1929.... ലോകത്താകമാനം ആഗോള സാമ്പത്തിക മാന്ദ്യം അലയടിച്ചു. ലോകത്തെ ബഹുഭൂരിപക്ഷം മുതലാളിത്ത രാഷ്ട്രങ്ങളെയും മാന്ദ്യം ബാധിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും വർധിച്ചു. തൊഴിലാളി വർഗമായിരുന്നു ഇതിൻ്റെ ഏറ്റവും വലിയ ഇര.
ഇന്ത്യയിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുന്ന കാലം കൂടിയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ആശയത്തിലേക്ക് തൊഴിലാളികളും യുവാക്കളും ആകർഷിക്കപ്പെടുന്ന കാലം. തൊഴിലാളി സമരങ്ങൾ വ്യാപകമായി
അവകാശങ്ങൾ നേടിയെടുക്കാനായി അവർ സംഘടിച്ചു. ദേശീയ രാഷ്ട്രീയത്തിൽ വർധിച്ച ഇടപെടലുണ്ടായി. മിക്ക തൊഴിലാളി സമരങ്ങളെയും നയിച്ചത് വർക്കേഴ്‌സ് ആൻഡ് പെസന്റ്‌സ് പാർട്ടിയുടെ ബാനറിനുകീഴിൽ കമ്മ്യൂണിസ്റ്റുകാരായിരുന്നു. ബഹുജന സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങൾ അഭൂതപൂർവമായ വളർച്ച നേടി, കമ്മ്യൂണിസ്റ്റുകാരുടെ സാന്നിധ്യം
ദ്രുതഗതിയിലുള്ള കമ്മ്യൂണിസത്തിന്റെ വ്യാപനവും ദേശീയ തലത്തിലുണ്ടായ ഏകീകരണവും ബ്രിട്ടീഷ് ഭരണകൂടത്തെ ഭയചകിതരാക്കി.
ഗവർണർ ജനറൽ ഇർവിൻ ലണ്ടനിൽ നിന്ന് ഇന്ത്യയുടെ ആഭ്യന്തര സെക്രട്ടറിക്ക് കൊടുത്തയച്ച രഹസ്യ ടെലിഗ്രാം ഇങ്ങനെയായിരുന്നു.
“ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം ഗണ്യമായ രീതിയിൽ ഇടത് പക്ഷത്തേക്ക് മാറിയിരിക്കുന്നു. ഇത് സമീപഭാവിയിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കും". അതിനുള്ള പ്രതിവിധിയും സാമ്രാജ്യത്ത ശക്തികൾ കണ്ടെത്തി. അതാണ് പ്രസിദ്ധമായ "മീററ്റ് ഗൂഢാലോചന കേസ്".
മീററ്റ് ഗൂഢാലോചന കേസ് ഇന്ത്യയുടെ ദേശീയ വിമോചന സമര ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഒരുപക്ഷെ കമ്മ്യൂണിസത്തെ തകർക്കാൻ സാമ്രാജ്യത്വ ശക്തികൾ നടത്തിയ ഗൂഢാലോചന കേസുകളിൽ ഏറ്റവും പ്രസിദ്ധമായത്. കമ്മ്യൂണിസ്റ്റുകളെ അടിച്ചമർത്തുക വഴി ബ്രിട്ടൻ ലക്ഷ്യമിട്ടത് ഇന്ത്യൻ മണ്ണിൽ ഉയർന്നു വന്ന തൊഴിലാളി വർഗത്തിന്റെ സ്വാതന്ത്ര്യ മോഹങ്ങളുടെ നിർമാർജനം കൂടിയായിരുന്നു.
''ഈ ആളുകൾക്കെതിരെ സമഗ്രമായ ഒരു ഗൂഢാലോചനക്കേസ് ചുമത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷ ഇപ്പോൾ നമുക്കുണ്ട്. ഇത് നടപ്പാക്കാൻ കഴിയുകയാണെങ്കിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മറ്റെന്തിനെക്കാളും കനത്ത അഘാതമേൽപ്പിക്കാൻ അതിനുകഴിയും.'':
ബംഗാൾ ഗവർണർക്ക് വൈസ്രോയി ഇർവിൻ അയച്ച സന്ദേശം. (1929 ജനുവരി 18)
1929 മാർച്ച് 15ന് മീററ്റ് ഗൂഢാലോചനക്കേസിനു തുടക്കമായി. 1929 മാർച്ച് 20 ന് കൽക്കത്ത, ബോംബെ, യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള 31 തൊഴിലാളി നേതാക്കൾ കസ്റ്റഡിയിലായി. മീററ്റിലെ ജില്ലാ മജിസ്‌ട്രേറ്റ് കുറ്റാരോപിതർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അംഗങ്ങളായ 8 പേരും തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായിരുന്ന ബ്രാഡ്‌ലി, ഫിലിപ്പ് സ്‌പ്രാറ്റ്, ലെസ്റ്റർ ഹച്ചിൻസൺ എന്നീ മൂന്ന് ഇംഗ്ലീഷുകാരും അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. കമ്മ്യൂണിസം പ്രചരിപ്പിക്കാനുള്ള ദൗത്യവുമായി ഇന്ത്യയിൽ എത്തിയതായിരുന്നു ഫിലിപ്പ് സ്പ്രാറ്റ്. തുടർന്ന് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ, പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ ധാരാളം രേഖകൾ, കത്തുകൾ, മാസികകൾ, ലഘുലേഖകൾ മുതലായവ പിടിച്ചെടുത്ത് തെളിവായി ഹാജരാക്കി.
കേസിന്റെ വിചാരണയ്ക്ക് 'മീററ്റ്' തിരഞ്ഞെടുത്തതും ആസൂത്രണത്തിന്റെ ഭാഗമായിട്ടായിരുന്നു. കമ്മ്യൂണിസം വേരുറപ്പിച്ച ബോംബെയിലും കൽക്കത്തയിലും വിചാരണ നടത്തിയാൽ ശിക്ഷിക്കപ്പെടുമെന്ന ഉറപ്പില്ലാത്തതിനാലാണ് കേസിന്റെ വാദം മീററ്റിലേക്ക് മാറ്റിയത്. "ഈ കേസ് ഒരു ജൂറിയുടെ മുമ്പാകെ വിചാരണയ്ക്ക് വിട്ടുകൊടുക്കാൻ നമുക്ക് കഴിയില്ല. എത്ര ശക്തമായ കേസാണെങ്കിൽ പോലും ജൂറി ശിക്ഷിക്കുമെന്നതിൽ നമുക്ക് ഒരുറപ്പുമില്ല; ശിക്ഷിക്കപ്പെടും എന്ന് ബോധ്യമില്ലാതെ നമുക്ക് ഈ കേസ് കോടതിയിലേക്ക് കൊണ്ടുപോകാനാവില്ല" ബ്രിട്ടീഷ് ആഭ്യന്തര രേഖയിൽ പറയുന്നു.
അതേസമയം തന്നെ കമ്മ്യൂണിസ്റ്റുകാരെയും ദേശീയ നേതാക്കളെയും തമ്മിൽ അകറ്റാനുള്ള ശ്രമങ്ങളും ബ്രിട്ടീഷുകാർ നടത്തിയിരുന്നു. പക്ഷേ എല്ലാം വൃഥാവിലായി, നെഹ്‌റുവും ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ മീററ്റ് ജയിൽ സന്ദർശിച്ചു. രാഷ്ട്രീയ തടവുകാരുടെ പദവിക്കായി ജയിലിൽ സമരം ചെയ്തിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ അംഗങ്ങൾക്ക് മീററ്റ് കേസിലെ കുറ്റാരോപിതർ പിന്തുണ അറിയിക്കുകയും ചെയ്തു.
കുറ്റാരോപിതരായ കമ്മ്യൂണിസ്റ്റുകാർ രാഷ്ട്രീയ തടവുകാരുടെ വിചാരണയിൽ 320 സാക്ഷികളെ വിസ്തരിച്ചു, പ്രോസിക്യൂഷൻ 3500 ഓളം തെളിവുകളാണ് ഹാജരാക്കിയത്. ഹൈക്കോടതിയിലേക്ക് കേസ് എത്തും മുൻപ് തന്നെ 16 ലക്ഷം രൂപയാണ് സർക്കാർ ചെലവാക്കിയത്. കുറ്റാരോപിതരായ 27 പേർ ശിക്ഷിക്കപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായ മുസഫർ അഹമ്മദിന് ജീവപര്യന്തം നാടുകടത്തലിന് ശിക്ഷിച്ചു. ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എസ് എ ഡാങ്കെ, ഫിലിപ്പ് സ്പ്രാറ്റ്, എസ് വി ഘാട്ടെ, കെ എൻ ജോഗ്‌ലേക്കർ, ആർ എസ് നിംബ്കർ എന്നിവരെ ഇരുപത് വര്‍ഷത്തേക്കും നാടുകടത്തലിനു കോടതി വിധിച്ചു. എല്ലാ പ്രതികളെയും യു എസ് എസ് ആറിലെ ലെനിന്റെ പാർട്ടിയായ ബോൾഷെവിക്കുകൾ എന്ന് മുദ്രയും കുത്തി.
1933 ഓഗസ്റ്റിൽ, അഹമ്മദ്, ഡാങ്കെ, ഉസ്മാനി എന്നിവരുടെ ശിക്ഷ അലഹബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സർ ഷാ സുലൈമാൻ മൂന്ന് വർഷമായി വെട്ടിച്ചുരുക്കി. പ്രതികൾ ശിക്ഷയുടെ ഗണ്യമായ ഒരു ഭാഗം വിചാരണ സമയത്ത് തന്നെ ചെലവഴിച്ചു. മറ്റുള്ള ചിലരുടെ ശിക്ഷ ഇളവ് ചെയ്യുകയും ചിലരുടേത് റദ്ദ് ചെയ്യുകയും ചെയ്തു.കമ്മ്യൂണിസത്തെ വേരോടെ പിഴുതെറിയുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ കൊണ്ടുവന്നതായിരുന്നു കേസെങ്കിലും ഫലം വിപരീതമായിരുന്നു. നാലരവർഷം നീണ്ട മീററ്റ് കേസിന്റെ വിചാരണവേള കമ്മ്യൂണിസത്തിന്റെ പ്രചാരണ വേദിയായി മാറി. സെഷൻസ് കോടതിയിൽ നടത്തിയ രാഷ്ട്രീയപ്രസ്താവനകളിലൂടെ അജണ്ടകൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതികൾക്ക് കഴിഞ്ഞു.