പ്രതീകാത്മക ചിത്രം 
INDEPENDENCE DAY

മാധ്യമങ്ങള്‍ക്ക് വേണ്ടത് മാതൃകാ വേദി: കെ വി സുധാകരന്‍

സ്ഥാപിത താല്‍പര്യങ്ങളോടെയുള്ള മാധ്യമ ചര്‍ച്ചകള്‍ ജനങ്ങള്‍ എത്രത്തോളം സ്വീകരിക്കുന്നു എന്ന് പരിശോധിക്കേണ്ടതാണ്

കെ വി സുധാകരൻ

മാധ്യമങ്ങളുടെ രാഷ്ട്രീയത്തെയും സാമ്പത്തിക കെട്ടുപാടുകളെക്കുറിച്ചും ആധികാരികമായ പഠന- ഗവേഷണങ്ങള്‍ നടത്തുന്ന വിശ്രുത അമേരിക്കന്‍ എഴുത്തുകാരനാണ് റോബര്‍ട്ട് ഡബ്ല്യൂ മക്‌ചെസ്‌നി. രണ്ട് പതിറ്റാണ്ട് മുന്‍പ് അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണ് 'സമ്പന്നമായ മാധ്യമം, ദരിദ്ര്യ ജനാധിപത്യം (Rich media poor Democracy). സമ്പത്ത് അടക്കം എല്ലാ വിധ ആടയാഭരണങ്ങളോടും കൂടി വിലസുന്ന അമേരിക്കന്‍ മാധ്യമ രാജാക്കന്‍മാര്‍ എങ്ങനെ ജനാധിപത്യ ഭരണ സംവിധാനത്തിന് ഭീഷണിയാവുന്നു എന്ന അന്വേഷണമാണ് ഈ പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ നടത്തുന്നത്. 'ആഗോള മാധ്യമങ്ങള്‍. മുതലാളിത്തത്തിന്റെ സംഘടിത ദൗത്യ പ്രചാരകര്‍ (The New Missionaries of Corporate Capitalism). 1998 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അനുബന്ധമെന്നോണം മക് ചെസ്‌നി എഴുതിയാണ് ഈ ഗ്രന്ഥം. ബഹുജന മാധ്യമങ്ങളുടെ സിംഹഭാഗവും സംഘടിത മാധ്യമ കുത്തകകള്‍ കയ്യടക്കുമ്പോള്‍ ജനാധിപത്യത്തിന് എന്ത് സംഭവിക്കുന്നു എന്ന പരിശോധനയും മക് ചെസ്‌നി അദ്ദേഹത്തിന്റെ പ്രകൃഷ്ട്ര കൃതി (Master piece)യില്‍ നടത്തുന്നുണ്ട്.

1990 കളിലെ മാധ്യമ കുത്തകകളുടെ സംയോജനവും (Mergers) കയ്യടക്കലും (Acquisitions) ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഇന്റര്‍നെറ്റ്. ഡിജിറ്റല്‍ ടെലിവിഷന്‍, പബ്ലിക് ബ്രോഡ്കാസ്റ്റിങ്ങ് എന്നവ സംബന്ധിച്ച നിയമ നിര്‍മ്മാണത്തിലെ അഴിമതിയും, രഹസ്യാത്മകതയും മക് ചെസ്‌നി വിശദീകരിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഗുണഭോക്താക്കള്‍ അതി സമ്പന്നരായ നിക്ഷേപകരും പരസ്യ ദാതാക്കളും, മാധ്യമ കമ്പ്യൂട്ടര്‍ കോര്‍പറേറ്റുകളും ആണെന്നും അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. ഇത് ആത്യന്തികമായി ജനാധിപത്യ സംവിധാനത്തെ ദരിദ്രമാക്കുന്നുണ്ടെന്നും, ഇതില്‍ നിന്നും ജനാധിപത്യത്തിന്റെ മൂല്യങ്ങളെ സംരക്ഷിക്കാന്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ അനിവാര്യമാണെന്നുമാണ് മക് ചെസ്‌നി ഈ ഗ്രന്ഥത്തില്‍ പറഞ്ഞുവയ്ക്കുന്നത്.

ലോകത്ത് എവിടെയും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുണ്ടായ പുത്തന്‍ കണ്ടുപിടുത്തങ്ങളുടെ പ്രയോഗസാധ്യത ഉപയോഗപ്പെടുത്തിയാണ് വിവിധങ്ങളായ മാധ്യമ രൂപങ്ങള്‍ രൂപപ്പെട്ടതും വികാസം പ്രാപിച്ചിട്ടുള്ളതും. ഇതിന്റെ ചരിത്ര പരിശോധന നടത്തുമ്പോള്‍ ഇംഗ്ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഒക്കെ മാധ്യമങ്ങള്‍ സജീവമാകുന്നതോടെയാണ് അവ നമ്മുടെ രാജ്യത്ത് പിച്ചവച്ച് നടക്കാന്‍ തുടങ്ങിയത്.

വര്‍ത്തമാന പത്രത്തിന്റെയും ടെലിവിഷന്‍ അടക്കമുള്ള ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തനത്തെ പിന്‍പറ്റിയാണ് ഇന്ത്യയില്‍ ഇത് ചുവട് വച്ച് തുടങ്ങിയത് എന്ന് പറയാനാവുന്നതാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ആ മാധ്യമ പ്രവണതകളുടെ ഓരം പറ്റി സഞ്ചരിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ 'സമ്പന്നമാധ്യമങ്ങള്‍, ദരിദ്ര്യ ജനാധിപത്യം' എന്ന് അമേരിക്കന്‍ മാധ്യമങ്ങളെ പറ്റി പറഞ്ഞത് ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രസക്തമാണ് എന്നര്‍ത്ഥം.

പരമ്പരാഗതമായി മാധ്യമ ചിന്തകന്മാരും, പണ്ഡിതന്‍മാരും ഒക്കെ പറഞ്ഞുവച്ചിട്ടുള്ളത് മാധ്യമങ്ങള്‍ 'ജനാധിപത്യത്തിന്റെ നാലാം തൂണ് (Fourth Estate) ആണെന്നും കാവല്‍ ഭടന്‍മാര്‍ (watch Dogs) ആണെന്നും സാമൂഹിക ജീവിതം പുനഃസൃഷ്ടിക്കാന്‍ (reshaping the society) സാധ്യതയുള്ളവരാണെന്നുമാണ്. ദേശീയ സ്വാതന്ത്ര്യസമരം അലയടിച്ച ഘട്ടത്തിലും സ്വാതന്ത്ര്യ പ്രാപ്തിവരെയുള്ള കാലത്തും മാധ്യമങ്ങള്‍ (അന്ന് മാധ്യമ പരികല്‍പനയില്‍ വര്‍ത്തമാന പത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു) ഒരു പരിധിവരെ അതി വിശിഷ്ടമായ സാമൂഹ്യ ദൗത്യം നിര്‍വഹിച്ചിരിക്കുന്നു എന്നും പറയാം.

അക്കാലത്തെ പത്ര ഉടമകളും പത്രാധിപന്‍മാരും എല്ലാവരും തന്നെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ പതാക വാഹകരായിരുന്നു എന്നതുകൊണ്ടു കൂടിയാവാം ഇങ്ങനെ സംഭവിച്ചത്. മഹാത്മാഗാന്ധിയും (Harijan, Young India), ബാലഗംഗാധര തിലകനും (Kesari), ആന്ധ്ര കേസരി എന്നറിയപ്പെടുന്ന ടി പ്രകാശവും (Swarajya), ജവഹര്‍ലാല്‍ നെഹ്‌റുവും (National Herald), കെ എം പണിക്കരും (Hindustn Times), ചിത്തരജ്ഞന്‍ ദാസും (Forward - Culcutta), ഗാസാ സുബ്ബറാവുവും (Free press Journal) , പോത്തന്‍ ജോസഫും (Deccan Herald), റൂസി കറഞ്ചിയയും (Blitz), തുടങ്ങി നമ്മുടെ സ്വദേശാഭിമാനി കെ രാമകൃഷ്ണപ്പിള്ളയും (Swadesabhimani), കേസരി എ ബാലകൃഷ്ണപ്പിള്ളയും (kesari) അടക്കമുള്ളവരുടെ ധീരമായ മാധ്യമ ഇടപെടലുകള്‍ ഈ ശ്രേണിയിലെ രജത രേഖകള്‍ തന്നെയാണ്.

എന്നാല്‍, സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം മാധ്യമങ്ങള്‍ വ്യവസായമായി മാറുകയും,1991ന് ശേഷം ആഗോളവത്കരണ നയങ്ങള്‍ മാധ്യമ മേഖലയില്‍ അടക്കം പിടിമുറുക്കിത്തുടങ്ങുകയും ചെയ്തതോടെ, മാധ്യമ പരിപ്രേക്ഷത്തില്‍ വിസ്മയകരമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ തേരിലേറി സഞ്ചരിക്കാന്‍ തുടങ്ങിയതോടെ മാധ്യമങ്ങളുടെ വിസ്മയക്കാഴ്ചകള്‍ക്ക് രസനീയതയും വര്‍ധിച്ചു. പക്ഷേ ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍മാര്‍ക്ക് കാലിടറാന്‍ തുടങ്ങി. വര്‍ത്തമാന പത്രങ്ങളിലെ വാര്‍ത്താ വിന്യാസത്തിലും ദൃശ്യമാധ്യമങ്ങളിലെ അവതരണങ്ങളിലും സാങ്കേതിക വിദ്യയുടെ ദൃശ്യ ചാരുത അങ്ങേയറ്റം ഉപയോഗപ്പെടുത്തി തുടങ്ങി. എന്നാല്‍, മാധ്യമങ്ങളെ പറ്റിയുള്ള അടിസ്ഥാന കാഴ്ചപ്പാടുകള്‍ക്ക് ബലക്ഷയം ഉണ്ടായിത്തുടങ്ങി.

പൊതുമണ്ഡല (Public sphere)ത്തെ പറ്റിയുള്ള പരികല്‍പന സജീവ ചര്‍ച്ചാവിഷയമാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ചിന്തകനാണ് ജര്‍മന്‍കാരനായ ജര്‍ഗന്‍ ഹേബര്‍ മാസ് (Jurgen Haber Mass). പൊതുമണ്ഡലം സജീവമാക്കുന്നതും, ശക്തിപ്പെടുത്തുന്നതും ജനാധിപത്യ സംവിധാനത്തിന്റെ പരിപോഷണത്തിന് ഒഴിവാക്കാനാവാത്ത കാര്യമാണ്. സാമൂഹ്യ മുന്നേറ്റത്തിന് ഉത്കര്‍ഷഭാവം നല്‍കുന്നതിനും പൊതു മണ്ഡലത്തിന്റെ പ്രസക്തി വലുതാണ്. സാമൂഹ്യ ജീവിതത്തിലെ കാലുഷ്യങ്ങളെല്ലാം ഒരു പരിധിവരെയെങ്കിലും കഴുകി കളഞ്ഞ്, നവോത്ഥാനത്തിന്റെ സഞ്ചാരവഴികളിലൂടെ കേരളം നടന്നുമുന്നേറിയതിലും ഈ പൊതുമണ്ഡല സൃഷ്ടി വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിന്റെ രൂപീകരണത്തിലും, വ്യവഹാരങ്ങളിലും അക്കാലത്തെ മാധ്യമങ്ങള്‍ സജീവമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്നത് ചരിത്രമാണ്. എന്നാല്‍ ഇന്ന് അത്തരം പൊതുമണ്ഡലങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി വരുകയാണെന്ന പരിദേവനം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ഇതില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന മാധ്യമങ്ങള്‍ വേണ്ടത്ര ഉത്തരവാദിത്വം കാണിക്കുന്നില്ല എന്നത് വസ്തുത മാത്രമാണ്.

പൊതു മണ്ഡലരൂപീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ പത്രങ്ങള്‍ക്ക് രണ്ട് നൂറ്റാണ്ടിന്റെയെങ്കിലും ചരിത്രം അവകാശപ്പെടാനുണ്ട്. രാജ്യത്തെ ആദ്യത്തെ പത്രമായ ബംഗാള്‍ ഗസറ്റ്(1780) മുതല്‍ ഇത് പ്രകടവുമാണ്. ഭരണാധികാരികളുടെ ദുഷ്‌ചെയ്തികള്‍ക്ക് എതിരെ ധീരമായ വിമര്‍ശനം ഉന്നയിച്ചായിരുന്നു ഇത് സാധ്യമാക്കിയത്. ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന വാറന്‍ ഹോസ്റ്റിങ്‌സിനെയും (Warren Hastings) ചീഫ് ജസ്റ്റിസിന് എലജാ ഇംപൈയെയും (Elijah Impey) അതിനിഷിധമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജെയിംസ് അഗസ്റ്റി ഹിക്കി പത്രപ്രവര്‍ത്തനത്തിലെ ധീരത പ്രകടിപ്പിച്ചത്. അതിന് രണ്ട് വര്‍ഷം പോലും ആയുസുണ്ടായില്ല എന്നതും ചരിത്രമാണ്. കേസും, ശിക്ഷയും ജയില്‍വാസവുമൊക്കെ നേരിടേണ്ടിവന്ന ഹിക്കി 22 മാസത്തെ പത്രപ്രവര്‍ത്തന ധീരതയുടെ ഓര്‍മ്മകളുമായി ഇംഗ്ലണ്ടിലേക്ക് നാടുകടത്തപ്പെടുകയുമായിരുന്നു. സമാനമായ ധീരമായ ഇടപെടലുകളാണ് നമ്മുടെ നാട്ടില്‍ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള നടത്തിയത്. ഹിക്കിയുടെ വിധിതന്നെയായിരുന്നു സ്വദേശാഭിമാനിയെയും കാത്തിരുന്നത്. 38ാം വയസില്‍ മദിരാശിയിലേക്ക് നാടുകടത്തപ്പെട്ടു.

ഭരണകൂടത്തിന്റെ ദുര്‍നടപടികള്‍ക്ക് എതിരെ മാത്രമല്ല, സാമൂഹ്യ ജീവിതത്തിലെ ദുരാചാരങ്ങള്‍ക്ക് എതിരെയും അനീതികള്‍ക്ക് എതിരെയും സമൂഹത്തെ ഒരുക്കിയെടുക്കുക വഴിയേ ജനാധിപത്യവും അതിന്റെ അനുബന്ധ മൂല്യങ്ങളും സംരക്ഷിക്കപ്പെടൂ. പൊതുമണ്ഡലത്തിന്റെ രൂപീകരണം ഇതിനുള്ള മുന്നുപാധിയാണ്. ഇത്തരത്തില്‍ ദേശീയ മാധ്യമങ്ങള്‍ നിര്‍വഹിച്ച ശ്രദ്ധേയമായ ദൗത്യത്തിന് ഉദാഹരണമായി മാധ്യമ പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടുന്ന രണ്ട് സംഭവങ്ങളാണ് 'മഹാരാഷ്ട്രയില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടന്ന മഹാരാജ ലിബല്‍ കേസും, ബാലഗംഗാധരതിലകന്റെ നാടുകടത്തലും'. മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് മാധ്യമങ്ങള്‍ എത്രയേറെ ജാഗ്രത കാട്ടി എന്നതിന് ഉദാഹരണമായാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കര്‍സന്‍ദാസ് മുള്‍ജി എന്ന പത്രപ്രവര്‍ത്തകന്‍ മഹാരാഷ്ട്രയിലെ ഒരു മത നേതാവും (യദുനാഥ് ജി ബ്രിജ് രഞ്ജന്‍ജി മഹാരാജ്) മതത്തിന്റെയും ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരില്‍ ഭക്തരായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് എതിരെ തന്റെ പത്രമായ 'സത്യപ്രകാശ'ത്തില്‍ എഴുതിയ ലേഖനം അപകീര്‍ത്തികരമാണെന്ന് ആരോപിച്ച് മഹാരാജ് ബോംബെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തതായിരുന്നു മഹാരാജ സിബല്‍ കേസ്. പത്രപ്രവര്‍ത്തകനായ മുള്‍ജിക്ക് അനുകൂലമായിട്ടായിരുന്നു ജഡ്ജി ജോസഫ് അര്‍നോള്‍ഡ് വിധി പ്രസ്താവിച്ചത്. മത നേതാവിന്റെ ദുഷ്പ്രവര്‍ത്തികള്‍ തുറന്ന് കാട്ടിയ പത്രപ്രവര്‍ത്തകനെ അഭിനന്ദിച്ചുകൊണ്ട് അന്ന് ജഡ്ജി പറഞ്ഞത് ' പത്രപ്രവര്‍ത്തകര്‍ ഒരു പൊതു അധ്യാപകനാണെന്നും, പത്രത്തിന്റെ യഥാര്‍ഥ ധര്‍മം സമൂഹത്തെ പഠിപ്പിക്കലല്ല, പുത്തന്‍ ബോധ്യങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്നതാണ്.' ('' A public journalist is a public teacher, the true function of the press is the function of teaching, Elevating and enlightening those who fall with in the range of its influence'') എന്നുമാണ്.

1897ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് മറാത്തസിംഹം എന്നറിയപ്പെട്ട ബാലഗംഗാധരതിലകന് എതിരെ കേസെടുത്തത്. അദ്ദേഹത്തിന്റെ പത്രമായ 'കേസരി'യില്‍ എഴുതിയ ചില ലേഖനങ്ങളുടെ പേരിലായിരുന്നു കേസ്. ഇതില്‍ തിലകന്‍ നാടുകടത്തപ്പെട്ടു. എന്നാല്‍ അതുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങള്‍ പൗരാവകാശത്തിന് വേണ്ടിയുണ്ടായ സമരങ്ങളിലെ പ്രധാന സംഭവങ്ങളാണ്.

ഇത് പത്തൊന്‍പതാം നൂറ്റാണ്ടിലെ കഥയാണ്. ഇരുപതാം നൂറ്റാണ്ടായതോടെ രാഷ്ട്രീയത്തില്‍ മത സ്വാധീനം വേരുറപ്പിക്കാന്‍ തുടങ്ങി. സ്വാഭാവികമായും ഇതിന്റെ പ്രതിഫലനം മാധ്യമങ്ങളിലും കണ്ടുതുടങ്ങി. മതനിരപേക്ഷതയുടെ സ്ഥാനത്ത് വര്‍ഗീയത കൂട്ടുകൂടാന്‍ തുടങ്ങി. രാഷ്ട്രീയത്തില്‍ സംഭവിച്ച ഈ വ്യതിയാനം ഇതിനെതിരെയെല്ലാം സന്ധിയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ ബാധ്യതയുള്ള മാധ്യമങ്ങളും ഏറ്റെടുത്ത് തുടങ്ങി. നമ്മുടെ ഭരണഘടന ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന നാളുകളാണല്ലോ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന അഞ്ച് പ്രധാന കാര്യങ്ങളില്‍ ഏറ്റവും പ്രസക്തമായതാണ് ജനാധിപത്യവും മതേതരത്വവും. ഇത് സംബന്ധിച്ച തര്‍ക്കവിതര്‍ക്കങ്ങളാണ് ഇപ്പോള്‍ രാജ്യവ്യാപകമായി നടന്നുവരുന്നത്. ഇത് രണ്ടും സംരക്ഷിച്ച രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം മാത്രമല്ല, ജനാധിപത്യ സാമൂഹ്യ ജീവിതം തന്നെ കുറ്റമറ്റതാക്കേണ്ടതില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട ചുമതലയാണ് മാധ്യമങ്ങള്‍ക്കുള്ളത്. 1993 ജനുവരിയില്‍ (ബാബറി മസ്ജിദ് തകര്‍ത്തതിന് തൊട്ടുപിന്നാലെ) തിരുവനന്തപുരത്ത് ചേര്‍ന്ന പ്രസ് കൗണ്‍സില്‍ യോഗത്തിലാണ് ഉത്തരരേന്ത്യയിലെ ദൈനിക് ജാഗരണ്‍, ദൈനിക് ഭാസ്‌കര്‍ എന്നീ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ കര്‍സേവകരെ പോലെ ആയിരുന്നു പ്രവര്‍ത്തിച്ചത് എന്ന് അഭിപ്രായം ഉണ്ടായത്. മൂന്ന് പതിറ്റാണ്ടുകള്‍ കൂടി പിന്നിടുമ്പോള്‍ ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാവുന്നു എന്നതാണ് സ്ഥിതി.

ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നുവല്ലോ, 2018 സെപ്തംബര്‍ 28ന് ഉണ്ടായ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷ ഭരിതമായ സംഭവ വികാസങ്ങളും, അതിന് നമ്മുടെ മാധ്യമങ്ങള്‍ നല്‍കിയ പ്രചാരവും. പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍. മഹാരാജ ലിബല്‍ കേസില്‍ ജഡ്ജി ജോസഫ് അര്‍ണോള്‍ഡ് പറഞ്ഞ, സമൂഹത്തെ ബോധവത്കരിക്കുകയും ഉയരങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുപോവുകയും ചെയ്യക എന്ന പത്ര ധര്‍മ്മത്തിന് എന്ത് സംഭവിച്ചു എന്നത് നാം കണ്ടതാണ്. മാസങ്ങളോളം പത്രങ്ങളിലെ ഒന്നാം പേജ് വാര്‍ത്തയും, വിശകലനങ്ങളുമായിരുന്നു പ്രധാനം. വിശ്വാസത്തിന്റെയും (അതോ അന്ധവിശ്വാസമോ!) ആചാരത്തിന്റെയും (അതോ അനാചാരമോ!) കൊലുസുകള്‍ കെട്ടിത്തൂക്കി ആടുകയായിരുന്നു ഏറെക്കുറെ എല്ലാ മാധ്യമങ്ങളും. പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങള്‍. പുരോഗതി പ്രാപിച്ച സമുദായത്തില്‍ അനഭലഷണീയമായ പ്രവണതകള്‍ ഉണ്ടെങ്കില്‍, അതിന് എതിരെ ജനങ്ങളെ ഉണര്‍ത്താനും പുതിയ ബോധ്യങ്ങളിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോവാനും മാധ്യമങ്ങള്‍ കാര്യമായി ശ്രമിച്ചില്ല എന്നതാണ് സത്യം. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിതന്നെ അബദ്ധമായിപോയോ ( അങ്ങനെ പ്രത്യക്ഷത്തില്‍ പറഞ്ഞില്ലെങ്കിലും) എന്ന മട്ടിലാണ് മാധ്യമങ്ങളേറെയും പറഞ്ഞതും പ്രവര്‍ത്തിച്ചതും. ഇത്തരത്തില്‍ തന്നെയായിരുന്നു 20-10 നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ നമ്മുടെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ജാതീയവും, മതപരവും വിശ്വാസപരവുമായ പല ദുഷ്പ്രവണതകളോടും നമുക്ക് സലാം പറഞ്ഞ് പിരിയാന്‍ കഴിയുമായിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട ടെലിവിഷന്‍ ന്യൂസ് അവര്‍ ചര്‍ച്ചകളിലും നമ്മുടെ ബഹുഭൂരിപക്ഷം അവതാരകരും വിശ്വാസനിബന്ധമായ കെട്ടുപാടുകളില്‍ അഭിരമിക്കുകയായിരുന്നു.ടെലിവിഷന്‍ ന്യൂസിന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കിയ ആദ്യ ചരിത്ര സംഭവമായി മാധ്യമ പണ്ഡിതന്‍മാര്‍ വിലയിരുത്തിയിട്ടുള്ളത് 1963ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ വധമാണ്. കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ നാല് ദിവസം അമേരിക്കന്‍ മാധ്യമങ്ങള്‍ ഇടതടവില്ലാതെ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നു. കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ടതും, തുടര്‍ന്ന് ലിന്‍സന്‍ ബി ജോണ്‍സണ്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതും, ഘാതകനായ ലീഹാര്‍വേ ഓസ്‌വാള്‍ഡ് (Lee Harvey Oswald) കൊല്ലപ്പെട്ടതും, ഒടുവില്‍ വാഷിങ്ങ്ടണില്‍ നടന്ന കെന്നഡിയുടെ സംസ്‌കാര ചടങ്ങുകളും അമേരിക്കന്‍ ജനതയുടെ 96 ശതമാനവും നാല് ദിവസം തുടര്‍ച്ചയായി കണ്ടുകൊണ്ടിരുന്നു എന്നാണ് പറയുന്നത്. വാര്‍ത്തകള്‍ നല്‍കുന്നതില്‍ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ പത്രങ്ങളെ കവച്ചുവച്ച് ടെലിവിഷന്‍ ഒന്നാമതെത്തിയതും ഇതോടെയായിരുന്നു.

ഏതാണ്ട്, സമാനമായ രീതിയിലാണ് മലയാളം ടെലിവിഷനുകളും ശബരിമല സ്ത്രീ പ്രവേശനത്തെ മാസങ്ങളോളം ആഘോഷിച്ചത്. ആവര്‍ത്തിച്ച് നല്‍കികൊണ്ടിരുന്ന ഈ ദൃശ്യങ്ങള്‍ മലയാളിയുടെ പുരോഗമന ചിന്തയുടെയും യുക്തി ബോധത്തിന്റെയും ഒക്കെ മേഖലകളില്‍ ചെയ്തുകൂട്ടിയത് എന്തൊക്കെയാണെന്നത് പഠന വിഷയമാക്കേണ്ടതാണ്.

സമകാലിക ന്യൂസ് അവര്‍ ചര്‍ച്ചകളും നമ്മുടെ സമൂഹത്തില്‍ ഗുണപരമായി എന്ത് ചെയ്യുന്നുണ്ട് എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഓരോ ചാനലിന്റെയും അവതാരകരുടെയും, വ്യക്തിനിഷ്ഠമായ രാഷ്ട്രീയവും, മത- വിശ്വാസ പ്രമാണങ്ങളും ഒക്കെയാണ് ചര്‍ച്ചകളുടെ പ്രമേയം തെരഞ്ഞെടുക്കുന്നതിന്റെ മുഖ്യ അടിസ്ഥാനം. അവതാരകന്‍ എന്ന നിലയില്‍ ചര്‍ച്ചയില്‍ അധിക സ്വാതന്ത്ര്യമുള്ളത് കൊണ്ട് അയാള്‍ക്ക് ഇഷ്ടമില്ലാത്ത ഏതഭിപ്രായം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരില്‍ നിന്ന് ഉണ്ടായാലും, പെട്ടെന്ന് തന്നെ അടുത്ത ആളിലേക്ക് പോകാനോ, അല്ലെങ്കില്‍ പരസ്യ ഇടവേളയിലേക്ക് കടക്കാനോ കഴിയും. പശുവിനെ പിടിച്ച് കെട്ടാത്തത് കൊണ്ട് ആദ്യമേ തന്നെ നിശ്ചയിച്ചുറപ്പിച്ചതിന് ശേഷമാണ് അവതാരകന്‍ ചര്‍ച്ച ആരംഭിക്കുന്നത്. അവസാനത്തെ ആണി അടിക്കാനുള്ള അവസരം അവതാരകന്റേത് ആയതുകൊണ്ട് അയാള്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി തന്നെ ചര്‍ച്ച അവസാനിപ്പിക്കുകയും ചെയ്യും. ഒരോ അവതാരകനും ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത് ഏല്‍പ്പിച്ചിരിക്കുന്ന ചിലരുണ്ട്. അവരാകട്ടെ ഒരാള്‍ തന്നെ ഒരു ദിവസത്തെ ചര്‍ച്ചയില്‍ രാഷ്ട്രീയ നിരീക്ഷകനായും, അടുത്ത ദിവസം സാമൂഹിക നിരീക്ഷകനായും, മൂന്നാം നാളില്‍ പരിസ്ഥിതി സംരക്ഷകനായും, പിന്നീട് വേണമെങ്കില്‍ വിദ്യാഭ്യാസ വിചക്ഷണനായും അവതരിച്ചെന്ന് വരും. രാഷ്ട്രീയവും സാമൂഹ്യ പ്രവണതകളും നിരീക്ഷിക്കുന്നതിനുള്ളതാണോ എന്നൊന്നും ഇക്കൂട്ടരോട് ആരും ചോദിച്ച് പോവരുത്. നിരീക്ഷകരുടെയും വിചക്ഷണരുടെയും ആധികാരികത ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണോ എന്ന് ചര്‍ച്ചകള്‍ക്കിടയില്‍ ചോദിക്കാന്‍ അവസരം ഇല്ലാത്തത് തന്നെ മഹാഭാഗ്യം. വാസ്തവികതയുടെ അംശംപോലുമില്ലാത്ത അനുകരണങ്ങളില്‍ കഴിയുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്ന ഫ്രഞ്ച് ചിന്തകന്‍ ജീന്‍ ബോദ്‌ലെയറുടെ (Jean Baudrillard) വാക്കുകള്‍. (''media Practitioners live in a world of purse simulation with no corresponding substance or reality beneath them'') ശ്രദ്ധേയമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, ഏത് വിഷയത്തിലും അവസാനത്തേതും ആധികാരികതയുള്ളതുമായ വാക്കുകള്‍ തങ്ങളുടേതാണെന്ന മട്ടിലാണ് ഭൂരിപക്ഷം അവതാരകരും ചര്‍ച്ചകള്‍ അവസാനിപ്പിച്ച് പോകുന്നത്. 'Comment is free, But facts are sacred' എന്ന് സിപി സ്‌കോട്ട് പറഞ്ഞിട്ട് നൂറ് വര്‍ഷം കഴിഞ്ഞുവെന്ന കാര്യം നമ്മുടെ പല മാധ്യമ പ്രവര്‍ത്തകരും ഓര്‍ക്കുന്നുണ്ടോ എന്തോ?

സ്ഥാപിത താല്‍പര്യങ്ങളോടെയുള്ള ഇത്തരം ചര്‍ച്ചകള്‍ ജനങ്ങള്‍ എത്രത്തോളം സ്വീകരിക്കുന്നു എന്ന പരിശോധന (സര്‍വേയോ എന്തെങ്കിലുമൊക്കെ) നടത്തി മാധ്യമങ്ങള്‍ തന്നെ ബോധ്യപ്പെടുന്നത് ആശാസ്യമായിരിക്കും. ഏതായാലും സാമൂഹ്യ ജീവിതം മുന്നോട്ട് കൊണ്ടുപോയേ മതിയാകൂ. കാലവും സാമൂഹ്യ പ്രവണതകളും മാറിയതനുസരിച്ച് മാധ്യമ പ്രവണതകളില്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതൂകൊണ്ട് സമകാലീന മാധ്യമ പ്രവണതകളില്‍ ഒരു തരം മാതൃകാ വ്യതിയാനം (paradigm shift) ഉണ്ടാവുക എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ ആര്‍ജ്ജവമുള്ള മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം