സമരക്കാരുടെ കല്ലേറില്‍ തകര്‍ന്ന വാഹനങ്ങള്‍ 
FOURTH SPECIAL

ചില്ലറയൊന്നുമല്ല എറിഞ്ഞുടയ്ക്കുന്ന ചില്ലിന്റെ വില; പ്രതിഷേധക്കാരുടെ ശ്രദ്ധയ്ക്ക്

11000 രൂപമുതല്‍ 18000 രൂപ വരെയാണ് സമരക്കാര്‍ എറിഞ്ഞുടയ്ക്കുന്ന കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകളുടെ വില

ആദര്‍ശ് ജയമോഹന്‍

''ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങള്‍ക്കു നേരെ വ്യാപകമായ കല്ലേറ്…'' ജനജീവിതം സ്തംഭിപ്പിച്ച് വിവിധ സംഘടനകള്‍ ഹര്‍ത്താലും പണിമുടക്കും നടത്തുമ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വാചകം. ഏറുകൊണ്ട് തകരുന്ന ചില്ലുകളും, തല്ലിത്തകര്‍ക്കുന്ന വാഹനങ്ങളും നോക്കി പ്രതിഷേധത്തിന്റെ ശക്തിയും, ഹര്‍ത്താലിന്റെ വിജയവും കണക്കാക്കുന്ന രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അന്നന്നത്തെ അന്നത്തിനായി റോഡിലേക്കിറങ്ങുന്നവരുടെ വാഹനങ്ങളുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തും, ഡ്രൈവര്‍മാരെ ആക്രമിച്ചും പ്രാകൃതമായ സമരരീതികള്‍ ഇന്നും തുടരുന്നു.

സമരക്കാര്‍ എറിഞ്ഞുടയ്ക്കുന്ന ചില്ലുകള്‍(വിന്‍ഡ് ഷീല്‍ഡുകള്‍)മാറ്റാന്‍ വലിയ തുകയാണ് കെഎസ്ആര്‍ടിസി മുടക്കേണ്ടി വരുന്നത്

വലിയതോതില്‍ കല്ലുകള്‍ പായുന്നത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് . ആനവണ്ടിയുടെ മസ്തകത്തിനിട്ട് എറിയാതെ ഹര്‍ത്താലുകള്‍ ഒന്നും തന്നെ പൂര്‍ണമാകാറില്ല. സമരക്കാര്‍ എറിഞ്ഞുടയ്ക്കുന്ന ചില്ലുകള്‍ (വിന്‍ഡ് ഷീല്‍ഡുകള്‍) മാറ്റാന്‍ വലിയൊരു തുകയാണ് കോര്‍പ്പറേഷന്‍ മുടക്കേണ്ടി വരുന്നത്. ഇരട്ട വിന്‍ഡ്ഷീല്‍ഡുകള്‍ ഉള്ള പഴയ കെഎസ്ആര്‍ടിസി ബസുകളില്‍ ഏതെങ്കിലും ഒരെണ്ണം തകര്‍ന്നാല്‍ 3000 രൂപയോളം ചെലവ് വന്നിരുന്നു. എന്നാല്‍ കാലം മാറി, ബസുകള്‍ മാറി,ചില്ലുകളുടെ വിലയും കൂടി, കല്ലേറിന് മാത്രം മാറ്റമില്ല!

ലോഫ്‌ളോര്‍,വോള്‍വോ ബസുകളുടെ ഗ്ലാസുകള്‍ തകര്‍ന്നാല്‍ നന്നാക്കാന്‍ ശരാശരി 16000 മുതല്‍ 18000 രൂപ വരെയാകും

സാധാരണ ബസുകളില്‍ നിന്ന് വ്യത്യസ്തമായി നീളം കുറഞ്ഞ ഓര്‍ഡിനറി കട്ട് ചെയ്‌സ് ബസുകളുടെ ചില്ലിന് 11000 രൂപയാണ് വില. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്കാകട്ടെ ശരാശരി 13000 രൂപ വിലവരുന്നു. ലോഫ്‌ളോര്‍,വോള്‍വോ തുടങ്ങിയ മള്‍ട്ടി ആക്‌സില്‍ ബസുകളുടെ ഗ്ലാസുകള്‍ തകര്‍ന്നാല്‍ നന്നാക്കാന്‍ ശരാശരി 16000 മുതല്‍ 18000 രൂപ വരെയാകും. അവയ്ക്കു പുറമേ കല്ലേറില്‍ കേടുപാട് സംഭവിക്കുന്ന വാഹനത്തിന്റെ ബോഡി ഉള്‍പ്പെടെ മറ്റ് ഭാഗങ്ങള്‍ക്കുള്ള ചെലവ് വേറെ. അതായത് ലക്ഷക്കണക്കിന് രൂപയുടെ ചില്ലുകളാണ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ നിരത്തുകളില്‍ പൊടിഞ്ഞുവീഴുന്നത് എന്ന് സാരം. ജീവനക്കാരുടെ തല എറിഞ്ഞുപൊട്ടിച്ച് ചോര കൂടി കാണുന്നതോടെ ഹര്‍ത്താല്‍ പൂര്‍ണമാകുന്നു.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന ഓട്ടോ-ടാക്‌സി തൊഴിലാളികളും അക്രമത്തില്‍ വലയുന്നുണ്ട്. തകര്‍ന്നു വീഴുന്ന ചില്ലുകള്‍ക്ക് ചില്ലറ വിലയൊന്നുമല്ല അവരും നല്‍കേണ്ടി വരുന്നത്. സിനിമാസ്‌റ്റൈലില്‍ സമരക്കാര്‍ എറിഞ്ഞു പൊട്ടിക്കുന്ന ഓട്ടോറിക്ഷയുടെ ചില്ലുകള്‍ മാറാന്‍ 4000 രൂപവരെയാണ് ചെലവാകും. ഒരു ദിവസം മുഴുവനും സവാരി നടത്തിയാലും അത്രയും വരുമാനം കിട്ടാത്ത പാവങ്ങള്‍ വണ്ടിയിറക്കേണ്ട എന്ന് തീരുമാനിക്കുന്നത് സ്വാഭാവികം

ടാക്‌സികളുടെ കാര്യവും സമാനമാണ്. സാധാരണ ടാക്‌സി സര്‍വീസ് നടത്തുന്ന വിവിധ കമ്പനികളുടെ കാറുകളുടെ ചില്ലുകള്‍ക്കും വലിയ തുകയാണ് ചെലവാക്കേണ്ടി വരുന്നത്. സീലെന്റ്, മോള്‍ഡിങ്ങ് എന്നിവ ഉള്‍പ്പെടെ ശരാശരി 6500 രൂപ വരെ വിലവരും കാര്‍ ഗ്ലാസുകള്‍ക്ക്. ടെമ്പോ ട്രാവലറുകളുടേതിനും മിനി ലോറികളുടേതിനും 6000-8000 രൂപയാകും. വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് മാത്രം ഉണ്ടാകുന്ന കേടുപാടുകളുടെ കണക്കുകളാണിവ. വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന മറ്റ് കേടുപാടുകള്‍ തീർക്കാന്‍ വലിയൊരു തുക വീണ്ടും കണ്ടെത്തേണ്ട അവസ്ഥയാണ് സാധാരണക്കാരായ വാഹന ഉടമകള്‍ക്ക്.

ഓരോ ഹര്‍ത്താലുകളിലും സമരക്കാരുടെ വേട്ടമൃഗമായി മാറുന്നത് കടകമ്പോളങ്ങളും വാഹനങ്ങളുമാണ്. ബസുകള്‍ക്ക് നേരെ കല്ലെറിയരുതെന്ന് കെഎസ്ആര്‍ടിസി തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിക്കുന്ന സാഹചര്യവും ഉണ്ടായി. ഉന്നം തെറ്റാതെ കൊള്ളുന്ന ഓരോ കല്ലുകളും തകർക്കുന്നത് സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രതയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ