FOURTH SPECIAL

ടിപ്പു ചരിതം മായ്ച്ചു കളയുമ്പോൾ

ബിജെപി ഭരിക്കുന്ന കർണാടകയിൽ സംഘപരിവാർ എങ്ങനെയാണ് 'മൈസൂർ കടുവയുടെ' ഓർമ്മകൾ ഇല്ലാതാക്കാനുള്ള അജണ്ട നടപ്പിലാക്കുന്നത്

എ പി നദീറ

ബെംഗളൂരുവിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ ദേവനഹള്ളിയിലായിരുന്നു 1750 നവംബർ 20 ന് ടിപ്പു സുൽത്താൻ ജനിച്ചത് . ജന്മസ്ഥലവും ടിപ്പു അവിടെ പണി കഴിപ്പിച്ച ടിപ്പു സുൽത്താൻ ഫോർട്ടും വർഷങ്ങളായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധീനതയിലാണ് . കഴിഞ്ഞ വർഷം നവംബർ മാസം പെയ്ത ശക്തമായ മഴയിൽ കോട്ടയുടെ പ്രധാന മതിൽ തകർന്നു. എന്നാൽ അവ പുതുക്കി പണിയാനോ കേടുപാടുകൾ പരിഹരിക്കാനോ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയ്യാറായിട്ടില്ല . ടിപ്പു സുൽത്താന്റെ ജന്മസ്ഥലം എന്നത്തിന്റെ ചരിത്ര പ്രാധാന്യം പാടെ മറന്ന മട്ടാണ്‌ അധികൃതർ . സംരക്ഷിത മേഖലയായിരുന്നിട്ടും ടിപ്പുവിന്റെ കോട്ട സാമൂഹ്യ വിരുദ്ധരുടെ താവളമാണ് .

ടിപ്പുവിനെ ഹിന്ദുമത വിരോധിയായി ചിത്രീകരിച്ച് രാഷ്ട്രീയ ആയുധമാക്കുകയാണ് സംഘപരിവാർ

ഈ ചരിത്ര സ്മാരകത്തോടുള്ള അവഗണന ചൂണ്ടിക്കാട്ടി ബെംഗളൂരുവിലുള്ള  ടിപ്പു സുൽത്താന്റെ കുടുംബം നിരവധി തവണ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും കർണാടക സർക്കാരിനും കേന്ദ്ര സർക്കാരിനും കത്ത് നൽകി. എന്നാൽ മതിൽ പുതുക്കി പണിയാൻ  മതിയായ ഫണ്ടില്ലെന്നാണ് ടിപ്പുവിന്റെ കുടുംബത്തിന് ലഭിച്ച മറുപടി .

2019 ൽ അധികാരത്തിൽ വന്ന ബിജെപി സർക്കാർ ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങൾ നിരോധിച്ചു

ടിപ്പു സുൽത്താൻ കർണാടകയിൽ  ഇന്നൊരു രാഷ്ട്രീയ ആയുധമാണ് . ടിപ്പുവിനെ ഹിന്ദുമത വിരോധിയായി ചിത്രീകരിച്ചാണ് സംഘപരിവാർ ആ രാഷ്ട്രീയ ആയുധം രാഗി മിനുക്കിയത് . മൈസൂർ കടുവയുടെ ധീര ചരിതത്തെ പാടെ മായ്ച്ചു കളയാനുള്ള ശ്രമങ്ങൾ തുടരുകയാണ് സംഘപരിവാർ കേന്ദ്രങ്ങൾ. ടിപ്പു സുൽത്താന്റെ ജന്മദിനം കർണാടകയിലെ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒരുപോലെ ആഘോഷിച്ചിരുന്ന ഭൂതകാലമുണ്ടായിരുന്നു . 2015 ൽ കോൺഗ്രസ് സർക്കാർ ടിപ്പു സുൽത്താൻ ജയന്തി സംസ്ഥാനത്തിന്റെ ഔദ്യോഗിക ആഘോഷങ്ങളിൽ ഒന്നാക്കി മാറ്റിയതോടെയായിരുന്നു കാര്യങ്ങൾ മാറി മറിഞ്ഞത് . തലേ വർഷം വരെ ടിപ്പു സുൽത്താന്റെ ജന്മദിനം ആഘോഷിച്ച ബിജെപി പൊടുന്നനെ ടിപ്പു ജയന്തിക്കെതിരെ രംഗത്തെത്തി . ടിപ്പുവിനെ ഹൈന്ദവ വിരുദ്ധനും ക്ഷേത്രങ്ങൾ കൊള്ളയടിച്ചവനായും ചിത്രീകരിച്ചു . ചരിത്രത്തിൽ രേഖപ്പെടുത്തിയതിനൊക്കെ വ്യാജ തിരുത്തുകളുമായി സംഘപരിവാർ സംഘടനകളും വിഷയം ഏറ്റു പിടിച്ചതോടെ ടിപ്പു കർണാടകയിൽ ഒരു വിഭാഗത്തിന് വില്ലനായി .

2019 ൽ അധികാരത്തിൽ വന്ന ബിജെപി സർക്കാർ ആദ്യം ചെയ്തത് ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങൾ നിരോധിക്കലായിരുന്നു . ടിപ്പുവിനെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കുന്നതിലൂടെ ബിജെപി ലക്ഷ്യം വെച്ചത് വർഗീയ ധ്രുവീകരണം മാത്രമായിരുന്നു . 2014  വരെ ടിപ്പു ജയന്തി ആഘോഷിച്ച ബിജെപി നേതാവ് ബി എസ്‌ യെദ്യുരപ്പയൊക്കെ ടിപ്പു വിരുദ്ധനായത് തങ്ങളെ ഞെട്ടിച്ചെന്നു ടിപ്പുവിന്റെ ഏഴാം തലമുറക്കാരൻ സാഹിബ്സാദാ മൻസൂർ അലി ടിപ്പു ദ ഫോർത്തിനോട് പറഞ്ഞു . ടിപ്പു വിരുദ്ധത കാരണമാണ് ദേവനഹള്ളി ഫോർട്ട്  പോലുള്ള ചരിത്ര സ്മാരകങ്ങൾ കർണാടകയിൽ സംരക്ഷിക്കാതെ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . പാഠ പുസ്തകങ്ങളിൽ നിന്ന് ടിപ്പുവിന്റെ ചരിത്രം കീറിക്കളഞ്ഞും ടിപ്പു സുൽത്താൻ എക്സ്പ്രസ് ട്രെയിനിന്റെ പേരുമാറ്റിയുമൊക്കെ അടുത്ത തിരഞ്ഞെടുപ്പിൽ വലിയ വോട്ടു ബാങ്ക് ലക്ഷ്യമാക്കിയുള്ള കരുനീക്കങ്ങളിലാണ് കർണാടക ബിജെപി . ടിപ്പു സുൽത്താനെ കുറിച്ച് സംഘപരിവാർ സംഘടനകൾ അടിസ്ഥാന രഹിതമായ കാര്യങ്ങളും അർദ്ധ സത്യങ്ങളും പ്രചരിപ്പിക്കുമ്പോൾ തെളിവുകളുടെ പിൻബലത്തിൽ അതിനെയെല്ലാം തുറന്നു കാട്ടാനാണ് ടിപ്പു കുടുംബത്തിന്റെ ശ്രമം . ബെംഗളൂരു ആർ ടി നഗറിലും കൊൽക്കത്തയിലുമായി 140 ഓളം പേരാണ് ഇപ്പോൾ ടിപ്പു കുടുംബത്തിലുള്ളത് . ടിപ്പു സുൽത്താനെ രാഷ്ട്രീയ ആയുധമായി കാണുന്നത് നിർത്തി ചരിത്ര പുരുഷനായി തുടരാൻ അനുവദിക്കണമെന്നാണ് ടിപ്പു കുടുംബം കർണാടകയിലെ രാഷ്ട്രീയക്കാരോട് അഭ്യർത്ഥിക്കുന്നത് 

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ