FOURTH SPECIAL

തുരങ്കങ്ങളിലകപ്പെട്ട് പോകുന്ന മനുഷ്യർ; വികസനക്കുതിപ്പിനിടയിലെ തൊഴിലാളി ജീവിതങ്ങള്‍

2025 ഓടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ നിർമ്മാണ മാർക്കറ്റാവാൻ ഒരുങ്ങുകയാണ് ഇന്ത്യ. അതേസമയം നിർമ്മാണ തൊഴിലാളികളാണ് രാജ്യത്തെ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളി വിഭാഗം എന്നതാണ് വിരോധാഭാസം.

സൗമ്യ ആർ കൃഷ്ണ

ഉത്തരാഖണ്ഡിലെ ഉത്തർകാശിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് അതിനടിയിൽ കുടുങ്ങിപ്പോയത് നാല്പത് തൊഴിലാളികളാണ്. ഇവരെ പുറത്തെത്തിക്കാനായി രക്ഷാപ്രവർത്തനം തുടരുകയാണ്. മുഴുവൻ തൊഴിലാളികളും ആരോഗ്യത്തോടെ പുറത്തെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോൾ തന്നെ നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയെ കുറിച്ച് കൂടി ചർച്ച ചെയ്യേണ്ടതുണ്ട്.

ലോകം മിന്നൽ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഒട്ടും പിന്നിലല്ല ഇന്ത്യയും. നഗരങ്ങൾ വളരുന്നു, നല്ല ഗതാഗത സൌകര്യങ്ങളുടെ ആവശ്യം കൂടുന്നു, വൈദ്യുതി ഉൾപ്പടെ ഊർജ്ജ സ്രോതസ്സുകൾ കൂടുതൽ വേണ്ടി വരുന്നു. ഇതിനെല്ലാമായി ഓരോ ദിവസവും പതിനായിരക്കണക്കിന് നിർമ്മാണ തൊഴിലാളികളാണ് പല ഭാഗങ്ങളിലായി തൊഴിലെടുക്കുന്നത്. 2025 ഓടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ നിർമ്മാണ മാർക്കറ്റാവാൻ ഒരുങ്ങുകയാണ് ഇന്ത്യ. അതേസമയം ഈ നേട്ടത്തിന് കാരണക്കാരായ നിർമ്മാണ തൊഴിലാളികളാണ് രാജ്യത്തെ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളി വിഭാഗം എന്നതാണ് വിരോധാഭാസം. ഇവരുടെ സുരക്ഷ, വേതനം, മറ്റ് ക്ഷേമകാര്യങ്ങൾ എന്നിവ പൂർണമായി അവഗണിക്കപ്പെട്ട നിലയിലാണ്. അതിന്റെ തെളിവുകളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായ അപകടങ്ങളുടെ കണക്ക്.

രാജ്യത്ത് തൊഴിലിടങ്ങളിൽ നടക്കുന്ന അപകടങ്ങളിൽ നാലിലൊന്ന് നിർമ്മാണ മേഖലയിലാണെന്ന് സൂറത്ത് എൻഐടി പഠനം

നിർമ്മാണ തൊഴിലാളികൾ അപകടത്തിൽ പെടുന്ന ഈ വർഷത്തെ ആദ്യത്തെ സംഭവമല്ല ഉത്തർകാശിയിലേത്. രാജ്യത്ത് തൊഴിലിടങ്ങളിൽ നടക്കുന്ന അപകടങ്ങളിൽ നാലിലൊന്ന് നിർമ്മാണ മേഖലയിലാണെന്ന് സൂറത്ത് എൻഐടി 2016 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്ചെറുകിട നിർമ്മാണ മേഖലയിൽ മാത്രമല്ല അപകടങ്ങൾ ഉണ്ടാകുന്നത്. ലക്ഷക്കണക്കിന് കോടി രൂപ മുടക്കി സർക്കാർ കരാർ നൽകുന്ന വൻകിട പദ്ധതികളുടെ നിർമ്മാണത്തിനിടയിലും പാവപ്പെട്ട തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 22ന് ആന്ധ്രയിലെ നന്ധ്യാൽ ഊർജ്ജ പദ്ധതിയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് തൊഴിലാളികൾ തുരങ്കം തകർന്ന് മരിച്ചു. ഝാർഖണ്ഡ് സ്വദേശികളായിരുന്നു ഇവർ രണ്ട് പേരും.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ജമ്മു കശ്മീരിലെ റാമ്പൻ ജില്ലയിൽ ദേശീയ പാത നിർമ്മാണത്തിലേർപ്പെട്ടിരുന്ന പത്ത്  തൊഴിലാളികൾ തുരങ്കം തകർന്ന് കൊല്ലപ്പെട്ടു.

2004 ൽ ഉത്തരാഖണ്ഡിലെ തന്നെ തെഹ്രി ഡാമിലുണ്ടായ അപകടത്തിൽ 29 തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ടത്. വമ്പൻ ജലവൈദ്യുതി പദ്ധതിക്കായി നിർമ്മിച്ച തുരങ്കം തകർന്ന് തൊഴിലാളികൾ ആ മണ്ണിനടിയിൽ അകപ്പെട്ട് പോയി. നൂറിലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നതായി അന്ന് പല ഉദ്യോഗസ്ഥരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ 29 മരണം മാത്രമാണ് രേഖപ്പെടുത്തിയത്. 

രണ്ടായിരത്തി നാല് മുതൽ 2015 വരെയുള്ള പത്ര വാർത്തകൾ പരിശോധിച്ചാല്‍ ഏറ്റവും കുറഞ്ഞത് അൻപത് തൊഴിലാളികൾ തുരങ്കം തകർന്ന് മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. ക്രെയിൻ പൊട്ടി വീണും, പാലം തകർന്നും, ഉയരത്തിൽ നിന്നു വീണും കൊല്ലപ്പെട്ടതിൻറെ വാർത്തകളും ഇതിനും പുറമെ കണ്ടു. ഔദ്യോഗികമായ കണക്ക് വ്യക്തമാക്കേണ്ടത് സർക്കാരാണ്.

മരിച്ചവരുടെ കണക്കിന് പുറമെ നൂറ്കണക്കിന് തൊഴിലാളികൾക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്തരത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടങ്ങളിൽ പെടാത്തവരും പൂർണ സുരക്ഷിതരല്ല. ഒഡീഷ, ഝാർഖണ്ഡ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നും പ്രാദേശിക ഭാഷ മാത്രമറിയാവുന്നവരെ മറ്റ് സ്ഥലത്ത് ജോലിക്ക് കൊണ്ടുവരികയും അവർക്ക് ഭാഷയറിയില്ലെന്നത് മുതലെടുത്ത് ഒരു വ്യവസ്ഥയുമില്ലാതെ ജോലി ചെയ്യിപ്പിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് ഈ വാർത്ത പുറത്തു വിട്ടത്. 

ഇതിന് ശേഷവും പലതരം നിയമങ്ങളും പദ്ധതികളും നിർമ്മാണ തൊഴിലാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി അവതരിപ്പിച്ചിട്ടും അതിൻറെയൊന്നും ഗുണം തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് സിഐടിയു സെക്രട്ടറി എ ആർ സിന്ധു പറയുന്നു. 

“ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങളിലൊന്നാണ് ഇന്ത്യയിലെ നിർമ്മാണ മേഖലയന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി ഉണ്ടാക്കിയ വെൽഫെയർ ബോർഡുകളെല്ലാം നിർജ്ജീവമാണെന്ന് തന്നെ പറയാം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിന് മുന്‍പ് സുരക്ഷാ പരിശോധന ഉറപ്പു വരുത്തേണ്ട പല സര്‍ക്കാര്‍ ഏജൻസികളുണ്ടായിട്ടും ഇത്തരം അപകടങ്ങൾ ആവർത്തിക്കുകയാണ്. കൃത്യമായ പരിശോധനയും, പഠനവുമില്ലാതെ പാവപ്പെട്ട തൊഴിലാളികളുടെ ജീവിതം വെച്ച് പന്താടുകയാണ് സർക്കാർ. തുരങ്ക നിർമ്മാണം എന്നൊക്കെ പറയുന്നത് നാഷൻ ബിൽഡിംഗിൻറെ ഭാഗമായ പ്രവർത്തനമാണ്. പ്രത്യേകിച്ചും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ ഇത്തരം പ്രവർത്തനം നടത്തുമ്പോൾ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് പകരം തൊഴിലാളികളുടെ ജീവൻ വച്ച് കളിക്കുന്നത് അവസാനിപ്പിക്കണം. എന്തിനാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാക്കുന്നത് എന്നതാണ് ചോദ്യം. ഈ പദ്ധതികൾ നടപ്പിലാക്കുന്നതിനേക്കാൾ വലിയ ഉത്തരവാദിത്തമാണ് സർക്കാരിന് നിർമ്മാണ തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കുക എന്നത്.”

തെഹ്രി ഡാമിലുണ്ടായ അപകടം സർക്കാരിൻറെ അശ്രദ്ധയുടെ ഉത്തമ ഉദാഹരണമാണ്. തുടക്കം മുതൽ വിദഗ്ധർ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നിട്ടും പ്രതികൂല കാലാവസ്ഥയിലും നൂറ് തൊഴിലാളികളെ അവിടെ എത്തിച്ചു ജോലി ചെയ്യിപ്പിച്ചത് കുറ്റകൃത്യമായിതന്നെ കാണണം. നേരത്തെ ഉണ്ടായിട്ടുള്ള അപകടങ്ങളിൽ നിന്നു പോലും പാഠം പഠിക്കുന്നില്ലെന്നതാണ് സത്യം. ഇന്നും ജോലി ചെയ്യുന്ന തൊഴിലാളികളുടെ മുഴുവൻ പേരുകളും പേറോളിൽ ഉണ്ടാകാറില്ലെന്ന് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പറയുന്നു. കോൺട്രാക്റ്റും സബ്കോൺട്രാക്റ്റുമായി കൈമാറി കൈമാറി സർക്കാർ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന പല കമ്പനികളും അവർക്ക് വേണ്ടി  ജോലി ചെയ്യുന്നവരുടെ പ്രാഥമിക വിവരം പോലും സൂക്ഷിക്കുന്നില്ല. ഇത് നിയമലംഘനമാണെങ്കിൽ കൂടി  ആരും ചോദ്യം ചെയ്യാറില്ല. പ്രമാദമായ കേസുകളിലെല്ലാം അന്വേഷണം നടന്നെങ്കിലും ആരെയും കുറ്റക്കാരായി വിധിച്ചതായി അറിവില്ല.

നിയമം പാലിച്ച് സുരക്ഷാ ക്രമീകരണങ്ങൾ നടത്തി നിർമ്മാണം നടത്തിയാൽ വലിയ പദ്ധതികളിൽ നിന്ന് ലാഭം കൊയ്യാനാകില്ല എന്നതിന് അപ്പുറം ഈ അശ്രദ്ധയ്ക്ക് മറ്റൊരു വിശദീകരണവും കണ്ടെത്താൻ കഴിയില്ല.  തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് ഏത് സാഹചര്യത്തിലും ജോലി ചെയ്യാൻ തൊഴിലാളികൾ തയ്യാറായേക്കാം. എന്നാൽ അവരെ ചൂഷണത്തിന് വിട്ട് കൊടുക്കാതെ സംരക്ഷിക്കേണ്ടത് സർക്കാരാണ്. പിഴവ് വരുത്തിയതാരാണെന്ന് കണ്ടെത്തുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യാത്ത പക്ഷം അപകടങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും. രക്ഷാപ്രവർത്തനത്തിന് എത്ര സന്നാഹങ്ങളെത്തിച്ചു എന്നതിനേക്കാൾ പകരം ഒരു തൊഴിലാളി പോലും അപകടത്തിന് ഇരയാകാത്ത രാജ്യമെന്നതാകും കൂടുതൽ അഭിമാനകരം. 

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ