FOURTH SPECIAL

ലയ മോളോട് കിളി പറഞ്ഞതൊന്നും തെറ്റിയില്ല, അതിശയമായി വെള്ളാരം കല്ലുകളിലെ ആ കഥ

വയനാട്ടിലെ ജിവിഎച്ച്എസ്എസ് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥിനി ലയ ദുരന്തപ്രചവനം പോലെ എഴുതിയ കഥ ലിറ്റിൽ കൈറ്റ്സിൽ പ്രസിദ്ധപ്പെടുത്തിയ വെള്ളാരം കല്ലുകൾ എന്ന മാസികയിലെ അവസാനത്തെ ഭാഗത്താണുള്ളത്

ഇംതിയാസ് കരീം

നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളെ...

ഇവിടെ വലിയൊരു ആപത്ത് വരാൻ പോകുന്നു...

നിങ്ങൾക്ക് ഇവിടെ നിന്ന് രക്ഷപ്പെടണമെങ്കിൽ വേഗം ഓടി പൊയ്ക്കോളൂ...

മുന്നൂറിലേറെ മനുഷ്യരുടെ ജീവനെടുത്ത വയനാട് മുണ്ടക്കൈ ഉരുൾ ദുരന്തം വളരെ നേരത്തെ മനസ്സിൽ കണ്ടപോലെയാണ് ലയ എന്ന വിദ്യാർഥിനി വെള്ളാരം കല്ലുകൾ എന്ന മാസികയിൽ കഥയായി എഴുതിയിരിക്കുന്നത്. ഒരു കിളി വന്ന് വെള്ളാർ മലയിലെ കുട്ടികളോട് ഇവിടെയൊരു മഹാദുരന്തം വരാനിരിക്കുന്നു, ഇവിടെൃനിന്ന് രക്ഷപ്പെട്ടോളൂ എന്ന് പറയുന്നതാണ് കഥ.

ജിവിഎച്ച്എസ്എസ് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥിനിയാണ് ലയ. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കഴിഞ്ഞവർഷം ലിറ്റിൽ കൈറ്റ്സിൽ പ്രസിദ്ധപ്പെടുത്തിയ വെള്ളാരം കല്ലുകൾ എന്ന മാസികയിലെ അവസാനത്തെ ഭാഗത്തിലാണ് ലയ എഴുതിയ കഥയുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഇതു വലിയ ചർച്ചയായിട്ടുണ്ട്. കഥയിൽ പറഞ്ഞതെല്ലാം സംഭവിച്ചിരിക്കുന്നുവെന്ന അതിശയമാണ് എല്ലാവരും പങ്കുവെയ്ക്കുന്നത്.

അനശ്വരയും അലംങ്കൃതയുമാണ് ലയയുടെ കഥയിലെ കൂട്ടുകാർ. വെള്ളാർ മലയിലെ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ ഇരുവരോടും എവിടെനിന്നോ പറന്നുവന്നൊരു കിളിയാണ് ദുരന്തത്തെക്കുറിച്ച് പറയുന്നത്. മഹാദുരന്തം വരാനിരിക്കുന്നു, നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോളൂ കുട്ടികളെ എന്ന് കിളി ഇരുവരോടും പറയുകയാണ്. കിളി പറഞ്ഞതൊന്നും ഇരുവർക്കും മനസ്സിലായില്ലെങ്കിലും പറഞ്ഞതനുസരിച്ച് അവർ അവിടെനിന്ന് ഓടിപ്പോയി. ഇതിനിടയ്ക്കാണ് കുട്ടികൾ അവരുടെ മാതാപിതാക്കളെ കണ്ടത്. മാതാപിതാക്കൾ അവരെ തിരഞ്ഞുനടക്കുകയായിരുന്നു. കണ്ടതിലുള്ള സന്തോഷത്തിൽ അവർ കുട്ടികളെ വാരിപ്പുണർന്നു.

തിരിഞ്ഞു നോക്കിയപ്പോൾ മലമുകളിൽ ദുരന്തം ഒലിച്ചിറങ്ങുന്നത് ഇരുവരും കണ്ടു. പണ്ടൊരിക്കൽ അവിടുത്തെ വെള്ളച്ചാട്ടത്തിൽപ്പെട്ട് മരിച്ചുപോയ അമൃത എന്ന കുട്ടിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയ ആ കിളിയെന്നും ലയ കഥയിൽ പറയുന്നു.

ഹയർസെക്കൻഡറി വിദ്യാർഥിയായ ലയ ദുരന്തത്തിൽനിന്ന് ലയ സുരക്ഷിതയാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടുള്ള വിവരം. പക്ഷേ, ലയയുടെ ബന്ധുക്കളിൽ പലരെയും കാണാനില്ലെന്ന സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.

വെള്ളാർ മലയിലെ പുഞ്ചിരി മട്ടത്തുനിന്ന് കുത്തിയൊലിച്ചിറങ്ങിയ ദുരന്തം ഒരു തീരാ നോവായി മാറുമ്പോൾ തകർന്നടിഞ്ഞവെള്ളാർമല സ്കൂളും ഈ മഹാ ദുരന്തത്തിന്റെ സാക്ഷിയായി. കഴിഞ്ഞയാഴ്ച വരെ കുട്ടികൾ ഓടിക്കളിച്ചിരുന്ന സ്കൂൾ മുറ്റത്ത് ഇന്ന് ഭീമൻ കല്ലുകൾ വന്ന് പതിച്ചിരിക്കുന്നു. കുട്ടികളുടെ കലപില ശബ്ദം മുഴങ്ങിയിരുന്ന ക്ലാസ് മുറികൾ ദുരന്തത്തിന്റെ ഉഗ്ര ശബ്ദത്തിൽ വിറങ്ങലിച്ച് പോയിട്ടുണ്ടാവണം. സ്കൂളിന് തൊട്ടടുത്തുണ്ടായിരുന്ന ഒരു അമ്പലവും പൂർണ്ണമായും തകർന്നിട്ടുണ്ട്. കുട്ടികൾ ഇറക്കിയ മാസികയിൽ പ്രകൃതിയെക്കുറിച്ചെല്ലാം എഴുതിയിരിക്കുന്നത് വളരെ മനോഹരമാണ്.

കുട്ടികൾ മാത്രമല്ല, വെള്ളാർ മല സ്കൂളിലെ അധ്യാപകർ ചേർന്നൊരുക്കിയ ഒരു പാട്ടും ഇപ്പോൾ ചർച്ചയായിട്ടുണ്ട്. പാട്ടിലെ ഒരു ഭാഗം ഇങ്ങനെ:

വെള്ളരിമലയുടെ താഴ്വാരത്തൊരു വിദ്യാലയമുണ്ടേ...

പുന്നപ്പുഴയുടെ ഓരം ചേർന്നൊരു പള്ളിക്കൂടമുണ്ടേ...

കോടമഞ്ഞിൽ അണിഞ്ഞൊരുങ്ങി നിറഞ്ഞുനിൽക്കുന്നേ...

നാടിന് ഉയരാൻ അറിവിൻ മധുരം പകർന്നുനൽകാനായ്...

വെള്ളാർമല ഹയർ സെക്കൻഡറി സ്കൂളിനെ അത്രയധികം നെഞ്ചേറ്റിയ അധ്യാപകർ പോലും സ്കൂളിനെ വർണിച്ചിരിക്കുന്നത് ഇങ്ങനെയാണ്. പക്ഷേ ഇന്ന് ഈ സ്കൂൾ കാണുമ്പോൾ ആരുടെയും മനസ്സൊന്ന് വിങ്ങും. കുട്ടികൾ ഇനി എവിടെ പഠിക്കും, അവരൊക്കെ സുരക്ഷിതരാണോ എന്നാണ് അവിടുത്തെ അധ്യാപകർ പരസ്പരം ചോദിക്കുന്നത്.

സ്കൂളിലെ പ്രധാനാധ്യാപിക ഭവ്യലാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പല ക്യാമ്പുകളും സന്ദർശിച്ചിരുന്നു. സ്കൂളിലെ കുട്ടികളോ അവരുടെ ബന്ധുക്കളോ ക്യാമ്പുകളിൽ ഉണ്ടോ എന്ന് തിരയുകയായിരുന്നു അവർ. 15 വർഷമായി അവിടെ ജോലിചെയ്യുന്ന ഈ അധ്യാപികക്ക് ആ ഗ്രാമത്തെയും സ്കൂളിലെ വിദ്യാർഥികളെയും അത്രമേൽ പരിചയമുണ്ട്. സ്കൂളിന്റെ പ്രവർത്തനം ഇനിയെങ്ങനെയായിരിക്കുമെന്ന് കാര്യത്തിൽ അവരും വലിയ ആശങ്കയിലാണ്.

വെള്ളാർ മലയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിൽ വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം ഒരുക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. പക്ഷേ ഈ ദുരന്തമുഖത്തുനിന്ന് കരകയറാൻ അവർക്ക് സുരക്ഷിതമായ ഒരു വിദ്യാലയം ഒരുങ്ങണം. വയനാടിനെ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ സർക്കാർ ആദ്യം ചെയ്യേണ്ടത് വെള്ളാർമല സ്കൂൾ ഒരുക്കുക എന്നതു തന്നെയാണ്. അവിടെ നിന്നും കാണാതെപോയ കുട്ടികളെ എത്രയും പെട്ടെന്ന് കണ്ടെത്താനാകട്ടെ...

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി