രാജ്യം 76ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആദ്യ ടെലിവിഷന്‍ വാര്‍ത്താ സമ്മേളനം ട്വിറ്ററിലൂടെ പുറത്ത് വിട്ട് ബിബിസി. 1953 ജൂണില്‍ നടന്ന വാര്‍ത്താ സമ്മേളനമാണ് ബിബിസി ആര്‍ക്കൈവ് അവരുടെ ട്വിറ്ററില്‍ പങ്കുവെച്ചത്. ബിബിസിയുടെ പ്രതിനിധി വില്ല്യം ക്ലാര്‍ക്ക്, 'ന്യൂ സ്റ്റേറ്റ്‌സ്മാന്‍ ആന്‍ഡ് നേഷന്‍ ' എഡിറ്റര്‍ കിങ്‌സ്‌ലി മാര്‍ട്ടിന്‍, സണ്‍ഡേ ടൈംസ് എഡിറ്റര്‍ എച്ച് വി ഹോഡ്‌സണ്‍, ദ ഇക്കണോമിസ്റ്റ് എഡിറ്റര്‍ ഡൊണാള്‍ഡ് മക്‌ലാക്ലന്‍ എന്നിവരാണ് നെഹ്‌റുവിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. താന്‍ ആദ്യമായാണ് ടെലിവിഷനെ അഭിമുഖീകരിക്കുന്നതെന്നും കേട്ടറിവ് മാത്രമേ ഇതിനെ പറ്റിയുള്ളൂവെന്നും നെഹ്‌റു പറയുന്നുണ്ട്.
ഇത്രയധികം ക്രൂരതകള്‍ ചെയ്തിട്ടും ബ്രിട്ടനോട് ഇന്ത്യയ്ക്ക് വെറുപ്പില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇന്ത്യക്കാര്‍ വെറുപ്പ് സൂക്ഷിക്കുന്നവരല്ലെന്നും അതിന് കാരണം ഗാന്ധിജി പകര്‍ന്നുതന്ന മൂല്യങ്ങളാണെന്നുമാണ് നെഹ്‌റുവിന്റെ മറുപടി. ജനാധിപത്യത്തിന്റെ പൊതു ആദര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടയില്‍ യൂറോപ്പിലെയും അമേരിക്കയിലെയും രാഷ്ട്രതന്ത്രജ്ഞര്‍ക്ക് അവിടെ നിന്ന് മാത്രം ലോകത്തെ നോക്കി കാണുന്ന പ്രവണതയുണ്ടെന്നും ഒരേ ലോകത്തെ ഒരേ ആശയങ്ങളോടെ വീക്ഷിച്ചാല്‍, അത് ഡല്‍ഹിയില്‍ നിന്നോ കറാച്ചിയില്‍ നിന്നോ ആയാലും, ലോകം കുറച്ച് വ്യത്യസ്തമായി കാണപ്പെടുമെന്നും അദ്ദേഹം പറയുന്നു.
ഭൂമിശാസ്ത്രമനുസരിച്ച് നോക്കിയാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും ഭൂരിഭാഗം ജനങ്ങള്‍ക്കും ചൈന ഒരു വിദൂര രാജ്യമാണ്. പക്ഷേ ഇന്ത്യയുമായി 2000 മൈല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമായത് കൊണ്ടു തന്നെ വ്യത്യസ്തമായ രീതിയിലാണ് നാം ചൈനയെ വീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഇന്ന് ഇന്ത്യ വിഭജിച്ചിട്ട് 75 വര്‍ഷങ്ങള്‍ കഴിഞ്ഞു. 1953 ജൂണില്‍ സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ബിബിസിയ്ക്ക് അദ്ദേഹത്തിന്റെ ആദ്യ ടെലിവിഷന്‍ അഭിമുഖം നല്‍കി.'' വീഡിയോയുടെ ക്യാപ്ഷന്‍ പറയുന്നു. 25000ത്തിലധികം ലൈക്കും 1.2 മില്ല്യണ്‍ വ്യൂസും ലഭിച്ച വീഡിയോ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.