക്രോണുമായി ഉടമ്പടി ഉണ്ടായിരുന്നതായും അന്വേഷണം പറയുന്നു. കൂടാതെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ ബ്രിട്ടീഷ് ധനമന്ത്രി ജോർജ് ഓസ്ബോൺ, മുൻ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെയും തെളിവുകൾ രേഖകളിലുണ്ട്.

ഫ്രാൻ‌സിൽ സുഗമമായി പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ നിയമപരമായ ആനുകൂല്യങ്ങളും ഊബറിന് ലഭ്യമാക്കാൻ മാക്രോൺ സഹായിക്കുമെന്ന് കമ്പനി വിശ്വസിച്ചിരുന്നു. ഊബറിന് മാക്രോണിന്റെ തുറന്ന പിന്തുണയും ലഭിച്ചിരുന്നു. ഫ്രാൻസിനെ ഒരു സ്റ്റാർട്ടപ്പ് രാഷ്ട്രമാക്കി മാറ്റണമെന്ന് വാദിച്ചു കൊണ്ട് മാക്രോൺ നടത്തിയ പല ഇടപെടലുകളും പാർട്ടി ഉയർത്തിപ്പിച്ച ആശയങ്ങൾക്ക് വിരുദ്ധമായിരുന്നു -രേഖകൾ പറയുന്നു.

ഊബറിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ

2013 മുതലാണ് ഊബർ ഇന്ത്യയിൽ സേവനമാരംഭിക്കുന്നത്. നിലവിൽ രാജ്യത്തെ 100-ലധികം നഗരങ്ങളിലായി 6 ലക്ഷം ഡ്രൈവർമാർ ജോലി ചെയ്യുന്നു. ഇന്ത്യയിലെ ആദായനികുതി വകുപ്പുകൾ, ഉപഭോക്തൃ ഫോറങ്ങൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സേവന നികുതി വകുപ്പ് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ റെഗുലേറ്ററി അതോറിറ്റികളുമായി ഊബർ നടത്തിയ അനധികൃത കരാറുകളുടെ രേഖകളും പുറത്തു വന്നിട്ടുണ്ട്. 2014 സെപ്റ്റംബറിൽ, ഊബറിലെ ജീവനക്കാർക്ക് ആദായ നികുതി കൈകാര്യം ചെയ്യുന്നതിനുള്ള ക്ലാസ്സിൽ ഇന്ത്യയെയാണ് ഉദാഹരണമായി അവതരിപ്പിച്ചതെന്നും രേഖ പറയുന്നു.

2014 ഡിസംബറിൽ, ന്യൂഡൽഹിയിൽ 25 വയസ്സുള്ള യാത്രക്കാരിയെ ഊബർ കാറിൽ ഡ്രൈവർ ബലാത്സംഗം ചെയ്തതിനെ തുടർന്ന് കമ്പനി പ്രതിസന്ധി നേരിട്ടു.

ഡൽഹി സർക്കാർ ഊബറിനെതിരെ ഏർപ്പെടുത്തിയ വിലക്കിൽനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഡ്രൈവറുടെ ക്രിമിനൽ റെക്കോർഡ് പരിശോധിക്കാതെ പോയതിന് പിന്നിൽ ഇന്ത്യയിലെ "വികലമായ" ലൈസൻസിംഗ് സംവിധാനങ്ങളാണെന്ന് കുറ്റപ്പെടുത്തി ഊബർ പ്രതിസന്ധിയെ മറികടന്നു.

2014 ഡിസംബർ 11-ന് (ബലാത്സംഗം നടന്ന് ആറ് ദിവസത്തിന് ശേഷം) അന്നത്തെ ഊബറിന്റെ കമ്മ്യൂണിക്കേഷൻസ് യൂണിറ്റിന്റെ തലവനായ നൈറി ഹൂർദാജിയൻ തന്റെ സഹപ്രവർത്തകന് അയച്ച ഇമെയിലിൽ ഇങ്ങനെ പറയുന്നു: "എല്ലാം നിങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും ചിലപ്പോൾ നമുക്കും പ്രശ്‌നങ്ങളുണ്ടാകാമെന്നും ഓർക്കുക, കാരണം, നമ്മൾ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്".

ന്യൂഡൽഹി ബലാത്സംഗ സംഭവത്തിന് ശേഷം ഊബർ അവകാശപ്പെട്ട പോലെയുള്ള പുതിയ സുരക്ഷാ ഫീച്ചറുകൾ ഇതുവരെ നിലവിൽ വന്നിട്ടില്ല. ഡൽഹി പോലീസുമായും സംസ്ഥാന ഗതാഗത വകുപ്പുമായും സംയോജിച്ച നടപ്പിലാക്കേണ്ട 'പാനിക് ബട്ടൺ' സംവിധാനം പോലും സംഭവം നടന്ന് ആറ് വർഷത്തിന് ശേഷവും ഊബർ നടപ്പാക്കിയിട്ടില്ല.

ട്രാവിസിന്റെ കാലത്ത് ഊബർ പ്രയോഗിച്ച മോശം സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെ പറ്റിയും ഊബർ ഫയൽസ് വിശദമായി പറയുന്നു. പോലീസുകാരിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും രക്ഷപെടാൻ "ഗ്രേ ബോൾ", "ജിയോ ഫെൻസിംഗ്" തുടങ്ങിയ വിദ്യകൾ എങ്ങനെയാണ് ഉപയോഗിച്ചത് എന്നതിന്റെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്.

ഗ്രെയ്‌ബോൾ സാങ്കേതിക വിദ്യ

ഊബർ ടാക്സി സേവനങ്ങൾക്കിടയിൽ തടയാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ തിരിച്ചറിയാനും മറികടക്കാനും പലയിടങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റകൾ ഉപയോഗിക്കുന്നു. ബോസ്റ്റൺ, പാരീസ്, ലാസ് വെഗാസ് തുടങ്ങിയ നഗരങ്ങളിലും ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും അധികാരികളിൽ നിന്ന് രക്ഷപ്പെടാൻ ഊബർ ഈ രീതികൾ ഉപയോഗിച്ചു.

സേവന നിബന്ധനകളുടെ ലംഘനമാണ് ഗ്രേബോൾ. ഊബർ സേവനങ്ങൾ തെറ്റായി ഉപയോഗിക്കുന്നവരെയും കമ്പനിയെ ടാർഗറ്റ് ചെയ്യുന്നുവെന്ന് തോന്നുന്നവരെയും വേരോടെ പിഴുതെറിയാൻ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഗ്രേബോൾ ഉൾപ്പെടെ പ്രോഗ്രാം 2014-ൽ തന്നെ ഉപയോഗിക്കാൻ ആരംഭിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ