FOURTH SPECIAL

ആ ഗായിക എത്തിയില്ല; പകരം വാണിയെ കിട്ടി മലയാളത്തിന്

രവി മേനോന്‍

ആഹ്ളാദ നൊമ്പരങ്ങൾ ഇടകലർന്ന അനുഭവമാണ് വാണി ജയറാമിന് സിനിമയിലെ അരങ്ങേറ്റം.

പാടിയ ആദ്യ ഗാനം തന്നെ (ഗുഡ്‌ഢിയിലെ ബോൽ രേ പപീഹര) ജനം ഹൃദയത്തിൽ ഏറ്റുവാങ്ങി എന്നത് അഭിമാനകരമായ കാര്യം. ഒപ്പം വേദനിപ്പിക്കുന്ന ഒരോർമ കൂടി നൽകി ആ ചിത്രം. ഗുഡ്‌ഢി റിലീസായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ പടത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ക്കോ ഒരു വീണ്ടുവിചാരം. ക്ലൈമാക്സ് സീനില്‍ വരുന്ന വാണിയുടെ മീരാഭജന്‍ വേണ്ട പോലെ ഏശുന്നില്ല. അത് മുറിച്ചുമാറ്റി, പകരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധുമതിയില്‍ ലതാ മങ്കേഷ്കര്‍ പാടിയ ആജാരേ പരദേശി എന്ന ഹിറ്റ്‌ ഗാനം ജയയുടെ കഥാപാത്രം പാടുന്നതായി പടത്തിന്റെ അവസാനം ഷൂട്ട്‌ ചെയ്തു ചേര്‍ക്കുന്നു.

ഒരിക്കലും ആ ഏച്ചുകൂട്ടലിന്റെ യുക്തി വാണിക്ക് പിടികിട്ടിയിട്ടില്ല. എന്തായാലും സംഗീത സംവിധായകൻ വസന്ത് ദേശായി അറിഞ്ഞുകൊണ്ടാകില്ല അതെന്ന് ഉറപ്പ്. സിനിമയ്ക്ക് ഇങ്ങനെയും ഒരു മുഖമുണ്ടെന്ന് പുതുഗായിക മനസ്സിലാക്കി തുടങ്ങിയിരുന്നതേ ഉള്ളൂ.

പിന്നീടുമുണ്ടായി അവഗണനകൾ പലതും. മലയാള സിനിമയിൽ വർഷങ്ങളോളം തിളങ്ങി നിന്നിട്ടും ഒരൊറ്റ സംസ്ഥാന അവാർഡ് പോലും ലഭിച്ചില്ല എന്നതാണ് അവയിലൊന്ന്; ആന്ധ്രയും തമിഴ്‌നാടും ഗുജറാത്തും ഒറീസയും വരെ ആദരിച്ചിട്ടും."എങ്കിലും അത്തരം അവഗണനകളെ കുറിച്ചോർത്ത് വേവലാതിപ്പെടാറില്ല ഇപ്പോൾ. മലയാളികൾ എന്നെ ഹൃദയത്തോട് ചേർത്തുവെച്ചു എന്നതാണ് എനിക്ക് പ്രധാനം. അതിനുമപ്പുറം അഭിമാനകരമായ മറ്റൊരു അവാർഡുണ്ടോ?"-- വാണിയുടെ ചോദ്യം.

നിർമാതാവും സംവിധായകനും ഛായാഗ്രാഹകനുമൊക്കെയായ ശിവന്റെ ഫോൺകോളിൽ നിന്ന് തുടങ്ങുന്നു മലയാള സിനിമയുമായുള്ള വാണി ജയറാമിന്റെ ഹൃദയബന്ധം.

ചെന്നൈയിൽ സംഗീത പരിപാടിക്കെത്തിയതാണ് വാണിയമ്മ."ബോൽരേ പപീഹരാ"യുടെ ആർദ്രമധുരമായ ശീലുകൾ അപ്പോഴുമുണ്ട് ഇന്ത്യയുടെ അന്തരീക്ഷത്തിൽ -- സിനിമ റിലീസായി രണ്ട് വർഷം കഴിഞ്ഞിട്ടും."ഗാനമേളയുടെ റിഹേഴ്‌സലിനിടയ്ക്കായിരുന്നു ശിവൻ സാറിന്റെ വിളി. ആ ദിവസം എനിക്കിന്നും ഓർമയുണ്ട് -- 1973 ഫെബ്രുവരി 1".-- വാണിയമ്മ പറയുന്നു.

"തലേന്നാണ് തമിഴിൽ ആദ്യമായി ഒരു ചലച്ചിത്ര ഗാനം പാടാൻ ക്ഷണം ലഭിച്ചത്; എം എസ് വിശ്വനാഥൻ പോലും ഗുരുവായി കാണുന്ന എസ് എം സുബ്ബയ്യാനായിഡുവിന് വേണ്ടി. 24 മണിക്കൂർ പോലും തികയും മുൻപിതാ മലയാളത്തിൽ പാടാനുള്ള ശിവൻ സാറിന്റെ ക്ഷണം. അതും ഞാൻ ദൈവത്തെപ്പോലെ ആരാധിക്കുന്ന സലിൽ ചൗധരിക്ക് വേണ്ടി...സ്വപ്നം പോലെ തോന്നി ആ വിളി എനിക്ക്....''

ശിവനും സലില്‍ ചൗധരിക്കുമൊപ്പം വാണി ജയറാം

വാണിയുടെ സ്വപ്നം "സ്വപ്ന"ത്തിലൂടെ തന്നെ യാഥാർഥ്യമാകാൻ പോകുന്നേ ഉണ്ടായിരുന്നുള്ളൂ. ശിവൻ നിർമിച്ച് ബാബു നന്തൻകോട് സംവിധാനം ചെയ്ത "സ്വപ്നം"(1973)എന്ന ചിത്രത്തിൽ ഒഎൻവി -- സലിൽദാ സഖ്യത്തിന് വേണ്ടി ``സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി'' എന്ന സുന്ദരഗാനം പാടി മലയാളത്തിൽ തന്റെ ജൈത്രയാത്ര തുടങ്ങുന്നു വാണി ജയറാം.

ചെന്നൈ നഗരവീഥികളിലൂടെ ഭാര്യ ചന്ദ്രമണിയുമൊത്തുള്ള കാർ യാത്രയ്ക്കിടയിലാണ് യാദൃച്ഛികമായി വാണി ജയറാം തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് പറഞ്ഞിട്ടുണ്ട് ശിവൻ. വഴിയോരങ്ങളിലെങ്ങും സുന്ദരിയായ "ബോൽരേ പപീഹരാ''ഫെയിം ഗായികയുടെ പോസ്റ്ററുകൾ. ചെന്നൈയിൽ അടുത്ത ദിവസം നടക്കുന്ന ഗാനമേളയുടെ പരസ്യങ്ങളാണ്. "നമുക്ക് ഈ കുട്ടിയെ കൊണ്ട് സിനിമയിൽ പാടിക്കണം. അസാധ്യ ശബ്ദമാണ്..'' -- ഗുഡ്‌ഢിയിലെ പാട്ടിന്റെ വലിയൊരു ആരാധികയായിരുന്ന ശിവന്റെ ഭാര്യ പറഞ്ഞു. ആ വാക്കുകൾ മനസ്സിൽ കുറിച്ചിട്ടു താനെന്ന് ശിവൻ.

സ്വപ്നത്തിലെ പാട്ടുകൾ റെക്കോർഡ് ചെയ്യാൻ പ്രസാദ് സ്റ്റുഡിയോയിൽ സലിൽ ചൗധരി കാത്തിരിക്കുന്നു. ഒരു പാട്ടേയുള്ളൂ എടുക്കാൻ ബാക്കി. പക്ഷേ പാടേണ്ട പ്രമുഖ ഗായിക എത്തിയിട്ടില്ല. കാത്തിരുന്നു അക്ഷമനായ സലിൽദാ പുതിയൊരു ഗായികയെ നിർദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല ശിവന്. "വാണിജയറാം"-- അദ്ദേഹം പറഞ്ഞു. "നിന്നെ ഞാനെന്ത് വിളിക്കും, ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ'' എന്ന് പ്രണയമധുരമായി ചോദിച്ചുകൊണ്ട് വാണി മലയാളിയുടെ സംഗീത ഹൃദയത്തിലേക്ക് കടന്നുവന്ന നിമിഷം.

"സ്വപ്നത്തിലെ പാട്ടിലൂടെയാണ് മലയാളികൾ എന്നെ അറിഞ്ഞുതുടങ്ങിയത്. "-- വാണിയുടെ വാക്കുകൾ."അതൊരു വലിയ സംഗീത യാത്രയുടെ തുടക്കമായിരുന്നു. സുന്ദരമായ ആ തുടക്കത്തിന് നിമിത്തമായ ശിവൻജിയെ ഞാൻ എങ്ങനെ മറക്കാൻ? സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് പിന്നീട് വർഷങ്ങളോളം നിങ്ങളുടെ നാട്ടുകാർ എന്നെ ചേർത്തുപിടിച്ചത്. ഇന്നും കേരളത്തിൽ ഏത് പരിപാടിക്ക് ചെന്നാലും സ്വപ്നത്തിലെ പാട്ട് പാടാതെ ആളുകൾ എന്നെ വിടാറില്ല. അപ്പോഴെല്ലാം ഞാൻ ശിവൻ എന്ന മഹാനായ കലാകാരനെ ഓർക്കും...''

പദ്മഭൂഷൺ ഏറ്റുവാങ്ങുമ്പോൾ ആ അപൂർവ നിമിഷത്തിന് സാക്ഷിയാകേണ്ടിയിരുന്ന ഒരാളുടെ അഭാവമാണ് വാണിയമ്മയുടെ മനസ്സിനെ നൊമ്പരപ്പെടുത്തിയത്

മലയാള സിനിമാ സംഗീതത്തിൽ പുതുമയുടെ സുഗന്ധം പരത്തിയ ചിത്രമായിരുന്നു സ്വപ്നം. പടത്തിലെ പാട്ടുകൾ ഒന്നടങ്കം മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ചു. മാനേ മാനേ വിളികേൾക്കൂ, നീ വരൂ കാവ്യദേവതേ (യേശുദാസ്),ശാരികേ, മഴവിൽക്കൊടി കാവടി (എസ് ജാനകി) എന്നീ ഗാനങ്ങൾക്ക് പുതിയ തലമുറയിൽ പോലുമുണ്ട് ആരാധകർ. ഗാനചിത്രീകരണത്തിലും വ്യത്യസ്തത പുലർത്തി സ്വപ്നം. ഛായാഗ്രാഹകൻ അശോക് കുമാറിന്റെ നിഴലും വെളിച്ചവും ഇടകലർന്ന ഫ്രെയിമുകൾ ബ്ലാക്ക് ആൻഡ് വൈറ്റിലെ ക്ലാസിക്കുകളായി നിലനിൽക്കുന്നു ഇന്നും.

പദ്മഭൂഷൺ ഏറ്റുവാങ്ങുമ്പോൾ ആ അപൂർവ നിമിഷത്തിന് സാക്ഷിയാകേണ്ടിയിരുന്ന ഒരാളുടെ അഭാവമാണ് വാണിയമ്മയുടെ മനസ്സിനെ നൊമ്പരപ്പെടുത്തിയത്. സംഗീത ജീവിതത്തിൽ താങ്ങും തണലും മാർഗദർശിയുമായിരുന്ന പ്രിയ ഭർത്താവ് ജയറാമിന്റെ. ജീവിതസഖിയെ തനിച്ചാക്കി ജയറാം യാത്രയായത് അഞ്ച് വർഷം മുൻപ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം