FOURTH SPECIAL

ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഏറ്റവും കൂടുതൽ കേരളത്തിൽ; കാരണങ്ങൾ എന്തൊക്കെ?

കെ ആർ ധന്യ

വയനാട്ടിലെ മുണ്ടക്കൈ, ചുരല്‍മല, അട്ടമല മേഖലകളിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഇന്ത്യയിലെ ഉരുള്‍പൊട്ടലുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ നടന്നത് കേരളത്തിലാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. എന്തുകൊണ്ട് കേരളത്തിൽ ദുരന്തം ആവര്‍ത്തിക്കുന്നു?

ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3,728 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോള്‍ അതില്‍ 2,239 എണ്ണവും കേരളത്തിലായിരുന്നു. അതിനുപുറമെ നിരവധി ചെറിയ ഉരുള്‍പൊട്ടലുകളും വിവിധ ജില്ലകളില്‍ നാശം വിതച്ചിട്ടുണ്ട്. പശ്ചിമ ബംഗാളാണ് കണക്കുകളില്‍ രണ്ടാം സ്ഥാനത്ത്. 376 ഉരുള്‍പൊട്ടലുകളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം കേരളത്തിലെ അപകടസാധ്യത അടിവരയിടുന്നതാണ്. തമിഴ്നാട്ടില്‍ 196, കര്‍ണാടകയില്‍ 194, ജമ്മു കശ്മീരില്‍ 184 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.

വനനശീകരണം, ഭൂമി കൈയ്യേറ്റം, അശാസ്ത്രീയമായ ഭൂവിനിയോഗം, പരിസ്ഥിതിക്കു യോജിക്കാത്ത കൃഷിരീതികള്‍, അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം എന്നിവയാണ് കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സോയിൽ പൈപ്പിങ് സംഭവിക്കുന്ന സ്ഥലങ്ങൾ പിന്നീട് കൃഷിക്കോ മനുഷ്യവാസത്തിനോ പറ്റാത്ത തരത്തിൽ ആകെ തകർന്നടിയുന്നു. അണക്കെട്ടുകൾ, വീടുകൾ, റോഡുകൾ എന്നിവയ്ക്ക് അടിയിലും ഇത് സംഭവിക്കാം

സോയിൽ പൈപ്പിങ് എന്ന വില്ലൻ

സോയിൽ പൈപ്പിങ് പ്രതിഭാസം കേരളത്തിലെ ഉരുൾപൊട്ടലുകൾക്കു പിന്നിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിങ്. ഭൂമിക്കടിയിൽ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് ഇത്. ഭൗമാന്തർഭാഗത്ത് തുരങ്കങ്ങൾ രൂപപ്പെടുകയും ഉറപ്പ് കുറഞ്ഞ മണ്ണുള്ളിടത്ത് ശക്തമായി പെയ്ത് ഭൂമിക്കടിയിലേക്കിറങ്ങുന്ന വെള്ളം, നദിയൊഴുകുന്നത് പോലെ നിരവധി കൈവഴികളായി രൂപപ്പെടുന്നു. അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുന്നു. ഇതിലൂടെ ഒരു പ്രദേശം മുഴുവൻ ദുർബലമാവുകയും മലയിടിച്ചിലിന് കാരണമാവുകയും ചെയ്യും.

സോയിൽ പൈപ്പിങ് സംഭവിക്കുന്ന സ്ഥലങ്ങൾ പിന്നീട് കൃഷിക്കോ മനുഷ്യവാസത്തിനോ പറ്റാത്ത തരത്തിൽ ആകെ തകർന്നടിയുന്നു. അണക്കെട്ടുകൾ, വീടുകൾ, റോഡുകൾ എന്നിവയ്ക്ക് അടിയിലും ഇത് സംഭവിക്കാം.

മണ്ണ് ആദ്യം ചെറിയ കുഴലിന്റെ വണ്ണത്തിലും പിന്നീട് തുരങ്കവലിപ്പത്തിലും മറ്റൊരിടത്തേക്ക് ഒലിച്ചു നീങ്ങുന്നതുവഴി മേൽ മണ്ണ് ഇടിയുന്നതാണ് സോയിൽ പൈപ്പിങിൽ പൊതുവെ സംഭവിക്കുന്നത്. മണ്ണിനടിയിൽ വലിയ തുരങ്കങ്ങൾ രൂപപ്പെടുന്നതോ അവ ശാഖകളായി വികസിക്കുന്നതോ സംബന്ധിച്ച ഒരു സൂചനയും പുറത്തേക്കു ലഭിക്കില്ല. അപ്രതീക്ഷിതമായിട്ടാവും ദുരന്തമെത്തുക. നിശ്ശബ്ദമായി വ്യാപിക്കുന്നതുകൊണ്ട് ഈ പ്രതിഭാസത്തെ ഭൗമശാസ്ത്രജ്ഞർ 'സോയിൽ കാൻസർ' എന്ന് വിളിക്കുന്നു. കേരളത്തിൽ വിവിധയിടങ്ങളിൽ നേരത്തെ ഇത്തരം തുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

വയനാട് ജില്ലയിൽ കൽപ്പറ്റയിലെ പുത്തുമലയിൽ 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഭീമൻ മണ്ണിടിച്ചിലിന് കാരണം സോയിൽ പൈപ്പിങ്ങാണെന്നു കണ്ടെത്തിയിരുന്നു.വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിനു സമീപത്തും നേര്യമംഗലം-തട്ടേക്കണ്ണി റോഡിനു സമീപം തട്ടേക്കണ്ണിയിലും ഇത്തരം തുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും സോയിൽ പൈപ്പിങ് കണ്ടെത്തിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ മൂന്നുതരം

1. ഫ്ളോ

ഒരു മലഞ്ചെരിവിന്റെ മുകളില്‍നിന്ന് ഇളകിയ വസ്തുക്കള്‍ ഒന്നാകെ താഴോട്ട് ഒഴുകുന്ന പ്രക്രിയയാണ് ഫ്ളോ. മണ്ണ് മാത്രമായി ഒഴുകുമ്പോള്‍ എര്‍ത്ത് ഫ്ളോയെന്നും വെള്ളത്തോടുകൂടി എല്ലാം കൂടി താഴോട്ടു പതിക്കുന്നത് ഡെബ്രിസ് ഫ്ളോയെന്നും പറയുന്നു.

2. സ്ലൈഡ്/ സ്ലംപ്

നിയതമായ ഒരു പ്രതലത്തിലൂടെ അതീവശക്തിയില്‍ എല്ലാ വസ്തുക്കളും താഴോട്ടു തെങ്ങിനീങ്ങുന്നതാണിത്.

3. ഫാള്‍

ഭൂമിയില്‍ ഉറച്ചിരിക്കുന്ന പാറകള്‍ ഉള്‍പ്പെടെ ഉയരത്തില്‍നിന്നു താഴോട്ടുപതിക്കുന്ന പ്രതിഭാസമാണ് ഫാൾ.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും