FOURTH SPECIAL

ജലഗതാഗതത്തിന് സുരക്ഷാ കമ്മിഷണർ വേണം, നിയമപാലനം ശക്തമാക്കണം: ജസ്റ്റിസ് നാരായണ കുറുപ്പ്

വെബ് ഡെസ്ക്

“ഒരു അപകടം ഉണ്ടാവുമ്പോൾ എല്ലാപേരും കാരണം തിരക്കും. നിർഭാഗ്യവശാൽ, അങ്ങനെ കണ്ടെത്തുന്ന കാരണങ്ങൾ പരിഹരിക്കാൻ പിന്നീട് ശ്രമങ്ങളുണ്ടാവാറില്ല,” താനൂർ ബോട്ട് അപകടത്തിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ റിട്ടയേർഡ് ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു. 2002 ജൂലൈയിൽ നടന്ന കുമരകം ബോട്ട് അപകടം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മിഷനായിരുന്നു ജസ്റ്റിസ് നാരായണ കുറുപ്പ്. 

ജലഗതാഗതത്തിനായി ഒരു സുരക്ഷാ കമ്മീഷണറെ നിയമിക്കണമെന്ന സുപ്രധാന നിർദേശം അന്നത്തെ കമ്മിഷൻ സമർപ്പിച്ചിരുന്നു. എന്നാൽ, അത് നടപ്പാക്കാൻ 20 വർഷമായിട്ടും നടപടിയൊന്നുമില്ല, ജസ്റ്റിസ് നാരായണ കുറുപ്പ് ‘ദ ഫോർത്തി’നോട് പറഞ്ഞു. 

അനുവദനീയമായതിൽ കൂടുതൽ ആൾക്കാരെ ബോട്ടിൽ കയറ്റിയതും മറ്റു സുരക്ഷാ മാനദണ്ഡ ലംഘനങ്ങളുമാണ് താനൂർ അപകടത്തിന് കാരണമെന്ന് റിപോർട്ടുകൾ വരുമ്പോഴും ബോട്ടിന്റെ സാങ്കേതിക പോരായ്മകളും ദുരന്തത്തിന് കരണമായേക്കാമെന്ന് അദ്ദേഹം കണക്കു കൂട്ടുന്നു. “ജല യാനങ്ങൾ സർവിസ് നടത്താൻ ഫിറ്റ് ആണോയെന്ന പരിശോധനകൾ അടിക്കടി നടത്തേണ്ടതുണ്ട്. ചെറിയ പിഴവുകൾ പോലും വലിയ അപകടങ്ങൾക്ക് വഴിവയ്ക്കും. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസുകൾ കേന്ദ്രീകരിച്ചു നിശ്ചിത കാലയളവിൽ എല്ലാ ബോട്ടുകളുടെയും സാങ്കേതിക ക്ഷമത പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാവണം,” ജസ്റ്റിസ് കുറുപ്പ് പറഞ്ഞു. 

നിയമങ്ങൾ നടപ്പാക്കാൻ വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാത്തതും ഉള്ള ഉദ്യോഗസ്ഥർ തങ്ങളുടെ ജോലി കൃത്യമായി നടപ്പാക്കാൻ കൂട്ടാക്കാത്തതും ഗൗരവമായി കാണേണ്ട കാര്യങ്ങളാണ്.”

നിരപരാധികളായ കുട്ടികളാണ് താനൂർ ദുരന്തത്തിലും ഇരയായിരിക്കുന്നത്. കുട്ടികളുമായി വിനോദ യാത്രക്ക് പോകുന്ന ബോട്ടുകൾക്ക് വേണ്ട മുൻകരുതലുകളും കുമരകം കമ്മിഷൻ സമർപ്പിച്ചിരുന്നു. അവധിക്കാല യാത്രകൾക്കും ഇത്തരം മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കുമരകത്ത് അനുവദനീയമായതിൽ കൂടുതൽ ആൾക്കാർ ബോട്ടിൽ കയറിയിരുന്നു. ആ ബോട്ട് ഒരു മണൽക്കൂനയിൽ തട്ടിയാണ് അപകടമുണ്ടായത്. ആഴം കുറഞ്ഞ നദികളിലും കായലുകളിലും ബോട്ട് അപകട സാധ്യത കൂടുതലാണെന്നും ജസ്റ്റിസ് കുറുപ്പ് പറഞ്ഞു. 

കുമരകം ബോട്ട് അപകടം അന്വേഷിക്കുന്നതിന്റെ ഭാഗമായി ബോട്ടിന്റെ സഞ്ചാര പാതയിൽ പല തവണ സഞ്ചരിക്കുകയും ശാസ്ത്രീയമായ ഡമ്മി പരീക്ഷണം നടത്തുകയും ചെയ്താണ് ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയത്. 

2007-ൽ തട്ടേക്കാട് ബോട്ട് അപകടം അന്വേഷിച്ച ജസ്റ്റിസ് മൊയ്തീൻ കുഞ്ഞ് കമ്മിഷനും 2009-ൽ തേക്കടി ബോട്ട് അപകടം അന്വേഷിച്ച ജസ്റ്റിസ് പരീത് പിള്ള കമ്മിഷനും സമാനമായ ശുപാർശകൾ സമർപ്പിച്ചിരുന്നു. ഈ കമ്മിഷനുകളുടെ ശുപാർശകളിൽ പലതും 2010ലെ കേരള ജലയാന നിയമത്തിന്റെ ഭാഗമായി. ബോട്ട് യാത്രക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ ഇങ്ങനെ നിയമമായതാണ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം